സ്ഥിരപംക്തി

ആത്മവിചാരം - 5

സി. എം. രാജന്‍
ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമോ എന്ന് ചോദിച്ച ഒരാളോട് ഓഷോ ഇങ്ങിനെ പ്രതിവചിച്ചു: “ഇല്ല മാഷേ,ഒട്ടുമില്ല! നിങ്ങളില്ലാതിരിക്കെ നിങ്ങളെ എങ്ങിനെ ഞാന്‍ അറിയും?”

ഞാന്‍് ഉപരിതലത്തില്ലേ? എന്‍റെ ആഴത്തില്‍ ആരുമില്ലല്ലോ? ഞാന്‍ ആരാണെന്ന് എനിക്കറിയില്ല. ഞാന്‍ ആരല്ല എന്നേ എനിക്കറിയൂ. ഞാന്‍ രാജനല്ല. നായരല്ല. ജനാര്‍ദ്ദനന്‍ നായരുടെയും പത്മിനിയമ്മയുടെയും മകനല്ല. ചന്തേരക്കാരനല്ല മലയാളിയല്ല. ഭാരതീയനല്ല. മാഷല്ല. മാനുഷനല്ല. മൃഗവുമല്ല.(മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല.) ഞാന്‍ അതുമല്ല. ഇതുമല്ല. നേതി,നേതി. അങ്ങിനെയുള്ള എന്നെ എനിക്കു തന്നെ അറിയാന്‍ പറ്റില്ല. പിന്നല്ലേ മറ്റൊരാളെ! എനിക്കു നിന്നെ നന്നായറിയാം എന്ന് എന്നോടു പറയുന്നവരോട് എന്തു പറയാനാണ്? കഷ്ടം!

നാഗസേനന്‍റെ കഥ പോലെ ബോധിധര്‍മ്മന്‍റെ ഒരു കഥയുണ്ട്. ബുദ്ധന്‍റെ ധ്യാനപദ്ധതിയുമായി മൂപ്പിലാന്‍ ചീനത്തെത്തുന്നു. ചീനസാമ്രാട്ട് മൂപ്പരെ സ്വീകരിക്കുന്നു. ചോദിക്കുന്നു: “ഒരുപാടു പഗോഡകള്‍ പണി തീര്‍ത്ത എനിക്കു സ്വര്‍ഗ്ഗം കിട്ടില്ലേ?” ബോധിധര്‍മ്മന്‍ പറയുന്നു: “നരകം കിട്ടും.”

ഷോക്ക് കിട്ടിയ രാജന്‍ ചൊടിക്കുന്നു: “ആയിരത്തിലധികം അമ്പലങ്ങള്‍ കെട്ടിയ, പതിനായിരത്തിലധികം ബുദ്ധഭിക്ഷുക്കളെ തീറ്റുന്ന എനിക്കു നരകമോ?”

“സ്വര്‍ഗ്ഗം കിട്ടുമെന്ന നിന്‍റെ അഹങ്കാരം മാത്രം മതി നിനക്ക്‌ നരകം കിട്ടാന്‍.”

“ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയുമോ?”

“നീയാരുമല്ല. അനന്തവിശാലമായ ഒരു ശൂന്യത മാത്രം.”

“അപ്പോള്‍ എന്‍റെ മുമ്പി ല്‍ നില്‍ക്കുന്ന നിങ്ങളാരാണ്?”

“എനിക്കറിയില്ല.”

എനിക്ക് എന്നെ അറിയാമെന്നു വന്നാല്‍ ഞാന്‍ രണ്ടായി. ഞാന്‍ ആരെന്ന എന്‍റെ അറിവും അതറിയുന്ന ഞാനും. പക്ഷെ എന്നെക്കുറിച്ചുള്ള എന്‍റെ അറിവ് ഞാന്‍ ആകില്ലല്ലോ! അറിയുന്നവനല്ലേ ഞാന്‍ ! അറിയുന്നവന്‍ എപ്പോഴും അറിയപ്പെടാതെയിരിക്കുന്നു. എനിക്ക് എന്നെ അറിയില്ല. ഇതാണ് ആത്മജ്ഞാനം. ആത്മാനുഭവത്തിന്‍റെ വിരോധാഭാസം. അതുകൊണ്ടാണ് പണ്ട് സോക്രട്ടീസ് പറഞ്ഞത്: “എനിക്കൊന്നേ അറിയൂ, എനിക്കൊന്നുമറിയില്ല.” {അത്രയെങ്കിലുമറിയുമല്ലോ എന്ന് ലാവോ ത്‍സുവെപ്പോലുള്ള മഹാജ്ഞാനികള്‍ പരിഹസിക്കും.}

ഉള്ളിലേക്കിറങ്ങിയിറങ്ങിപ്പോയാല്‍ ഒരു സുദിനം ശൂന്യതയിലെത്തും. ചക്രം നിലനില്‍ക്കുന്നതും വട്ടം കറങ്ങുന്നതും കേന്ദ്രത്തിലെ ശൂന്യമായ കേന്ദ്രമുള്ളതുകൊണ്ടാണെന്ന് അനുഭവസ്ഥമാകും.കലത്തിന്റെ കാതല്‍ അതിന്‍റെ ഭിത്തിയല്ലെന്ന് അനുഭവപ്പെടും. കലത്തിന്‍റെ കാതല്‍ അതിലെ കാലിസ്ഥലിയിലാണെന്നറിയും. ചട്ടിയിലൊന്നുമില്ലല്ലോ എന്ന് കരയുന്നവര്‍ പാമരര്‍.ചട്ടിയില്‍ ഒന്നുമില്ലാത്തതുകൊണ്ടല്ലേ അതില്‍ അരിയും പരിപ്പുമിട്ട് വേവിക്കാന്‍ പറ്റുന്നത്! എന്റെ ചട്ടിത്തലയില്‍ വിചാരവികാരങ്ങളുടെ കച്ചറ നിറക്കാന്‍ പറ്റുന്നത് അത് കാലിയായതുകൊണ്ടല്ലേ! ആ കച്ചറ മുയ്മനും കാലിയാക്കിയാല്‍ ബാക്കിബരുന്നത് ഞമ്മള്‍.. അതുകൊണ്ടല്ലേ ലാവോ ത്‍സു താവോ ഒരു കാലിക്കലമാണെന്ന് പറഞ്ഞത്.

“താവോ ഒരു കാലിക്കലം;അതിന്‍റെ പ്രയോജനമോ അക്ഷയം, അഗാധം.”

(Tao is a hollow vessel;And its usefulness is inexhaustible, fathomless.)


ഈ കാലിസ്ഥലത്തെ ശൂന്യതയെന്നു വിളിക്കുമ്പോള്‍ അത് ശൂന്യതാവാദമാണെന്നും നിഹിലിസമാണെന്നും പഴിക്കപ്പെട്ടേക്കാം. ബുദ്ധനെ നിഹിലിസ്റ്റെന്നു വിളിച്ച വിദ്വാന്മാര്‍ കുറവല്ല. ശൂന്യതയെ ഋണാത്മകമായി മാത്രം കാണുന്നതിന്‍റെ കുഴപ്പമാണത്. നോട്ടപ്പിശക്. എതിന്‍റെയോ ഒരു അഭാവമാണ് ഈ ശൂന്യത എന്ന തോന്നലില്‍ നിന്ന് വരുന്ന പിശക്. എന്തിന്‍റെയെങ്കിലും അഭാവമല്ല, അനന്തതയുടെ സാന്നിദ്ധ്യമാണത്.

*

ബ്ലോഗിലേക്ക്......