കവിത

ധർമ്മ സങ്കടം

സി. എം. രാജന്‍
നടു നെറ്റിയിൽ നീളത്തിൽ നന്നായി ചന്ദനം പൂശിയപ്പോൾ
ഹിന്ദു മത മൗലിക വാദ പ്പൂശാരിയെന്നു വിളിച്ചു.

മൌലിയിൽ ഒരു പച്ചത്തൂവാല തൂക്കി യിട്ടപ്പോൾ
മുസ്ലിം മത മൌലവിയെന്നും.

കർത്താവേയെന്നു കരഞ്ഞപ്പോൾ
യേശുവാശാനെന്നു പറഞ്ഞു കുരിശിൽ തറച്ചു.

ആത്മാവിനെക്കുറിച്ചുരിയാടിയപ്പോൾ
സംന്യാസിയിവൻ എന്നായി.

ചോപ്പു കൈലി ചുറ്റിയപ്പോൾ
കമ്മൂണിഷ്റ്റെന്നായി.

വാക്കിനും പ്രതീകത്തിനും അനങ്ങാപ്പാറപോലെ
ഒരേയൊരു പൊരുളുമാത്രമരുളുന്ന
സാരമേയ സന്താനങ്ങൾ.

ചട്ടങ്ങൾ മാറ്റിയാലും
പുതിയ ചട്ടത്തിൽ അടച്ചു കളയും പൊട്ടന്മാർ.

നാനാർത്ഥം ചോർന്ന് എകാർഥമായ
ലോകത്തിൽ എങ്ങിനെ മരുവും?

മൌനമായിരിക്കാനും വയ്യ.
വിദ്വാനെന്നു വിധിയെഴുതും.

എൻറെ തല വിധി!

*

ബ്ലോഗിലേക്ക്......