സ്ഥിരപംക്തി

ആത്മവിചാരം - 8

സി. എം. രാജന്‍
ആത്മാവു തേടിപ്പോകുന്ന പലരും പിച്ചക്കാരെപ്പോലെ താടിയും മുടിയും നീട്ടി കാവിയുമുടുത്തു നടക്കുന്നത് സര്‍വ്വസാധാരണമായ കാഴ്ചയാണ്. ആത്മന്‍ നിമിത്തമല്ല ഉടല്‍ നിമിത്തമാണ് പലരും ഇത്തരത്തില്‍ ബഹുകൃത വേഷം കെട്ടിയാടുന്നത്.ജീവിതമാകെ ഒരു സിനിമാപ്പടമായിരിക്കെ ഇത്തരം പടപ്പുകളും ബഹുരസം തന്നെ. എന്നാല്‍ താടി നീട്ടാതെയും കാവി കെട്ടാതെയും ജപം, ധ്യാനം, യോഗം തുടങ്ങിയ വിദ്യകളൊന്നുമില്ലാതെയും ആത്മാവിനെ പാട്ടിലാക്കാം എന്നാണ് ജെ. കൃഷ്ണമൂര്‍ത്തിയുടെ പക്ഷം. മാത്രമല്ല, ജപം, യോഗം, തലകുത്തിനില്‍ക്ക ല്‍ തുടങ്ങിയ സര്‍ക്കസ്സുകള്‍ മനുഷ്യനെ ആത്മാവില്‍നിന്ന്‍ ആയിരം കാതം അകലെയാക്കുമെന്നാണ് അങ്ങേരുടെ അഭിപ്രായം. ചിന്തയിലും ചെയ്ത്തിലും ‘ശ്രദ്ധ’ ((attention) ഉണ്ടായാല്‍ മാത്രം മതിയെന്നാണ് ജെ. പറഞ്ഞത്. ഇക്കാലത്തെ അഷ്ടാവക്രനായിരുന്നൂ ശ്രീ ജെ. അഷ്ടാവക്രനെപ്പോലെ ഈ ദേഹവും പറഞ്ഞത് അവബോധത്തിലൂടെ (awareness) ആത്മാവിനെ അറിയാന്‍ കഴിയുമെന്നാണ്. നിങ്ങളൊരിക്കലും മറ്റൊരാളെ പിന്തുടരുത്. ആര് പറഞ്ഞാലും കേള്‍ക്കരുത്‌. ആര്‍ക്കും ശിഷ്യപ്പെടരുത്. ആരെയും ഗുരുവാക്കരുത്. ഒരു സമ്പ്രദായത്തിനും പ്രത്യയശാസ്ത്രത്തിനും അടിമകളാകരുത്. സ്ഥാപനങ്ങളില്‍ കുടുങ്ങിപ്പോകരുത്. ‘ദൈവം’, ‘ആത്മന്‍’ തുടങ്ങിയ വാക്കുകളില്‍ വിശ്വാസമര്‍പ്പിക്കരുത്. വാക്കല്ല വസ്തു; വസ്തുതയും. എല്ലാത്തിനെയും ഇങ്ങിനെ നിഷേധിച്ചു നിഷേധിച്ചു (ഇവിടെ ‘നേതി, നേതി’ ഓര്‍മ്മ വന്നേക്കാം.) സത്യത്തിലെത്താനാണ് ജെ. ജീവിതകാലംമുഴുവന്‍ മാലോകരോട് വാവിട്ടു പറഞ്ഞത്. പാവം ജെ.! ഗുരുക്കന്മാരെയെല്ലാം അടിച്ചു പുറത്താക്കാന്‍ പറഞ്ഞ ജെയ്ക്കുമുണ്ടായി നിരവധി ശിഷ്യന്മാര്‍. സ്ഥാപനങ്ങളെ തള്ളിപ്പറഞ്ഞ ജെയ്ക്കുമുണ്ടായി സ്ഥാപനം. കൃഷ്ണമൂര്‍ത്തി ഫൌണ്ടേഷന്‍. തന്‍റെ പ്രതിമകള്‍ ഉണ്ടാക്കി സ്ഥാപിക്കരുതെന്ന് പറഞ്ഞ ബുദ്ധനുണ്ടായ അതേ ഗതികേട്!

ആരെയും അംഗീകരിക്കാന്‍ അഹന്ത സമ്മതിക്കാത്ത ഡംഭന്മാര്‍ കൃഷ്ണമൂര്‍ത്തിയെ കണ്ണുചിമ്മി അംഗീകരിക്കും. ഗുരു വേണ്ട, ജപം വേണ്ട, തപം വേണ്ട, ധ്യാനാവസ്ഥയിലെത്താനുള്ള പരിശീലനങ്ങള്‍ വേണ്ട, ഒരു പണിയും ചെയ്യണ്ട. സംഗതി വെരി ഈസി! കൂട്ടത്തില്‍ ‘ശ്രദ്ധ’ വേണമെന്നു പറഞ്ഞ കാര്യം ഈ അഹങ്കാരഗര്‍ദ്ദഭങ്ങള്‍ സൌകര്യത്തില്‍ മറക്കും.ഒരു ഗുരുവിനെയും മാനിക്കരുതെന്നു പറഞ്ഞ ജെയെ ഗുരുവായി സ്വീകരിക്കുകയാണെന്ന കാര്യവും ഈ പൊട്ടക്കൂട്ടം മറക്കും.

‘ശ്രദ്ധ’ മാത്രം മതിയെന്ന് ജെ. പറഞ്ഞത് ശരി. ഒഷോയും പലകുറി പറഞ്ഞിട്ടുണ്ട്, സത്യത്തിലെത്താന്‍ ‘അവബോധം’ ഒന്നുകൊണ്ടു മാത്രം കഴിയുമെന്ന കാര്യം. പണ്ട് ബുദ്ധനും അത് തന്നെ പറഞ്ഞിട്ടുണ്ട്. അതു വികസിപ്പിച്ചെടുക്കാന്‍ അനാപാനസതി യോഗം പോലെ ചില ക്രിയകള്‍ അതിനായി നല്‍കിയിട്ടുമുണ്ട്. ഈ ശ്രദ്ധയും അവബോധവും പക്ഷെ പരിശീലിച്ചാലേ സ്വായത്തമാകൂ. അതല്ലെങ്കില്‍ അഷ്ടാവക്രനെപ്പോലെ ഗര്‍ഭത്തില്‍നിന്നേ ശ്രദ്ധയും അവബോധവുമായി വരണം. അത്തരം ഗര്‍ഭശ്രീമാന്മാര്‍ എത്രയുണ്ട്? എബടെയുണ്ട്?

ഓഷോ പറഞ്ഞത് കേള്‍ക്കാം; പറഞ്ഞത് കേട്ട് നടന്നില്ലെങ്കില്‍ കൂടി: നടക്കുമ്പോള്‍ നടക്കുക മാത്രം ചെയ്യുക. ഇരിക്കുമ്പോള്‍ ഇരിക്കല്‍ മാത്രം. ഉണ്ണുമ്പോള്‍ ഉണ്ണല്‍ മാത്രം. ഈ കറി മോശം, ആ കറി നല്ലത്, ഇത് വെന്തില്ല, അതിനു വേവ് കൂടി എന്നിങ്ങനെ മനസ്സില്‍ കമന്‍റ്റി പാടില്ല എന്നര്‍ത്ഥം. ഏതു കര്‍മ്മവും കമൻറടിക്കാതെ ചെയ്യാന്‍ പറ്റിയാല്‍ സംഗതി പറ്റി. പക്ഷെ, എത്ര പേര്‍ക്കിത് പറ്റും? പറ്റും; പരിശീലിച്ചാല്‍. സത്യമറിഞ്ഞവര്‍ ചെയ്യുന്നതതാണ്. മനസ്സുകൊണ്ട് ടിപ്പണി എഴുതാതെ അവനന്‍റെ പണി ചെയ്യുന്നു. കൂലി കിട്ടുമോ എന്ന് ശങ്കിക്കാതെ തന്നെ. (പണിയെടുക്കലാണ് നിന്‍റെ പണി, കൂലി ചോദിച്ചുപോകരുത് എന്ന് കൃഷ്ണന്‍ ഗീതയില്‍ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞു പറ്റിക്കുന്ന ചിലരുണ്ടെന്ന കാര്യം മറക്കുന്നില്ല. ആ കഥ പിന്നീട്.)

മഹാനായ ഒരു സെന്‍ ഗുരുവിനോട് ഒരാള്‍ ഒരിക്കല്‍ ചോദിച്ചു: ‘ബുദ്ധത്വം ലഭിച്ചതിനുശേഷം അങ്ങ് എന്താണ് ചെയ്യുന്നത്?’

മറുപടി: ‘വിശക്കുമ്പോള്‍ ഉണ്ണുന്നു. ഉറക്കം വരുമ്പോള്‍ ഉറങ്ങുന്നു.’

‘അത് ഞാനും ചെയ്യുന്നുണ്ടല്ലോ!’

‘ഇല്ല.നിങ്ങള്‍ ഉണ്ണുമ്പോള്‍ ഉണ്ണുക മാത്രമല്ല ചെയ്യുന്നത്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഉറങ്ങുക മാത്രമല്ല ചെയ്യുന്നത്; സ്വപ്നവും കാണുന്നുണ്ട്. നി’ന്‍റെ ചെയ്തികളെല്ലാം ബോധക്കേടിലാണ്. ഞാനും നീയും തമ്മില്‍ ഇത്ര വ്യത്യാസമേ ഉള്ളൂ: നീ ബോധമില്ലാതെ പോത്തു പോലെ ഓരോന്നു ചെയ്യും. ഞാന്‍ ഓരോന്നും സബോധവും.’

സെന്‍ ഗുരു പറഞ്ഞതു തന്നെയാണ് അടിസ്ഥാനപരമായി ജെയും ഒഷോയും പറയുന്നത്. ബോധക്കേടോടെ ഒന്നും ചെയ്യരുത്. ചെയ്യുന്നതെന്തെന്ന നല്ല അവബോധത്തോടെ മാത്രമേ എന്തും ചെയ്യാവൂ. സാധാരണ മനുഷ്യരല്ലേ നമ്മ ള്‍ എന്ന് വിശ്വസിക്കുന്ന നമ്മ ള്‍ക്ക് ബോധം വന്നാല്‍ത്തന്നെ അതു ചെയ്തിക്ക്‌ ശേഷമാണ് വരിക. വീണുകഴിഞ്ഞിട്ടാണറിയുക അയ്യോ വീണു പോയല്ലോ എന്ന്. ദേഷ്യപ്പെട്ടതിനു ശേഷമാണറിയുക ദേഷ്യപ്പെട്ടത്‌ മോശമായിപ്പോയല്ലോ എന്ന്. കള്ളുകുടിയന്മാരെക്കുറിച്ചു പറയാറില്ലേ അവന്‍ സ്വബോധത്തിലല്ലായെന്ന്?നമ്മളും കള്ളുകുടിക്കാതെ തന്നെ അബോധത്തിലാണ് മിക്ക സമയവും. ലോകത്തിലാകെ ഒരേയൊരു പാപകര്‍മ്മമേയുള്ളൂ എന്നാണ്‌ ഓഷോയുടെ മതം: ബോധമില്ലാതെ ചെയ്യുന്ന കര്‍മ്മം.

*

ബ്ലോഗിലേക്ക്......