സ്ഥിരപംക്തി

ആത്മവിചാരം -10

സി. എം. രാജന്‍
ആത്മവിചാരം തല്ക്കാലം അവിടെ കിടക്കട്ടെ. ശരീരവിചാരം എഴുന്നേല്ക്കട്ടെ. “ആത്മാവു പോവുകില്‍ കേവലം യന്ത്രങ്ങള്‍ നീതിശാസ്ത്രങ്ങള്‍” എന്നാരോ പാടിയിട്ടുണ്ടാകാം. ച്ചാല്‍, ആത്മാവില്ലെങ്കി ല്‍ ഒന്നിനെക്കൊണ്ടും ഒരു കാര്യവുമില്ലേനും എന്നര്‍ത്ഥം. എന്നാലും, ശരീരം കൂടി നോക്കണ്ടേ? നീ തിന്നലും കുടിക്കലുമൊന്നുമില്ലേ കുഞ്ഞീ, നിന്‍റെ ദേഹത്ത് എറച്ചിയേ ഇല്ലല്ലോ എന്ന് പണ്ടൊക്കെ എന്നെ കാണുമ്പോള്‍ പയങ്ങപ്പാടന്‍ വീട്ടിലെ കുഞ്ഞിപ്പെണ്ണും (((കുഞ്ഞുന്നാളില്‍ ഒരു പാട് മുലപ്പാല് തന്നിട്ടുണ്ട് കുഞ്ഞിപ്പെണ്ണ്) കണ്ണീരെ ജാനകിയും നാത്യന്‍ രാമേട്ടന്‍ എന്ന് വിളിക്കുന്ന രാമേട്ടനും ചോദിക്കാറുണ്ടായിരുന്നു. രാമേട്ടന്‍ ഇത്രേം കൂടി പറഞ്ഞിട്ടുണ്ട്: ഒന്നൂല്ലേങ്കിലും കുറച്ചു കുളുത്തെ(പഴങ്കഞ്ഞി)ങ്കിലും കുടിക്കണം. അന്ന് വകവെക്കാത്ത ശരീരത്തെ ഇന്നൊന്ന് ഗൌനിച്ചേക്കാം.

ഈ ശരീരം എന്‍റേതാണോ? എന്‍റേതാണെന്ന് പറഞ്ഞാല്‍ അത് നുണയാകും. കല്ലുവെച്ചതായാലും കട്ട വെച്ചതായാലും. യുഗങ്ങളിലൂടെ പരിണമിച്ചുണ്ടായതാണീ ശരീരം. എന്‍റെ മൂല കോശത്തില്‍ എനിക്കു മുമ്പ് നിലവിലുണ്ടായിരുന്ന എല്ലാ ജീവികളുടെയും പൈതൃകമുണ്ട്. മൃഗങ്ങളുടെയും മരങ്ങളുടെയുമെല്ലാം. എന്നെപ്പോലെതന്നെ സങ്കീര്‍ണ്ണമാണ് എന്‍റെ മൂല കോശവും. ജീവരാശികളുടെയെല്ലാം സ്മൃതി മുഴുവനും അതില്‍ ആലേഖിതമായിട്ടുണ്ട്. ബ്രഹ്മാണ്ഡത്തിന്‍റെ ചരിത്രം മുഴുവന്‍ ഈ കോശത്തിലുണ്ടെന്നു പറഞ്ഞാലും തെറ്റില്ല. കുറ്റമില്ല. മുമ്പുണ്ടായിരുന്നതെല്ലാം എന്‍റെ ശരീരത്തിലൂടെ ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നു. ഗര്‍ഭത്തില്‍ കഴിഞ്ഞ ഒമ്പതു മാസങ്ങളില്‍ പരിണാമത്തിന്‍റെ എല്ലാ ഘട്ടങ്ങളിലൂടെയും ഈ ശരീരം കടന്നു പോയിട്ടുണ്ട്. അമീബയായി ആരംഭിച്ച് മനുഷ്യനായി അവസാനിക്കുന്നതു വരെ. ഒരര്‍ത്ഥത്തില്‍ എന്‍റെ ശരീരം ജീവപരിണാമത്തിന്‍റെ സ്മൃതി കുടീരമാണ്. ശരീരത്തിന്, അതിനാല്‍, അതിന്‍റേതായ, സ്മരണകളും വിവേകവുമുണ്ട്. എന്നേക്കാള്‍ വിവരമുള്ളതാണ് എന്‍റെ ശരീരം. അതിനു ശ്വസിക്കാനറിയാം. രക്തം ചംക്രമിപ്പിക്കാന്‍ അറിയാം. സ്വയം ശുശ്രൂഷിക്കാനറിയാം.

ശരീരത്തേക്കാള്‍ പഴക്കമുണ്ട് മനസ്സിന്. പക്ഷെ, മനസ്സും എന്‍റെതല്ല. സ്വന്തമായ ഒരു മനസ്സുണ്ടെന്ന് തോന്നുന്നത് വെറും തോന്നലാണ്. തോന്ന്യാസം. എന്‍റെ തലച്ചോറിലുള്ളത് എന്‍റെതു മാത്രമാണെന്നു വിചാരിക്കുമ്പോള്‍, യുഗങ്ങളിലൂടെ പരിണമിച്ചുണ്ടായതാണീ തലച്ചോറെന്ന കാര്യം ഞാന്‍ വിസ്മരിക്കുകയാണ്. എന്‍റെ തലച്ചോര്‍ മനുഷ്യരാശിയുടെ തലച്ചോറാണ്. എല്ലാ അറിവും എല്ലാവരുടെയും അറിവാണ്. എന്‍റെ എല്ലാ അനുഭവങ്ങളും, എല്ലാ ഓര്‍മ്മളും സര്‍വ്വ മനുഷ്യരുടെയും ഓര്‍മ്മകളും അനുഭവങ്ങളുമാണ്. എന്‍റെ ബോധത്തിലുള്ളതും ഉപബോധത്തിലുള്ളതും അബോധത്തിലുള്ളതും മുഴുവന്‍ മനുഷ്യ വര്‍ഗ്ഗത്തിന്റെതുമാണ്. അതറിയുമ്പോഴുണ്ടാകുന്ന ആശ്ചര്യം ഒരുവനെ സ്വതന്ത്രനാക്കും. വിനയവാനാക്കും. മനുഷ്യര്‍, മനുഷ്യര്‍ മാത്രമല്ല, സര്‍വ്വ ചരാചരങ്ങളും ഒന്നാണെന്നത് വാസ്തവമായി അനുഭവപ്പെടും. അപ്പോള്‍ “ലോകാ സമസ്താ സുഖിനോ ഭവന്തൂ” എന്നു പറയുന്നതിന്‍റെ പൊരുളറിയും. ലോകം മുഴുവന്‍ സുഖമായിരിക്കട്ടെ എന്നു പറയുന്നത് ഞാന്‍ സുഖമായിരിക്കട്ടെ എന്നു പറയുന്നതിനു തത്തുല്ല്യമാണെന്നറിയും.

ശരീരത്തിന് ഈ ഭൂമിയോളം പഴക്കമുണ്ട്. മനസ്സിനോ അതിലും പഴക്കമേറും. ആദിമനസ്സിന്‍റെ ഉറവിടം ഏതെന്നറിയില്ല. അതു വന്നത് മറ്റൊരു ഗ്രഹത്തില്‍ നിന്നാകാം. ഈ ഭൂതത്തിന്‍റെ ഫലമാണ് ഞാന്‍. ഭൂതത്തില്‍ നിന്നു വന്നവനാണ് ഞാന്‍. ഭൂതമാണ്‌ ഞാന്‍. ഭൂതത്താന്‍! ‘ഭൂതങ്ങള്‍’(Ghosts)എന്ന തന്‍റെ നാടകത്തില്‍ ഇബ്സന്‍ ചേട്ടനും ഇത് സൂചിപ്പിക്കുന്നു: ജനിതകഭൂതത്തില്‍ നിന്നും മാനസിക ഭൂതത്തില്‍നിന്നും മകനേ നിനക്കു രക്ഷയില്ല.

എന്‍റെ ശരീരം ജീവപരിണാമത്തിന്‍റെ സൂക്ഷ്മ രേഖകള്‍ വഹിക്കുന്നതുപോലെ എന്‍റെ മനസ്സും സാംസ്കാരിക പരിണാമത്തിന്‍റെ സൂക്ഷ്മ രേഖകള്‍ വഹിക്കുന്നുണ്ട്. ആധുനിക മാനവിക സ്വത്വത്തിലേക്ക്‌ പരിണമിക്കുന്നതിനിടയില്‍ മനുഷ്യരാശി കടന്നു പോയ സംഘര്‍ഷങ്ങളും സംഭവങ്ങളും എന്‍റെ മനം പേറുന്നുണ്ട്. Phenomenology of Spiritല്‍ ഹെഗേ ല്‍((Hegel) പറയുന്നു: ഞാന്‍ എങ്ങിനെ ഇങ്ങിനെയായി എന്നറിയണമെങ്കി ല്‍ മനുഷ്യാവബോധ പരിണാമത്തിന്‍റെ ഘട്ടങ്ങള്‍ അറിഞ്ഞേ പറ്റൂ. അപ്പോള്‍ ഞാന്‍ അറിയുന്നൂ ‘എന്‍റെ ചിന്ത’, ‘എന്‍റെ കല’, ‘എന്‍റെ സംഗീതം’, ‘എന്‍റെ ശാസ്ത്രം’,’എന്‍റെ രാഷ്ട്രീയം’ എന്നൊക്കെ പറയുന്നത് പോഴത്തമാണ്. ഞാന്‍ ഒരു വ്യക്തിയല്ല. ഞാന്‍ ഞാനല്ല. ഞാനീ പ്രപഞ്ചം തന്നെയാണ്. ശിവനേ!

*

ബ്ലോഗിലേക്ക്......