സ്ഥിരപംക്തി

ആത്മവിചാരം - 9

സി. എം. രാജന്‍
ആത്മാനുഭൂതി കിട്ടിയാലേ അടങ്ങി ഇരിക്കൂ എന്ന് വാശി പിടിച്ച് പേ പിടിച്ച് പരക്കം പായുന്നവരില്‍ പലരും വേദങ്ങള്‍ വായിക്കുന്നത് കാണാം. ചിലര്‍ ഗീത, സഖാവ് കൃഷ്ണന്‍റെ, ചൊല്ലുന്നത് കാണാം. മന്ത്രം ഉരുക്കഴിച്ചു സ്റ്റീലു പോലെ ഉറക്കുന്നത് കാണാം. വായിച്ചു വായിച്ചു ഏതു കോന്തുണ്ണിക്കും ഒരു മഹാത്മാവാകാം എന്നാണീ വായനശാലക്കാരുടെ മനക്കോട്ട. വെറും ആകാശക്കോട്ട. അംബരചെമ്പരുത്തി. (താന്‍ ഒരു മാഹാത്മാവാകണം എന്നു വിചാരിക്കുന്നതു തന്നെ അഹങ്കാരത്തിന്‍റെ നല്ല ലക്ഷണം. വിനയത്തില്‍ എന്നെക്കഴിച്ചേ ആരുമുള്ളൂ എന്നു പറയുന്നതുപോലൊരു അഹങ്കാരം.) ബായിച്ച് ബായിച്ച് ബായ കോടിപ്പോയവരാണ് പലരും. ഞാനടക്കം. വായനയുടെയും വ്യഖാനത്തിന്‍റെയും ബമ്പനായ ആദിക്കു ജനിച്ച

ശങ്കരന്‍ പോലും ഒടുവില്‍ പാടി: ‘ഭജഗോവിന്ദം മൂഢമതേ!” ഭജിക്കെടാ ഗോവിന്ദസ്വാമിയേ ശരണമയ്യപ്പാ! ------ വായനയില്‍നിന്ന് വായ്പ്പാട്ടിലേക്ക്----- വ്യാഖ്യാനത്തന്‍റെ വ്യാമോഹത്തില്‍നിന്ന് ലയത്തിന്‍റെ വിമുക്തിയിലേക്ക്. വേദവും ഖുര്‍ ആനും ബൈബിളും തോറായും സെന്‍ഡ്‌ അവസ്തയുമൊന്നും ആത്മനിലെത്തിക്കത്തില്ല. “പുസ്തകം പഠിച്ചാരും പൂരുഷനായിട്ടില്ല.” അതുകൊണ്ടാണ് ‘മഹാമുദ്രഗീത’യില്‍ തിലോപ ഇങ്ങിനെ ഉദ്ഗാനം ചെയ്യുന്നത്:

“പരാമിതയും മന്ത്രവും സൂത്രവും തത്വവും വേദപാഠങ്ങളുമൊന്നും അന്ത:സ്ഥിത സത്യത്തിലെത്തിക്കില്ല.”

മന്ത്രങ്ങള്‍ അത്ര മോശക്കാരാണെന്ന് തിലോപ പറയില്ല. എന്താണ് മന്ത്രം? (നിര്‍വ്വചനനാനുസരണം മനസ്സിനെ താരണം, ത്രാണനം, ചെയ്ത് ആത്മനിലെത്തിക്കാന്‍ സഹായിക്കുന്നത്. ആ രീതിയില്‍ മന്ത്രത്തെ ഉപയോഗിക്കുന്നവര്‍ ചുരുങ്ങും.) ഒരേ വാക്കു തന്നെ പല കുറി ആവര്‍ത്തിക്കുമ്പോള്‍ ഒരു താളമുണ്ടാകുന്നു. (ചിപ്പോള്‍ അവതാളവും. വേതാളതാളം.) ഏകതാനമായ, ഒരു വിരസതാളം. ഈ ഏകതാനത നല്ല ഉറക്കം തരും. അവനനുണ്ടാക്കുന്ന ഏകതാനതാളത്തിന്‍റെ മത്തിലങ്ങിനെ ഉറങ്ങിപ്പോകും. ആട്ടോഹിപ്നോസിസ്. സ്വയംഭോഗം പോലെയൊരു സ്വയംമോഹനിദ്ര. കാര്യം വളരെ നല്ലതാണ്. സുഖനിദ്രയ്ക്ക് ഇതിനെ വെല്ലാന്‍ വെറൊരുപായമില്ല. ഉന്മേഷത്തോടെ ഉണരാന്‍ സാദാ ഉറക്കത്തെക്കാള്‍ സഹായകമായ പഷ്ട് ടോണിക്ക്...ജീവന്‍ടോണ്‍. സാദാഉറക്കം ആഴത്തിലാവാന്‍ പെരുത്ത് പാടാണ്. ഉറങ്ങുന്നവന്‍റെ, അവളുടെ തലയിലെ സംസ്കാരം (impressions) അനുസരിച്ച് സ്വപ്നം വരും. വിചാരം വരും. അപ്പോഴാരെന്നുമെന്തെന്നുമറിയാതെ നെടുവീര്‍പ്പിട്ട് മയങ്ങിപ്പോകും. മന്ത്രം ഉരുവിടുന്നവനെ ചിന്തയും സ്വപ്നവും അങ്ങിനെ അലട്ടില്ല. മന്ത്രം തരുന്ന ഉറക്കത്തിന്‍റെ സുഖം ഒന്നു വേറെ തന്നെയാണേ! മയക്കുമരുന്നും അതു തരാ! ആള്‍ക്കൂട്ടത്തിന്‍റെ മയക്കുമരുന്നാണ് മതം (Religion is the opium of masses.) എന്ന് മാര്‍ക്സാണല്ലോ മൊഴിഞ്ഞത്. അതില്‍ ബെസ്റ്റ് കഞ്ചാവുസ്വാമിയാണ് മന്ത്രം. യോഗശാസ്ത്രത്തില്‍ അതിനു ‘നിദ്ര’യെന്നല്ല, ‘തന്ദ്ര’യെന്നാണ് ശുഭ് നാം... യോഗതന്ദ്ര.

യാങ്കികള്‍ക്ക് മഹര്‍ഷി മഹേഷ്‌ യോഗി പ്രിയങ്കരനാകാന്‍ ഒരു ഹേതുഹേതുമത് ഭൂതകാലം ഇതാണ്. ഉറക്കമില്ലായ്കയാല്‍ വലയുന്ന കൃഷീവലന്മാരാണ് പല അമേരിക്കക്കാരും. ഗുളികകള്‍ പലതു ഭുജിച്ചിട്ടും ഉറക്കം കിട്ടാതെ ഇവന്മാര്‍ ചീനവല വീശുമ്പോഴാണ് മഹേഷ്‌ ബാബു അമേരിക്കയില്‍ അവതരിക്കുന്നത്; തന്‍റെ ട്രേഡ് മാര്‍ക്കായ ടി എമ്മു (T.M. Transcendental Meditation...ഇന്ദ്രിയാതീത ധ്യാനം)മായി. ഉറക്കഗുളികയേക്കാള്‍ ആരോഗ്യകരവും പ്രയോജനപ്രദവുമാണ് ടി. എം. എന്നു മനസ്സിലാക്കിയ യാങ്കികള്‍, പറങ്കികളും, മഹേഷ്‌ ഭായിയെ പിന്നെ വിട്ടില്ല. പിടിച്ച പിടിയാലെ കുടിയിരുത്തി.

ടി.എമ്മും ഉറക്കഗുളികപോലെ ഒരു രാസവസ്തു തന്നെ. ശബ്ദവും ശരീരത്തില്‍ രാസവ്യതിയാനമുണ്ടാക്കും. അതിനാലാണ് ചില പാട്ടുകള്‍ ശ്രവിക്കുമ്പോള്‍ ഉണര്‍വുണ്ടാകുന്നതും വേറെ ചിലതു കേള്‍ക്കുമ്പോള്‍ കാമുകത്വവും സംഭോഗത്വരയും ഉണ്ടാകുന്നതും. മറ്റു ചിലത് കേട്ടാല്‍ ചൊറിഞ്ഞുവരുംതാനും. എന്നാല്‍ സംഗീതം നിറബോധത്തോടെ ശ്രുണു. അപ്പോള്‍ അതില്‍ തല്ലീനമായി അവനവനില്ലാതാകുന്ന ഒരു ക്ഷണം വരും. ആത്മാനുഭൂതിയുണ്ടാകും. ബ്രഹ്മാനുഭൂതി. അപ്പോള്‍ പറയാം: നാദം, ശബ്ദം, ബ്രഹ്മ: ഏതും അവബോധത്തോടെ ചെയ്യുന്നാകില്‍ സംഗതി നടക്കും. അതു ഭജനമായാലും, ഭോജനമായാലും, സംഭോഗമായാലും. ഭക്ഷണം പൂര്‍ണ്ണബോധത്തോടെ ആഹരിച്ചാല്‍ അന്നം ബ്രഹ്മ: മൈഥുനം ബോധത്തോടെയെങ്കില്‍ ലിംഗം ബ്രഹ്മ: യോനിയും ബ്രഹ്മ: ഹൈമവതീയോനിയില്‍ ലീനമായിരിക്കുന്ന ശിവലിംഗത്തിന്‍റെ ഒരു പൊരുള്‍ അതാണല്ലോ.

ഒരേ സ്വരത്തില്‍ ആന്തരികമായൊരു സംഗീതമുണ്ടാക്കുകയാണ് മന്ത്രത്തിന്‍റെ തന്ത്രം. കുഞ്ഞ് ഒന്നുറങ്ങാന്‍ വേണ്ടി താരാട്ടു പാടുന്ന അമ്മമാര്‍ക്കറിയാം ഈ കെണി. ഒന്നോ രണ്ടോ അര്‍ത്ഥമില്ലാത്ത വായില്‍ത്തോന്നുന്ന പദങ്ങള്‍....കുഞ്ഞി വാവോ, വാവോ... ആവര്‍ത്തിച്ചു കഴിയുമ്പോള്‍ കുഞ്ഞിവാവ ഉറങ്ങിയിരിക്കും. അതല്ലെങ്കില്‍ വാവ വാവിട്ട് കരയുമ്പോള്‍ അതിനെ നെഞ്ചോടു ചേര്‍ത്തുപിടിക്കുക. അമ്മയുടെ ഹൃദയസ്പസ്പന്ദനത്തിന്‍റെ തനിയാവര്‍ത്തനം അതിനു സംഗീതമായി അനുഭവപ്പെടും. അതുറങ്ങും. ഏകസ്വരാവര്‍ത്തനത്തിനും ഒരേ രാഗത്തിന്‍റെ ആവര്‍ത്തനത്തിനും ഇങ്ങിനെയൊരു സല്‍ഗുണമുണ്ട്. ശബ്ദത്തിന് ഗുളികയാന്‍ പറ്റും. ശബ്ദഗുളിക. പച്ചമരുന്നല്ല, ഒച്ചമരുന്ന്‍.

ഉറക്കമില്ലാത്തവന്മാര്‍ക്ക് പറ്റിയ മരുന്നാണ് മന്ത്രം. പക്ഷെ മനുഷ്യനെ പരിവര്‍ത്തനം ചെയ്ത് ബ്രഹ്മമാക്കാന്‍ അതു പോരാ. പേ പിടിച്ച ഈ സമൂഹവുമായി പൊരുത്തപ്പെട്ടു പോകാന്‍ അത് സഹായിച്ചേക്കും. മനോവിശകലനശാസ്ത്രവും ചെയ്യുന്നത് അത് തന്നെ. ഈ ഭ്രാന്തന്‍ സമൂഹത്തില്‍ നിങ്ങള്‍ക്ക് നട്ടപ്പിരാന്തു വരാതെ സാദാപ്രാന്തോടെ ജീവിക്കാ ന്‍ തക്കവണ്ണം നിങ്ങളെ പാകപ്പെടുത്തിയെടുക്കുക. പാകമാക്കിയതിനുശേഷം സമൂഹത്തിലെ മറ്റു ഭ്രാന്തന്മാര്‍ താങ്കളെ കടിച്ചു കീറിയാലും താങ്കള്‍ അതു സഹിച്ചോളും. സമൂഹത്തിന് ഭ്രാന്താണ്. ആ ഭ്രാന്ത് നിങ്ങളെ നാറാണത്തു ഭ്രാന്തനെപ്പോലെ ഒരു സിസിഫസ് (sisyphus) ആക്കി മാറ്റി കല്ലുരുട്ടിപ്പിക്കാന്‍ തുടങ്ങുമ്പോ ള്‍ സമൂഹത്തിലെ ഭൂരിപക്ഷത്തിന്‍റെ ‘നോര്‍മ്മല്‍’ ഭ്രാന്തിലേക്ക് നിങ്ങളെ തിരിച്ചുപിടിക്കുകയാണ്‌ മനോവിശ്ലേഷണവിദഗ്ദ്ധന്‍റെ ധര്‍മ്മം. കര്‍മ്മം.

ഫ്രായിഡി(Sigmund Freud)നോട് (സാഹിത്യവാരഫലം കിടുകിട്ടേട്ടന്‍റെ കൃത്യതയാര്‍ന്ന ഭാഷയില്‍ വചിച്ചാല്‍ ഫ്രായിറ്റ്) ഒരിക്കല്‍ ചോദിക്കുകയുണ്ടായി: “എന്താണ് മനോവിശ്ലേഷണത്തിന്‍റെ ഉന്നം?” ഫ്രായിറ്റിന്‍റെ മറുപടി: “ഉന്മാദം പിടിച്ച് അസന്തുഷ്ടരായവരെ സാധാരണ അസന്തുഷ്ടിയിലേക്ക് മടക്കിക്കൊണ്ടു വരിക.” ഫ്രായിറ്റ് കൂട്ടിച്ചേര്‍ക്കുന്നു: “മനുഷ്യന് ഒരിക്കലും സന്തോഷവാനായിരിക്കാനാവില്ല. ഒന്നുകില്‍ അവ ര്‍ സാധാരണ രീതിയില്‍ അസന്തുഷ്ടരായിരിക്കും. അല്ലെങ്കില്‍ ഉന്മാദ രീതിയില്‍ അസന്തുഷ്ടരായിരിക്കും. മനുഷ്യനു സന്തോഷവാനായിരിക്കുക അസാദ്ധ്യം. അസംഭവ്യം.” സാമാന്യ ജനതയെ സംബന്ധിച്ച് ഫ്രായിറ്റ് പറഞ്ഞത് വളരെ ശരി. നൂറില്‍ നൂറു മാര്‍ക്ക്. സര്‍വ്വദാ സന്തുഷ്ടരായിരിക്കാന്‍ ഒരു കബീറിനോ, ബുദ്ധനോ, തിലോപയ്ക്കോ, മീരയ്ക്കോ മറ്റേ പറ്റൂ.

സമൂഹത്തിന്‍റെ ഭ്രാന്തുമായി പൊരുത്തപ്പെടാന്‍ പറ്റാതെ ഒരു പ്രാവശ്യമെങ്കിലും ഭ്രാന്താശുപത്രിയുടെ ധര്‍മ്മാശ്രമത്തില്‍ച്ചെന്ന്‍ കടംകഥ പറഞ്ഞവരാണ് ലോകത്തിലെ ജീനിയസ്സുകളില്‍ മുക്കാല്‍പ്പേരും. പെരുമ പിന്നീട് വന്നതാണ്. നീത്ചെ(Frederic Nietzche)അതിന് നല്ലൊരുദാഹരണമാണ്. ബാക്കി കാല്‍പ്പങ്കിനെ ജനം കല്ലെറിഞ്ഞും, കുരിശിലേറ്റിയും, വിഷം കൊടുത്തും സല്‍ക്കരിച്ചു.

മനുഷ്യനുമേല്‍ പാറക്കല്ലുപോലെ ഇരിക്കുന്ന ഒന്നാണ് സമൂഹം. അതവനെ ഗഗനചാരിയാകാന്‍ സമ്മതിക്കില്ല. ആ കല്ല്‌ വലിച്ചെറിഞ്ഞ് പറക്കുന്നവന്‍റെ ചിറകരിഞ്ഞുകളയും. ഭ്രാന്തനെന്നു മുദ്രകുത്തി ലേലംചെയ്ത് പ്രാന്താസ്പ്ത്രിയിലാക്കും. അതുകൊണ്ടാണ് ഫുക്കോ(Michael Focault)എഴുതിയത്: “Madness is not a disease; it is a judgement.” ഉന്മാദം ഒരു രോഗമല്ല. അതൊരു വിധിപ്രഖ്യാപനമാണ്. സമൂഹം വ്യക്തിക്കുമേല്‍ അധ്യാരോപിക്കുന്ന (അന്യായ) വിധി.

മന്ത്രം, മനോവിശ്ലേഷണം, മതം, പള്ളി, സദാചാരം, പ്രാര്‍ത്ഥന, ക്ലബ്ബ്, രാഷ്ട്രീയപ്പാര്‍ട്ടിക ള്‍, രാഷ്ട്രസ്നേഹം, സ്വജാതിസ്നേഹം, ഇവയൊക്കെ ഈ പിരാന്തന്‍ സമൂഹവുമായി പൊരുത്തപ്പെട്ട് ജീവിതം പിഴച്ചുപോകാനുള്ള കെണിമണീസാണ്. പലകൌശലവഴികള്‍. യഥാര്‍ത്ഥ മതം പക്ഷെ സമൂഹവുമായി പോരുത്തപ്പെടുത്തില്ല. അത് അവനെയുമവളെയും പരിവര്‍ത്തനം ചെയ്തുകളയും. സമൂഹവുമായല്ല പ്രപഞ്ചവുമായി സമന്വയിപ്പിക്കും.

*

ബ്ലോഗിലേക്ക്......