കവിത

സി എം രാജന്റെ കവിതകൾ - 1

സി. എം. രാജന്‍
പക്ഷിവിചാരം


പറക്കുന്നതിനെയാണ് പറവ എന്നു പറയുക.
പട്ടവും വിമാനവും, പക്ഷെ, പറവയല്ല.
അവ പറക്കുകയല്ലല്ലോ
പറത്തുകയല്ലേ?
ഖഗമാണ് അവയെന്ന് വേണമെങ്കിൽ വിളിക്കാം;
(വിളിച്ചാൽ വിളികേൾക്കുമെങ്കിൽ).
ഖമ്മിൽ(ആകാശത്തിൽ)ഗമനം ചെയ്യുന്നവ.
അപ്പൂപ്പൻ താടിയും അപ്പോൾ ഖഗം തന്നെ;
ഖസാക്കിലെ അപ്പുക്കിളിയെപ്പോലെ.
'ഖഗമേ!'

ഓടും ഒട്ടകപ്പക്ഷി ഒട്ടകപ്പറവ ആകില്ല.
പക്ഷമുള്ളതിനാൽ പക്ഷി എന്നു വിളിക്കാം;
തെറ്റില്ല.
താറാവും പറവയല്ല;
വെറും പക്ഷി.
കോഴിയും ഒരു വഹയാണ്;
കോഴിത്തമ്പുരാക്കളെപ്പോലെ.

പറക്കുന്നതിനാൽ വവ്വാലും പറവ തന്നെ;
സയൻസ് സസ്തനമെന്നു പറഞ്ഞാലും.
സസ്തനപ്പറവയെന്നു പറയുന്നതാണ് ഭംഗി.

പക്ഷം ഒന്നു മാത്രമായാൽ പക്ഷിയാകില്ല;
ബാലൻസ് തെറ്റും.
ബലൻസ്സിനും വേണ്ടേ രണ്ടു തട്ട്!
(ഒറ്റത്തട്ടുള്ള ബേലൻസ്സാണ് നോണ്‍സെൻസ്.)
ഇടതുപക്ഷം മാത്രം പോരാ വലതുപക്ഷവും വേണം.
ഭൂരിപക്ഷത്തിനും വേണം ഒരു ന്യൂനപക്ഷം.

ബാലൻസ്...അതാണു കാര്യം.
അതിനു പക്ഷം രണ്ടു വേണം;
പക്ഷിയായാലും,പറവയായാലും, ഖഗമായാലും
വെറും കിളിയായാലും.

ചന്തേര


നഗരത്തിലാണു നിൻ കരളിരിപ്പെങ്കിലും
ഹൃദയത്തിലുണ്ടൊരു ഗൂഢ ഗ്രാമം.
ഹൃദയത്തിലൊരു റെയിൽപ്പാതയതി ദീർഘമാം
മുറിവുപോൽ നീറുന്ന ഗ്രാമഭൂമി.
അതിലൂടെ തെക്കോട്ടു പോയവരെത്രയോ
പതിത,രുന്മാദികൾ, പണ്ഡിതൻമാർ.

അവിടത്തെ നെല്ലിയും നെല്ലും മണക്കുന്ന
ഇടവഴികൾ ഇപ്പൊഴുമോർമ്മയുണ്ട്.
കശുമാവു പൂത്തതിൻ ഗന്ധം പരക്കുന്ന
കനക നിലാവൊളി ഓർമ്മയുണ്ട്.

ആകാശനീലിമയാകെ മറക്കുന്ന
പ്ലാവുമിലഞ്ഞിയും ചെമ്പകവും
ഉച്ചിയിൽ പൂവുള്ള സർപ്പങ്ങളിണ ചേരു-
മുച്ച വെയിലിന്റെ മൌനങ്ങളും
ആനന്ദ വിസ്മയമുള്ളിൽ നിറക്കുന്ന
താമരച്ചിരികളും പൂത്താലിയും
വേരൂന്നി നിൽപ്പുണ്ടു നിന്നിലിപ്പോഴുമാ
ചേലേഴും കാവു മരങ്ങൾ പോലും.

തെയ്യത്തറകളും കോഴിക്കുരുതിയും
മേൽമെയ്യ് മറക്കാത്ത പെണ്ണുങ്ങളും
കാക്കക്കറുപ്പുള്ള മലയനും വേലനും
കാത്തിരിക്കും തുലാമാസങ്ങളും
കുയിൽ പോലെ പാടും പുലയനാംപൊക്കന്റെ
പൊടിയരിക്കഞ്ഞിയും ഞാറ്റുപാട്ടും
നുണയും കുശുമ്പുകുന്നായ്മയും
വിളയും അടുക്കളക്കോലായയും

നേന്ത്രപ്പഴത്തിന്റെയുണ്ണിയപ്പത്തിന്റെ
ഫ്യൂഡൽച്ചുവയുള്ളയോണങ്ങളും
ചോരച്ചുവയുള്ള കമ്മ്യൂണിസത്തിന്റെ
ചോരത്തിളപ്പും കുടിപ്പകയും

നഗരത്തിലാണു നിൻ വീടിപ്പൊഴെങ്കിലും
ഹൃദയത്തിലുണ്ടു "ചന്തേര".


വാർത്താലാപ്


ദു:ഖങ്ങളും ദുരിതങ്ങളും കഴുകി വെടിപ്പാക്കി
ദൂരെ വെയിലത്ത് ഉണക്കാനിട്ടു.
സിനിമാപ്പാട്ടിൽ പറഞ്ഞ പോലെ അവയ്ക്കും വേണ്ടേ ഒരു അവധി.

രോഗവും ദാരിദ്ര്യവും ഇല്ലാത്തതിനാൽ
പീഡകൾ പലതും ആധിഭൗതികവും
ചിലത് ആധ്യാത്മികവും ആയിരുന്നു.
മദിരയിലും മധുരമീനാക്ഷിയിലും ഇടയ്ക്കിടെ അലക്കിയാൽ
വെളുത്തു പോകുന്ന ചരക്കുകൾ.

വിദേശി ആയതിനാൽ സ്വദേശി ഭക്ഷണത്തിന്റെ
(പൊറോട്ടയും ബീഫും ചാപ്സും
പുഴുക്കലരിച്ചോറും മീഞ്ചാറും )
പീഡയില്ല.

ചങ്ങാതികൾ ഇല്ലാത്തതിനാൽ
സുഹൃത്പീഡ യുമില്ല. സുഖം!

ഭാര്യയും മകളും ശീലമായതിനാൽ ഭാരമല്ല.

വേരില്ലാതെ വളർന്നതിനാൽ
വിരഹവും ഗൃഹാതുരത്വവും നിഘണ്ടുവിലില്ല.

അയൽക്കാരുടെ വേഷവും ഭാഷയും അന്യമായതിനാൽ
അന്യവൽകൃത കൃതാർത്ഥതയുണ്ട്.

വീട് ആകാശമായതിനാൽ
അതിടിഞ്ഞു തലയിൽ വീഴുമോ എന്ന്
ആസ്റ്റെരിക്സിന്റെ നാട്ടുകാരെപ്പോലെ ഒരു പേടിയുണ്ട്.
കുടയുള്ളതുകൊണ്ട് ആ പീഡ ഈയിടെ കുറവാണ്.

ഒരു വിഷമമുണ്ട്.
അലക്കുമ്പോഴാണറിഞ്ഞത്
ദു:ഖങ്ങൾ പഴകിയിരിക്കുന്നു.
പലതും പിഞ്ഞിപ്പോയിരിക്കുന്നു.
പുതിയവ വാങ്ങേണ്ടി വരുമോ എന്നൊരു ശങ്കയുണ്ട്.

അതൊഴിച്ചാൽ, പറഞ്ഞില്ലേ, സുഖമാണ്;
പരമമായിത്തന്നെ.

സസ്നേഹം,
ഒപ്പ്.


യമനെ കണ്ട നചികേതസ്സ്


യമനെ കണ്ട നചികേതസ്സ്
മരണമില്ലാത്തവനായി തിരിച്ചുവന്നു.

മരണമില്ലാത്തതുകൊണ്ട് ഇനി മരിക്കാനും സ്വാതന്ത്ര്യമില്ലെന്നു കണ്ട്
ബ്ലീച്ചായി .

ഒരു പുനർജന്മത്തിനുള്ള ചാൻസ്സും കാലൻ ക്യാൻസലാക്കി എന്നോർത്ത്
വിഷണ്ണനായി
ഒരു വണ്ണാനായി
വരേണ്യവർഗ്ഗത്തിനെതിരെ വിപ്ലവം പ്രഖ്യാപിച്ചു.

ആകെക്കൂടി ഉണ്ടായിരുന്നത് ചാവാനുള്ള ചാൻസായിരുന്നു.
അതും പോത്തു മുതലാളി ഇല്ലാതാക്കി എന്നോർത്തപ്പോൾ
തലമണ്ട തീവണ്ടിക്കു വെക്കാനാണ് തോന്നിയത്.
മണ്ട വണ്ടിക്കു വെച്ചാലും
ഈ തെണ്ടിക്ക് ഒന്നും പറ്റില്ലെന്ന് മനസ്സിലായി
നചികേതസ്സ് ഇപ്പോഴും മണ്ടി നടക്കുന്നു;
മണ്ടൻ മേട്ടിൽ.

കാലനോട്കളിച്ചാൽ കാലക്കേ ടാവും.

ചിയേഴ് സ്ഉദാരവല്‍ക്കൃത മായാമാനവഭുവനത്തിനു
മൂന്നുവട്ടം അഭിവാദ്യങ്ങള്‍ !
ഭൂമിക്കൊരേയൊരവകാശിയായ
ദാനവമാനവനു മാത്രം അനുഭവിക്കാവുന്ന
സമത്വസുന്ദര മഹീതലത്തിനു നമസ്കാര്‍ !

ആകാശത്തിലെ പറവകളെപ്പോലെ
കൃഷീവലര്‍ സ്വതന്ത്രരായ്‌ വലയുന്ന ലോകം.
അവറ്റകള്‍ (വിത്തില്ലാത്തതിനാല്‍ ) വിതയ്ക്കുന്നില്ല;
കൊയ്യുന്നുമില്ല.
കളപ്പുര കാലിയായതുകണ്ടു കരയുന്ന കന്നുകാലികളെ
കൊന്നും തിന്നും (തത് ) കാലം കഴിക്കുന്നു.

വിത്തുണ്ട്;
ബീജഭീമന്‍ മോണ്‍സാന്‍റ്റോ മുതലാളിയുടെ പത്തായത്തില്‍
വിത്തിനു പത്തുഗുണം വിളതരുന്ന പരിഷ്കൃത ബീജങ്ങള്‍
നവോദാരലോകത്തിന്റെ നെടുംതൂണുകള്‍
(വിത്തുകള്‍ , വിത്തുകള്‍ , ലോകസുഖത്തിന്റെ നാരായവേരുകള്‍ !)

പാറ്റയും പുഴുതാരയും തൊടാത്ത നെന്മണി
എലി കരളാത്ത തേങ്ങാക്കായ്‌
പുഴുപോലും തിന്നാത്ത വഴുതിനങ്ങാക്കായ്‌
കുയിലും കാക്കയും കൊത്താത്ത കസ്തൂരി മാമ്പഴം
(കൊത്തിയാല്‍ കൊക്കുണ്ടാവില്ല.)

വണ്ടുതീണ്ടാത്ത പരുത്തിപ്പൂക്കള്‍
ഉറുമ്പിനരിക്കാന്‍ പറ്റാത്ത പഞ്ചാരത്തരി
ചിതലിനെടുക്കാന്‍ പറ്റാത്ത മരത്തടി
പായലിനും പൂപ്പലിനും പോലും പടരാന്‍ പറ്റാത്ത
ചുവരുകള്‍ , മതിലുകള്‍
എരിതീയിലൊഴിക്കാന്‍ കൊഴുപ്പുകുറഞ്ഞ സൂര്യകാന്തിയെണ്ണ.
(സൂര്യനെല്ലിയിലെ കുഞ്ഞിപ്പെണ്ണുങ്ങള്‍ക്ക് കൊഴുപ്പാകാം.)

പണം മാത്രം കായ്ക്കുന്ന മരങ്ങള്‍
ആണ്‍കുട്ടികളെ മാത്രം പെറുന്ന അമ്മമാര്‍
ധവള ചര്‍മ്മങ്ങള്‍ മാത്രമുള്ള കുട്ടികള്‍
കൊതുകടിക്കാത്ത ചര്‍മ്മങ്ങള്‍
വിയര്‍ക്കാത്ത ശരീരങ്ങള്‍
ലക്സു തേച്ചു കുളിച്ചു കൊക്കാവുന്ന കാക്കകള്‍

സ്വര്‍ഗത്തിനുപോലുമസൂയ തോന്നുമീ
നവമാനവലോകദര്‍ശനാല്‍

നിഴലിനുമിരുളിനുമിടമില്ലാത്ത പ്രകാശപ്പ്രളയത്തിന്റെ ലോകം
കഥയില്ലാത്തവരുടെ കഥകളുടെ ലോകം
കളിപറയാത്ത കാര്യക്കാരുടെ കളികളുടെ ലോകം
അരസികവഷളന്മാര്‍ കവിത കെട്ടുന്ന ലോകം
ചുവരും ചായവുമില്ലാത്തവര്‍ ചിത്രമെഴുതുന്ന ലോകം;
എത്രയും ചിത്രം! ചിത്രം!

വിശ്രമമില്ലാതെ പരിശ്രമിക്കുന്ന ആശ്രമങ്ങള്‍
അക്രമികള്‍ക്കു വിശ്രമവിനോദങ്ങളൊരുക്കും തടവറകള്‍
ആതുരസേവനവ്യാപൃതരായ ആര്‍ദ്രതയറ്റ അറുകൊല വ്യാപാരികള്‍
പരക്ലേശമറിയാതെ പരമാര്‍ത്ഥം പറയുന്ന വേദാന്തികള്‍
ഒരു വേദന മാറാന്‍ മറുവേദന തരുന്ന മരുന്നുകള്‍
ശൃംഗാരമറിയാത്ത കമിതാക്കള്‍
സന്തതികള്‍ വേണ്ടാത്ത, ദമ്പിടി മാത്രം വേണ്ട ദമ്പതികള്‍ .

വൈവിദ്ധ്യങ്ങളെല്ലാമസ്തമിച്ച ഏകസംസ്കാരത്തിന്റെ പുണ്യഭൂമി
ഒരേ ഭാഷ, ഒരേ ഭൂഷ,ഒരേ ഭക്ഷണം.
ഒരേയൊരു മതം, ദുര
ഒരെയൊരു ജാതി, ആര്‍ത്തി
നാനാത്വമേയില്ലാത്ത ഏകത്വം.


കലി പോലും ചിയേഴ്സ് പറഞ്ഞുപോകുന്ന
സമൃദ്ധിയുടെ സംസ്കാരം!
നമസ്കാരം!

അമ്മയെക്കുറിച്ചു ഞാനൊന്നുമേയറിഞ്ഞില്ലഅമ്മയെക്കുറിച്ചു ഞാനൊന്നുമേയറിഞ്ഞില്ല;
അമ്മയാണീ മഹാവിശ്വമെന്നതുമറിഞ്ഞില്ല
പണ്ടു വിഘ്നേശ്വരന്‍ പ്രപഞ്ചത്തെ വലം വെക്കാന്‍
അമ്മയെ വലംവെച്ച കഥ ഞാനറിഞ്ഞില്ല. ‍

സ്വപ്നസങ്കടങ്ങളാല്‍ത്തീര്‍ ത്തൊരാ ഹൃദന്തത്തിന്‍
ഉള്‍ത്തുടുപ്പറിയുവാന്‍ കാതെനിക്കുണ്ടായില്ല
ഉലകമൊക്കെയുമെന്റെ വായില്‍ ഞാന്‍ വഹിച്ചാലും
ഉരലിലെന്നെക്കെട്ടാനവള്‍ക്കാകുമെന്നറിഞ്ഞില്ല.

വെണ്ണകട്ടപ്പോ,ളാറ്റില്‍ക്കുളിക്കും പെണ്ണുങ്ങള്‍തന്‍
വര്‍ണ്ണച്ചേല കട്ടപ്പോ,ഴെന്നെത്തല്ലിയപ്പോഴെല്ലാം
ഉള്ളിലുളവായ സങ്കടമൊന്നും കാട്ടാതെന്നും
നൊന്തു വെന്തതു നിന്റെ ചിത്തമെന്നറിഞ്ഞില്ല ഞാന്‍
തൈര്‍ കടയും പോലെ ഞാനാ മനസ്സിനെ മഥിച്ചാലും
തൂവെണ്ണയായ്പ്പൊന്തുമാ മനമെന്നറിഞ്ഞില്ല

പട്ടണക്കാന്താരത്തില്‍ ഹിംസ്രജന്തുക്കള്‍ മദ്ധ്യേ
കഷ്ടവത്സരങ്ങളില്‍ ഞാന്‍ നഷ്ടമായ്‌ ത്തീരുന്നേരം
ഇഷ്ടമായ്‌ നീയെന്റെ കാതിലോതിയ മന്ത്രം
രക്ഷയായ്‌ വന്നുവെന്ന സത്യമിന്നറിയുന്നു ഞാന്‍ !

ഒന്നുമേയറിയുന്നില്ലെന്നറിയുമ്പോഴിപ്പോഴെന്റെ
കണ്ണുകള്‍ പുകയുന്നൂ തിങ്ങിയ വ്യസനത്താല്‍
പുകയട്ടെന്റെ കണ്ണുകള്‍; പുകയുമ്പോള്‍ പകല്‍ പോലെ
തെളിയുന്നല്ലോ നിന്റെ വിശ്വരൂപമമ്മേ മുമ്പില്‍ !


കാമിനിക്ക്


ഹൃദയംതുറന്നു ഞാന്‍ കാഴ്ചവെച്ചപ്പോളതില്‍
നിറയെപ്പുഴുക്കളാണെന്നു നിന്‍ പരാതിയോ?

ഉദയം മുതലസ്തമയം വരേയും നിൻറെ
ഹൃദയം മാത്രമുള്‍ക്കൊണ്ടോരീ ഹൃദയത്തില്‍
പുഴുകേറുവാനെന്തുബന്ധമെന്നാലോചിച്ചു
കുഴയുന്നേരം നിന്റെ ചിരി കിലുങ്ങുന്നൂ കാതില്‍

ഇടറും കാതാല്‍ നിന്റെ ചിരിയൊപ്പീടുന്നേരം
ഇരുള്‍മൂടുന്നൂ കണ്ണില്‍ ,
അസ്തമിക്കുന്നൂ ബോധം.
ഹൃദയം മാത്രമാനേരവും സ്പന്ദിക്കുന്നൂ

വ്യഥിതം
വ്യാകുലം
രക്താഭിഷിക്തം
മൂകം.

*

ബ്ലോഗിലേക്ക്......