സ്ഥിരപംക്തി

എലിനോര്‍ മാര്‍ക്സ്: 1. ലോക പ്രജ

സി. എം. രാജന്‍
1885 ജനുവരി 16 ചൊവ്വാഴ്ച്ച പുലരിക്കു മുമ്പുള്ള മുഹൂര്‍ത്തത്തില്‍, ലണ്ടനില്‍, എലിനോര്‍ മാര്‍ക്സ് മാസം തികയാതെ ലോകത്തിലേക്കു വഴുതി വീഴുകയാണ്. സോഹോയിലെ 28 ഡീന്‍ സ്ട്രീറ്റിലെ ആള്‍ത്തിരക്കുള്ള മുറിയുടെ ഒരു മൂലയില്‍, യൂറോപ്പിലെ ഏറ്റവും മഹാനായ രാഷ്ട്രീയസൈദ്ധാന്തികന്‍ ആധിപൂണ്ട് ചുരുട്ടു പുകച്ചു നില്‍ക്കുന്നു. കാള്‍ മാര്‍ക്സിനും ജെന്നി മാര്‍ക്സിനും ഒരു കുട്ടി കൂടി പിറന്നിരിക്കുന്നു.

ഒരു ആണ്‍കുട്ടി വേണമെന്നായിരുന്നു അവരുടെ ആശ. ഇതോ, ഒരു പെണ്‍കുട്ടി.

ക്ഷീണിതയാണ് ജെന്നി. അവര്‍ നുണയുന്ന മദ്യത്തില്‍ചാലിച്ച കടും ചുവപ്പാര്‍ന്ന കറുപ്പ് ചുണ്ടോടടുപ്പിച്ചിരിക്കുന്നത്‌, അവരെ ശ്രദ്ധയോടെ പരിചരിക്കുന്ന, ഹെലെന്‍ ദിമത്താണ്. കൊച്ചുലെന്‍ എന്നു കുടുംബത്തില്‍ അറിയപ്പെടുന്ന അവര്‍ മാര്‍ക്സിന്‍റെ എല്ലാ കുട്ടികളുടെയും ജനനസമയത്ത് സന്നിഹിതയായിട്ടുള്ളവരാണ്. വീട്ടില്‍വെച്ച് ജെന്നി പ്രസവിക്കുന്നത് ഇത് ആറാമത്തെ തവണയാണ്. അവരുടെ അവസാനത്തെ കുട്ടി, ഫ്രാന്‍സിസ്കാ, ജനിച്ച് ഒരു കൊല്ലം കഴിഞ്ഞയുടന്‍, ബ്രോങ്കിയല്‍ ന്യൂമോണിയ പിടിച്ചു മരിച്ചത് ഇതേ മുറിയിലാണ്. ജെന്നിക്ക് ഇപ്പോള്‍ നാല്‍പ്പത്തിയൊന്നു വയസ്സാണ്. അടുത്തുള്ള സോഹോ സ്ക്വയറില്‍നിന്ന് അടിയന്തിരമായി വിളിച്ചു വരുത്തിയ കുടുംബ ഡോക്റ്റര്‍ അലന്‍റെ അഭിപ്രായത്തില്‍, ജെന്നി ഇപ്പോള്‍ ആകാവുന്നത്ര പ്രസവിച്ചു കഴിഞ്ഞിരിക്കുന്നു.

തേനും, ഇരട്ടിമധുരവും, പെരുംജീരകവും ചേര്‍ത്തു മധുരിപ്പിച്ച കറുപ്പുസത്ത് ഏറെ ചൂടുപിടിച്ച അന്തരീക്ഷത്തില്‍ പഞ്ചസാരയുടെയും മസാലയുടെയും സുഗന്ധം കലര്‍ത്തുന്നു. കല്‍ക്കരിപ്പൊടിയുടെയും, പുകയിലപ്പുകയുടെയും, കര്‍പ്പൂരത്തിന്‍റെയും ചോരയുടെയും ചൂരുമായി ജര്‍മ്മന്‍ കാപ്പിയുടെ ആശ്വാസദായകമായ സുഗന്ധം ഇഴുകിച്ചേരുന്നു. മുഷിഞ്ഞതും ഇടുങ്ങിയതുമായ പരിസരത്തില്‍, ജീര്‍ണ്ണത ബാധിച്ച മരസ്സാമാനങ്ങള്‍ക്കും, പൊട്ടിയ പിഞ്ഞാണപ്പാത്രങ്ങള്‍ക്കും നടുവില്‍ ഭംഗിയുള്ളതും നല്ല വിലപിടിപ്പുള്ളതുമായ കാപ്പിപ്പാത്രം, ജെന്നിയുടെ അമ്മ കൊടുത്ത കല്യാണസമ്മാനം, ഒരു പൊരുത്തക്കേടുപോലെ കാണപ്പെടുന്നു.

കൊച്ചുലെന്‍ പൊക്കിള്‍ക്കൊടി മുറിക്കുന്നു. പെണ്‍കുഞ്ഞിനെ ഒന്നു തല്ലി, താഴെവരെ തുടച്ചെടുക്കുന്നു. അതിന്‍റെ അച്ഛന്‍റെ നീട്ടിയ കൈകളിലേക്കു വെച്ചുകൊടുക്കുന്നു. കുട്ടി മൂപ്പെത്താത്തതാണെങ്കിലും, കുഴപ്പമൊന്നുമില്ലെന്നു പറയുന്നു; പൊരുതിജയിക്കാനുള്ള നല്ല സാദ്ധ്യതയുണ്ടെന്നും. തീരെ ചെറുതെങ്കിലും, മാര്‍ക്സുമാരുടെ നവജാതബാലിക, ഹാര്‍ദ്ദവും ക്ഷുഭിതവുമായ ഒരു ആക്രന്ദനത്തോടെ, തന്‍റെ വരവു വിളംബരം ചെയ്യുന്നു. അങ്ങിനെ ജീവിതത്തിലെ ആദ്യത്തെ ആഘാതത്തോടുള്ള അവളുടെ പ്രതിഷേധം, രണ്ടാം നിലയിലെ ജാലകത്തിനു കീഴിലുള്ള സോഹോയിലെ തെരുവു ജീവിതത്തിന്‍റെ, പുലരിയിലെ കോലാഹലവുമായി ഒത്തു ചേരുന്നു.

ലണ്ടനിലെ തൊഴിലാളികളുടെ ബൂട്ടുകളും, കുതിരലാടങ്ങളും, കൈവണ്ടിച്ചക്രങ്ങളും പുലരിയിലെ പുതുമഞ്ഞു ഞെരിച്ചു നീങ്ങുകയാണ്. നന്നായി മദ്യപിച്ച കുടിയന്മാര്‍, സ്വന്തം കുടിയിലേക്കോ, അടുത്ത കള്ളുഷാപ്പോ ലാക്കാകി, നന്നായി വഴക്കടിച്ചും, മൂക്കു കടിക്കുന്ന തണുപ്പു മറന്നും, ഒരു തുമ്പുമില്ലാതെ വഴിയളന്നു നടക്കുന്നു. 28 ഡീന്‍ സ്ട്രീറ്റിനു നേരെ എതിരെയുള്ള മിസ്സ്‌ കെല്ലീസ് റോയല്‍റ്റി തിയേറ്ററിന്‍റെ പ്രവേശന കവാടത്തില്‍, മ്ലാനമുഖമുള്ള വേശ്യകള്‍ ഈ കുടിയന്മാരെ നോക്കി അവരുടെ കയ്യിലെത്ര പണമുണ്ടാകുമെന്നു മനക്കണക്കു കൂട്ടുന്നു.

പിറകിലെ കൊച്ചു മുറിയില്‍നിന്നും വരുന്ന, ആറു വയസ്സുകാരന്‍ എഡ്ഗാറിന്‍റെ ഏകതാനമായ ചുമ മാര്‍ക്സ് വേദനയോടെ കേള്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ജീവിച്ചിരിക്കുന്ന ഒരേയൊരു മകന്‍ ക്ഷയത്തോട് മല്ലിടുകയാണ്.

പകല്‍വെളിച്ചത്തോടൊപ്പം, ഡോ. അലന്‍ “ഗംഭീരമായ ഒരു കൂടിയാലോചനക്കു” എത്തിച്ചേരുന്നു. കഴിഞ്ഞതവണ അയാള്‍ക്കു മാര്‍ക്സ് കൊടുക്കേണ്ടിയിരുന്ന പണത്തിന്‍റെ അവധി കഴിഞ്ഞേറെ ആയിരിക്കുന്നു. പക്ഷെ, പ്രത്യേകിച്ചും കാള്‍ മാര്‍ക്സിനെ ആരാധിക്കുന്ന, ദരിദ്രരായ പ്രവാസീ പ്രവര്‍ത്തകരോട് അനുതാപമുള്ള, ഒരു സോഷ്യലിസ്റ്റായ അലന്‍, എന്തായാലും, വരാതെയിരുന്നില്ല. മാര്‍ക്സിനു ഡോക്റ്റര്‍ മുന്നറിയിപ്പു നല്‍കുന്നു: ജെന്നിക്കു മുലയൂട്ടാനുള്ള ആരോഗ്യമില്ല. അതിനായി, ഉടനടി, ഒരു ആയയെ കണ്ടെത്തണം.

എഡ്ഗാറിന്‍റെ രോഗം പിടിച്ച ശ്വാസകോശത്തിന്‍റെ കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാന്‍ പറ്റില്ലെന്ന്‍ ഡോ. അലന്‍ ക്ഷമാപണത്തോടെ പറയുന്നു. മാര്‍ക്സിന്‍റെ, ഒരു കാലത്തു ചൊടിയും ചുണയുമുണ്ടായിരുന്ന, ആണനന്തരാവകാശി, കവിള്‍ചുകന്ന്‍, കണ്ണു കലങ്ങി, പനിപിടിച്ച്, ഇപ്പൊഴേ പരലോകത്തുനിന്നുള്ളവനെപ്പോലെ തോന്നിപ്പിച്ചു. മാര്‍ക്സിന്‍റെ നവജാതശിശു നിലവിളിയുടെ വീര്യത്തോടെ ജീവനില്‍ പിടിമുറുക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ മകന്‍ ജീവന്‍റെ നേര്‍ത്ത ചെരിവില്‍ കടിച്ചു തൂങ്ങി നില്‍ക്കുകയാണ്.

കാളിന്‍റെയും, ജെന്നിയുടെയും പുരാതന ചങ്ങാതിമാര്‍, പഴയ കോംപ്റ്റണ്‍ സ്ട്രീറ്റിന്‍റെ മുക്കില്‍ താമസിക്കുന്ന വില്യം ലീബ്നിക്റ്റും, ഏണ്‍സ്റ്റൈന്‍ ലീബ്നിക്റ്റും അവരെ അഭിനന്ദിക്കാനെത്തുന്നു. പെൺശിശുവിന്‍റെ വരവില്‍ അവര്‍ പാനോപചാരം ചെയ്യുന്നു. “ഒരു ആഗോള പൌരന്‍ - വെല്‍റ്റ്ബര്‍ഗറിന്‍ - പിറന്നിരിക്കുന്നു,” അവളുടെ അച്ഛന്‍, അവസരത്തിനുചിതമായി, ജര്‍മ്മന്‍ ഭാഷയില്‍ ഊന്നല്‍കൊടുത്തുകൊണ്ട്, പ്രഖ്യാപിക്കുന്നു.


“ലൈബ്രറി” എന്നു മാര്‍ക്സുമാര്‍ കളിയാക്കിവിളിക്കുന്ന വില്യം ലീബ്നിക്റ്റ്, അദ്ദേഹത്തോടു കിടപിടിച്ചുകൊണ്ട്, ബൈബിളിലെ സദൃശവാക്യങ്ങളെ ഉദ്ധരിച്ചു പെണ്‍കുഞ്ഞിനെ “പന്തുപോലെ ഉരുണ്ടതും, പാലും ചോരയും പോലുള്ള, ഉല്ലാസസാധനം”1 എന്നു സ്വാഗതം ചെയ്യുന്നു. ലൈബ്രറിയുടെ “പാലും” “ചോരയും” പാനോപചാരത്തിനു ഒരു പഞ്ചഭൂതാത്മകച്ചുവയേകുന്നു.

ഈ കുഞ്ഞ് സമരത്തിനു പിറന്നതാണ്.

മാഞ്ചസ്റ്ററിലുള്ള ഉറ്റ സുഹൃത്തായ ഏംഗല്‍സിനെ പുതിയ പിറവിയെക്കുറിച്ച് അറിയിക്കാന്‍, അടുത്ത ദിവസം വൈകുന്നേരം, മാര്‍ക്സ് ചിന്താകുലമായ ഒരു കുറിപ്പെഴുതുന്നു. ന്യൂയോര്‍ക്ക് ഡെയ് ലി ട്രിബ്യൂണിനു വേണ്ടി എഴുതേണ്ടിയിരുന്ന, ക്രിമിയന്‍ യുദ്ധത്തിലെ ബ്രിട്ടീഷ് സേനയുടെ അബദ്ധങ്ങളെപ്പറ്റിയുള്ള, മുഖ്യലേഖനത്തിന്‍റെ കാലാവധി തെറ്റിയതിനു കാരണം ഈ കുട്ടിയാണ്:

ഇന്നും ഇന്നലെയും എനിക്കു ട്രിബ്യൂണിനു വേണ്ടി എഴുതാനായില്ല. ഭാവിയില്‍ കുറച്ചു കാലത്തേക്കു പറ്റുകയുമില്ല. കാരണം, ഇന്നലെ എന്‍റെ ഭാര്യ വിശ്വസ്തയായ ഒരു സഞ്ചാരിക്കു ജന്മം നല്‍കി – നിര്‍ഭാഗ്യവശാല്‍, കുട്ടി അനുപമമായ എതിര്‍ലിംഗത്തില്‍ പെട്ടതാണ്... ആണായിരുന്നെങ്കില്‍ കൂടുതല്‍ സ്വീകാര്യമായേനെ.”

ആര്‍ക്ക് കൂടുതല്‍ സ്വീകാര്യം?

വിവാഹജീവിതത്തിലെ വിശ്വസ്തതയുടെ ഫലമെന്ന നിലയില്‍, കുട്ടിയുടെ പിറവിയിലും സാധുതയിലുമുള്ള മാര്‍ക്സിന്‍റെ, ഉറ്റ ചങ്ങാതിക്കുള്ള ഈ കുറിപ്പിലെ, ഊന്നല്‍ വിചിത്രമാണ്. ആര്‍ക്കാണിത് കൂടുതല്‍ സ്വീകാര്യമാകുമായിരുന്നതെന്ന്, വീണ്ടുമൊരു അച്ഛനായ, മാര്‍ക്സ് പരാമര്‍ശിക്കുന്നില്ല. പക്ഷെ, ആണ്‍കുട്ടിയായിരിക്കണമെന്നാഗ്രഹിച്ചിരുന്ന ഏംഗല്‍സിന് അതു മനസ്സിലാകുമെന്ന് അദ്ദേഹത്തിനറിയാം.

മുമ്പേതന്നെ രണ്ടു പെണ്‍കുട്ടികളുടെ – പതിനൊന്നു വയസ്സുകാരി ജെന്നിയും, പത്തു വയസ്സുകാരി ലോറയും - അച്ഛനുമമ്മയുമാണ് കാളും, മോമും (വീട്ടില്‍ ശ്രീമതി ജെന്നിയെ അങ്ങിനെയാണ് വിളിക്കുന്നത്). ഇപ്പോള്‍ അവര്‍ക്ക് ഒരു പെണ്‍കുട്ടിയുടെ ഭാരം കൂടിയായി. എഡ്ഗാറിന്‍റെ ആരോഗ്യമാകട്ടെ, ഭേദപ്പെടുന്നുമില്ല. ഏറ്റവും മോശമായതേ പ്രതീക്ഷിക്കേണ്ടൂ എന്നാണ് ഡോ. അലന്‍ പറഞ്ഞിരിക്കുന്നത്. നേരത്തേതന്നെ ഒരു മകനെ അവര്‍ക്കു നഷ്ടമായതാണ്; ഫോക്സി (ഹെൻറിച് ഗിദോ) യെ. 1849 നവംബര്‍ 5നു ജനിച്ച അവന്‍, ഒന്നാം പിറന്നാള്‍ കഴിഞ്ഞ് രണ്ടാഴ്ച്ചക്കുള്ളില്‍, മെനിന്‍ജൈറ്റിസ് പിടിച്ചാണ് മരിച്ചത്.

ഇപ്പോള്‍ മുപ്പത്തിയേഴിലെത്തിയ മാര്‍ക്സ് പെണ്‍കുട്ടികളെ ചുമക്കുന്നതിനെയോര്‍ത്ത് സംഘര്‍ഷത്തിലാണ്. ആണ്മക്കളെക്കാള്‍ സാമ്പത്തികമായും, സാമൂഹികമായും, ലൈംഗികമായും പെണ്മക്കള്‍ കൂടുതല്‍ ഭാരമേറിയതാണെന്നത്, ആ കാലഘട്ടത്തിലെ, ഒരു പൊതുസത്യമാണ്. ഏതു കാലത്തിലേക്കാണോ തന്‍റെ പെണ്മക്കള്‍ പിറന്നുവീണിരിക്കുന്നത്, പത്തൊമ്പതാം നൂറ്റാണ്ടിലെ ആ കാലത്തെ സാര്‍വ്വത്രിക അധ:സ്ഥിതവര്‍ഗ്ഗത്തിന്‍റെ പരിതസ്ഥിതി അവര്‍ തരണം ചെയ്തേക്കുമെന്നു പ്രായോഗികമതിയായ ഈ ചരിത്രഭൌതികവാദിക്കു വ്യാമോഹിക്കാനാവില്ല. എങ്കിലും, യുവാവായ കാലം മുതല്‍, സ്ത്രീകളെ മാര്‍ക്സ് തുല്യരായിത്തന്നെയാണ് സ്നേഹിച്ചതും, പരിഗണിച്ചതും. ആണുങ്ങളെക്കാള്‍ വികാസം പ്രാപിച്ചവരല്ലേ പെണ്ണുങ്ങളെന്നു, ഇടക്കൊക്കെ, അദ്ദേഹത്തിനു സംശയവുമുണ്ടാകാറുണ്ട്. “പ്രത്യുത്പാദനത്തിനുള്ള വെറും ഉപകരണങ്ങളെന്ന നിലയിലുള്ള സ്ത്രീകളുടെ അവസ്ഥയെ ഉന്മൂലനം ചെയ്യേണ്ടതിന്‍റെ” അടിസ്ഥാനപരമായ ആവശ്യകതയെപ്പറ്റി മാര്‍ക്സും ഏംഗല്‍സും അവരുടെ ആദ്യകാലത്തെ, 1848ലെ, പ്രതിഷേധലേഖനമായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഊന്നിപ്പറയുന്നുണ്ട്. “ബൂര്‍ഷ്വാവിവാഹം ഭാര്യമാരുടെ പൊതുവായ ഉപഭോഗത്തിനുള്ള ഒരു വ്യവസ്ഥയാണ്... അതായത്, പരസ്യവും രഹസ്യവുമായ വ്യഭിചാരത്തിനുള്ള വ്യവസ്ഥയാണ്” എന്നവര്‍ വാദിക്കുകയുണ്ടായി. വിദ്യാഭ്യാസവും, സമന്മാരെന്ന നിലയിലുള്ള പെരുമാറ്റവും ലോകത്തില്‍ സ്ത്രീകളുടെ സ്ഥാനവും സാദ്ധ്യതകളും ബലപ്പെടുത്തുമെന്നു മാര്‍ക്സ് ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. പക്ഷെ, എല്ലാ വിക്റ്റോറിയന്‍ പിതാമഹന്മാരെപ്പോലെ അദ്ദേഹവും ആഗ്രഹിക്കുന്നത് ഒരു മകനെയാണ്. ഇതോ, മകനല്ല താനും.

മാര്‍ക്സിന്‍റെ എല്ലാ പെണ്മക്കള്‍ക്കുമെന്നപോലെ, അമ്മയെ പിന്‍പറ്റി, വിശ്വസ്തയായ ഈ സഞ്ചാരിക്കിട്ട പേര് ജെന്നി ജൂലിയ എലിനോര്‍ എന്നാണ്‌. ഒരു എഡിന്‍ബര്‍ഗ് മന്ത്രിയുടെ മകളായിരുന്ന ജീനി വിഷ്ഹാര്‍ട്ടെന്ന മുതുമുത്തശ്ശിയില്‍നിന്നായിരുന്നു ജെന്നിക്കു പേരു കിട്ടിയത്. 1765ല്‍ റൈന്‍ലാന്‍ഡുകാരനായിരുന്ന ഫിലിപ്പ് വോണ്‍ വെസ്റ്റ്ഫാലനെ വിവാഹം ചെയ്ത ഈ മുത്തശ്ശി ജര്‍മ്മന്‍ പഠിച്ചു. “മനോഹരമായ” സ്കോട്ടിഷ് ഉച്ചാരണരീതിയോടെ ആ ഭാഷ ഒഴുക്കോടെ സംസാരിച്ചു. വിവാഹശേഷം അവര്‍ ശിഷ്ടകാലം കഴിച്ചത് ജര്‍മ്മനിയിലാണ്. ഈ മുത്തശ്ശിയുടെ സ്കോട്ടിഷ് പാരാമ്പര്യത്തിലൂടെ പ്രസന്നവും മൃദുവുമായ ചര്‍മ്മവും, തിളങ്ങുന്ന സ്വര്‍ണ്ണച്ഛവികലര്‍ന്ന ഇരുണ്ട തവിട്ടു തലമുടിയും, പ്രകാശമാനമായ മരതകക്കണ്ണുകളും ജെന്നിയുടെ അമ്മക്കു കിട്ടി. പക്ഷെ, ആ ഉച്ചാരണശൈലി കിട്ടിയില്ല.

എലിനോറിന്‍റെ സ്വന്തം പേരിന്‍റെ ഉറവിടം അവ്യക്തമാണ്. സ്കോട്ടുകാരായ പൂര്‍വ്വികരില്‍നിന്നാണ് അതെന്നത് സാമാന്യബുദ്ധിക്കു നിരക്കുന്നതു തന്നെ. പക്ഷെ, അതിനു തെളിവില്ല. ജീനിയുടെ പൂര്‍വ്വികരായ പിറ്റാറോയിലെ വിഷ്ഹാര്‍ട്ടിന്‍റെ വംശചരിത്രത്തില്‍ നിരവധി ഹെലെന്മാരുണ്ട്. പക്ഷെ, എലിനോറിന്‍റെ പിറവിയുടെ കാലമായപ്പോഴേക്കും, അവയെല്ലാം മൂന്നു നൂറ്റാണ്ടിനപ്പുറത്തുള്ള അവ്യക്തമായ ഓര്‍മ്മകളായി മാറിപ്പോയിരുന്നു. കാളിന്‍റെയോ, ജെന്നിയുടെയോ ഒന്നുചേര്‍ന്ന കുടുംബവൃക്ഷങ്ങളുടെ ശാഖകളിലൊന്നും ഒരു എലനോ, എലൈനോ, ഹെലനൊ, എലിനോറൊ ഇല്ല. അടുത്ത കൂട്ടുകാരുടെയോ, പ്രചോദനമേകാറുള്ള സഹപ്രവര്‍ത്തകരുടെയോ കുടുംബങ്ങളിലുമില്ല. കുടുംബത്തില്‍ അടുത്തെവിടെയെങ്കിലും അത്തരമൊരു പേരുള്ള ഒരേയൊരാള്‍, അവരുടെ ആയുഷ്ക്കാല വീടുനടത്തിപ്പുകാരി കൊച്ചു ലെന്‍ എന്ന, ഹെലെന്‍ ദിമത്താണ്.

കാരണമെന്തായാലും, ആ പേര് അവളുടേതായി. പ്രതീക്ഷക്കു വഴിയൊരുക്കുന്ന പേരാണ് എലിനോര്‍. അറബിക്കിലും, ഹീബ്രുവിലും, ഗ്രീക്കിലും, ലാറ്റിനിലും അതിന്‍റെ പൊതുവായ മൂലാര്‍ത്ഥം പ്രകാശകിരണമെന്നും, ദീപ്തമായ ശോഭയെന്നുമാണ്. ഉല്ലാസമനോഭാവമുള്ള, പ്രസരിപ്പാര്‍ന്ന ഒരു കുട്ടിയായിരിക്കുമെന്ന പ്രതീക്ഷയാണ് “എലിനോര്‍” വെച്ചു നീട്ടുന്നത്.

എലിനോര്‍ പിറന്നു മൂന്നു മാസങ്ങള്‍ക്കു ശേഷം മാര്‍ക്സിന്‍റെ കയ്യില്‍ക്കിടന്നു എഡ്ഗാര്‍ മരിക്കുകയാണ്. “എനിക്കു ദൌര്‍ഭാഗ്യങ്ങളുടെ കുറവുണ്ടായിരുന്നില്ല,” അദ്ദേഹം ഏംഗല്‍സിനോടു വിലപിച്ചു, “പക്ഷെ, ഇപ്പൊഴാണ് ഞാന്‍ ശരിക്കും ദു:ഖമെന്തെന്നറിയുന്നത്.” സ്വാന്തനപ്പെടാനാകാതെ, അദ്ദേഹം നവജാതബാലികയിലേക്കു തിരിഞ്ഞു. കൈവിട്ടുപോയ മകനു കരുതിവെച്ചിരുന്ന എല്ലാ സ്നേഹവും, പ്രതീക്ഷയും അവള്‍ക്കു നല്‍കി.

ഒമ്പതു മാസം പ്രായമായപ്പോഴേക്കും, മാമോദീസ മുങ്ങാത്ത ജെന്നി ജൂലിയ എലിനോര്‍ മാര്‍ക്സ് എല്ലാവരാലും റ്റസ്സി എന്നറിയപ്പെടാറായി. അവളുടെ അച്ഛനമ്മമാര്‍ വിശദീകരിച്ചതുപോലെ, ഫസ്സിയുമായല്ല, പുസ്സിയുമായി പ്രാസമുണ്ടാക്കാന്‍ റ്റു..സ്സീ എന്നു വിളിക്കപ്പെട്ടു. ശരിയായ ഉച്ചാരണത്തെച്ചൊല്ലിയുള്ള അച്ഛനമ്മമാരുടെ വിശദീകരണം ദീര്‍ഘവീക്ഷണമുള്ളതായി ഭവിച്ചു. ഫസ്സി (ബഹളക്കാരി) ആയിരുന്നില്ല റ്റസ്സി. പക്ഷെ, ശൈശവം മുതലേ അവള്‍ക്കു പൂച്ചകളെയും പൂച്ചക്കുട്ടികളെയും പ്രാണനായിരുന്നു. ഇരട്ടപ്പേരായ റ്റസ്സിയും, അതിന്‍റെ കൂടുതല്‍ ഓമനത്തമുള്ള വകഭേദമായ റ്റസ്സിക്കുട്ടിയും, നിരവധി മൂലാര്‍ത്ഥങ്ങളുള്ളതാണ്. ഒരു പക്ഷെ, അതു ലണ്ടനിലെ മലിനവായുവുമായി – വീട്ടിനകത്തെ കല്‍ക്കരിപ്പൊടിയും, അച്ഛന്‍റെ ചുരുട്ടു പുകയും, പുറത്തെ മരവിപ്പിക്കുന്ന കടുത്ത ശൈത്യവും - അവളുടെ ശ്വാസകോശം പൊരുത്തപ്പെടുന്നതിനിടിയില്‍ അവള്‍ ഒരു പാടു തുമ്മിയതു കൊണ്ടാവാം. ചുമക്കുള്ള റ്റുസ്സേര്‍ എന്ന ക്രിയാപദം, അച്ഛനുമമ്മയുമായി അവളുടെ സഹോദരിമാര്‍ വീട്ടില്‍വെച്ച് സംസരിക്കാന്‍ പ്രാഥമികമായി ഉപയോഗിച്ച ഭാഷയായ, ഫ്രഞ്ചിലുള്ളതാണ്. ഡച്ചു ഭാഷയില്‍ റ്റസ്ചെന്‍ എന്നത് “ഇടയിലുള്ള” എന്നര്‍ത്ഥം വരുന്ന റ്റുസ്സന്‍ എന്നതിന്‍റെ പ്രാഗ്രൂപമാണ്. അതില്‍നിന്നാണ് “റ്റസ്ചെന്‍ എന്‍ റ്റുസ്സന്‍”, (അതുമിതുമല്ലാതെ ഇടയിലെവിടെയോ) എന്ന ഡച്ചു ചൊല്ലുണ്ടായത്. റ്റസ്സിയുടെ അച്ഛന്‍വീട്ടിലെ അടുത്ത ബന്ധുക്കളില്‍ മിക്കവരും ഡച്ചുകാരായിരുന്നു. ഹോളണ്ടില്‍ താമസമായിരുന്ന ഇവരെ മാര്‍ക്സ് പതിവായി സന്ദര്‍ശിക്കുമായിരുന്നു. റ്റസ്സിയെന്നാല്‍ പഴയ ഇംഗ്ലീഷില്‍ പൂമാലയെന്നാണ് അര്‍ത്ഥം. 1850 ആയപ്പൊഴേക്കും വിക്റ്റോറിയാക്കാര്‍ക്കിടയില്‍ അത്യാവേശമായിക്കഴിഞ്ഞിരുന്നൂ റ്റസ്സീ-മസ്സീസ്: കാമുകര്‍ക്കു തമ്മില്‍ രഹസ്യസന്ദേശം കൈമാറാനും ചങ്ങാതിമാര്‍ക്കു തമ്മില്‍ അടുപ്പമറിയിക്കാനും വേണ്ടി കരുതലോടെ തിരഞ്ഞെടുത്തൊരുക്കുന്ന പൂച്ചെണ്ടുകളും പൂക്കുലകളും – പൂക്കളാല്‍ തീര്‍ത്ത കവിതകള്‍. റ്റസ്സി എന്നതു യോനി എന്നതിനുള്ള തെരുവു ഭാഷ കൂടിയാണ്.

റ്റസ്സിയെന്ന ഇരട്ടപ്പേരിനുണ്ടാകാവുന്ന ഉറവിടങ്ങള്‍ മാര്‍ക്സിന്‍റെ വീട്ടിലെ ബഹുഭാഷാന്തരീക്ഷത്തെക്കുറിച്ചു നമ്മോടു ചിലതു പറയുന്നുണ്ട്. റ്റസ്സിയുടെ, പാരീസിലും ബ്രസ്സല്‍സ്സിലും പിറന്ന, സഹോദരിമാര്‍ അന്യോന്യം സംസാരിച്ചിരുന്നത് ഫ്രഞ്ചാണ്. അമ്മയോടവര്‍ ജര്‍മ്മനിലും ഫ്രഞ്ചിലും സംസാരിക്കും; അച്ഛനോടും, കൊച്ചു ലെന്നിനോടും, ഏംഗല്‍സിനോടും മുഖ്യമായി ജര്‍മ്മനിലും. ഇംഗ്ലീഷിലും, ജര്‍മ്മനിലും, ഫ്രഞ്ചിലുമായിരുന്നു വീട്ടുകാരോടും കൂട്ടുകാരോടുമുള്ള സംസാരം.

കുടുംബത്തിലെ മറ്റാരേക്കാളും അങ്ങേയറ്റം ഒഴുക്കോടെ പലഭാഷകളില്‍ സംസാരിച്ചിരുന്നയാള്‍ മോം ആയിരുന്നു. ഉദാരമതിയും, പുരോഗമനവാദിയുമായിരുന്ന അവരുടെ അച്ഛന്‍, ലുഡ് വിഗ് വോണ്‍ വെസ്റ്റ്ഫാലന്‍, അവരെ ചെറുപ്പത്തിലേതന്നെ ഫ്രഞ്ചും ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു. റ്റസ്സി ജനിക്കുന്നതിനു ഏകദേശം തൊട്ടുമുമ്പ് മാര്‍ക്സ് രാഷ്ട്രീയസമ്പദ്ശാസ്ത്രത്തെക്കുറിച്ചുള്ള രചന തുടങ്ങിയപ്പോള്‍, അവര്‍ അദ്ദേഹത്തിന്‍റെ അക്ഷീണയായ പകര്‍പ്പെഴുത്തുകാരിയായി. ഭര്‍ത്താവിന്‍റെ എല്ലാ രചനയും ജെന്നി പകര്‍ത്തിയെഴുതുകയും, തിരുത്തുകയും ചെയ്തിട്ടുണ്ട്. അതു അദ്ദേഹത്തിന്‍റെ കണ്ണുതള്ളിക്കുന്ന കയ്യെഴുത്ത്, ഏംഗല്‍സൊഴിച്ചാല്‍, അവര്‍ക്കു മാത്രമേ വായിച്ചെടുക്കാന്‍ പറ്റൂ എന്നതു കൊണ്ടു മാത്രമല്ല, മാര്‍ക്സിനെ മാറ്റിനിര്‍ത്തിയാല്‍ കുടുംബത്തില്‍ ഏറ്റവും നല്ല ജര്‍മ്മന്‍ ഭാഷ അവരുടേതായിരുന്നുവെന്നതു കൊണ്ടുകൂടിയാണ്.

ഡച്ചു പദാവലികളും, യിദ്ദിഷ് ചൊല്ലുകളും വാരിത്തൂവിയ ഫ്രഞ്ച്, ജര്‍മ്മന്‍, ഇംഗ്ലീഷ് ബഹുസ്വരതയുടെ സമ്പന്നസങ്കരദ്രവത്തിലാണ്, ഗര്‍ഭത്തില്‍വെച്ചേ, റ്റസ്സി നീന്തിക്കളിച്ചത്.

കുട്ടിയായ എലിനോറിന്‍റെ ഇരട്ടപ്പേരിനുള്ള രസകരമായ ഒരു പ്രേരണ ചൈനയില്‍ നിന്നാണ്. ചൈനാബ്ഭ്രാന്തന്‍മാരായിരുന്നു മാര്‍ക്സ് കുടുംബം. സൂ ഹായ് (സൂ റ്റ്സി, അല്ലെങ്കില്‍, സീചി) എന്ന വിധവയായ ചീനസാമ്രാട്ടിന്‍റെ രാഷ്ട്രീയക്കളികള്‍ അവര്‍ ആവേശത്തോടെ പിന്തുടര്‍ന്നിരുന്നു. റ്റസ്സിയുടെ സഹോദരിയായ ജെന്നിയുടെ ഇരട്ടപ്പേര് ചീനറാണി എന്നായിരുന്നു. പക്ഷെ, റ്റസ്സി അവളുടെ രാജസ്ഥാനം കരസ്ഥമാക്കുകയും, ചീനസാമ്രാട്ടിന്‍റെ അന്തരാവകാശിയായി മാറുകയും ചെയ്തു. സൂ ഹായ് ഉച്ചരിക്കേണ്ടത് “സൂ സീ” – അല്ലെങ്കില്‍, ഫസ്സി പോലെയല്ല, പുസ്സി പോലെ റ്റൂസി – എന്നാണു എന്നൊരു ഉപദേശവുമുണ്ടായി.

കാലത്തിനൊത്ത, രസകരവും, ഓമനത്തമുള്ളതുമായ ചെല്ലപ്പേരുകള്‍ മൂന്നു സഹോദരിമാര്‍ക്കും ബാല്യത്തിലുണ്ടായിരുന്നു. ലോറ കുറച്ചുകാലം കാക്കദൂ ആയിരുന്നു. പിന്നീട്, അവളുടെ ഇരുണ്ടനിറം ഹേതുവായി, അത്രതന്നെ വിചിത്രമായ ഹോറ്റെന്‍ റ്റോറ്റായി – കോപമാര്‍ന്ന അവളുടെ തുറിച്ചു നോട്ടത്തെയും, അച്ഛനില്‍നിന്നും അവള്‍ക്കു കിട്ടിയ ഇരുണ്ട ലാവണ്യത്തെയുമാണ്‌ അതു സൂചിപ്പിക്കുന്നത്. ഹോറ്റെന്‍ റ്റോറ്റ് എന്നപേര്‍ ലോറയെ, മുതിര്‍ന്നപ്പോഴും, അനുഗമിച്ചു. കൊച്ചുജെന്നിയെന്നതായിരുന്നു ജെന്നിക്കു പതിച്ചു കിട്ടിയ ഇരട്ടപ്പേര്.

മുലയൂട്ടുന്ന ഒരു ആയയുടെയും, മൂത്ത സഹോദരിമാരുടെയും, അച്ഛനുമമ്മയുടെയും, ലീബ്നിക്റ്റുമാരുടെയും സഹായത്തോടെ, ശിശുവായ റ്റസ്സിയെ ശൈശവത്തില്‍ പരിചരിച്ചത്, മുഖ്യമായും, കൊച്ചു ലെന്നായിരുന്നു. ഒരു റൈന്‍ലാന്‍ഡ് കര്‍ഷകകുടുംബത്തില്‍നിന്നുള്ള, “കുടുംബത്തിന്‍റെ ആത്മാവായ” ഹെലെന്‍ ദിമത്തിനു, പതിനഞ്ചാമത്തെ വയസ്സില്‍, 1835ല്‍, വോണ്‍ വെസ്റ്റ്ഫാലന്‍ കുടുംബത്തില്‍ സേവനത്തില്‍ പ്രവേശിച്ചയന്നു മുതല്‍, ജെന്നിയെ അറിയാമായിരുന്നു.

അന്നുമുതല്‍ ജെന്നിയും ഹെലെനും, ഒന്നിച്ചൊരല്‍പ്പം ആഴ്ച്ചകളില്‍ക്കൂടുതല്‍, പിരിഞ്ഞിരുന്നിട്ടില്ല. 1850ല്‍ അമ്മയെ സന്ദര്‍ശിക്കാന്‍ ജെന്നി നടത്തിയ നീണ്ട യാത്ര മാത്രമാണ് അതിനൊരപവാദം. അന്നു കുടുംബത്തെ നോക്കാന്‍ കൊച്ചുലെന്‍ വീട്ടില്‍ തങ്ങി. മാര്‍ക്സിന്‍റെ എല്ലാ പെണ്മക്കളും രണ്ടാമത്തെ അമ്മയെന്നാണ് കൊച്ചുലെന്നിനെ വിശേഷിപ്പിച്ചിരുന്നത്. പകരക്കാരിയായ അമ്മയുടെയും, അന്നദാതാവിന്‍റെയും പങ്കു നിര്‍വ്വഹിച്ച കൊച്ചുലെൻ എന്ന ആയമ്മയുമായുള്ള എലിനോറിന്‍റെ ബന്ധം, ഗാന്ധിയുടെയും, ചര്‍ച്ചിലിന്‍റെയും, ചരിത്രത്തിലെ മറ്റു മഹാവ്യക്തിത്വങ്ങളുടെയും കാര്യത്തിലെന്നപോലെ, അവളുടെ ബാല്യകാലത്തെ ആഴത്തില്‍ സ്വാധീനിച്ചു. കാളിന്‍റെയും ജെന്നിയുടെയും വിവാഹജീവിതത്തിന്‍റെ ഏകദേശം പ്രാരംഭം മുതല്‍ക്കുതന്നെ കൊച്ചുലെന്‍ യൂറോപ്പിലെ അവരുടെ യാത്രകളില്‍ അകമ്പടി സേവിച്ചിരുന്നു. അവരുടെ പ്രവാസങ്ങളില്‍ പങ്കുകൊണ്ടിരുന്നു. മാര്‍ക്സിന്‍റെ മരുമക്കളിലൊരാള്‍ കൊച്ചുലെന്നിനെ ചിത്രീകരിക്കുന്നത് “ഒരേ സമയം വീട്ടുനടത്തിപ്പുകാരിയായിട്ടും, പ്രധാന കാര്യക്കാരി”യായിട്ടുമാണ്:

അവരാണ് വീടു ഭരിച്ചത്. കുട്ടികള്‍ അവരെ ഒരമ്മയെപ്പോലെ സ്നേഹിച്ചു. അവരോടുള്ള മാതൃസ്നേഹം അവര്‍ക്കൊരു അമ്മയുടെ അധികാരം നല്‍കി. ശ്രീമതി മാര്‍ക്സ് അവരെ ഉറ്റചങ്ങാതിയായിക്കണ്ടു. മാര്‍ക്സ് അവരുടെ നേരെ പ്രത്യേകമായ ഒരു ചങ്ങാത്തം പരിപോഷിപ്പിച്ചു. അദ്ദേഹം അവരുമൊത്തു ചതുരംഗം കളിക്കും. അവരോടു പലപ്പോഴും തോല്‍ക്കുകയും ചെയ്യും.

മാര്‍ക്സുമായി കൊച്ചുലെന്‍ ചെസ്സു കളിക്കുന്നതു കാണിക്കുന്നതു പോലെ, കുടുംബത്തില്‍ അവര്‍ക്കു സാവകാശമുണ്ടായിരുന്നു. അവരുടെ സ്ഥാനത്തെപ്പറ്റി ലൈബ്രറി പറഞ്ഞത് ഇങ്ങിനെയാണ്: “കൊച്ചുലെന്നിനു വീട്ടില്‍ സ്വേച്ഛാധിപത്യമായിരുന്നു; ശ്രീമതി മാര്‍ക്സിനു പരമാധികാരവും.” ലൈബ്രറിയുടെ നിരീക്ഷണപ്രകാരം, ഒരാളും അയാളുടെ വേലക്കാരുടെ കണ്ണില്‍ മഹാനല്ല; “കൊച്ചുലെന്നിന്‍റെ കണ്ണുകളിലാകട്ടെ, മാര്‍ക്സ്, നിസ്സംശയം, മഹാനായിരുന്നില്ല.” അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി അവര്‍ ഒരു നൂറു തവണ തന്‍റെ ജീവന്‍ കൊടുത്തേക്കാം; “പക്ഷെ, മാര്‍ക്സിനു അവരുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ പറ്റുമായിരുന്നില്ല.” അദ്ദേഹത്തിന്‍റെ എല്ലാ ചാഞ്ചല്യങ്ങളും ദൌര്‍ബ്ബല്യങ്ങളും അവര്‍ക്കറിയാമായിരുന്നു; അവര്‍ക്കദ്ദേഹത്തെ “തന്‍റെ ചെറുവിരലില്‍ ചുറ്റാന്‍ കഴിഞ്ഞിരുന്നു”. കലി കയറി മാര്‍ക്സ് ക്ഷോഭിച്ചലറുമ്പോള്‍, ആ സിംഹത്തിന്‍റെ മടയില്‍ കയറാന്‍ ധൈര്യമുണ്ടായിരുന്ന ഒരേയൊരാള്‍ അവരായിരുന്നു. “അവരോടു അദ്ദേഹം മുരണ്ടാല്‍, ആ സിംഹത്തെ ഒരു കുഞ്ഞാടാക്കി മാറ്റുന്ന രീതിയില്‍ അവര്‍ അദ്ദേഹത്തെ ശകാരിക്കുമായിരുന്നു.”

എഡ്ഗാറിന്‍റെ മരണമുണ്ടാക്കിയ ദു:ഖത്തെ പട്ടിണിയും പരിവട്ടവും തീവ്രമാക്കി. എന്നത്തേയുംപോലെ വീട്ടില്‍ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. മോമിനു “പോപ്പ്-ഹൌസ്” (അങ്ങിനെയാണ് പണ്ടം പണയത്തിനെടുക്കുന്നവരെ അവര്‍ വിളിച്ചത്) സന്ദര്‍ശിക്കേണ്ടി വന്നു. അതു പതിവായപ്പോള്‍, സോഹോയിലെ പ്രാദേശിക പണയക്കാരനെ അവര്‍ അമ്മാവനെന്നു വിളിച്ചു തുടങ്ങി. റ്റസ്സിയുടെ ആദ്യകാലത്തെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന്, “പോപ്പ് എന്നു പോകുന്നു കീരി” എന്നതായിരുന്നു – സ്വന്തം ഉപകരണങ്ങള്‍ പണയം വെക്കാന്‍ പോകുന്ന ഒരു ചെരുപ്പുകുത്തിയെക്കുറിച്ചുള്ള നഴ്സറിപ്പാട്ട്. അവള്‍ക്കൊരു നഴ്സറിയുണ്ടായിരുന്നുവെന്നല്ല. മൂന്നു മുതിര്‍ന്നവരും, വളര്‍ന്നു വരുന്ന സഹോദരിമാരും ഞെങ്ങിഞെരുങ്ങിക്കൂടിയ ഒരു കൊച്ചു സോഹോ ഫ്ലാറ്റിലെ, വിവിധ കാര്യങ്ങള്‍ക്കുപയോഗിക്കപ്പെട്ട, രണ്ടു പെട്ടിക്കൂടുകളായിരുന്നു അവളുടെ കിടപ്പു മുറിയും, നഴ്സറിയും. ലിനന്‍ തുണികളും, കല്യാണത്തിനു കിട്ടിയ വെള്ളിപ്പാത്രങ്ങളും, കുടുംബത്തിലെ തുണികളും പണയം വെച്ചു മോം വീട്ടിലെ സാമ്പത്തികാവസ്ഥ മുന്നോട്ടു നീക്കി. അവരുടെ ഭര്‍ത്താവാകട്ടെ, അന്തര്‍ദ്ദേശീയ തൊഴിലാളി സംഘടനയുടെ (I W M A ) ഉൽഘാടനയോഗങ്ങളുമായി തിരക്കിലായി; കാലാവധി പിന്നിട്ട ലേഖനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രാത്രി ഉറക്കമിളച്ചു. തിരകള്‍ പോലെ നിരന്തരം ഒഴുകിവരുന്ന സുഹൃത്തുക്കളെയും അതിഥികളെയും സല്‍ക്കരിക്കാനുള്ള ഭക്ഷണവും, ഗ്ലാസ്സുകളും, പാത്രങ്ങളും മോമിനും കൊച്ചുലെന്നിനും എന്നും കുറവായിരുന്നു.

കുടുംബത്തിലെ മറ്റുള്ളവര്‍ ജീവിതത്തിലെ ഏറ്റവും ദുരിതമുള്ള കാലമെന്നോര്‍ക്കുന്ന സോഹോയിലെ അരിഷ്ടതയുടെ വര്‍ഷങ്ങള്‍ റ്റസ്സി ശരിക്കും ഓര്‍ക്കുന്നില്ല. പ്ലംബിംഗും, ഗ്യാസ്സ് ലൈറ്റും, സ്വകാര്യതയുമില്ലാത്ത ഇരുപത്തിയെട്ടാം ഡീന്‍ സ്ട്രീറ്റ്, കൊല്ലത്തില്‍ 22 ഡോളറിനു, പരാതിശീലമാക്കിയ ഒരു ഐറിഷ് ഭാഷാവിദഗ്ദ്ധന്‍ മാര്‍ക്സുകുടുംബത്തിനു മറിച്ചു വാടക്കു നല്‍കിയതായിരുന്നു. 1851ല്‍, കുഞ്ഞു ഫോക്സ് മരിച്ചയുടന്‍, കുടുംബം ഈ വാസസ്ഥലത്തേക്കു മാറിയതാണ്. റ്റസ്സിക്കറിയില്ലെങ്കിലും, സോഹോയിലെ കൊച്ചുഫ്ലാറ്റിലെ മാര്‍ക്സ് കുടുംബത്തിന്‍റെ ജീവിതത്തെക്കുറിച്ചുള്ള സ്മരണീയമായ ഒരു ചിത്രീകരണം, പ്രഷ്യന്‍ ആഭ്യന്തര മന്ത്രി നേരിട്ടയച്ച ഒരു ചാരന്‍റെ സമ്പൂര്‍ണ്ണ രഹസ്യ റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

ഭരണകൂടത്തിന്‍റെ ഇടവിടാത്ത നിരീക്ഷണത്തിലുള്ള രാഷ്ട്രീയ തീവ്രവാദികളുടെ ഒരു കുടുംബത്തിലാണ് റ്റസ്സി പിറന്നത്. 1850ല്‍, ഷ്മിത്ത് എന്നു പേരുള്ള ഒരു ജര്‍മ്മന്‍ പത്രാധിപര്‍, “മഹാപ്രദര്‍ശനം” (ഗ്രേറ്റ്‌ എക്സിബിഷന്‍) സന്ദര്‍ശിക്കാനെന്ന നാട്യത്തോടെ, ലണ്ടനിലെത്തി. ഷ്മിത്ത്, വാസ്തവത്തില്‍, മാര്‍ക്സിനെയും കൂട്ടാളികളെയും രഹസ്യമായി നിരീക്ഷിക്കാന്‍ പ്രഷ്യന്‍ ആഭ്യന്തരമന്ത്രി പറഞ്ഞയച്ച വില്യം സ്റ്റീബറെന്ന ചാരനായിരുന്നു. ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റു യോഗങ്ങളിലും, തൊഴിലാളി പ്രസ്ഥാനവും ജനാധിപത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരുടെയെല്ലാം വീടുകളിലും സ്റ്റീബര്‍ നുഴഞ്ഞു കയറി. അവരില്‍ ഏറ്റവും പ്രമുഖനായ നേതാവിന്‍റെ വസതി അയാള്‍ വിശദമായി നിരീക്ഷിച്ചു:

ലണ്ടനിലെ ഏറ്റവും വഷളായ, അതിനാല്‍ ഏറ്റവും വില കുറഞ്ഞ, ഒരു പ്രവിശ്യയിലാണ് മാര്‍ക്സ് താമസിക്കുന്നത്. അദ്ദേഹത്തിനു രണ്ടു മുറികളാണുള്ളത്. തെരുവിലേക്കു നോക്കുന്നതാണ് സ്വീകരണമുറി. അതിനു പിറകില്‍ കിടപ്പുമുറി. ഫ്ലാറ്റിലെവിടെയും നല്ലതോ, വൃത്തിയുള്ളതോ ആയ ഒരു ഗൃഹോപകരണവുമില്ല. എല്ലാം പൊട്ടിയും പൊളിഞ്ഞുമിരിക്കുന്നു. അങ്ങേയറ്റം കുഴഞ്ഞുമറിഞ്ഞും, വിരല്‍വണ്ണത്തില്‍ പൊടിമൂടിയുമാണ് അവിടെയുള്ളതെല്ലാം. സ്വീകരണമുറിയുടെ നടുവില്‍ പഴയമട്ടിലുള്ള വലിയൊരു മേശയുണ്ട്. മെഴുകുതുണി വിരിച്ചിരിക്കുന്ന ആ മേശക്കു മുകളില്‍ അദ്ദേഹത്തിന്‍റെ കയ്യെഴുത്തുപ്രതികളും, പുസ്തകങ്ങളും, പത്രങ്ങളുമിരിക്കുന്നു; കൂടാതെ, കുട്ടികളുടെ കളിപ്പാട്ടങ്ങളും, കീറത്തുണികളും, ജെന്നിയുടെ തുന്നല്‍സ്സഞ്ചിയിലെ നാടകളും, പൊട്ടിയ വക്കുള്ള കോപ്പകളും, കത്തികളും, ഫോര്‍ക്കുകളും, വിളക്കുകളും, മഷിക്കുപ്പിയും, പാത്രങ്ങളും, ഡച്ച് കളിമണ്‍പൈപ്പുകളും, പുകയിലച്ചാരവും; ചുരുക്കത്തില്‍, എല്ലാത്തരം ചവറുകളും. എല്ലാമോ, ഒരു മേശയിലും. കാട്ടം പെറുക്കി വില്‍ക്കുന്നവര്‍ക്കു പോലും നാണമാകും. മാര്‍ക്സിന്‍റെ ഫ്ലാറ്റിലേക്കു കയറുമ്പോള്‍, കല്‍ക്കരിപ്പുകയും പുകയിലപ്പുകയും കൊണ്ടു കാഴ്ച്ച മങ്ങിപ്പോകും. കണ്ണുകള്‍ക്കീ എരിവുപുക ശീലമാകുന്നതുവരെ, ആദ്യമാദ്യം, ഒരു ഗുഹയിലെന്നപോലെ തപ്പിത്തടയേണ്ടിവരും... എല്ലാം മലിനമാണ്‌. എല്ലാം പൊടി പുതഞ്ഞതാണ്. ഇരിക്കുകയെന്നാല്‍ അപകടമാണ്. ഒരു കസേരയുണ്ട്‌, മൂന്നു കാലുള്ളത്. നാലുകാലുള്ള മറ്റൊന്നില്‍ കുട്ടികള്‍ പാചകം ചെയ്തു കളിക്കുന്നു. ശരിയാണ് - ആ കസേരയാണ് സന്ദര്‍ശകന് ഇരിക്കാന്‍ കൊടുക്കുക. പക്ഷെ, കുട്ടികളുടെ അടുക്കള അതില്‍നിന്നു മാറ്റിയിട്ടുണ്ടാവില്ല. അതിനാല്‍, ഇരിക്കുകയാണെങ്കില്‍, വസ്ത്രം കുഴപ്പത്തിലാകും. എന്നാല്‍, ഇതൊന്നും മാര്‍ക്സിനെയോ, ഭാര്യയെയോ നാണിപ്പിക്കുന്നതായി തോന്നിയില്ല. ഏറ്റവും ഊഷ്മളമായാണ് സന്ദര്‍ശകന്‍ സ്വീകരിക്കപ്പെടുന്നത്. പൈപ്പും, പുകയിലയും, മറ്റെന്തും ഹാര്‍ദ്ദമായാണ് വെച്ചുനീട്ടുക. വീട്ടിലെ പോരായ്മകളെ ഊര്‍ജ്ജസ്വലമായ സംഭാഷണം പരിഹരിക്കും. ഒടുവില്‍, അവരുമായുള്ള കൂട്ടു ഹേതുവായി, എല്ലാത്തിനോടും പൊരുത്തപ്പെട്ടുപോകും. സര്‍ഗ്ഗാത്മകവും രസകരവുമാണ് അവരുടെ സൌഹൃദമെന്നു മനസ്സിലാക്കും. കമ്മ്യൂണിസ്റ്റ് നേതാവായ മാര്‍ക്സിന്‍റെ കുടുംബജീവിതത്തിന്‍റെ നേരായ ചിത്രം ഇതാണ്.

വീട്ടുകാരികളെന്ന നിലയില്‍ ശ്രീമതി മാര്‍ക്സും കൊച്ചുലെന്നും പൂര്‍ണ്ണപരാജയമാണെന്നു, ഒരു പക്ഷെ, ഒരു കമ്മ്യൂണിസ്റ്റാകുകയെന്നതിനേക്കാള്‍ക്കൂടുതല്‍ വഷളായ കാര്യമായി, സ്റ്റീബര്‍ തന്‍റെ പുസ്തകത്തില്‍ വിലയിരുത്തുന്നുണ്ട്. സ്റ്റീബറുടെ ചാരവൃത്തി ജര്‍മ്മനിയിലുള്ള നിരവധി മാര്‍ക്സ്പാര്‍ട്ടി അംഗങ്ങളുടെ അറസ്റ്റിലേക്കും, ആത്യന്തികമായി, 1852 ഒക്ടോബറിലെ, കുപ്രസിദ്ധമായ കൊളോണ്‍ കമ്യൂണിസ്റ്റ് വിചാരണയിലേക്കും നയിച്ചു. കമ്യൂണിസ്റ്റ് ലീഗിലെ പതിനൊന്നു അംഗങ്ങളുടെ മേല്‍ പ്രഷ്യന്‍ ഭരണകൂടം 1848ലെ വിപ്ലവത്തിന്‍റെ ഗൂഢാലോചനയുടെ ആരോപണം ചാര്‍ത്തി. വാദിഭാഗത്തുണ്ടായിരുന്നത് കെട്ടിച്ചമച്ച തെളിവുകളും, കള്ളസാക്ഷ്യവുമായിരുന്നു. പതിനൊന്നില്‍ ഏഴുപേര്‍ക്ക് ആറുവര്‍ഷത്തേക്കുള്ള തടവ് ലഭിച്ചു. കലി കയറിയ ഏംഗല്‍സ് സ്റ്റീബറെ “നമ്മുടെ നൂറ്റാണ്ടിലെ അതിനിന്ദ്യനായ പോലീസ് തെമ്മാടി” എന്നപലപിച്ചു. ബിസ്മാര്‍ക്കിന്‍റെ രഹസ്യസേനയിലെ മേധാവിയായി മാറിയ, കാപട്യക്കാരനായ, ഈ ചാരനു പോലും, പക്ഷെ, മാര്‍ക്സിന്‍റെ ചെറ്റക്കുടിലിലെ ഹൃദ്യമായ സ്വാഗതവും ആതിഥ്യമര്യാദയും ഹൃദയത്തില്‍ തട്ടുകയുണ്ടായി.

ചാരനായ സ്റ്റീബറുടെ റിപ്പോര്‍ട്ടു കിട്ടിയപ്പോള്‍, പ്രഷ്യയിലെ ആഭ്യന്തര മന്ത്രി സന്തോഷിച്ചു; കാരണം, അളിയന്‍ കാള്‍ മാര്‍ക്സിന്‍റെ മൂല്യച്യുതിയെപ്പറ്റിയുള്ള തന്‍റെ ദീര്‍ഘകാല സംശയം അതു സ്ഥിരീകരിച്ചു. ജെന്നിയുടെ പാതിസോദരനായിരുന്നു പ്രഷ്യയിലെ ആഭ്യന്തര മന്ത്രി ഫെര്‍ഡിനാന്‍‌ഡ് വോണ്‍ വെസ്റ്റ്ഫാലന്‍. തന്‍റെ പാതിസഹോദരി ഈ തീവ്രവിപ്ലവവാദിയുമായി രഹസ്യമായി വിവാഹക്കരാറിലാണെന്നു 1836ല്‍ കേട്ടുകേള്‍വിയിലൂടെ അറിഞ്ഞതു മുതല്‍ അദ്ദേഹം കുപിതനായിരുന്നു. റ്റസ്സിയുടെ കുട്ടിക്കാലം മുഴുവനും അവളുടെ കുടുംബത്തെ ഫെര്‍ഡിനാന്‍‌ഡ് രഹസ്യമായി നിരീക്ഷിച്ചു.

റ്റസ്സി ഡോ. അലന്‍റെ പാലു ചികിത്സയില്‍ പുഷ്ടി പ്രാപിച്ചു. അവള്‍ “ഓരോ ദിവസവും മരിക്കുമെന്ന” ഭയമില്ലാതായി. കാംബര്‍വെല്ലിലെ, വീട്ടുകാര്‍ “നാട്ടിന്‍പുറം” എന്നു വിളിച്ച, ഗ്രാമീണമായ നഗരപ്രാന്തത്തിലായിരുന്നു അവള്‍ ആദ്യത്തെ ഗ്രീഷ്മകാലം കഴിച്ചത്. കുടുംബത്തിന്‍റെ ഉറ്റ ചങ്ങാതിയായ സോഷ്യലിസ്റ്റുകാരന്‍ പീറ്റര്‍ ഇമാന്‍ഡ് നല്‍കിയ ഒരു കോട്ടേജിലായിരുന്നു താമസം. മാഞ്ചെസ്റ്ററില്‍ ഏംഗല്‍സിനെ സന്ദര്‍ശിക്കുകയായിരുന്ന മാര്‍ക്സിനു റ്റസ്സിയുടെ ചേട്ടത്തി എഴുതിയതനുസരിച്ച്, സപ്തംബര്‍ ആയപ്പൊഴേക്കും അവള്‍ നീന്താനും തുളളാനും ശ്രമിച്ചു. പ്രണയവും അവള്‍ കാലേക്കൂട്ടി തുടങ്ങിയെന്നു തോന്നി. റ്റസ്സി “ശരിക്കും പരമാനന്ദത്തിലാകും, പരുക്കനായ ആ കൊച്ചു പച്ചക്കറിക്കാരന്‍ വരുമ്പോള്‍...അവനാണ് അവളുടെ ആദ്യ കാമുകനെന്ന് തോന്നുന്നു,” ജെന്നി റിപ്പോര്‍ട്ടു ചെയ്യുന്നു. പച്ചക്കറിക്കടക്കാരന്‍ വരുന്നത് കടം പിരിക്കാനല്ലെന്നു മാര്‍ക്സ് ആശിച്ചിരുന്നിരിക്കണം.

മോമിന്‍റെ അമ്മാവന്‍ ജോര്‍ജ്ജും, അവരുടെ സ്കോട്ടിഷുകാരനായ ഒരു ബന്ധുവും മരിച്ചപ്പോള്‍ വീണുകിട്ടിയ പാരമ്പര്യസ്വത്തില്‍ ഭാവിവരുമാനത്തിനുള്ള പ്രതീക്ഷയര്‍പ്പിച്ച്, മോമും കൊച്ചുലെന്നും സാമഗ്രികള്‍ വാങ്ങി. ഒടുവില്‍ പണം വന്നപ്പോഴേക്കും, അതിലുമെത്രയോ ഇരട്ടി അവര്‍ക്കു ചിലവു വന്നിരുന്നു. ഒരു പുതിയ വീടു കണ്ടുപിടിക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ മാര്‍ക്സ് ജെന്നിയെ പ്രേരിപ്പിച്ചു. സോഹോയിലെ മച്ചുവീടിനെ എലിനോറിന്‍റെ ഊര്‍ജ്ജസ്വലത കൂടുതല്‍ ഇടുങ്ങിഞെരുങ്ങിയതാക്കുന്നുണ്ടായിരുന്നു. “മൂത്ത പെണ്മക്കള്‍,” അവരുടെ അമ്മ എഴുതിയതനുസരിച്ച്, “ഒരമ്മയുടെ വാത്സല്യത്തോടെയാണ് അവളെ താലോലിക്കുന്നത്. ഇത്രയും ഓമനത്തമുള്ള, ആകര്‍ഷകയായ, ലാളിത്യവും, സല്‍സ്വഭാവവുമുള്ള മറ്റൊരു കുട്ടിയുണ്ടാകില്ലെന്നതു നേരാണ്.”

1856 ജൂലായില്‍, ഏറ്റവും വിശ്വസ്തയും അമ്മമാരില്‍വെച്ച് ഏറ്റവും നല്ല അമ്മയുമായ, കരോളിന്‍ വോണ്‍ വെസ്റ്റ്ഫാലന്‍ നഷ്ടമായപ്പോള്‍ ജെന്നിക്കുണ്ടായ വേദനയുണ്ടാക്കിയ മരവിപ്പു മറികടക്കാന്‍ റ്റസ്സിയുടെ സഹവാസമിഷ്ടപ്പെടുന്ന പ്രകൃതം സഹായിച്ചു. പതിനേഴു മാസമായപ്പോഴാണ് റ്റസ്സി ആദ്യമായി ഇംഗ്ലണ്ടിനു പുറത്തേക്കു യാത്ര ചെയ്യുന്നത്. അന്നു മോം മൂന്നു പെണ്മക്കളേയും കൂട്ടി റൈന്‍ലാന്‍ഡിലെ ട്രയറിലേക്കു പോയി. എണ്‍പത്തിയൊന്നു വയസ്സായിരുന്ന കരോളിന്‍ ജെന്നിയെയും പേരമക്കളെയും ആശീര്‍വ്വദിച്ചശേഷം അവസാനമായി കണ്ണുകളടച്ചു. അവരുടെ അനന്തരാവകാശമായിക്കിട്ടിയ അല്‍പ്പം പണം ജെന്നിക്കും സഹോദരന്‍ എഡ്ഗാറിനുമിടയില്‍ വീതിക്കപ്പെട്ടു.

ട്രയറില്‍നിന്നു മടങ്ങി ഒട്ടും താമസിയാതെ, സപ്തംബറില്‍, മോം കെന്‍റിഷ് പട്ടണത്തില്‍ ഒരു ചെറിയ വീടു കണ്ടുപിടിച്ചു. സപ്തംബര്‍ ഒടുവില്‍ റ്റസ്സിയുടെ കുടുംബം 9 ഗ്രാഫ്റ്റണ്‍ റ്റെറസ്സിലേക്കു താമസം മാറി. അവള്‍ക്കപ്പോള്‍ ഇരുപത്തിയൊന്നു മാസം പ്രായം. “ഞങ്ങള്‍ താമസിച്ചിരുന്ന മാളവുമായി ഒത്തുനോക്കുമ്പോള്‍, ഇതു ശരിക്കുമൊരു കൊട്ടാരമാണ്,” സംതൃപ്തിയോടെ മോം ഒരു ചങ്ങാതിക്കെഴുതി. അടിമുതല്‍ മുടി വരെ വീടൊരുക്കാന്‍ 40പൌണ്ടേ ആയുള്ളൂവെങ്കിലും (പഴയ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയത് ഒരു പാടു സഹായമായി), ഞങ്ങളുടെ സുഖപ്രദമായ സ്വീകരണമുറിയില്‍ എനിക്കാദ്യം രാജകീയമായി അനുഭവപ്പെട്ടു.” മറ്റു തരത്തിലുള്ള സുഖങ്ങളും ഉണ്ടായിരുന്നു: റ്റസ്സിയുടെ മാതാപിതാക്കള്‍ അവര്‍ക്കു മാത്രമായുള്ള പുതിയ കിടപ്പുമുറി നന്നായി ഉപയോഗപ്പെടുത്തി. റ്റസിയുടെ അമ്മ വീണ്ടും ഗര്‍ഭിണിയായി. ഗര്‍ഭം അലസിപ്പോവുകയാണുണ്ടായത്.

ആത്മബോധത്തിലേക്കുള്ള റ്റസ്സിയുടെ ഉദയത്തിന്‍റെ ഇടമായി മാറിയ “കൊട്ടാരം”, പട്ടണപ്രാന്തത്തിലെ, ഇഷ്ടികകൊണ്ടുള്ള ഒരു കൊച്ചുവീടായിരുന്നു. നിലവറയും, മൂന്നു നിലകളുമുള്ള വീട്ടില്‍ മിതമായ വലുപ്പമുള്ള എട്ടു മുറികളുണ്ടായിരുന്നു; അകത്ത് പുതിയ ചില ആഡംബരങ്ങളും: ഗ്യാസ്സ് ലൈറ്റും, ഒരു അടുക്കളയും, തണുത്ത പൈപ്പു വെള്ളവും. തുറസ്സായ വെളിസ്ഥലത്തേക്കു പുറംതിരിഞ്ഞിരിക്കുന്ന ചെറിയൊരു പൂന്തോട്ടം. റ്റെറസ്സിന്‍റെ ഒരതിരില്‍ ഹാവെര്‍സ്റ്റോക്ക് ഹില്‍. അവിടെ, പുതിയ കെട്ടിടനിര്‍മ്മാണപുരോഗതിയുടെ ഭാഗമായ വ്യവസായിക മാലിന്യവും, റെയില്‍പ്പാളങ്ങളുടെ കഷണങ്ങളും, അഴുക്കുചാലിനുള്ള സാമഗ്രികളും കൊണ്ടു നിറഞ്ഞ, ഒരു മുനിസിപ്പല്‍ കുപ്പയുണ്ടായിരുന്നു. അലങ്കാരപ്പണികളുള്ള പൂമുഖത്തുറപ്പിച്ച, തെരുവിലേക്കു തുറക്കുന്ന ഒരു മുന്‍വാതില്‍, ലണ്ടനില്‍ ഇതാദ്യമായി, അവര്‍ക്കു സ്വന്തമായുണ്ടായി. കെന്‍റിഷ് പട്ടണത്തെ മദ്ധ്യലണ്ടനുമായി ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ വണ്ടികള്‍ ഓടിത്തുടങ്ങിയപ്പോള്‍, 1840ല്‍, കരാറു ചെയ്യപ്പെട്ട, പൂര്‍ത്തിയാകാത്ത, ഒരു കെട്ടിടനിര്‍മ്മാണ സംരഭത്തിന്‍റെ ഒത്ത നടുക്ക്, “മൂന്നാംകിട വീടുകള്‍” എന്നു തരംതിരിക്കപ്പെട്ട, പുതുതായി കെട്ടിയ വീടുകളുടെ ചെറിയൊരു നിരയായിരുന്നു ഗ്രാഫ്റ്റണ്‍ റ്റെറസ്സ്.

മാര്‍ക്സുമാര്‍ താമസം മാറി വരുമ്പോള്‍ തെരുവു കല്ലു പാകാത്തതായിരുന്നു; വെളിച്ചമില്ലാത്തതും. ചുറ്റുപാടും പണി തീര്‍ന്നിട്ടില്ലാത്തതിനാല്‍, അവര്‍ക്കു വീടിനു വിലപേശാന്‍ പറ്റി. സോഹോയിലെ സാമൂഹ്യജീവിതവും, സോഷ്യലിസ്റ്റ് ക്ലബ്ബുകളും, പ്രിയപ്പെട്ട പബ്ബുകളും വിടേണ്ടി വന്നതില്‍ മാര്‍ക്സ് മുറുമുറുത്തു. രാഷ്ട്രീയ സാമ്പത്തികവ്യവസ്ഥയെക്കുറിച്ചുള്ള രചനക്കിടയിലെ സുഖദായകമായ ഈ വക വ്യതിയാനങ്ങള്‍ നഷ്ടപ്പെട്ടുവെങ്കിലും, നഗരപ്രാന്തത്തിലെ പുതിയ ഏകാന്തവാസം ചില നേട്ടങ്ങള്‍ സമ്മാനിച്ചു. റ്റസ്സിയുടെ അച്ഛനു എഴുതാനും വായിക്കാനും സ്വന്തമായ ഒരു മുറി കിട്ടി; സ്വന്തമായ ഒരു നെരിപ്പോടും. ഹാംപ്സ്റ്റെഡ് അടുത്തുള്ളത് കുടുംബത്തെ മുഴുവന്‍ സന്തോഷിപ്പിച്ചു. അവിടത്തെ ശുദ്ധ വായുവും, വന്യതയും, ഉയരത്തിലുള്ള ദൂരക്കാഴ്ച്ചകളും, സോഹോയിലെ ഗുഹാസ്ഥലിയില്‍നിന്നുള്ള, മായികമെന്നുതന്നെ പറയാവുന്ന ഒരു മോചനമായിരുന്നു.

അമ്മയുടെ മരണവും, ഗര്‍ഭം അലസിയതും മൂലമുള്ള ഖേദം മോമിനെ ഖിന്നയാക്കിയിരുന്നു. മാര്‍ക്സ് ഏംഗല്‍സിനോടു രഹസ്യമായി പറഞ്ഞു, “അവളുടെ ഇപ്പോഴത്തെ അവസ്ഥയില്‍, ഞാനവളെ കുറ്റപ്പെടുത്തില്ല; അതെന്നെ അരിശപ്പെടുത്തുന്നുണ്ടെങ്കിലും.” 1857ല്‍ ബ്രിട്ടീഷ് മ്യൂസിയത്തിലെ ഗോളാകാരാമാര്‍ന്ന പുതിയ വായനശാല തുറന്നത് മാര്‍ക്സിനു രക്ഷയായി. കെന്‍റിഷ് പട്ടണത്തില്‍നിന്ന് നേരിട്ട് ബ്ലൂംസ്ബറിയിലേക്ക് അദ്ദേഹം യാത്ര ചെയ്യും. അവിടെ, ഗ്രെയ്റ്റ് റസ്സല്‍ സ്ട്രീറ്റിലുള്ള മ്യൂസിയം റ്റാവേണില്‍ ഉച്ചഭക്ഷണം കഴിക്കും. കൊനാന്‍ ഡോയില്‍ പോലുള്ള പ്രശസ്തരായ പല പുതിയ എഴുത്തുകാരും അവിടെ പതിവുകാരായിരുന്നു. വീട്ടില്‍ പണം കഷ്ടിയാകുമ്പോള്‍, ലിനന്‍ തുണികളും, “ഭൂതകാലത്തെ മാഹത്മ്യങ്ങളായ മറ്റു കൊച്ചു സംഗതികളും” അമ്മാവന്‍റെ പോപ്പ് ഹൌസിലേക്കു തിരിച്ചു പോകും. ഇതും മോമിനു മറ്റൊരു വ്യാകുലതയായി.

ലോറയും ജെന്നിയും, പെണ്‍കുട്ടികള്‍ക്കുള്ള സൌത്ത് ഹാംപ്സ്റ്റെഡ് കോളേജില്‍, അവരുടെ വിദ്യാഭ്യാസത്തിനു തുടക്കമിട്ടു. മിസ്സ്‌ ബോയ്‌നെല്ലും, മിസ്സ്‌ റെന്‍ഷും നടത്തിപ്പുകാരായ സ്കൂള്‍, പെണ്‍കുട്ടികള്‍ക്കു ഔപചാരിക വിദ്യാഭ്യാസമില്ലാത്ത ഒരു ദേശത്തെ നിയമനിയന്ത്രിതമല്ലാത്ത സ്വകാര്യ വിദ്യാഭാസം വെച്ചുനീട്ടുന്ന എല്ലാ സ്ഥാപനങ്ങളെയും പോലെ, സദുദ്ദേശ്യപരവും സാധാരണ നിലവാരത്തിലുള്ളതുമായിരുന്നു. അതിനുമുമ്പ്, ജെന്നിയും ലോറയും സോഹോയിലെ ഒരു സ്കൂളില്‍ കുറച്ചുനാള്‍ ചിലവഴിച്ചിരുന്നു. മാര്‍ക്സിന്‍റെ “സെക്രട്ടറി” എന്നു വിളിക്കപ്പെട്ടിരുന്ന, കുടുംബം “ഫ്രിഡോലിന്‍” എന്നു ഇരട്ടപ്പേരിട്ടിരുന്ന, പരഗതിയും ഇഹഗതിയുമില്ലാത്ത വില്യം പീപ്പറുടെ തണുപ്പന്‍ പരിശീലനത്തിലായിരുന്നു അവര്‍. ഫ്രിഡോലിന്‍റെ കയ്യെഴുത്ത്‌, മാര്‍ക്സിന്‍റേതു പോലെതന്നെ, വഷളായിരുന്നു. പണിക്കു വരാത്ത ഒരു നടത്തിപ്പുകാരനുമായിരുന്നു അയാള്‍. മദ്യപാനം കൊണ്ടുള്ള സ്ഥിരം തലവേദനയും, തത്ത്വശാസ്ത്രവും സാഹിത്യവും ചര്‍ച്ചചെയ്യാന്‍ മാര്‍ക്സിനെ ജോലിയില്‍നിന്നു ശ്രദ്ധതെറ്റിക്കുന്നതുമൊഴിച്ചാല്‍ അയാള്‍ക്കു മറ്റു നേട്ടങ്ങളൊന്നുമുണ്ടായിരുന്നില്ല. ആഗോളസാമ്പത്തികമാന്ദ്യം കരുവാക്കി, മോം ഫ്രിഡോലിനെ പിരിച്ചുവിട്ടു. ജെന്നിക്കും ലോറക്കും വേണ്ടി അച്ഛന്‍ വാടകക്കെടുത്ത പിയാനോയില്‍ അവര്‍ സ്വരങ്ങള്‍ ഇടിച്ചുണ്ടാക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍, മോം ഭര്‍ത്താവിന്‍റെ കാര്യനിര്‍വ്വഹണം ഏറ്റെടുത്തു; അദ്ദേഹത്തിന്‍റെ “കോറിവരച്ച ലേഖനങ്ങള്‍” പകര്‍ത്തിയെഴുതുന്നതു പുനരാരംഭിച്ചു.

ജെന്നിയും ലോറയും സംഗീത ചിഹ്നങ്ങള്‍ പഠിക്കുമ്പോള്‍, റ്റസ്സി സംസാരിക്കാന്‍ ആരംഭിച്ചു. അത്ഭുതസിദ്ധിയുള്ള ഈ കുട്ടിയുടെ വളര്‍ച്ചയില്‍ അവളുടെ അച്ഛന്‍ ആമൂലം മുഴുകി. “ഈ കുട്ടി ഒരു രസികത്തിയാണ്,” അദ്ദേഹം വിസ്മയത്തോടെ പറയുകയുണ്ടായി. “തനിക്കു രണ്ടു തലച്ചോറുണ്ടെന്നാണ് അവളുടെ പക്ഷം.” ഈ രസികത്തി, വയനാമുറിയില്‍ അച്ഛന്‍റെ മടിയിലിരുന്ന്, അദ്ദേഹത്തിന്‍റെ കത്തുകളുടെ ഓരങ്ങളില്‍ കുത്തിവരക്കുന്നതു ശീലമാക്കി. വീട്ടുകാരെയും കൂട്ടുകാരെയും പോലെ, റ്റസ്സിയും അച്ഛനെ ചെല്ലപ്പേരിലാണ് അറിഞ്ഞത്: മൂര്‍ - തന്‍റെ ഇരുണ്ട നിറവും, കല്‍ക്കരിക്കറുപ്പാര്‍ന്ന സമൃദ്ധമായ താടിയും മുടിയും മൂലം സര്‍വ്വകലാശാലയില്‍വെച്ച് അദ്ദേഹം സമ്പാദിച്ച ഇരട്ടപ്പേര്. ഇരട്ട മസ്തിഷ്കമുള്ളവളാണ് താനെന്ന റ്റസ്സിയുടെ പ്രഖ്യാപനവും, അവര്‍ വ്യക്തമായി ഓര്‍മ്മിക്കുന്ന ആദ്യത്തെ സംഭവവും ഒരേ കാലത്തുള്ളതാണ്.

എന്‍റെ ഏറ്റവുമാദ്യത്തെ ഓര്‍മ്മ... എനിക്കേകദേശം മൂന്നു വയസ്സുള്ളപ്പോള്‍... മൂര്‍ എന്നെ ഗ്രാഫ്റ്റണ്‍റ്റെറസ്സിലെ കൊച്ചു പൂന്തോട്ടത്തിനു ചുറ്റും ചുമലിലേറ്റി നടക്കുന്നു; എന്‍റെ തവിട്ടു മുടിച്ചുരുളുകളില്‍ പൂക്കള്‍ തിരുകുന്നു. മൂര്‍ ഒരുഗ്രന്‍ കുതിരയായിരുന്നുവെന്നു സമ്മതിക്കണം.

മാര്‍ക്സിനു നുകം വെക്കുകയെന്നത് വീട്ടിലെ ഒരു ആചാരമായിരുന്നു. ഡീന്‍ സ്ട്രീറ്റില്‍വെച്ച് ജെന്നിയും, ലോറയും, മരിച്ചുപോയ ചേട്ടന്‍ എഡ്ഗാറും മാര്‍ക്സിനെ കസേരകളില്‍ നുകം വെച്ചു കെട്ടി, അവയില്‍ കയറിയിരുന്നു, അദ്ദേഹത്തെക്കൊണ്ട് വലിപ്പിക്കുമായിരുന്നുവെന്ന് റ്റസ്സി “പറഞ്ഞുകേട്ടിട്ടുണ്ട്”. ഏറ്റവും ഇളയയാതു കൊണ്ടും, അവസാനത്തെ കുട്ടിയായതു കൊണ്ടും, റ്റസ്സിക്കു കുതിരയെ തനിക്കായി മാത്രം കിട്ടി; അദ്ദേഹത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും കിട്ടി.

വ്യക്തിഗതമായി – എന്‍റെ പ്രായത്തിലുള്ള സഹോദരിമാര്‍ എനിക്കില്ലാത്തതിനാലാകണം – മൂര്‍ ഒരു സവാരിക്കുതിരയാകുന്നതായിരുന്നു എനിക്കിഷ്ടം. നര വന്നു തുടങ്ങിയ കറുത്ത കുഞ്ചിരോമത്തില്‍ പിടിച്ചു ചുമലിലിരുന്നുകൊണ്ട് ഞങ്ങളുടെ കൊച്ചു പൂന്തോട്ടത്തിലും... ഗ്രാഫ്റ്റണ്‍റ്റെറസ്സിനരികിലെ വെളിസ്ഥലങ്ങളിലും... ഞാന്‍ ഒരു പാടുഗ്രന്‍ സവാരി നടത്തിയിട്ടുണ്ട്.

1858ലെ ശീതകാലത്തുണ്ടായ രൂക്ഷമായ വില്ലന്‍ ചുമ റ്റസ്സിക്കു വീട്ടുഭരണം കയ്യാളാനുള്ള അവസരമൊരുക്കി. “കുടുംബം മുഴുവനും എന്‍റെ ചൊല്‍പ്പടിക്കുള്ള അടിമകളായി. അടിമത്തത്തില്‍ പതിവുള്ളതുപോലെ, പൊതുവെ, ധാര്‍മ്മികധൈര്യം ഇല്ലാതായി എന്നു ഞാന്‍ കേള്‍ക്കുകയുണ്ടായി.” വര്‍ഷം തുടങ്ങിയത് മോശമായിട്ടായിരുന്നു. കല്‍ക്കരിയോ, വാടകക്കുടിശ്ശിക അടക്കാനുള്ള കാശോ ഉണ്ടായിരുന്നില്ല. തനിക്കു കൂട്ടായി അയലത്തെ എല്ലാ കുട്ടികളെയും വീട്ടിലേക്കു സ്വാഗതം ചെയ്യണമെന്ന്, രോഗത്തെ മുതലെടുത്തുകൊണ്ട്, റ്റസ്സി വാശി പിടിച്ച അക്കാലത്ത്, അവളുടെ അച്ഛന്‍ തന്‍റെ കടങ്ങളുടെ ഇനം തിരിച്ചുള്ള ഒരു കണക്ക് ഏംഗല്‍സിനു സമര്‍പ്പിക്കുകയായിരുന്നു. “ചിലവെത്രകണ്ട് കുറച്ചാലും,ഉദാഹരണത്തിന്, കുട്ടികളുടെ പഠിപ്പു നിര്‍ത്തുകയും, ഒരു തൊഴിലാളിക്കൂരയില്‍ താമസിക്കുകയും, വേലക്കാരെ പിരിച്ചു വിടുകയും, ഉരുളക്കിഴങ്ങു മാത്രം തിന്നു ജീവിക്കുകയും ചെയ്താല്‍പ്പോലും” തനിക്കാ കടങ്ങള്‍ വീട്ടാന്‍ പറ്റില്ലെന്ന് അദ്ദേഹം വിലപിച്ചു.

മാര്‍ക്സുമാരുടെ തൊട്ടടുത്ത അയല്‍ക്കാരന്‍ പെറ്റിബൂര്‍ഷ്വയായ, വിദഗ്ദ്ധനായ, ഒരു റൊട്ടികടക്കാരനും കെട്ടിടനിര്‍മ്മാതാവുമായ ഒരാളായിരുന്നു. അയാളുടെപോലും സാമ്പത്തികസ്ഥിതി, ദുഷ്പ്പേരു സമ്പാദിച്ച സ്ഥലത്തെ ഈ തത്ത്വചിന്തകന്‍റേതിനേക്കാള്‍ ഭദ്രമായിരുന്നു. 1859 ആയപ്പൊഴേക്കും ധനസ്ഥിതി ഏറെ വഷളായി. സ്ഥലത്തെ കോടതിയില്‍നിന്ന് വീട്ടിലേക്ക് ഒരു സമന്‍സ് വന്നു. വരിയടക്കാത്തതിന്‍റെ പേരില്‍ ഗ്യാസ്സ് കമ്പനിയും ജലവിതരണക്കമ്പനിയും വിതരണം നിര്‍ത്തുന്നത് തടയാന്‍ അദ്ദേഹം പാടുപെടുകയായിരുന്നു.

മുതിര്‍ന്നവരുടെ ഈ പ്രയാസങ്ങളൊന്നുമറിയാതെ, ഓജസ്സാര്‍ന്ന റ്റസ്സി, നഗരപ്രാന്തത്തിലെ ഈ അപരിഷ്കൃത ബാലിക, ഉറച്ചു വരുന്ന കാലുകളോടെ ചെളിയിലും, ചരലിലും, കെട്ടിടനിര്‍മ്മാണ വികാസത്തിന്‍റെ അവശിഷ്ടങ്ങളിലും കളിച്ചു. തുടക്കത്തില്‍, അയല്‍പക്കത്തെ കുട്ടികള്‍ക്കൊപ്പം, കല്ലുപാകാത്ത വഴിയിലെ ചെമ്മണ്‍ചളിയില്‍ നഗ്നപാദങ്ങളോടെ, മരഞ്ചാടിക്കളികളാണ് അവള്‍ കളിച്ചത്. അവള്‍ക്കു നാലു വയസ്സായപ്പോഴേക്കും, ഗ്രാഫ്റ്റണ്‍റ്റെറസിനു ചുറ്റുമുള്ള സ്ഥലങ്ങളിലെല്ലാം കെട്ടിടങ്ങളായി. റൊട്ടിക്കടക്കാരന്‍റെ ഏഴു കുട്ടികളുമായി അവള്‍ കളിച്ചു നടന്നിരുന്ന വഴികളെല്ലാം കല്ലു പാകിയതായി. സമപ്രായക്കാരുമായി റ്റസ്സി ഒരു ചങ്ങാതിക്കൂട്ടമുണ്ടാക്കി. തന്‍റെ കുടുംബത്തെ അയല്‍ക്കാര്‍ക്കു – പ്രായോഗിക പരിചയമുള്ള കച്ചവടക്കാര്‍ക്കും, പീടികക്കാര്‍ക്കും, കൈത്തൊഴിലുകാര്‍ക്കും, ചുരുക്കത്തില്‍, തൊഴിലാളികള്‍ക്ക് - പരിചയപ്പെടുത്തി.

കളിക്കൂട്ടുകാരുടെ സംഘത്തലവനായിരുന്നു റ്റസ്സി. അവരെയുംകൊണ്ടവള്‍ വീടാകെ അലഞ്ഞു നടക്കും. തോന്നുമ്പോള്‍, ചായ സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കും. അതിനുള്ള പാലും, റൊട്ടിയും, ബിസ്ക്കറ്റും അവളുടെ താളത്തിനൊത്തു തുള്ളുന്ന കൊച്ചുലെന്‍ കൊടുക്കും. റ്റസ്സിയുടെ മേല്‍ക്കോയ്മയും, എല്ലാറ്റിലും മുന്‍കൈയെടുക്കാനുള്ള പ്രവണതയും മറ്റു കുട്ടികള്‍ അംഗീകരിച്ചു കൊടുത്തു. അവള്‍ പ്രസന്നതയും സഭാകമ്പമില്ലാത്തവളുമായിരുന്നൂ എന്നതാണ്‌ അതിനുള്ള കാരണം. രസികയും, ധീരയും, നിര്‍ത്താതെ പൊട്ടിച്ചിരിക്കുന്നവളുമായ റ്റസ്സി കളിക്കൂട്ടത്തില്‍നിന്നും ഒരാളെയും ഒഴിവാക്കിയില്ല. അവളുടെ പ്രസിദ്ധി മൂലം അയല്‍പ്പക്കത്തു മുഴുവന്‍ മാര്‍ക്സ് കുടുംബം അറിയപ്പെട്ടത് “റ്റസ്സിമാര്‍” എന്നായിരുന്നു.

എങ്കിലും, റ്റസ്സിയുടെ ആദ്യ സുഹൃത്തും, പ്രാഥമിക കളിക്കൂട്ടുകാരനും മാര്‍ക്സായിരുന്നു. ഒന്നാന്തരം ഒരു കുതിര മാത്രമായിരുന്നില്ല അദ്ദേഹമെന്നു മുതിര്‍ന്ന റ്റസ്സി ഓര്‍മ്മിക്കുന്നുണ്ട്. അദ്ദേഹത്തിനു “ഉന്നതമായ മറ്റൊരു യോഗ്യത കൂടിയുണ്ട്. അപൂര്‍വ്വവും എതിരില്ലാത്തതുമായ ഒരു കഥപറച്ചിലുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. "നീണ്ട സായാഹ്നസവാരികള്‍ക്കിടയില്‍ മൂര്‍ നിര്‍ത്താതെ കഥ പറഞ്ഞതെങ്ങിനെയെന്ന്‍ ലോറയും ജെന്നിയും റ്റസ്സിയോടു പറഞ്ഞിരുന്നു. “ഒരു നാഴിക കൂടി പറയൂ,” എന്നായിരുന്നു ആ രണ്ടു പെണ്‍കുട്ടികളും ആവശ്യപ്പെട്ടിരുന്നത്. മുമ്പു വളരെക്കൊച്ചായിരുന്ന, രണ്ടു തലയുള്ള കൊച്ചു രസികത്തിക്കിപ്പോള്‍ സവാരികളില്‍ പങ്കുചേരാനുള്ള ഉറച്ച കാലുകളായി. ‘ദാദ’യുമൊത്ത് ഭാവനയില്‍ പുതിയ യാത്രകള്‍ ആരംഭിക്കാനുള്ള എലിനോറിന്‍റെ ഊഴമായിരിക്കുന്നു.

അച്ഛന്‍ വീട്ടിലിരുത്തി പഠിപ്പിച്ച, കുടുംബത്തിലെ ഒരു ദശകത്തോളം ഇളയവളായ, റ്റസ്സിക്കു തന്‍റെ സമശീര്‍ഷരെപ്പോലെ തന്നെ മുതിര്‍ന്നവരും കൂട്ടായിരുന്നു. നാലും അഞ്ചും വയസ്സില്‍, കഥകളും പുസ്തകങ്ങളുമായി അവളുടെ ഉറ്റ കൂട്ടും ചങ്ങാതിമാരും. “പുതിയ പരവതാനികളെ ഉമ്മവെക്കുന്നതു” പോലെ, നെരിപ്പോടിനരികിലെ കമ്പിളിച്ചവിട്ടിമേലിരുന്നു പട്ടിക്കുട്ടിയുമായി കളിക്കുന്നതുപോലെ, അത്രയും യഥാര്‍ത്ഥമായി, ഗ്രാഫ്റ്റണ്‍റ്റെറസിലെ പഴയ അലമാരകളില്‍ കുത്തിവെച്ചിരുന്ന പുസ്തകങ്ങളില്‍ മായികമാംവിധം ഞെരുക്കിവെച്ചിരുന്ന വിലോഭനീയമായ ലോകങ്ങള്‍ നിത്യജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ ഒഴുകിയെത്തി. പുസ്തക അലമാരികളെ അടികൊണ്ടളക്കാം, പക്ഷെ അവയിലെ കഥകളെ, സ്മരണയോഗ്യമാംവിധം റ്റസ്സി പറഞ്ഞതു പ്രകാരം, “നാഴികകള്‍ കൊണ്ടേ അളക്കാനാകൂ”.

കുടുംബത്തിന്‍റെ സവാരിസമയത്ത്, അച്ഛനൊപ്പം ആ കഥകള്‍ വീട്ടില്‍നിന്ന് ഹാംപ്സ്റ്റെഡിനരികിലെ കുന്നുകളിലേക്കു പോയി. മൂറിന്‍റെ ചുമലിലിരുന്നോ, അദ്ദേഹത്തിന്‍റെ കയ്യില്‍ സ്വന്തം കൈ സുരക്ഷിതമായി നിക്ഷേപിച്ചോ, വാക്കുകളിലൂടെ റ്റസ്സി പുതിയ ലോകങ്ങള്‍ സ്വാംശീകരിച്ചു. ഇലച്ചാര്‍ത്തു നിറഞ്ഞ കുറ്റിക്കാടുകളുടെ വന്യതയില്‍നിന്നു കഥാപാത്രങ്ങളും, സാഹസകൃത്യങ്ങളും രൂപമെടുത്തു. പഴയ സോഹോയിലെ മലം നാറുന്ന വഴുവഴുപ്പിനും, പൊടിക്കും, ചെളിക്കും, ചേറിനും ശേഷം, ഹാംപ്സ്റ്റെഡിലെ കുന്നുകള്‍ ഇളംകാറ്റു ലാളിക്കുന്ന സ്വര്‍ഗ്ഗമായിരുന്നു. അമാനുഷരുടെ കളിക്കളമായും, സമാന്തരലോകമായും, പച്ചപ്പു നിറഞ്ഞ അത്തരമൊരു യക്ഷലോകത്തെ വിഭാവനം ചെയ്യുന്നത് സാമാന്യബുദ്ധിക്കു നിരക്കുന്നതു തന്നെ.

ഗ്രിം സഹോദരന്മാരുടെ കഥകള്‍, ഷേക്സ്പിയറുടെയും അരിസ്റ്റോട്ടിലിന്‍റെയും സമാഹാരങ്ങള്‍, റോബിന്‍സണ്‍ ക്രൂസോ, നീബലൂംഗുകളുടെ ഗാനം, ആയിടെ പുന:പ്രകാശനം ചെയ്യപ്പെട്ട അറേബ്യന്‍ രാത്രികള്‍ തുടങ്ങിയവ മാര്‍ക്സിന്‍റെ വീട്ടിലെ ഗ്രന്ഥശാലയില്‍ ഉണ്ടായിരുന്നു. ഖണ്ഡം ഖണ്ഡമായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ബല്‍സാക്കിന്‍റെയും, ഡിക്കന്‍സിന്‍റെയും, ഗാസ്ക്കലിന്‍റെയും, വില്‍ക്കീ കൊളിന്‍സിന്‍റെയും ജനപ്രിയനോവലുകള്‍ അവിടെ അടുക്കി വെച്ചിരുന്നു. കൂടാതെ, ഗെഥേയുടെയും, ഷെല്ലിയുടെയും, ബ്ലെയ്ക്കിന്‍റെയും, കുടുംബ സുഹൃത്തായ ഹെയ്നിന്‍റെയും കവിതാസമാഹാരങ്ങളും. ചരിത്ര, ശാസ്ത്ര, തത്ത്വശാസ്ത്ര രചനകളുടെ ഗംഭീര സമാഹാരങ്ങള്‍ - ഇവയില്‍ ഹെഗലിന്‍റെയും, റൂസ്സോയുടെയും, ഫൂറിയറുടെയും കൃതികളും, ഡാര്‍വിന്‍റെ ആയിടെ പുറത്തുവന്നജീവോല്‍പ്പത്തിയും പെടും – ഭാവി പര്യവേക്ഷണത്തിനുള്ള, ഇനിയും കണ്ടെത്താനുള്ള, നിഗൂഢതലങ്ങള്‍ വാഗ്ദാനം ചെയ്തു. ഹീബ്രുവിലും ഡച്ചിലുമുള്ള താല്‍മൂദും, ജര്‍മ്മനിലുള്ള ലൂഥറന്‍ ബൈബിളും, ബൈബിളിന്‍റെ ഇംഗ്ലീഷിലുള്ള കിംഗ് ജെയിംസ് ഭാഷ്യവും, ധനശാസ്ത്രരചനകള്‍ക്കും പ്രകൃതിശാസ്ത്രരചനകള്‍ക്കുമൊപ്പമിരുന്നു.

വീട്ടിലെല്ലാവരും സാക്ഷരരായിരുന്നു. റ്റസ്സിയുടെ മനോവികാസത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടതെല്ലാം കയ്യെത്തും ദൂരത്തുണ്ടായിരുന്നു. ഒരു കഥയും, പുസ്തകവും, ആശയവും, പ്രശ്നവും അവളുടെ പരിധിക്കു പുറത്തായിരുന്നില്ല. മാസികകള്‍, വാരികകള്‍, ജേണലുകള്‍, കടലാസുകള്‍, നാടകനോട്ടീസ്സുകള്‍, കൈകൊണ്ടെഴുതിയ പരസ്യങ്ങള്‍, ലഖുലേഖകള്‍, കത്തുകള്‍, സൌജന്യസംഗീതപരിപാടികളുടെ വിവരങ്ങള്‍, പാര്‍ലിമെന്‍റു റിപ്പോര്‍ട്ടുകള്‍, തപ്പാല്‍ക്കാര്‍ഡുകള്‍, സന്ദര്‍ശനക്കാര്‍ഡുകള്‍, പിറന്നാള്‍ക്കാര്‍ഡുകള്‍, ക്രിസ്തുമസ്ക്കാര്‍ഡുകള്‍, ചിത്രം വെട്ടിയൊട്ടിച്ച പുസ്തകങ്ങള്‍, കുറിപ്പുകള്‍, സംഗീതഷീറ്റുകള്‍, ഇറ്റാലിയന്‍ മാര്‍ബിളിന്‍റെ പുറംചട്ടയുള്ള അഭ്യാസപുസ്തകങ്ങള്‍, മഷിയൊപ്പാനുള്ള കടലാസുകള്‍, എഴുതാനുള്ള അട്ടിക്കട്ടിക്കുള്ള കടലാസുകള്‍ - ഇവയൊക്കെയും റ്റസ്സിയുടെ വീട്ടിലെ സ്ഥിരം നിവാസികളായിരുന്നു. അച്ചടിച്ച എന്തുമേതും മാര്‍ക്സിന്‍റെ കുട്ടികള്‍ക്ക് തൊടാം, എടുത്തു വായിക്കാം.

ശൈശവത്തില്‍, പല സംഗതികളും വീട്ടില്‍ കഷ്ടിയായിരുന്നു. പക്ഷെ, പുസ്തകങ്ങള്‍, കടലാസുകള്‍, പെന്‍സിലുകള്‍, മഷി, നിബ്ബുകള്‍, സൂചികള്‍, ബ്രഷുകള്‍, പശ, നൂല്‍ക്കാനുള്ള നൂല്, കരിക്കട്ടകള്‍ എന്നിവ സുലഭമായിരുന്നു. വീട്ടില്‍ മറ്റെന്തു കടവും, കുറവും, ദൌര്‍ലഭ്യവുമുണ്ടായിരുന്നാലും, ബ്രിട്ടനിലെ മഹത്തായ കല്‍ക്കരിഖനികളിലെ സമ്പന്നമായ നിക്ഷേപവും കാലിഫോര്‍ണിയായിലെ ആയിടെ കണ്ടെത്തിയ സ്വര്‍ണ്ണത്തിന്‍റെ ഭൂഗര്‍ഭ മടക്കുകളുംപോലെ സുലഭമായിരുന്നു പുസ്തകങ്ങളും, കടലാസുകളും, എഴുത്തു സാമഗ്രികളും.

വാക്കുകളോടും, കഥകളോടുമുള്ള തന്‍റെ കുഞ്ഞുമകളുടെ ഇഷ്ടം, താമസിയാതെ, മോം മനസ്സിലാക്കി. “അവളെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഒരു കാര്യം,” ജെന്നി ജര്‍മ്മനിയിലുള്ള ഒരു ചങ്ങാതിക്കെഴുതി, “സംസാരിക്കാനും കഥ പറയാനുമുള്ള ഇഷ്ടമാണ്.”

ഇതവള്‍ക്ക് കിട്ടിയത്, രാവും പകലും അവള്‍ പിരിയാന്‍ വിസമ്മതിച്ച, ഗ്രിം സഹോദരന്മാരില്‍നിന്നാണ്. ഞങ്ങളെല്ലാവരും മടുപ്പു വരുവോളം അവള്‍ക്കതു വായിച്ചുകൊടുക്കും. ഒച്ചയിടുന്ന കുട്ടിച്ചാത്തനെക്കുറിച്ചോ, ബ്രോസ്സല്‍ബാര്‍റ്റ് രാജാവിനെക്കുറിച്ചോ, സ്നോ വൈറ്റിനെക്കുറിച്ചോ ഒരക്ഷരമെങ്കിലും വിട്ടാല്‍, പിന്നെ പറയണ്ട. ഇവിടത്തെ വായുവില്‍ അവള്‍ ശ്വസിക്കുന്ന ഇംഗ്ലീഷിനൊപ്പം, അവള്‍ ജര്‍മ്മന്‍ പഠിച്ചത് ഈ കഥകളിലൂടെയാണ്.

ലണ്ടനിലെ എഡ്ഗാര്‍ ടെയ്‌ലര്‍ എന്ന ഒരു വക്കീല്‍ വിവര്‍ത്തനം ചെയ്ത, ജോര്‍ജ്ജ് ക്രൂക്ക്ഷാങ്ക് രസകരമായി ചിത്രീകരിച്ച, 1823ല്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ഭാഷ്യത്തിലൂടെയാണ് ഗ്രിം സഹോദരന്മാരുടെ വിനോദവിജ്ഞാനപ്രദമായ യക്ഷിക്കഥകള്‍ ബ്രിട്ടീഷു കുട്ടികള്‍ സാധാരണയായി പരിചയപ്പെട്ടത്. മദ്ധ്യയൂറോപ്പിലെ കാല്‍പ്പനികതയില്‍ ആഴത്തിലാണ്ട അച്ഛനമ്മമാരുടെ എലിനോര്‍ എന്ന കുട്ടി ഗ്രിമ്മിന്‍റെ ലോകത്തിലേക്കു പ്രവേശിച്ചത് മുഴങ്ങുന്ന ജര്‍മ്മനിലെഴുതിയ മൂലകൃതിയിലൂടെയാണ്. അവളുടെ ആദ്യത്തേതും പ്രിയപ്പെട്ടതുമായ ഈ കഥകളിലൂടെ, കുട്ടിച്ചാത്തന്മാരും, അപ്സരസ്സുകളും, കുള്ളന്മാരും, രാക്ഷസന്മാരും, ഭൂതങ്ങളും, തവിട്ടു നിറമുള്ളവരും, വിദൂരഭൂതകാലത്തുനിന്നും അവളെ മോഹിപ്പിക്കാനെത്തി.

അവളുടെ ആദ്യത്തേതും പ്രിയപ്പെട്ടതുമായ ഈ കഥകളിലൂടെ, കുട്ടിച്ചാത്തന്മാരും, അപ്സരസ്സുകളും, കുള്ളന്മാരും, രാക്ഷസന്മാരും ഭൂതങ്ങളും, തവിട്ടു നിറമുള്ളവരും, വിദൂരഭൂതകാലത്തുനിന്നും അവളെ മോഹിപ്പിക്കാനെത്തി. ആരോഗ്യമുള്ള മനുഷ്യശിശുക്കളുടെ കുഞ്ഞു ദേഹത്തെ പുഷ്ടിപ്പെടുത്താന്‍ അലൌകികരായ പകരക്കാര്‍ അവരുടെ സ്ഥാനമേറ്റെടുത്തു. നാനാജാതി ജന്തുക്കള്‍ പറയുകയും, പാടുകയും, പുളകമുളവാക്കുന്ന സാഹസവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്തു. സൂര്യകിരണങ്ങളില്‍ മായാവികളും മാലാഖമാരും നര്‍ത്തനം ചെയ്തു. ബീഭത്സരായ തവളകളും, കൌശലക്കാരായ സൃഗാലന്മാരും, തെണ്ടികളും, ഒടുവില്‍, നന്മയുള്ളവരും, സുന്ദരന്മാരും, യോഗ്യന്മാരായ യുവരാജകുമാരന്മാരായി പരിണമിച്ചു; അല്ലെങ്കില്‍ വയസ്സനായി വേഷം മാറിയ, വിവാഹയോഗ്യതയുള്ള, ഉഗ്രന്‍ താടിക്കാരന്‍ രാജാവായി മാറി2. ചെരിപ്പില്‍ തുള വരുന്നതു വരെ നൃത്തം ചെയ്യാന്‍ എല്ലാ രാത്രിയും പാത്തും പതുങ്ങിയും പോകാറുള്ള രാജസഹോദരിമാരുടെ കഥയില്‍ റ്റസ്സി അഭിരമിച്ചു. സംസാരിക്കുന്ന കണ്ണാടികള്‍ രണ്ടാനമ്മമാര്‍ക്ക് ഒറ്റിക്കൊടുത്ത, വിഷം ചാലിച്ച ആപ്പിളുകള്‍ തിന്ന, രഹസ്യനീരീക്ഷണത്തിനു വിധേയരായ, കെണിയില്‍പ്പെട്ട, മോഹവലയത്തില്‍വീണ, നീണ്ട ഉറക്കത്തിലാഴ്ന്നുപോയ, കല്‍പ്പാന്തകാലത്തോളം മരവിപ്പിലായിപ്പോയ, തീര്‍ത്തും അപരിചിതരായ സുന്ദരന്മാരുടെ ജീവദായകമായ ചുംബനങ്ങള്‍ കൊണ്ടുമാത്രം ഉണര്‍വ്വിലേക്കു വന്ന കുമാരിമാരുടെ കഥകളും കൂട്ടത്തിലുണ്ടായിരുന്നു. രാജകുമാരിയായാലും, ഗ്രാമീണപ്പെണ്‍കൊടിയായാലും, യക്ഷികള്‍ അവരെ കൂട്ടിലിട്ട വാനമ്പാടിയാക്കി മാറ്റും; അല്ലെങ്കിലൊരു പനീനീര്‍പ്പൂവിനു പകരമായി ഒരു സിംഹത്തിന്‍റെ സദ്യക്കുള്ള ഉപഹാരമാകും.

ഗ്രിമ്മിന്‍റെ കഥകള്‍ പലപ്പോഴും മനോരഞ്ജകമാംവിധം ഹിംസയും രതിയുമുള്ളതാണ്: രണ്ടാനമ്മമാരുടെ ദുഷ്ടരായ പെണ്മക്കളുടെ കണ്ണുകള്‍ വെള്ളരിപ്രാവുകള്‍ കൊത്തിയെടുക്കും; നേര്‍മച്ചുനന്മാരെ കല്യാണം കഴിക്കാം; രണ്ടാനമ്മമാരുടെ ആണ്മക്കളുടെ തല കൊയ്യാം; ദുര്‍മ്മന്ത്രവാദിനികള്‍ സ്വന്തം കുഞ്ഞുങ്ങളെക്കൊല്ലും. ചുട്ടുപൊള്ളുന്ന ഇരുമ്പു ചെരിപ്പിട്ടു മരണം വരെ നൃത്തം ചെയ്യും; അതല്ലെങ്കില്‍ അടുപ്പില്‍ ജീവനോടെ വെന്തു പൊങ്ങും. ഇത്തരം വിസ്മയങ്ങളുടെ ലോകം റ്റസ്സിയുടെ ശ്രദ്ധയെ പൂര്‍ണ്ണമായും ആഗിരണം ചെയ്തു.

അമ്മ സൂചിപ്പിച്ചതുപോലെ, ആദ്യകാലത്ത്, പ്രാദേശിക ജര്‍മ്മന്‍ റ്റസ്സി സ്വായത്തമാക്കിയത് ഗ്രിം സഹോദരന്മാരിലൂടെയായിരുന്നു. അതുപോലെതന്നെ, അവരാദ്യം ഇംഗ്ലീഷ് കവിതകള്‍ പരിചയപ്പെട്ടത് വീട്ടിലെ ബൈബിളില്‍നിന്നുമായിരുന്നു. ആ ബൈബിളാകട്ടെ, ഷേക്സ്പിയറുടെ സമാഹാരമായിരുന്നു. പ്രവാസകാലത്ത് തനിക്കാതിഥ്യമേകിയ ദേശത്തെ രാഷ്ട്രഭാഷ പഠിക്കാനും പരിഷ്കരിക്കാനും അവരുടെ കുടിയേറ്റക്കാരനായ അച്ഛനുപയോഗിച്ച ബൈബിള്‍. ഇംഗ്ലണ്ടിലേക്കു വരുമ്പോള്‍ മാര്‍ക്സിനു ഇംഗ്ലീഷ് നല്ല വശമില്ലായിരുന്നു. ലണ്ടനിലെ ആദ്യവര്‍ഷങ്ങളില്‍, ഭാഷാജ്ഞാനം മെച്ചപ്പെടുത്താന്‍, അദ്ദേഹം ഷേക്സ്പിയറുടെ മൂലവാക്യങ്ങള്‍ ചിട്ടയോടെ കൈകൊണ്ടെഴുതിയെടുത്ത് ഹൃദിസ്ഥമാക്കി. ഫ്രഞ്ചും ജര്‍മ്മനും പ്രഥമഭാഷകളായിരുന്ന കൊച്ചുജെന്നിയും ലോറയും ഷേക്സ്പിയറെ ഉച്ചത്തില്‍ വായിച്ചും, അവതരിപ്പിച്ചും ഭാഷ മെച്ചപ്പെടുത്തി. വീട്ടിനകത്തും, പുറത്തു പൂന്തോട്ടത്തിലും ഷേക്സ്പിയര്‍ ചൊല്ലപ്പെട്ടു; അവതരിക്കപ്പെട്ടു; ഉദ്ധരിക്കപ്പെട്ടു; ചര്‍ച്ചചെയ്യപ്പെട്ടു. റ്റസ്സിയുടെ ചേട്ടത്തി, ജെന്നി, പ്രത്യേകിച്ചും, ഷേക്സ്പിയറില്‍ അനുരാഗവിവശയായിരുന്നു. അവള്‍ കിടപ്പുമുറിയില്‍ അദ്ദേഹത്തിനൊരു ദേവാലയമുണ്ടാക്കി. “ഒരു തരം ഷേക്സ്പിയര്‍ മ്യൂസിയം” എന്നാണു അവരുടെ അമ്മ അതിനെ വിശേഷിപ്പിച്ചത്. നാടകഭ്രാന്തന്മാരായ മാര്‍ക്സുമാര്‍ ലണ്ടനിലെ നാടകജീവിതത്തിലെ എല്ലാ വശങ്ങളെയും അനുഗമിച്ചു: ഭക്ഷണത്തിനും ഇന്ധനത്തിനും പണം ചെലവാക്കുന്നതിനു പകരം, കുറഞ്ഞ വിലക്കു ടിക്കറ്റുകള്‍ വാങ്ങിച്ചു. അഭിനേതാക്കളായ സാറാ സിദ്ദോണ്‍സിന്‍റെയും, എലന്‍ റ്റെറിയുടെയും, ജോണ്‍ കെംബ്ലെയുടെയും പാടവത്തെക്കുറിച്ചു തര്‍ക്കിച്ചു. മോം പത്രങ്ങള്‍ക്കെഴുതിയ നാടകനിരൂപണങ്ങള്‍ വായിച്ചു.

“മനുഷ്യരാശി പിറവികൊടുത്ത എക്കാലത്തെയും ഏറ്റവും മഹാന്മാരായ നാടകപ്രതിഭകളാണ്” ഈസ്കിലസ്സും ഷേക്സ്പിയറുമെന്ന്‌ മാര്‍ക്സ് കുഞ്ഞുറ്റസ്സിക്കു വിശദീകരിച്ചു കൊടുത്തു. നല്ല ശ്രദ്ധയും, ഓര്‍മ്മശക്തിയുമുള്ള, എന്തും പെട്ടെന്നു പിടിച്ചെടുക്കുന്ന, റ്റസ്സി വേഗം പഠിച്ചു: “ആറു വയസ്സായപ്പോഴേക്കും, ഷേക്സ്പിയറിലെ രംഗങ്ങള്‍ ഒന്നിനു പിറകെ ഒന്നായി എനിക്കു ഹൃദിസ്ഥമായി.” തനിക്കു പ്രിയപ്പെട്ട രംഗങ്ങള്‍ “റിച്ചാര്‍ഡ് മൂന്നാമന്‍റെ സ്വഗതവും (‘പുഞ്ചിരിച്ചുകൊണ്ടു തന്നെ എനിക്കൊരു ദുഷ്ടനാകാന്‍ കഴിയും,’ എന്നതു എനിക്കിഷ്ടമായിരുന്നുവെന്നു എനിക്കറിയാം, കാരണം, അതു പറയണമെങ്കില്‍ എന്‍റെ കയ്യിലൊരു കത്തിവേണം!"), ഹാംലെറ്റും അമ്മയും തമ്മിലുള്ള അഭിമുഖവുമാണെന്ന് അവര്‍ ഓര്‍ക്കുന്നുണ്ട്. രാജ്ഞിയായി അഭിനയിക്കുക മോം ആണ്. റ്റസ്സി നാടകീയമായി പറയും, “അമ്മേ, ഭവതിയെന്‍റെ അച്ഛനെ വല്ലാതെ വ്രണപ്പെടുത്തി.” അതു പറയുമ്പോള്‍ അവര്‍ തന്‍റെ അച്ഛനെ “തുറിച്ചു നോക്കും”. പിന്നീട്, പൊട്ടിച്ചിരിച്ചു തറയിലേക്കു വീഴും.

ഷേക്സ്പിയറോടുള്ള നിരുപാധികമായ സ്നേഹം മാര്‍ക്സില്‍ നിന്നാണ് റ്റസ്സിക്കു കിട്ടിയത്. മാര്‍ക്സ് കുടുംബത്തിനു ഷേക്സ്പിയറോടുള്ള അഭിനിവേശത്തിന്‍റെ സ്രോതസ്സ് റ്റസ്സിയുടെ താവഴിയിലെ മുത്തശ്ശനായിരുന്നു. ഹോമറിനെയും, ദാന്തെയെയും, ഷേക്സ്പിയറെയും ലുദ്‌വിഗ് വോണ്‍ വെസ്റ്റ്ഫാലനാണ്, തന്‍റെ അച്ഛന്‍ റൈന്‍ലാന്‍ഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, അദ്ദേഹത്തിനു പരിചയപ്പെടുത്തിക്കൊടുത്തതെന്ന്‍ അവര്‍ പിന്നീട് കണ്ടെത്തും.

മറ്റേ ബൈബിളിന്‍റെ, ക്രിസ്തുമതത്തിന്‍റെ, കാര്യത്തിലാകട്ടെ, അതു ചരിത്രത്തിലെ പ്രധാനപ്പെട്ടൊരു ഭാഗമാണെന്നു മാര്‍ക്സ് റ്റസ്സിക്കു വിശദീകരിച്ചു കൊടുത്തു; മഹത്തായ മറ്റു ക്ലാസ്സിക്കു ഗ്രന്ഥങ്ങളുടെ കൂടെ നില്‍ക്കുന്ന മഹത്തായൊരു കഥാചക്രമാണെന്നും. അച്ഛന്‍ തനിക്കു ക്രിസ്തുവിന്‍റെ കഥ പറഞ്ഞു തന്നത് റ്റസ്സി വ്യക്തമായി ഓര്‍ക്കുന്നു: “പണക്കാര്‍ കൊന്നു കളഞ്ഞ തച്ചന്‍”. കഥ പറഞ്ഞു കാലമെത്ര കഴിഞ്ഞിട്ടും കത്തിത്തിളങ്ങുന്ന വാക്കുകളാലാണ് മാര്‍ക്സ് തന്‍റെ കുഞ്ഞുമകളെ മാമോദീസാ മുക്കിയത്: “മുമ്പെങ്ങുമോ, പിന്നീടോ, അതങ്ങിനെ പറയപ്പെട്ടിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല.” അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങളും അവരോര്‍ക്കുന്നുണ്ട്: “എന്തായാലും, ക്രിസ്തുമതത്തിന് നമുക്കു മാപ്പുകൊടുക്കാം; കാരണം, അതു നമ്മെ കുട്ടികളെ ആരാധിക്കാന്‍ പഠിപ്പിച്ചു.” പ്രൊട്ടസ്റ്റന്‍റുകാരിയായ അവരുടെ അമ്മ ജനിച്ചപ്പോള്‍ മാമോദീസ മുങ്ങിയതാണ്. യഹൂദനായിപ്പിറന്ന അവരുടെ അച്ഛന്‍ ആറാം വയസ്സില്‍ ഒരു ലൂഥറന്‍ പ്രൊട്ടസ്റ്റന്‍റായി മാമോദീസാ ഏറ്റതാണ്. പക്ഷെ, റ്റസ്സി _ തനിക്കു മുമ്പു പിറന്ന നിരീശ്വരവാദികളായ സഹോദരിമാരെയും, സഹോദരന്മാരെയും പോലെ – ഒരിക്കലും മാമോദീസയേറ്റില്ല.

കുട്ടികളോടും അവരുടെ അവകാശങ്ങളോടുമുള്ള ആദരവ് ഒരു കാര്യം; ഏകദൈവത്തില്‍ വിശ്വസിക്കുന്ന അബ്രഹാമിന്‍റെ മതത്തോടുള്ള വിശ്വസ്തതയാകട്ടെ, തീര്‍ത്തും മറ്റൊരു കാര്യവും. പള്ളിയില്‍ കാലെടുത്തു കുത്തുന്നതിനും എത്രയോ മുമ്പുതന്നെ, ഭരണകൂടത്തിന്‍റെ അധികാരത്തെക്കുറിച്ചും, രാജഹത്യകളെക്കുറിച്ചുമുള്ള ഷേക്സ്പിയര്‍ കഥാപാത്രങ്ങളുടെ ആത്മഗതങ്ങള്‍ റ്റസ്സിക്ക് ആലാപനം ചെയ്യാന്‍ കഴിയുമായിരുന്നു. ആറു വയസ്സുള്ളപ്പോള്‍, കുടുംബവുമൊത്ത് ഒരു കത്തോലിക്കാപ്പള്ളിയില്‍ “മനോഹരമായൊരു” സൌജന്യസംഗീതക്കച്ചേരി കേള്‍ക്കാന്‍ പോയത്, അവരില്‍ മുമ്പെങ്ങും അനുഭവപ്പെടാത്ത “മതപരമായ ഒരു മനക്കുത്തു”ണ്ടാക്കി. വീട്ടിലേക്കു മടങ്ങിയ ഉടന്‍ അവരത് അച്ഛനോടു പറഞ്ഞു. തന്നില്‍ ഉള്‍വിളിയുണ്ടാക്കിയത്, ദൈവത്തിന്‍റെ ശബ്ദമല്ല, ആ മനോഹരമായ സംഗീതമാണെന്ന്, അവരെ മുട്ടിലിരുത്തി, അദ്ദേഹം ക്ഷമയോടെ വിശദീകരിച്ചു. “ആ നിമിഷം മുതല്‍ ഇന്നു വരെ എന്‍റെ മനസ്സില്‍ യാതൊരു സംശയവും കടന്നു വരാത്തവിധം, അദ്ദേഹം, ശാന്തമായി, എല്ലാം വ്യക്തവും സംശയമില്ലാത്തതുമാക്കി.” യേശുവിന്‍റെയും പ്രവാചകന്മാരുടെയും സാഹസഭരിതമായ ഉജ്ജ്വലകഥകളില്‍ റ്റസ്സിക്കു താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷെ, ക്രിസ്തീയ ത്രിമൂര്‍ത്തികളെക്കുറിച്ചോ, ആ പ്രത്യേക ദൈവത്തെക്കുറിച്ചോ ഉണ്ടായിരുന്ന ബാല്യകാല ജിജ്ഞാസ പിന്നീടൊരിക്കലും അവര്‍ പ്രകടിപ്പിച്ചിട്ടില്ല. അവരുടെ ആദര്‍ശപിതാവ് വീട്ടിലുണ്ടല്ലോ. മറ്റൊരു പിതാവ് അവര്‍ക്കാവശ്യമുണ്ടായിരുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പാതിയില്‍ മതമില്ലാതെ ഒരു കുട്ടിയെ വളര്‍ത്തുന്നത് എത്രമാത്രം അസാധാരണവും വിപ്ലവാത്മകവുമെന്നത് വില കുറച്ചു കാണാന്‍ എളുപ്പമാണ്. ദൈവത്തോടു പ്രാര്‍ത്ഥിക്കാനോ, സങ്കീര്‍ത്തനങ്ങള്‍ ചൊല്ലാനോ, പള്ളിയില്‍പോകാനോ റ്റസ്സിക്കൊരിക്കലും ആവശ്യമുണ്ടായില്ല. കുട്ടിക്കള്‍ക്ക് മാര്‍ക്സ് ഉച്ചത്തില്‍ വായിച്ചു കേള്‍പ്പിക്കുമായിരുന്നു: “അങ്ങിനെ എനിക്ക്, മുമ്പെന്‍റെ ചേട്ടത്തിമാര്‍ക്കെന്നപോലെ, അദ്ദേഹം ഹോമര്‍ മുഴുവനും, നീബലൂംഗ് ഗാനം മുഴുവനും, ഗുദ്രൂണും, ഡോണ്‍ ക്വിക്സോട്ടും, അറേബ്യന്‍ രാത്രികളുമൊക്കെ വായിച്ചു തന്നു.” നീബലൂംഗ് ഗാനത്തിലെ വീരനായകനായ മുന്തിയ കുട്ടിച്ചാത്തന്‍ ഗെറ്റ്വെര്‍ഗ് ആല്‍ബെറിക്റ്റ് ഏറെക്കാലം റ്റസ്സിയുടെ ഇരട്ടപ്പേരായി. ഭീകരനായ ആല്‍ബെറിക്റ്റ്, നാടോടിവീരനായ സീഗ്ഫ്രീദിന്‍റെ ‘വിശ്വസ്തനായ നിധിസൂക്ഷിപ്പുകാരന്‍’, ഒരു പര്‍വ്വതാന്തര്‍ഭാഗത്തു ഭദ്രമായി പൂട്ടിവെച്ചിരിക്കുന്ന നീബലൂംഗ് നിധി കാക്കുന്നവനാണ്. റ്റസ്സിക്കു പറ്റിയ രസകരമായ അരുമപ്പേരായിരുന്നൂ ‘കുട്ടിച്ചാത്തന്‍ ആല്‍ബെറിക്റ്റ്’. അതവളുടെ ചോദ്യം ചെയ്യാനും, കയര്‍ക്കാനും, വിരുദ്ധവീക്ഷണത്തിനുമുള്ള ഉത്സാഹത്തെ കളിയാക്കുന്നതായി. അതേസമയമത്, അച്ഛന്‍റെ ഏറ്റവും സമര്‍പ്പണസ്വഭാവമുള്ള കാര്യസ്ഥയെന്ന മാര്‍ക്സ്കുടുംബത്തിലെ അവരുടെ പ്രാമാണികസ്ഥാനം, വീട്ടിലെ ഏറ്റവും ചെറിയ അംഗമായിട്ടുകൂടി, അംഗീകരിക്കുന്നതുമായി. വിശ്വസ്തനായ ആല്‍ബെറിക്റ്റ് സീഗ്ഫ്രീദിന്‍റെ കൊച്ചു കാര്യസ്ഥനാണ്: “സീഗ്ഫ്രീദിന് വേണ്ടതെന്തോ, അതു ചെയ്യാന്‍ കുട്ടിച്ചാത്തന്‍ തയ്യാര്‍.” പക്ഷെ, ഭീകരന്‍ ആല്‍ബെറിക്റ്റ് വെറും അടിമയല്ല. അവന്‍ യജമാനനെ പരീക്ഷിക്കും. അവന്‍റെ വിശ്വസ്തത നേടിയെടുക്കെണ്ടതാണ്.

റിച്ചാര്‍ഡ് III നോടുള്ള അവരുടെ പ്രതിപത്തിയില്‍നിന്നും, റ്റസ്സിക്കു വാളും കത്തിയും വീശി പൊങ്ങച്ചത്തോടെ നടക്കാന്‍ ഇഷ്ടമായിരുന്നുവെന്നു നമുക്കു മനസ്സിലാക്കാം. ഗെറ്റ്വെര്‍ഗ് ആല്‍ബെറിക്റ്റിനെപ്പോലെ, നിര്‍ത്താതെ സംസാരിച്ചും, കരണം മറിഞ്ഞും, കുറുമ്പു കാട്ടിയും, ബഹളമയമായി പൊട്ടിച്ചിരിച്ചും, തന്‍റെ ഊര്‍ജ്ജസ്വലതയുടെ ശക്തിക്ഷേത്രത്താല്‍, അവര്‍ കോട്ടയെ മുഴുവന്‍ ഉറക്കാതെയാക്കി.

മുകള്‍നിലയിലെ വായനാമുറിയിലിരുന്നു മാര്‍ക്സ് കുത്തിക്കുറിച്ചുകൊണ്ടിരുന്ന, ഏംഗല്‍സ് അദ്ദേഹത്തിന്‍റെ “പൊണ്ണന്‍ പുസ്തക”മെന്നു വിശേഷിപ്പിച്ച, രാഷ്ട്രീയസമ്പദ് വ്യവസ്ഥയുടെ ചരിത്രപരവും ശാസ്ത്രീയവുമായ ഗവേഷണത്തിന്‍റെ പ്രതീകമായി പര്‍വ്വതഗര്‍ഭത്തിലൊളിപ്പിച്ച നീബ്ലൂംഗ് നിധിയെ കാണാന്‍ കഴിയുന്നത് രസാവഹമാണ്. റ്റസ്സിക്ക് പാവകളും, പൂച്ചക്കുട്ടികളും, പട്ടിക്കുട്ടികളും ഉണ്ടായിരുന്നുവെങ്കിലും, അവരുടെ കളിമുറി മാര്‍ക്സിന്‍റെ വായനാമുറിയായിരുന്നു. അദ്ദേഹത്തിന്‍റെ എഴുത്തിലും ചിന്തയിലും അവരുണ്ടാക്കിയ നിരന്തരമായ തടസ്സം അദ്ദേഹം ക്ഷമയോടെ സഹിച്ചത് അവര്‍ വിസ്മയത്തോടെ പിന്നീടോര്‍ക്കുന്നുണ്ട്: “അക്ഷയമായ സഹിഷ്ണുതയോടെയും, മാധുര്യത്തോടെയും... ഓരോ ചോദ്യത്തിനും അദേഹം ഉത്തരം പറയും. തടസ്സമുണ്ടാക്കുന്നതിനെപ്പറ്റി ഒരക്കലും പരാതി പറയില്ല. എന്നാലും, താനൊരു മഹത്തായ കൃതി എഴുതിക്കൊണ്ടിരിക്കുമ്പോള്‍, ഒരു കൊച്ചുകുട്ടി ഇങ്ങിനെ ചലപിലാ സംസാരിക്കുന്നത് ചുരുങ്ങിയ ശല്യമായിരിക്കാന്‍ ഒരിക്കലുമിടയില്ല. പക്ഷെ, അവളൊരു തടസ്സമാണെന്നു അവള്‍ക്കു തോന്നാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല.”

മൂലധനം: രാഷ്ട്രീയസമ്പദ് വ്യവസ്ഥയുടെ വിമര്‍ശം എന്ന മഹദ്കൃതിയായി പിന്നീട് മാറിയ പുസ്തകമെഴുതുമ്പോള്‍, റ്റസ്സിക്കു വേണ്ടി മാര്‍ക്സ് ഒരു കഥേതിഹാസമുണ്ടാക്കി. അതിലെ പ്രതിനായകനായ ഹാന്‍സ് റോക്കിള്‍ അവള്‍ക്കേറ്റവും പ്രിയപ്പെട്ടതായി. ഇരുണ്ടനിറവും, കറുത്ത കണ്ണുകളും, താടിമീശയുമുള്ള, സദാസമയവും സാധനങ്ങള്‍ കുത്തിനിറച്ച തന്‍റെ കളിപ്പാട്ടക്കടയിലിരുന്നു വിസ്മയങ്ങള്‍ തീര്‍ക്കുന്ന, ഹാന്‍സ് റോക്കിളിനു അതിന്‍റെ സ്രഷ്ടാവിനോട്‌ നല്ല സാദൃശ്യമുണ്ടായിരുന്നു. “മൂര്‍ എനിക്കു പറഞ്ഞുതന്ന വിസ്മയിപ്പിക്കുന്ന കഥകളില്‍, അതിമനോഹരമായൊരെണ്ണം ഹാന്‍സ് റോക്കിളായിരുന്നു.” അതു മായികമായിരുന്നു. പ്രസരിപ്പുള്ളതായിരുന്നു. ചിരിപ്പിക്കുന്നതായിരുന്നു. പേടിപ്പെടുത്തുന്നതായിരുന്നു. രഹസ്യങ്ങള്‍ നിറഞ്ഞതായിരുന്നു. ആവേശം പിടിപ്പിക്കുന്നതായിരുന്നു. ഇടവിട്ടിടവിട്ട് ദുരന്തപൂര്‍ണ്ണവും, അനുതാപഭരിതവുമായിരുന്നു. കഥയുടെ ഓരോ ഗഡുവിനും വേണ്ടി റ്റസ്സി ആര്‍ത്തിയോടെ കാത്തിരിക്കുമായിരുന്നു. “അതു മാസങ്ങളോളം നീണ്ടുപോയി. അതൊരു കഥാസരിത്സാഗരമായിരുന്നു... കവിതയും, രസവും, നര്‍മ്മവും നിറഞ്ഞത്‌.” ഹാന്‍സ് റോക്കിള്‍, റ്റസ്സി ചിത്രീകരിച്ചതനുസരിച്ച്, മൂറിന്‍റെ സ്വന്തം നിഗൂഢരചനയായിരുന്നു: അദ്ദേഹത്തിന്‍റെ കാള്‍ മാര്‍ക്സ് (ഹാരീ പോട്ടര്‍?) ആന്‍ഡ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍.

ഹോഫ്മാനെപ്പോലെയൊരു മാന്ത്രികനായിരുന്നു ഹാന്‍സ് റോക്കിള്‍. ഒരു കളിപ്പാട്ടക്കട നടത്തുന്ന ഒരാള്‍. എന്നും “അഷ്ടിക്കു മുട്ടുള്ള”യാള്‍. അയാളുടെ കട നിറയെ അത്യന്തം അത്ഭുതം ജനിപ്പിക്കുന്ന സാമഗ്രികളാണ് – മരത്തില്‍ത്തീര്‍ത്ത ആണുങ്ങളും, പെണ്ണുങ്ങളും, രാക്ഷസന്മാരും, കുട്ടിച്ചാത്തന്മാരും, രാജാക്കന്മാരും, രാജ്ഞിമാരും, പണിക്കാരും, യജമാനന്മാരും, പെട്ടകത്തിലേക്കു നോഹ കയറ്റിയത്രയുമെണ്ണം ജന്തുക്കളും, പക്ഷികളും, മേശകളും, കസേരകളും, വണ്ടികളും, പല തരത്തിലും വലുപ്പത്തിലുമുള്ള പെട്ടികളും. മാന്ത്രികനെങ്കിലും ഹാന്‍സിനൊരിക്കലും ചെകുത്താനോടോ, ഇറച്ചിവെട്ടുകാരനോടോ തന്‍റെ കടമകള്‍ നിറവേറ്റാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട്, അസ്വാഭാവികമാംവിധം, അയാള്‍ നിരന്തരം തന്‍റെ കളിപ്പാട്ടങ്ങള്‍ ചെകുത്താനു വില്‍ക്കാന്‍ നിര്‍ബ്ബന്ധിതനായി. ഈ പാവകള്‍, അതിനുശേഷം, വിസ്മയിപ്പിക്കുന്ന സാഹസങ്ങളിലൂടെ കടന്നുപോകും. ഒടുവില്‍, എല്ലായ്പ്പോഴും, ഹാന്‍സിന്‍റെ കടയില്‍ മടങ്ങിയെത്തും. ഈ സാഹസകൃത്യങ്ങളില്‍ ചിലവ ഹോഫ്മാന്‍റേതു പോലെ ക്രൂരവും ഭയാനകവുമായിരിക്കും. മറ്റു ചിലവ ഹാസ്യാത്മകമായിരിക്കും. അക്ഷീണമായ ഉത്സാഹത്തോടെയും, രസത്തോടെയും, നര്‍മ്മത്തോടെയുമാണ്‌ എല്ലാ കഥകളും പറയപ്പെട്ടത്.

ഹാന്‍സ് റോക്കിളിലൂടെ തന്നെത്തന്നെയും, കുടുംബത്തിന്‍റെ, താന്‍ മൂലം അനുഭവിക്കേണ്ടി വന്ന, അബദ്ധങ്ങളെയും അപഹസിക്കുകയാണ് മാര്‍ക്സ്. ഫൌസ്റ്റിന്‍റേതു പോലുള്ള ഈ ഉടമ്പടിയില്‍, മാര്‍ക്സാണ് ഹാന്‍സ് റോക്കിള്‍. സോഹോയിലെ പണയക്കടയിലെ “അമ്മാവനാ”ണ് സൌമ്യനായ ചെകുത്താന്‍. അമൂര്‍ത്തമായിക്കണക്കാക്കിയാല്‍, കടങ്ങളുടെ പൈശാചികമായ ആവര്‍ത്തനത്താലും, ചരക്കുകളുടെ നാരകീയമായ ക്രയവിക്രയത്താലും നിയന്ത്രിക്കപ്പെടുന്ന മിച്ചമൂല്യത്തിന്‍റെയും, അന്യവല്‍ക്കരണത്തിന്‍റെയും, മൂലധനത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെയും നല്ലൊരു അന്യാപദേശകഥയാണ് ഹാന്‍സ് റോക്കിള്‍ പരമ്പര. ഈ വീരകൃത്യങ്ങള്‍ റ്റസ്സിക്കു പറഞ്ഞു കൊടുക്കുക വഴി, അപ്പോള്‍ എഴുതിക്കൊണ്ടിരുന്ന തന്‍റെ മഹത്തായ പുസ്തകത്തിന്‍റെ – മുതലാളിത്തമെന്നു പിന്നീടറിയപ്പെട്ട ധനവ്യവസ്ഥിതിയുടെ ഐതിഹാസിക വിമര്‍ശത്തിന്‍റെ - പ്രമേയത്തിനു കുട്ടികള്‍ക്കുള്ളൊരു ഭാഷ്യം തീര്‍ക്കുകയായിരുന്നു മാര്‍ക്സ്. മാന്ത്രികരും അല്ലാത്തവരുമായ, വിവിധ വര്‍ഗ്ഗങ്ങളില്‍പ്പെട്ട, ആളുകള്‍ സഹാവസിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ കോര്‍ത്തിണക്കിയവയാണ് വിലോഭനീയമായ ഈ കഥകള്‍. കളിപ്പാവകളും, ചെകുത്താനുമായുള്ള ഹാന്‍സിന്‍റെ ഉടമ്പടി ഹേതുവായി ജീവികളുടെ പരിവേഷം കിട്ടിയ വസ്തുക്കളും, ആവേശം പകരുന്ന, അപകടം നിറഞ്ഞ നാനാതരം വീരകൃത്യങ്ങളിലേര്‍പ്പെട്ടു. ഈ കഥകള്‍ അറിയാതെ കേള്‍ക്കാനിടയായ അദ്ദേഹത്തിന്‍റെ ഭാര്യയും, കൊച്ചുലെന്നും, ഏംഗല്‍സും അവയില്‍ പണക്കാര്‍ അടിച്ചമര്‍ത്തുന്ന പാവപ്പെട്ടവരുടെ ചിത്രം തിരിച്ചറിഞ്ഞു. സ്വാതന്ത്ര്യത്തെയും, ജീവിതത്തെ മാറ്റുന്ന ആശയങ്ങളെയും മാനസികസാഹസങ്ങളെയും പിന്തുടരുന്നതിനുള്ള ഊര്‍ജ്ജവും സൃഷ്ടിക്കുന്ന, എന്നാല്‍, ധനലാഭമോ, അന്നത്തെ അപ്പമോ ഉല്‍പ്പാദിപ്പിക്കാനാകാത്ത, സര്‍ഗ്ഗാത്മകശ്രമത്തിന്‍റെ സവിശേഷ ഭാരവും അവരാ കഥകളില്‍ തിരിച്ചറിഞ്ഞു.

യാഥാര്‍ഥ്യത്തിന്‍റെ പിന്‍ബലത്തോടെ, പരിചിതപ്രതീകങ്ങളെ ഉപയോഗിച്ച്, യക്ഷിക്കഥയുടെ രൂപത്തില്‍, ഹാന്‍സ് റോക്കിള്‍ കഥകളിലൂടെ മാര്‍ക്സ് റ്റസ്സിക്കു മുമ്പുള്ള കുടുംബത്തിന്‍റെ ജീവിതവും സാഹസങ്ങളും അവര്‍ക്കു പരിചയപ്പെടുത്തി; രസകരമായ ആദിരൂപങ്ങള്‍കൊണ്ടും യക്ഷിക്കഥകള്‍കൊണ്ടും റ്റസ്സിയുടെ ജീവിതകഥയുടെ ആമുഖം ചിത്രീകരിച്ചു. അമ്മയുമച്ഛനും കണ്ടുമുട്ടി കല്യാണം കഴിച്ചതിന്‍റെയും, കൊച്ചുലെന്‍ എങ്ങിനെ കുടുംബാംഗമായിയെന്നതിന്‍റെയും, 1840കളിലെ യൂറോപ്യന്‍ വിപ്ലവങ്ങളിലൂടെയുള്ള മാര്‍ക്സുമാരുടെ സാഹസയാത്രകളുടെയും, തന്‍റെ സഹോദരങ്ങളുടെ പിറവിയുടെയും, ഒന്നിനു പിറകെ ഒന്നായി വന്ന പ്രവാസങ്ങളുടെയും, അവരെങ്ങിനെ ഇംഗ്ലണ്ടിലെത്തിയെന്നതിന്‍റെയും കാല്‍പ്പനികകഥ ഇപ്രകാരമാണ് റ്റസ്സി മനസ്സിലാക്കിയത്. ഇപ്പോള്‍ വിഭാവനം ചെയ്യാനാകാത്ത ഒരു ഭാവിയില്‍, മുപ്പതുകളിലെ ഏറെ മുതിര്‍ന്ന പ്രായത്തില്‍, അച്ഛന്‍റെ ഹാന്‍സ് റോക്കിള്‍ കഥാപരമ്പര എഴുതിവെച്ചില്ലല്ലോ എന്നു റ്റസ്സി ഖേദിക്കും. മാര്‍ക്സ് അവര്‍ക്കു പറഞ്ഞുകൊടുത്ത കഥകകളുടെ ഓര്‍മ്മയും, അമ്മയെഴുതിയ ആത്മകഥാക്കുറിപ്പുകളുടെ പരമ്പരയും ചേര്‍ത്ത്, ബാല്യത്തിലെ ആദിരൂപങ്ങളും കഥകളും മുതിര്‍ന്നവര്‍ക്കുള്ള രൂപത്തിലേക്കാക്കി, റ്റസ്സി അവ എഴുതിയിട്ടില്ലെന്നല്ല. അങ്ങിനെ എഴുതിക്കൊണ്ടാണ്, ഭാവിതലമുറക്കുവേണ്ടി, റ്റസ്സി തന്‍റെ കുടുംബത്തിന്‍റെ ചരിത്രം രേഖപ്പെടുത്തിയ എഴുത്തുകാരിയും ഓര്‍മ്മക്കുറിപ്പുകാരിയുമായത്. അവരുടെ പ്രശസ്തനായ അച്ഛനെയും കുടുംബത്തെയും കുറിച്ചുള്ള ഒന്നൊഴിയാതെയുള്ള എല്ലാ രചനകളും അവരുടെ രചനയെയാണ്, പലപ്പോഴും കൃതജ്ഞത രേഖപ്പെടുത്താതെ, അവലംബിച്ചിട്ടുള്ളത്. മുമ്പേ നിലവിലുള്ള ഒരു കുടുംബചരിത്രം കൈമാറുകയല്ല റ്റസ്സി ചെയ്തത്. ഗവേഷണം ചെയ്തും, അഭിമുഖങ്ങള്‍ നടത്തിയും, എഴുതിവെച്ചും, സംശോധിച്ചും, പ്രസിദ്ധീകരിച്ചും അവരതു സൃഷ്ടിച്ചു. എലിനോര്‍ മാര്‍ക്സ് ഇല്ലായിരുന്നെങ്കില്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാനായ ഒരു മനുഷ്യന്‍റെയും, അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ജീവിതകഥ ഒരു അടഞ്ഞ വാതിലായി മാറിയേനെ. ഷേക്സ്പിയറിനെക്കുറിച്ചറിയുന്നതിനെക്കാള്‍ കുറച്ചേ നമുക്കു കാള്‍ മാര്‍ക്സിനെക്കുറിച്ചറിയാന്‍ കഴിയുമായിരുന്നുള്ളൂ. എലിനോറിനെ മനസ്സിലാക്കാന്‍ നമുക്കവരുടെ കുടുംബചരിത്രത്തെക്കുറിച്ച് അല്‍പ്പം അറിയേണ്ടതുണ്ട്. അച്ഛന്‍റെ ജീവചരിത്രമെഴുതാന്‍, ആയുസ്സുടനീളം, അവര്‍ തന്‍റെ പാരമ്പര്യത്തെക്കുറിച്ചു ഗവേഷണം ചെയ്യുകയുണ്ടായി. ആ പുസ്തകം റ്റസ്സി പൂര്‍ത്തിയാക്കിയില്ല. പക്ഷെ, അവരുടെ സ്നേഹോദ്യമം അവരുടെ വേരുകളെക്കുറിച്ചുള്ള ഒരു ഭൂപടം നമുക്കു തന്നിട്ടാണ് പോയത്.

*
ബ്ലോഗിലേക്ക്......