പ്രത്യേകപംക്തി

എലിനോര്‍ മാര്‍ക്സ്‌: ഒരു ജീവചരിത്രം

സി. എം. രാജന്‍
ആമുഖം

എലിനോര്‍ മാര്‍ക്സ് ലോകത്തെ മാറ്റി. അങ്ങിനെ മാറ്റുന്നതിനിടയില്‍ അവര്‍ തന്നെത്തന്നെ സമൂലമായി മാറ്റി. അവര്‍ അതെങ്ങിനെ സാധിച്ചുവെന്നതിന്‍റെ കഥയാണിത്‌.

അത്ര ജനപ്രീതിയുള്ള വിഷയമല്ല അവരെന്നു തോന്നും. പോരാത്തതിന്, അവരുടെ അച്ഛനെയും പരിഗണിക്കേണ്ടതുണ്ട്. എന്നിരിക്കിലും, ബ്രിട്ടീഷു ചരിത്രത്തിലെ വീരനായകരില്‍ ഒരാളാണ് പൊതുജീവിതത്തിലെ എലിനോര്‍ മാര്‍ക്സ്.

സ്വകാര്യജീവിതത്തിലെ എലിനോര്‍ മാര്‍ക്സ് ഒരു അസാധാരണ കുടുംബത്തിന്‍റെ പുന്നാര മകളായിരുന്നു. ചെല്ലപ്പേര് റ്റസ്സി. ഫസ്സി (ബഹളക്കാരി) യുമായല്ല, പുസ്സി (പൂച്ച) യുമായി അന്ത്യപ്രാസമുണ്ടാക്കാനാണ് അങ്ങിനെ വിളിച്ചതെന്നാണ് അവരുടെ അച്ഛനുമമ്മയും പറഞ്ഞത്. പൂച്ചകളെ അവര്‍ക്കു ജീവനായിരുന്നു. എന്നാല്‍, അവര്‍ ബഹളക്കാരി ആയിരുന്നില്ല. ഷേക്സ്പിയറെ അവര്‍ സ്നേഹിച്ചു; ഇബ്സനെയും രണ്ടു ഷെല്ലിമാരെയും. മെച്ചമുള്ള കവിതകളും, വഷളന്‍ ദ്വയാര്‍ത്ഥപദപ്രയോഗവും ഇഷ്ടമായിരുന്നു. ഇഷ്ടപ്പെട്ട നിറം വെള്ള. സന്തോഷമെന്നാല്‍ അതിന് അവരുടെ അര്‍ത്ഥം ഷാംപെയ്ന്‍ എന്നായിരുന്നു.

എലിനോര്‍ മാര്‍ക്സിന്‍റെ ജീവിതം വിക്റ്റോറിയയുടെ ബ്രിട്ടനിലെ സാമൂഹിക ജനായത്തത്തിന്‍റെ വികാസ പരിണാമത്തിലെ അത്യന്തം അര്‍ത്ഥഗര്‍ഭവും രസഭരിതവുമായ സംഭവങ്ങളിലൊന്നാണ്. ഒരു വനിതയും, മേരി വോള്‍സ്റ്റണ്‍ക്രാഫ്റ്റിനു ശേഷം, ആംഗലേയ രാഷ്ട്രീയ ചിന്തക്കും – പ്രവൃത്തിക്കും – അത്രയേറെ അഗാധവും പുരോഗാമിയുമായ സംഭാവന നല്‍കിയിട്ടില്ല. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഭാവി തലമുറക്ക് അവര്‍ വിട്ടുപോയ പൈ(മാ)തൃകം ഭീമമാണ്.

എലിനോര്‍ മാര്‍ക്സ് വിപ്ലവകാരിയായ ഒരു വനിതാരചയിതാവായിരുന്നു. വിപ്ലവകാരിയായ ഒരു സ്ത്രീ. വിപ്ലവകാരി. വചനത്തിന്‍റെയും പ്രവൃത്തിയുടെയും വ്യക്തി.

സാമൂഹികജനാധിപത്യവും വിപ്ലവചിന്തയുമായിരുന്നു അവരുടെ കുടുംബത്തിന്‍റെ വ്യവഹാരം. അതു, ലാഭത്തിനു വേണ്ടിയല്ല, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പുരോഗമനപരമായ പരിവര്‍ത്തനത്തിനു വേണ്ടിയായിരുന്നു. എലിനോറിന്‍റെ അച്ഛനുമമ്മയും, അവര്‍ “രണ്ടാമത്തെ അച്ഛന്‍” എന്നു വിളിച്ച ഫ്രെഡ്രിക് ഏംഗല്‍സും വ്യാവസായിക മുതലാളിത്തത്തിന്‍റെ ശിശുക്കളായിരുന്നു. അവര്‍ക്കു രാഷ്ട്രീയമായി പ്രായപൂര്‍ത്തി വന്നത് 1840കളിലെ വിപ്ലവാത്മകമായ യൂറോപ്പിലാണെങ്കിലും, അവരുടെ പക്വതയെത്തിയ ആശയങ്ങള്‍ വിളക്കിയെടുത്തത് ഉട്ടോപ്യനും ആദര്‍ശാത്മകവുമായ സോഷ്യലിസത്തിന്‍റെ ചാരത്തിലായിരുന്നു. 1848നു ശേഷമുള്ള ദശകങ്ങളില്‍ മുതലാളിത്തത്തിന്‍റെ ആഗോളവിജയഭേരി മുഴങ്ങി. 1855ല്‍ പിറന്ന അവരുടെ കുട്ടി, എലിനോര്‍, വ്യത്യസ്തവും ആധുനികവുമായ ഒരു യുഗത്തില്‍ അവരുടെ ആശയങ്ങള്‍ക്ക് അനന്തരാവകാശിയായി.

വീട്ടിലെ നെരിപ്പോടിനരികിലിരുന്നു മാര്‍ക്സില്‍നിന്നും ഏംഗല്‍സില്‍നിന്നും പഠിച്ചതെല്ലാം പ്രയോഗത്തില്‍ വരുത്താന്‍ എലിനോര്‍ ലോകത്തിലേക്കിറങ്ങി. “മുന്നോട്ടു പോകാനു”ള്ള അവരുടെ അന്വേഷണത്ത്വര, അതു ജീവിക്കുവാനുള്ള ത്വര, അവരെ താമസിയാതെ പുതിയ ലോകങ്ങളിലേക്കു നയിച്ചു: ഷേക്സ്പിയറുടെ പുനരുത്ഥാനത്തിലേക്കും, വിപ്ലവാത്മകമായ ആധുനിക നാടകത്തിന്‍റെ സാംസ്കാരിക മണ്ഡലങ്ങളിലേക്കും, സമകാലീന നോവലിലേക്കും, ബ്ലൂംസ്ബറിയിലെ ആദ്യകാല അയാഥാസ്ഥിതിക കലാസംഘങ്ങളിലേക്കും. ആവിവണ്ടി അവര്‍ക്കിഷ്ടമായിരുന്നു. പുതിയ സാങ്കേതിക വിദ്യകള്‍, ആരംഭത്തിലേ, ആവേശത്തോടെ അവര്‍ സ്വീകരിച്ചു. അവയില്‍, വിശിഷ്യ, ശ്രദ്ധേയമായത് റ്റൈപ്പ്റൈറ്ററായിരുന്നു. ബ്രിട്ടനില്‍ ഇബ്സനിസം കൊണ്ടുവന്നവരിലൊരാള്‍ എലിനോറായിരുന്നു. ഫ്ലോബേറിന്‍റെ “മദാം ബൊവാറി” ഇംഗ്ലീഷിലേക്ക് ആദ്യമായി തര്‍ജ്ജിമ ചെയ്തതും അവരാണ്. അവര്‍ സ്വയം നാടകവേദിയില്‍ അരങ്ങേറുകയുമുണ്ടായി - ചിലപ്പോഴൊക്കെ, ചിരിയുളവാക്കും വിധം വഴിതെറ്റിപ്പോയ ഫലങ്ങളോടെ. വ്യക്തിഗതവും രാഷ്ട്രീയപരവുമായ കാര്യങ്ങള്‍ക്കിടയിലെ അതിര്‍വരമ്പുകള്‍ അവരൊരിക്കലും ശ്രദ്ധിച്ചില്ല - അവയില്‍ തട്ടിത്തടഞ്ഞു വീണപ്പോഴും, അവരെ അവ ദൂരേക്കു വലിച്ചെറിഞ്ഞപ്പോള്‍പ്പോലും.

സൌഹൃദങ്ങളുണ്ടാക്കാന്‍ റ്റസ്സിക്ക് അസാധാരണമായ മിടുക്കുണ്ടായിരുന്നു. സാമൂഹികമര്യാദകള്‍ ലംഘിച്ചവളെങ്കിലും, അവര്‍ മറ്റുള്ളവരെ അനായാസം ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തു. അവരുടെ പരിസരത്തില്‍ ആളുകള്‍ക്ക് സുഖം അനുഭവപ്പെട്ടിരുന്നു. പുരുഷന്മാരുമായുള്ള അവരുടെ അനായാസമായ ഹൃദയബന്ധങ്ങളുടെ ഏതാനും ചില ദൃഷ്ടാന്തങ്ങളാണ് ഫ്രെഡ്രിക് ഏംഗല്‍സുമായുള്ള ഊഷ്മളമായ ആയുഷ്ക്കാല ബന്ധവും, ജോര്‍ജ്ജ് ബെര്‍ണാഡ്‌ ഷാ, വില്‍ തോണ്‍, വിലം ലീബ്നെക്റ്റ്, ഹെന്റി ഹാവ്ലക് എലിസ് എന്നിവരുമായുള്ള ദീര്‍ഘകാല സൌഹൃദവും. സാഹിത്യ, രാഷ്ട്രീയ ചരിത്രത്തിലെ മാത്രമല്ല, ജീവിതത്തിന്‍റെയും, വൈകാരികബന്ധത്തിന്‍റെയും, മഹത്തായ സ്ത്രീസൌഹൃദങ്ങളിലൊന്നായിരുന്നു എലിനോര്‍ മാര്‍ക്സിനും ഒലീവ് ഷ്‍‌‍‌റൈനര്‍ക്കും ഇടയിലുണ്ടായിരുന്ന ആഴമേറിയ ഊഷ്മള ബന്ധം.

“സോഷ്യലിസ്റ്റുകളായ നമുക്കു വേണ്ടതെന്താണ്?” എലിനോര്‍ മാര്‍ക്സ് ചോദിച്ചു. അതിനുള്ള ഉത്തരം തേടി അവര്‍ ജീവിച്ചു.


എലിനോറിന്‍റെ ബാല്യം മുതല്‍ -1860കള്‍- സോഷ്യലിസം എന്ന പ്രത്യയശാസ്ത്രം മുതലാളിത്തത്തിനെതിരായ നവീന ജനായത്ത സംഘര്‍ഷവുമായി പ്രാഥമികമായി ബന്ധപ്പെട്ടതായിരുന്നു. ബ്രിട്ടനിലെ സോഷ്യലിസത്തിന്‍റെ, അഥവാ, സോഷ്യലിസത്തിനു യോഗ്യമായതിന്‍റെ ഉറവിടത്തിനു കൃത്യമായൊരു കഥയില്ല. കാരണം, സ്വഭാവം കൊണ്ടും, ലക്ഷ്യം കൊണ്ടും അതു വിശാലമായ അടിത്തറയുള്ളതായിരുന്നു. വിശാലമായ വിപ്ലവചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും വൈവിധ്യമാര്‍ന്ന ഒരു സഖ്യം. ബ്രിട്ടീഷു സോഷ്യലിസത്തിന്‍റെ കഥാഘടനയിലെ മര്‍മ്മപ്രധാനമായ ഘടകങ്ങളിലൊന്നാണ് റ്റസ്സിയുടെ ജീവിതം.

മരിച്ചുപോയ മഹാനായ എറിക് ഹോബ്സ്ബോം നിരീക്ഷിച്ചതുപോലെ, 1860കളിലും 70കളിലും ബ്രിട്ടനിലെ സ്വദേശി സോഷ്യലിസ്റ്റുകള്‍ ഒരു കൊച്ചു മുറിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. അവരില്‍ പകുതിയിലധികം സ്വദേശി ഇംഗ്ലീഷു സോഷ്യലിസ്റ്റായ ഒരേയൊരു മാര്‍ക്സ് എലിനോറും കൂട്ടുകാരും ആയിരുന്നിരിക്കണം. “തീര്‍ച്ചയായും,” എലിനോര്‍ പറയുകയുണ്ടായി, “ഇക്കാലത്തു സോഷ്യലിസം ഈ ദേശത്ത് ഒരു സാഹിത്യപ്രസ്ഥാനത്തിൽക്കവിഞ്ഞ ഒന്നുമല്ല.” അവര്‍ ഈ സാഹിത്യ പ്രസ്ഥാനത്തെ, കാല്‍പ്പനികദര്‍ശനത്തിന്‍റെ താളുകളില്‍നിന്ന്‍ തെരുവിലേക്കും, അവിടെനിന്നു രാഷ്ട്രീയ രംഗത്തേക്കുമെത്തിച്ചു. അവരതു ജീവിച്ചു. അതു പരീക്ഷിച്ചു.

കലക്റ്റിവിസത്തിന്‍റെ (ഭൂമി, വ്യവസായശാല മുതലായവയുടെ മേല്‍ ജനങ്ങള്‍ക്കെല്ലാം തുല്യാവകാശമുണ്ടെന്നുള്ള സിദ്ധാന്തം) കാലത്താണ് എലിനോര്‍ മാര്‍ക്സ് പ്രായപൂര്‍ത്തി പ്രാപിക്കുന്നത്. കലക്റ്റിവിസം ഏറ്റവും കൂടുതല്‍ പ്രകടമായിരുന്നത് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലായിരുന്നു. അതു അനിയന്ത്രിതമായ മുതലാളിത്തത്തോടും, അതുല്‍പ്പാദിപ്പിച്ച സമൃദ്ധിയുടെ ബീഭത്സമായ അസന്തുലിത വിതരണത്തോടുമുള്ള സംഘടിതമായ പ്രതികരണമായിരുന്നു. ദരിദ്രരായ തൊഴിലാളികള്‍, അവരെ ചൂഷണം ചെയ്യുന്ന അല്ലലറിയാത്ത ഒരു ന്യൂനപക്ഷത്തിന്‍റെ നേട്ടത്തിനുവേണ്ടി, മിച്ചമൂല്യം ഉത്പാദിപ്പിക്കുകയായിരുന്നു. അന്നു ബ്രിട്ടന്‍ ഒരു സമ്മതിദാനജനായത്തമായിക്കഴിഞ്ഞിരുന്നില്ല. സമ്മതിദാനാവകാശം ഭൂസ്വത്തിന്‍റെയും, മതത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു. പുരുഷത്തൊഴിലാളികള്‍ക്ക് വോട്ടില്ലായിരുന്നു. ഏതു വര്‍ഗ്ഗത്തിലുംപെട്ട സ്ത്രീകള്‍ക്കുമില്ലായിരുന്നു വോട്ടവകാശം. ദരിദ്രര്‍ക്കും വോട്ടില്ലായിരുന്നു.

ബ്രിട്ടീഷു ഭരണകൂടവും, രാഷ്ട്രീയപ്രാതിനിധ്യവും, പാര്‍ലിമെന്‍റും ഒരടഞ്ഞ കോട്ടയായിരുന്നു: പ്രവേശനം ഭൂവുടമകളും, ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരുമായ പുരുഷന്മാര്‍ക്കു മാത്രം. അതിനാല്‍ ട്രേഡ് യൂണിയനുകളായി ആദ്യത്തെ പാര്‍ലിമെന്‍റുകള്‍. ചാർട്ടിസത്തിന്‍റെയും, കമ്മ്യൂണിസ്റ്റു ലീഗിന്‍റെയും പതനമുണ്ടായിട്ടുപോലും, ലോകത്തിലെ ഏറ്റവും ശക്തമായ തൊഴിലാളിവർഗ്ഗസംഘടനയുടെ പാരമ്പര്യങ്ങളിലൊന്ന് ബ്രിട്ടനിലുണ്ടായിരുന്നു.

സംഘടിതരായ തൊഴിലാളിവര്‍ഗ്ഗം, 1860കളില്‍, വീണ്ടും ഒത്തുകൂടി. മുതലാളിത്തത്തിന്‍റെ പരിണതഫലങ്ങളെ നേരിടാനുള്ള പരിശ്രമം പുതുക്കി. 1870കളില്‍ ഒരു പുതിയ ട്രേഡ് യൂണിയനിസം ഉരുത്തിരിഞ്ഞുവന്നു. അതിലൂടെയാണ് ബ്രിട്ടനിലെ ആദ്യത്തെ ജനാധിപത്യരാഷ്ട്രീയകക്ഷികള്‍ വളര്‍ന്നു വന്നത്: സ്വതന്ത്ര ലേബര്‍പാര്‍ട്ടിയും, സ്കോട്ടിഷ് ലേബര്‍പാര്‍ട്ടിയും. ഈ നവ ട്രേഡ് യൂണിയനിസത്തിന്‍റെ പ്രഥമവും പരമപ്രധാനവുമായ നേതാക്കളിലൊരാളായിരുന്നു എലിനോര്‍ മാര്‍ക്സ്. അവര്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്‍റെ ഹൃദയത്തിലേക്ക് ഫെമിനിസത്തെ കൊണ്ടുവന്നു – ബ്രിട്ടനിലും, യൂറോപ്പിലും.

എലിനോര്‍ പലപ്പോഴും പറയും, “അച്ഛന്‍റെ മൂക്കാണ് എനിക്കു കിട്ടിയത് (എനിക്കാ നഷ്ടമുണ്ടാക്കിയതിന്‍റെ പേരില്‍, അച്ഛനെ കോടതി കയറ്റുമെന്നു ഞാന്‍ അദ്ദേഹത്തോടു പറയാറു പതിവായിരുന്നു) – പ്രതിഭയല്ല.” ആത്മമൂല്യനിര്‍ണ്ണയത്തിലെ ഈ തെറ്റ് ഫ്രെഡ്രിക് ഏംഗല്‍സും, ജോര്‍ജ്ജ് ബെര്‍ണാഡ്‌ ഷായും, ഒലീവ് ഷ്റൈനറും, വില്യം മോറിസ്സും, അദ്ദേഹത്തിന്‍റെ മകള്‍ മേയും, എലിസബത്ത് ഗാരറ്റ് ആന്‍ഡേഴ്സണും, സില്‍വിയാ പാങ്ക്ഹേസ്റ്റും, ആമി ലെവിയും, ഇസ്രായേല്‍ സാംഗ്വില്ലും, മറ്റുപലരും, തിരുത്തിയേനെ. എലിനോറിനു അച്ഛന്‍റെ പ്രതിഭ കിട്ടിയിരുന്നുവെന്നത് തീര്‍ച്ചയാണ്. അവര്‍ക്കു നഷ്ടമായത് മൂക്കായിരുന്നില്ല: അവരുടെ ലിംഗമായിരുന്നു.

എലിനോര്‍ മാര്‍ക്സ് പിറന്നു വീണത് വിക്റ്റോറിയായുടെ ബ്രിട്ടനിലേക്കായിരുന്നു. അവിടെ അവര്‍ക്ക് വിദ്യാഭ്യാസാവകാശമുണ്ടായിരുന്നില്ല. സര്‍വ്വകലാശാലകള്‍ അവര്‍ക്കു വിലക്കപ്പെട്ടതായിരുന്നു. ദേശീയസര്‍ക്കാറുണ്ടാക്കാനുള്ള വോട്ടവകാശം നിഷേധിക്കപ്പെട്ടിരുന്നു. പാര്‍ലിമെന്‍റിലേക്കു മത്സരിക്കാന്‍ പറ്റില്ലായിരുന്നു. ഉദ്യോഗങ്ങളില്‍ മിക്കതും വിലക്കപ്പെട്ടവയായിരുന്നു. പ്രത്യുത്പാദനപരവും, മാനസികവുമായ അവകാശങ്ങളുടെ മേലുള്ള നിയന്ത്രണവും നിഷേധിക്കപ്പെട്ടിരുന്നു. പീഡനവര്‍ഗ്ഗത്തിലെ ഒരംഗമാവുകയെന്നാലെന്തെന്നു, പ്രായോഗികപരിചയത്തിലൂടെ, അവര്‍ പിറന്നു വീണ ചരിത്രാവസ്ഥ അവരെ മനസ്സിലാക്കിക്കുകയും അനുഭവപ്പെടുത്തുകയും ചെയ്തു.

സമത്വമെന്ന ആദര്‍ശത്തിനു വേണ്ടി പോരാടിയാണ് അവര്‍ ജീവിതം ചെലവഴിച്ചത്. ദോഷൈകദൃക്കായ ഒരു തലമുറക്ക് ഇതു കേള്‍ക്കുമ്പോള്‍ അവരെക്കുറിച്ച് മുഷിപ്പു തോന്നിയേക്കാം. ഇന്നത്തെ പുതിയ സാമൂഹിക വിപ്ലവങ്ങളിലൂടെ ലോകമെമ്പാടുമുള്ള സ്വയം കണ്ടെത്തുന്ന ജനങ്ങള്‍ക്കാകട്ടെ, അവരുടെ പോരാട്ടം കൂടുതല്‍ പരിചിതമായി അനുഭവപ്പെട്ടേക്കാം.എലിനോര്‍ മാര്‍ക്സ് സോഷ്യലിസ്റ്റു ഫെമിനിസത്തിന്‍റെ മാതാമഹിയായിരുന്നു. പൊതുവേ വിശ്വസിക്കപ്പെടുന്നതുപോലെ 1970കളിലല്ല, 1870കളിലാണ് ഫെമിനിസം തുടങ്ങുന്നത്. പ്രസ്ഥാനങ്ങളായി മാറാറുള്ള എല്ലാ ആശയങ്ങള്‍ക്കുമെന്നപോലെ, ഫെമിനിസത്തിനും ഒരു അനുഭവ ചരിത്രമുണ്ട്. അതു ഗര്‍ഭമെടുത്തതെന്നാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനെ ബ്രിട്ടനിലേക്കു കൊക്കു കൊത്തിക്കൊണ്ടുവന്നതല്ല. നെല്ലിക്കൂട്ടത്തില്‍നിന്നു കളഞ്ഞു കിട്ടിയതുമല്ല.

വിക്റ്റോറിയായുടെ ബ്രിട്ടനിലും, വ്യാപിച്ചുകൊണ്ടിരുന്ന അതിന്‍റെ കോളണികളിലും, “സ്ത്രീപ്രശ്നം” എന്ന പേരിലായിരുന്നു ലിംഗപീഡനം പൊതുവെ വിവരിക്കപ്പെട്ടിരുന്നത്. എലിനോര്‍ മാര്‍ക്സിന് ഈ പ്രശനം അത്ര കൃത്യത പോരാത്തതായിരുന്നു. അതിനാല്‍ അവരതിനെ “തൊഴിലാളി സ്ത്രീകളെക്കുറിച്ചുള്ള ചര്‍ച്ച” എന്നാക്കി മാറ്റി. സ്ത്രീവോട്ടവകാശത്തിനു വേണ്ടിയുള്ള ആഹ്വാനത്തെ അവര്‍ പിന്തുണക്കുകയും ആദരിക്കുകയും ചെയ്തു. അവരുടെ ഉറ്റ ചങ്ങാതിമാരില്‍ പലരും സ്ത്രീസമ്മതിദാനാവകാശസമരക്കാരായിരുന്നു. പക്ഷെ, നിലവിലുള്ള മുതലാളിത്ത വ്യവസ്ഥിതിയിലെ മദ്ധ്യവര്‍ഗ്ഗ വനിതകള്‍ക്കു വേണ്ടിയുള്ള വോട്ടവകാശപരിഷ്കരണം തൊഴിലാളിസ്ത്രീകളോടുള്ള സാമൂഹിക ജനാധിപത്യത്തിന്‍റെ മനോഭാവത്തെക്കുറിച്ചുള്ള ചര്‍ച്ച ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ആംഗലേയസോഷ്യലിസ്റ്റ് നേതാവായ ഏണസ്റ്റ് ബെല്‍ഫോര്‍ട്ട്‌ ബാക്സിനു 1895ലെഴുതിയ ഒരു തുറന്ന കത്തില്‍ എലിനോര്‍ അവരുടെ നിലപാട് വ്യക്തമായി സംക്ഷേപിക്കുന്നുണ്ട്:

ഞാന്‍, തീര്‍ച്ചയായും, ഒരു സോഷ്യലിസ്റ്റാണ്; "പെണ്ണവകാശങ്ങളുടെ” പ്രതിനിധിയല്ല. ലിംഗപ്രശ്നവും, അതിന്‍റെ സാമ്പത്തികാടിത്തറയുമാണ് നിങ്ങളുമൊത്ത് ചര്‍ച്ചചെയ്യാന്‍ ഞാനുദ്ദേശിച്ചത്.. “പെണ്ണവകാശങ്ങളുടെ” പ്രശ്നമെന്ന പേരില്‍ വിളിക്കപ്പെടുന്നത് (അതൊന്നു മാത്രമേ നിങ്ങള്‍ക്കു മനസ്സിലാവുകയുള്ളൂ എന്നു തോന്നും) ഒരു ബൂര്‍ഷ്വാ ആശയമാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്‍റെയും, വര്‍ഗ്ഗ സമരത്തിന്‍റെയും നിലപാടില്‍നിന്നുകൊണ്ടു ലിംഗപ്രശ്നത്തെ നേരിടാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

തൊഴില്‍ വിഭജനത്തിന്‍റെയും, ഉത്പാദനത്തിന്‍റെയും, പ്രത്യുത്പാദനത്തിന്‍റെയും സാമ്പത്തികാടിത്തറയെക്കുറിച്ചുള്ള അപഗ്രഥനം സ്ത്രീസമ്മതിദാനാവകാശവാദത്തില്‍ അപര്യാപ്തമായിരുന്നു. മനുഷ്യസമുദായത്തില്‍ സാമ്പത്തികവ്യവസ്ഥക്കുള്ള പങ്ക്, മനുഷ്യരുടെ സന്തോഷത്തിനും, അതുവഴി, പുരുഷാധിപത്യം ഒരു പോലെ അടിച്ചമര്‍ത്തിയ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും വിമോചനത്തിനും അനുപേക്ഷണീയമായിരുന്നു. സന്തോഷം – എന്താണ്, എലിനോര്‍ പലപ്പോഴും ചിന്തിക്കുകയുണ്ടായി, സന്തോഷമുണ്ടാക്കുന്നത്? അതിന്‍റെ സുപ്രധാന ഘടകം തൊഴിലാണെന്നു അവര്‍ കണ്ടെത്തി.

ബ്രിട്ടനിലേക്കു, 1886ല്‍, ആധുനിക ഫെമിനിസം കൊണ്ടുവരിക വഴി എലിനോര്‍ മാര്‍ക്സ് “സ്ത്രീപ്രശ്നത്തെ” വിപ്ലവവല്‍ക്കരിച്ചു.

അവര്‍ സോഷ്യലിസ്റ്റു ഫെമിനിസത്തിന്‍റെ രാഷ്ട്രീയദര്‍ശനം സൃഷ്ടിച്ചു. ജീവിത പങ്കാളിയായ എഡ്വാര്‍ഡ് ഏവ്ലിംഗുമൊത്തു രചിച്ച “സ്ത്രീപ്രശ്നം: ഒരു സോഷ്യലിസ്റ്റു നിലപാടില്‍നിന്നും” എന്ന അവരുടെ പ്രബന്ധത്തില്‍ ഈ ദര്‍ശനം സംക്ഷിപ്തമായി കാണാം. അതേ വര്‍ഷം, ലണ്ടനില്‍ നടന്ന രണ്ടാം ഇന്‍റര്‍നാഷണലിന്‍റെ ആദ്യ സമ്മേളനത്തില്‍വെച്ച്, എലിനോര്‍ മാര്‍ക്സും, ജര്‍മ്മന്‍ സോഷ്യലിസ്റ്റു രാഷ്ട്രീയക്കാരിയായ ക്ലാരാ സെറ്റ്കിനും ഒരുമിച്ചുചേര്‍ന്ന്‍, ഫെമിനിസത്തെ ആഗോള സോഷ്യലിസ്റ്റു പ്രസ്ഥാനത്തിന്‍റെ കാര്യപരിപാടികളിലെ പ്രഥമപ്രാധാനമായ ഇനമാക്കി മാറ്റി. പിന്നീട്, ഈ ഇടപെടലുകളാല്‍ പ്രചോദിതമായി, ലൂയി സീറ്റ്സുമൊത്ത്, സെറ്റ്കിന്‍ അന്തര്‍ദ്ദേശീയ വനിതാ ദിനം സ്ഥാപിച്ചു.

വോള്‍സ്റ്റണ്‍ക്രാഫ്റ്റിന്‍റെ “സ്ത്രീ അവകാശങ്ങള്‍ക്കൊരു ന്യായീകരണം,” ഏംഗല്‍സിന്‍റെ “സ്വകാര്യസ്വത്തിന്‍റെയും, കുടുംബത്തിന്‍റെയും, ഭരണകൂടത്തിന്‍റെയും ഉറവിടം”, വെര്‍ജിനിയാ വുള്‍ഫിന്‍റെ “സ്വന്തമായൊരു മുറി” എന്നീ രചനകളുടെ കൂടെയാണ്, പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിപ്ലവകാത്മകമായ രചനയെന്ന നിലയില്‍, “സ്ത്രീപ്രശ്നം: ഒരു സോഷ്യലിസ്റ്റു നിലപാടില്‍നിന്നും” എന്ന രചനയുടെ സ്ഥാനം.

എലിനോര്‍ മാര്‍ക്സാണ് അവരുടെ അച്ഛന്‍റെ ആദ്യത്തെ ജീവചരിത്രകാരി. പിന്നീടു വന്ന മാര്‍ക്സിന്‍റെ എല്ലാ ജീവചരിത്രങ്ങളും, ഏംഗല്‍സിന്‍റെ ഒട്ടുമുക്കാലും ജീവചരിത്രങ്ങളും, കുടുംബചരിത്രത്തിനു വേണ്ടി അവരുടെ രചനയെയാണ്, അറിഞ്ഞും അറിയാതെയും, പ്രാഥമികമായി ആശ്രയിച്ചത്.

ആ അര്‍ത്ഥത്തില്‍ ഇതൊരു ജീവചരിത്രകാരിയുടെ ജീവചരിത്രമാണ്.

അച്ഛന്‍റെ പുറത്തിരുന്നു സവാരിചെയ്യുകയും, അതുവഴി ദൃശ്യങ്ങള്‍ മറ്റൊരു കാഴ്ച്ചപ്പാടിലൂടെ കാണാന്‍ കഴിഞ്ഞു വിസ്മയിക്കുകയും ചെയ്തതാണ് റ്റസ്സിയുടെ ആദ്യത്തെ ബാല്യകാലസ്മരണ. എലിനോര്‍ മാര്‍ക്സിന്‍റെ, ഇരുപതാം നൂറ്റാണ്ടില്‍ പുതുവഴി വെട്ടിയ, ജീവചരിത്രമെഴുതിയ രണ്ടുപേരുടെ ചുമലുകളില്‍ നിന്നുകൊണ്ട് എനിക്കും കൂടുതല്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്: അവരുടെ ജീവിതത്തെക്കുറിച്ച് 1967ല്‍ ചുഷിചി സുസുക്കി പ്രസിദ്ധപ്പെടുത്തിയ ആദ്യത്തെ സമ്പൂര്‍ണ ജീവചരിത്രാവലോകനവും, തുടര്‍ന്ന്, 1972ലും 1976ലുമായി യോണ്‍ കാപ്പ് രണ്ടു ഭീമന്‍ വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച പഠനവും. ഗംഭീരമായ രചനകളും, അമൂല്യമായ വഴികാട്ടികളുമെന്ന നിലയില്‍ രണ്ടിനും അതാതിന്‍റെ പ്രാധാന്യമുണ്ട്.

അച്ഛന്‍റെ മുഴുനീള ജീവിതകഥ എലിനോര്‍ എഴുതാന്‍ തുടങ്ങുന്നത് 1880കളിലാണ്. രചനയെക്കുറിച്ചു വിചിന്തനം ചെയ്തുകൊണ്ട് അവര്‍ കാള്‍ കൌട്സ്കിക്കെഴുതി: ‘അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ അതുപോലെ തന്നെ നിലനില്‍ക്കണം. നമുക്കെല്ലാം അദ്ദേഹത്തിന്‍റെ “ഭീമന്‍ കാലുകള്‍ക്കിടയിലൂടെ നടക്കാം” – അങ്ങിനെ, അപമാനകരമല്ലാതെ, അഭിമാനത്തോടെ മരിക്കാം.’

അച്ഛന്‍റെ കാലുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിവുള്ളവരാണ് പെണ്മക്കള്‍. പറ്റിയാല്‍, അവയിലൂടെ മറുവശത്തേക്ക് പോകാനും. അതേ സമയം, അവര്‍ പിറക്കുന്നത് മാതൃഗര്‍ഭത്തില്‍നിന്നുമാണല്ലോ. “കലഹം കാമിനി മൂലം എന്നാണു, മറ്റുള്ളവരുടെ മോശമായ പെരുമാറ്റത്തിനു വിശദീകരണം തേടുന്നവരോട്‌ എലിനോര്‍ പലപ്പോഴും പറയാറുണ്ടായിരുന്നത്. അവരുടെ ജീവിതത്തെയും മന:ശാസ്ത്രത്തെയും അറിയാനുള്ള യാത്രയില്‍ അനുസരിക്കാന്‍ പറ്റിയ നല്ല ഒരുപദേശമാണിത്.

ശാരീരികമായും, മാനസികമായും ഒരു പറ്റം സ്ത്രീകളുടെ മകളായിരുന്നൂ എലിനോര്‍ മാര്‍ക്സ്. അച്ഛനെ രൂപപ്പെടുത്തിയത്ര ശക്തമായിത്തന്നെയാണ് എലിനോറിനെയും അവര്‍ രൂപപ്പെടുത്തിയത്: കൂടുതലും വിശേഷിച്ച്, അവരുടെ അമ്മ ജെന്നി മാര്‍ക്സും, “രണ്ടാമത്തെ അമ്മ” ഹെലെന്‍ ദിമത്തും, ഏംഗല്‍സിന്‍റെ പങ്കാളി ആന്‍റി ലിസ്സി ബേണ്‍സും. മുതിര്‍ന്ന പ്രായത്തില്‍ അവരെ പരിപാലിച്ചതും വളരാന്‍ സഹായിച്ചതും സ്ത്രീകളുമായുള്ള ചങ്ങാത്തമാണ്‌. എലിനോറിനെ എലിനോറാക്കിയ ശക്തികളെ മനസ്സിലാക്കുന്നതിന് അവരുടെ കുടുംബത്തിനും കാമുകന്മാര്‍ക്കും എത്ര പ്രാധാന്യമുണ്ടോ, അത്ര തന്നെ പ്രാധാന്യം ഈ സ്ത്രീസാഹോദര്യത്തിനുമുണ്ട്.എലിനോര്‍ മാര്‍ക്സ് അവരുടെ അച്ഛന്‍റെ ജീവിതകഥ പൂര്‍ത്തിയാക്കിയില്ല. സ്വന്തം കുടുംബത്തിന്‍റെ ഹൃദയത്തിലെ നടുക്കുന്നതും പറയാന്‍പറ്റാത്തതുമായ ഒരു രഹസ്യം, അതെഴുതുന്നതിനിടയില്‍, അവര്‍ കണ്ടെത്തി. അതു വെളിപ്പെടുത്തിയാലുണ്ടാകാവുന്ന ഭാവിഷ്യത്തുകളെക്കുറിച്ചോര്‍ത്ത് അവര്‍ വ്യാകുലപ്പെട്ടു. മാത്രമല്ല, പെണ്മക്കളുടെ വൈരുദ്ധ്യമാര്‍ന്ന കര്‍ത്തവ്യങ്ങളെക്കുറിച്ചും അവര്‍ ഗാഢചിന്തയിലാണ്ടു. ഒരുവശത്ത്, തങ്ങളെ വളര്‍ത്തി വലുതാക്കിയ മാതാമഹികളോടും പിതാമഹന്മാരോടുമുള്ള കര്‍ത്തവ്യം. മറുവശത്ത്‌, ചരിത്രസത്യത്തോടുള്ള കര്‍ത്തവ്യം. ഒരു തീരുമാനത്തിലെത്താന്‍ കഴിയുന്നതിനുമുമ്പ് വേദനാകരവും ഹിംസാത്മകവുമായ ഒരു മരണത്തിനു അവര്‍ കീഴടങ്ങി. അതു കൊലപാതകമായിരുന്നുവെന്നു ചിലര്‍. അതല്ല, കുടുംബരഹസ്യം അവര്‍ക്കു താങ്ങാന്‍ പറ്റാതെപോയതാണെന്നു ഇനിയും ചിലര്‍.

അച്ഛന്‍റെ ജീവചരിത്രം എഴുതുമ്പോളുള്ള സംഘര്‍ഷത്തെക്കുറിച്ചു, ജീവിതാന്ത്യത്തില്‍, സഹോദരിയായ ലോറക്ക്‌ എലിനോര്‍ എഴുതി: “എന്തായാലും, മാര്‍ക്സ് എന്ന “രാഷ്ട്രീയക്കാരനും”, “ചിന്തകനും” സംഗതികള്‍ അനുകൂലമാകും; അതേസമയം, മാര്‍ക്സെന്ന പുരുഷനു കാര്യങ്ങള്‍ സുഗമമാകാന്‍ സാദ്ധ്യത കുറവാണ്.” ഏതു ജീവചരിത്രവും ഉയര്‍ത്തുന്ന വെല്ലുവിളി എലിനോറിനും നേരിടേണ്ടി വന്നു: ചരിത്രത്തിന്‍റെ മഹത്തരമായ പ്രക്രിയകളില്‍ വ്യക്തിജീവിതം അവസരങ്ങള്‍ തനിക്കനുകൂലമാക്കുന്നതിന്‍റെ വെല്ലുവിളി. വ്യക്തികള്‍, നമ്മുടെ ജീവിതങ്ങള്‍, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്‌. അമൂര്‍ത്തമായ പ്രത്യയശാസ്ത്രത്തോടോ, നിയതിവാദങ്ങളോടോ നമ്മള്‍ സമീകൃതരാകില്ല. ആണായാലും, പെണ്ണായാലും, അതാണു നമ്മെ മനുഷ്യരാക്കുന്നത്. തന്നെ, അക്ഷരാര്‍ത്ഥത്തില്‍, ഗര്‍ഭം ധരിച്ച ഭൌതിക വൈരുദ്ധ്യാത്മകതപോലെ തന്നെ വിഭിന്നവും വൈരുദ്ധ്യഭരിതവുമായിരുന്നു അവരുടെ ജീവിതം. അവരുടെ അച്ഛന്‍, ലോകത്തിലെ ഏറ്റവും പ്രശസ്തനായ ചിന്തകന്‍, എഴുതി:

ആധുനിക കുടുംബത്തില്‍, ഭ്രൂണാവസ്ഥയില്‍, അടിമത്തം മാത്രമല്ല, ദാസ്യവുമുണ്ട്... പിന്നീട്, സമുദായത്തിലും ദേശത്തിലും വിപുലമായ തോതില്‍ വികസിച്ചുവരുന്ന വൈരുദ്ധ്യങ്ങള്‍, സൂക്ഷ്മരൂപത്തില്‍, അതിലടങ്ങിയിരിക്കുന്നു.

ഈ വൈരുദ്ധ്യങ്ങളുടെ നാടകീയമായ ആവിഷ്കാരമാണ് എലിനോറിന്‍റെ ജീവിതം. കാള്‍ മാര്‍ക്സ് സിദ്ധാന്തമാണെങ്കില്‍, എലിനോര്‍ മാര്‍ക്സ് അതിന്‍റെ പ്രയോഗമാണ്. ഇതു എലിനോര്‍ മാര്‍ക്സിന്‍റെ പൊതുജീവിതത്തിന്‍റെയും, സ്വകാര്യജീവിതത്തിന്‍റെയും കഥയാണ്. ഒരു ഫെമിനിസ്റ്റിനു സ്വകാര്യജീവിതവും പൊതുജീവിതവും അവിഭക്ത മണ്ഡലങ്ങളാണെന്ന്‍, “സ്ത്രീപ്രശ്ന”ത്തില്‍ അവര്‍ എഴുതിയിട്ടുണ്ട്.

അവരുടെ സമകാലീനര്‍ - സഖാക്കളും, എതിരാളികളും – തങ്ങളുടെ കാലത്തെ ഏറ്റവും മഹത്തായ ഒരു വിപ്ലവപരിഷ്കര്‍ത്താവായും, നേതാവായും അവരെ പരിഗണിച്ചു. ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്‍റെ (TUC) ആദ്യത്തെ സെക്രട്ടറിയായ വില്‍ തോണ്‍, അവരുടെ ചരമാനന്തരച്ചടങ്ങില്‍വെച്ച്, ബ്രിട്ടന് അതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധയെ നഷ്ടമായി എന്നാണു പറഞ്ഞത്. അവര്‍ക്കു ലഭിച്ച പ്രശംസയും, ആരാധനയും, വെള്ളം ചേര്‍ക്കാത്ത ആദരവും അനേകായിരം താളുകള്‍ നിറക്കും. എലിനോറാരാധനയുടെ വൈപുല്യം ഏതു ജീവചരിത്രകാരന്‍റെയും ഹൃദയം തളര്‍ത്തുന്നതാണ്. “പ്രതികൂലമായ ഏതെങ്കിലുമൊരു സൂചന അവരെക്കുറിച്ചു കണ്ടെത്താന്‍ അസാദ്ധ്യമാണെന്നു തോന്നും,” അവരുടെ സുഹൃത്തായ ഹെന്റി ഹാവ്ലെക് എലിസ് എഴുതി.

ഭാഗ്യവശാല്‍, അതു ശരിയല്ല. എലിനോര്‍ മാര്‍ക്സ് ഒരു പച്ചമനുഷ്യനായിരുന്നു.

അവര്‍ക്കു നിരവധി കുറവുകളും, നിരാശകളും, ഉജ്ജ്വലമായ പരാജയങ്ങളുമുണ്ടായിരുന്നു. വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരമായിരുന്നു അവരുടെ ജിവിതം. പൊതുജീവിതത്തിലേക്കോ, സ്വകാര്യജീവിതത്തിലേക്കോ, അവരെ ചുരുക്കിക്കെട്ടാനാവില്ല. അതിനാല്‍, അവ രണ്ടിന്‍റെയും കഥ നമുക്കറിയേണ്ടതുണ്ട്.

എന്തായാലും, മാര്‍ക്സെന്ന രാഷ്ട്രീയക്കാരിക്കും, ചിന്തകിക്കും സംഗതികള്‍ അനുകൂലമാകാം. മാര്‍ക്സെന്ന സ്ത്രീക്ക് കാര്യങ്ങള്‍ അതുപോലെ സുഗമമാകുമോയെന്ന്‍, അവരുടെ കഥക്കു മാത്രമേ പറയാന്‍ കഴിയൂ.

*
ബ്ലോഗിലേക്ക്......