സ്ഥിരപംക്തി

ആത്മവിചാരം 7

സി. എം. രാജന്‍
കോ സുവാന്റെ ഗുരു ഉവാച:


'മൂന്നും മനനം ചെയ്‌താൽ ശൂന്യത കാണാം.
ശൂന്യം മനനം ചെയ്‌താൽ ശൂന്യവും ശൂന്യമെന്ന് കാണാം.
ശൂന്യം ശൂന്യത്തിലേക്ക് വിലയിക്കുമ്പോൾ ശൂന്യത്തിന്റെ ശൂന്യതയും ശൂന്യമെന്ന് കാണാം.
നീചസ്ഥമായ ആ ശൂന്യതയിൽ സത്യവും അവികാരവുമായ നൈശ്ചര്യത കാണാം.
അഗാധമായ ആ നൈശ്ചര്യതയിൽ കാമനകളില്ല.
കാമനകളില്ലാത്തിടത്തു സത്തായ, മാറ്റമില്ലാത്ത, ശാന്തനൈശ്ചര്യത.
സത്യം മാറ്റമില്ലാത്തതാകുന്നു.
ഭൂവിലും ദ്യോവിലുമുള്ളതെല്ലാം വാസ്തവത്തിൽ നിശ്ചലമാണ്."

കോ സുവാൻ സൂചിപ്പിച്ച 'മൂന്ന്' മറ്റൊന്നുമല്ല; കാമാക്രോധാലോഭത്രയങ്ങൾ തന്നെ.ആത്മപ്രകാശത്തെ പുകമറയിലൊളിപ്പിക്കുന്നത്‌ ഇവ മൂന്നുമാണ്. വാസ്തവത്തിൽ ഇവ മൂന്നല്ല, ഒന്നാണ്. ലോഭകോപങ്ങളുടെ യോനിയാണല്ലോ കാമം!


മൈഥുനത്ത്വര മാത്രമല്ല കാമം. ഇഷ്ടമുള്ളതിനോട് ഒട്ടിനില്ക്കാനും അപ്രിയമായതിനെ വിട്ടുനിൽക്കാനുമുള്ള ആഗ്രഹങ്ങളെല്ലാം കാമവാസന തന്നെ. യോഗാസക്തിയും ഭോഗാസക്തി പോലെ കാമം തന്നെ. രാജാവാകാനുള്ള വാസനയും സംന്യാസിയാകാനുള്ള കൊതിയും തമ്മിൽ വ്യത്യാസമില്ല. മോക്ഷമോഹവും മായാമോഹവും കാമത്തിന്റെ രൂപഭേദങ്ങൾ തന്നെ.

കാമത്തിൽനിന്ന് ലോഭം.

( കാമത്തിൽ നിന്നാണ് ലോകവുമുണ്ടാകുന്നത്.
കാമത്തിൽനിന്നുദിക്കുന്നൂ ലോകം,
കാമത്താൽ വൃദ്ധി നേടുന്നൂ.
കാമം താൻ ശക്തി ജഗത്തിൽ;
കാമം താൻ ആനന്ദമാർക്കും.
കാമില്ലെങ്കിൽ ലോകമെവിടെ?)കാണുന്നതൊക്കെ പൂണാനുള്ള ആർത്തിയാണ് ലോഭം . ഇംഗ്ലീഷ് ഭാഷയിലെ ലവ്വ് (LOVE) എന്ന വാക്കിന്റെ ഉറവിടം സംസ്കൃതത്തിലെ ലോഭമാണ്അപരനെ അല്ലെങ്കിൽ അപരയെ ഭോഗിക്കാനുള്ള വെമ്പലാണല്ലോ സാധാരണഗതിയിലീ ലവ്വ്‌.

കാമത്തിൽ നിന്നുറവയെടുക്കുന്ന ലോഭത്താൽ ഉണ്ടും ഉറങ്ങിയും ഉണ്ണിയുണ്ടാക്കിയും പിഴച്ചു പോകുന്നതിനെയാണ് ഇഹലോക ജീവിതമെന്ന് പറയുന്നത്. "ഉണരണമിന്നിയുറങ്ങണം ഭുജിച്ചീടണമശനം, പുണരേണമെന്നിവണ്ണം അണയുമനേക വികൽപ്പം... " എന്ന് ശ്രീ നാരായണഗുരു ആത്മശതകത്തിൽ. "ആഹാര നിദ്രാധീന ലോകത്തിൽ നിരീഹനായ് ആദിമമൃതം താൻ നുകർന്നു രസിപ്പവൻ" എന്ന് വിവേകാനന്ദ സ്വാമിയെപ്പറ്റി മഹാകവി പി. പാടിയതുമോർക്കുന്നു.

കാമത്തിൽനിന്ന് മുളപൊട്ടുന്ന ലോഭം സാക്ഷാത്കരിക്കുന്നതിന് വിഘ്നം വരുമ്പോൾ ചിലർ വിഘ്നേശ്വരനെ വിളിക്കും. മിക്കവരും കുപിതരാകും. കോപത്താൽ കണ്ണു കാണാതാകും. ആന്ധ്യത്താൽ പഠിച്ചതെല്ലാം പിഴക്കും. നാശകോശമാകും. ഗീതയിൽ കൃഷ്ണൻ അർജ്ജുനന് കാമത്തിന്റെയും അതിന്റെ പരിണതിയുടെയും ഒരു ഫ്ലോ ചാർട്ട് വരച്ചു കൊടുത്ത് മനുഷ്യൻ

ആത്മവിസ്മൃതനാകുന്നതെങ്ങിനെയെന്ന് ഇങ്ങിനെ പാടുന്നു:

"ധ്യായതേ വിഷയാൻ പുംസ:
സംഗസ്തേഷൂപ ജായതേ
സംഗാത് സംജായതേ കാമ:
കാമാത് ക്രോധോഭി ജായതേ
ക്രോധാത് ഭവതി സമ്മോഹാത്
സമ്മോഹാത് സ്മൃതിവിഭ്രമ:
സ്മൃതിഭ്രംശാത് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി."


വിഷയം - സംഗം -കാമം - കോപം -മോഹം - സ്മൃതിഭ്രംശം -ബുദ്ധിനാശം -ആകെ നാശം. അങ്ങിനെ പോകുന്നു കൃഷ്ണന്റെ ഫ്ലോ ചാർട്ട്. കോപനിവാരണത്തിനു വേണ്ടി Anger Management പരിശീലിക്കുന്നവർ അറിയണം, കോപം ഹേതുവല്ല, ലക്ഷണമാണ്. കോപമില്ലാതിരിക്കണമെങ്കിൽ കാമമില്ലാതിരിക്കണം. കാമമുള്ളിടത്തേ കോപമുണ്ടാകൂ.

പുറത്ത് വിഷയങ്ങൾ ഉണ്ടായിക്കോട്ടെ. കുഴപ്പമില്ല.വിഷയങ്ങളുമായി നമ്പൂരിയെപ്പോലെ നേരമ്പോക്കിനിറങ്ങുമ്പോഴാണ്കുഴപ്പം.കാമമാണ്‌ കദനഹേതു. ശ്രീ ബുദ്ധുനും പറഞ്ഞതതാണ്:

സംസാരം കദനഭരം.
കദനഹേതു കാമം.
കാമനിഗ്രഹം കദനനിവാരണമാർഗ്ഗം.


കാമനകൾ അങ്കുരിക്കാത്ത, കാമതരംഗങ്ങൾ ഇല്ലാത്ത സ്വച്ഛശാന്തനീരവനൈശ്ചര്യശൂന്യതയാണ് ആത്മൻ. എന്ന് കോ സുവാന്റെ ഗുരു പറയുന്നു. ഈ ശൂന്യത കരഗതമായി എന്നു കരുതുന്നവൻ മണ്ടഗണേഷ് ആണ്. ശൂന്യത ഒരനുഭവമല്ല. അനുഭവിക്കാൻ ഒരു അനുഭവി ഇല്ലാതിരിക്കുമ്പോൾ ഉദിക്കുന്ന ഒരു അഭാവത്തിന്റെ സാന്നിദ്ധ്യമാണത്. അനുഭവി ഉള്ളിടത്തോളം അഭാവം പൂർണ്ണമാകുന്നില്ലല്ലോ. അതിനാലാണ് ഉപനിഷത്തുകൾ പറയുന്നത്‌, ഞാൻ സത്യത്തെ, പൂർണ്ണത്തെ, ശൂന്യതയെ അറിഞ്ഞു എന്നു പറയുന്നവൻ അതിനെ അറിയാത്തവനാണ്.

*

ബ്ലോഗിലേക്ക്......