സ്ഥിരപംക്തി

ആത്മവിചാരം - 4

സി. എം. രാജന്‍
മനം ഉണ്ടാക്കിത്തീർക്കുന്ന വെറുമൊരു ആശയമാണ് ആത്മൻ, സ്വത്വം എന്നൊക്കെ പറയപ്പെടുന്നത്. തനിക്കൊരു സ്വത്വമുണ്ടെന്ന് അഹങ്കരിക്കുന്നവൻ തന്നോട് തന്നെ ചോദിക്കട്ടെ: താൻ ആരാണ്? കോന്തുണ്ണി എന്നാണു തന്റെ പേരെങ്കിൽ താൻ കോന്തുണ്ണിയാണെന്നു പറയും. നായരാണെന്നോ ഹിന്ദുവാണെന്നോ പറഞ്ഞേക്കാം. ഭാരതീയനാണെന്നോ ഏഷ്യനാണെന്നോ പറഞ്ഞേക്കാം. മാഷാണെന്നോ മഴപ്പാറ്റയാണെന്നോ നിർവ്വചിച്ചേക്കാം. പക്ഷെ താൻ ഇതൊന്നുമല്ലല്ലോ! ഉള്ളിയുടെ പോളയടർത്തും പോലെ ഈ നിർവ്വചനങ്ങളെല്ലാം അടർത്തി എറിഞ്ഞു കളഞ്ഞാൽപ്പിന്നെ താനാരാണ്? ആരുമല്ല. ഒന്നുമല്ല. വചിക്കാനൊന്നുമില്ലാതെ വായില്ലാക്കുന്നിലപ്പനായി മിഴിച്ചിരിക്കാനെ ഒക്കത്തുള്ളൂ.

ഒരിക്കൽ നാഗസേനൻ എന്ന ബുദ്ധഭിക്ഷുവിനെ മിളിന്ദൻ എന്ന രാജാവ് കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. വിളിക്കാൻ ചെന്ന ചങ്ങാതി പരിഭ്രമിച്ചു മടങ്ങി വന്നു. നാഗസേനന്റെ മറുപടിയാണ് മൂപ്പരെ കുഴക്കിയത്:

"നാഗസേനൻ എന്നൊരാളില്ലെന്ന് രാജനോട്‌ പറയൂ. രാജൻ പറഞ്ഞാൽ ഞാൻ വരും. എന്നാൽ ഞാൻ എന്നൊരാൾ ഇല്ലെന്നു രാജനോട്‌ പറഞ്ഞേക്ക്. കുറേക്കാലമായി ഞാനില്ലാതായിട്ട്."

മറുപടി കേട്ട മിളിന്ദരാജനും പരിഭ്രമിച്ചു:

"നാഗസേനൻ ഇല്ലെകിൽ പിന്നെയാരാണ് വരുന്നത്? നാഗസേനനില്ലെങ്കിൽ നാഗസേനനെങ്ങിനെ വരും? വരട്ടെ . ചോദിക്കാം."

നാഗസേനൻ വന്നു. മിളിന്ദൻ അദ്ദേഹത്തെ സ്വീകരിച്ചു; ചോദിച്ചു:

"താങ്കൾ ഇവിടേക്ക് വന്നിരിക്കുന്നു. എങ്കിലും താങ്കൾ ഇല്ലായെന്നു താങ്കൾ പറയുന്നു. താങ്കളില്ലെങ്കിൽ പിന്നെയീ വന്നതാരാണാവോ?"
നഗസേനൻ പറഞ്ഞു:

"ഇപ്പോഴും ഞാൻ ഇല്ലേയില്ലായെന്ന് പറയുന്നു."

"ഇല്ലാത്ത ഒന്നിന് എങ്ങിനെ ഇവിടെ വരാൻ പറ്റും? താങ്കൾ ഇവിടെ വന്നിരിക്കുന്നു. അപ്പോൾ താങ്കൾ ഇല്ലെന്ന് എങ്ങിനെ പറയും?"

നാഗസേനൻ താൻ വന്ന തേര് ചൂണ്ടിച്ചോദിച്ചു:

"രാജൻ ഇതിനെ തേരെന്നു വിളിക്കുമോ?"

"ഉവ്വ്."

"ഈ കുതിരകളാണോ തേര്?"

"കുതിരകളെങ്ങിനെ തേരാകും?"

നാഗസേനൻ കുതിരകളെ അഴിച്ചു മാറ്റാൻ പറഞ്ഞു.

"ഈ ചക്രങ്ങളാണോ തേര്?"

"അല്ല. "

ഓരോന്നോരോന്നായി തേരിൽ നിന്നഴിച്ചു മാറ്റിക്കൊണ്ട് നാഗസേനൻ തുടർന്നു :

"ഈ ഇരിപ്പിടമാണോ തേര്?"

"അല്ല."

"ഈ മേലാപ്പ്?'

"അല്ല."

"ഈ ചാട്ടവാർ?"

"അല്ലേയല്ല."

പ്രശ്നോത്തരിയുടെ ഒടുവിൽ തേരിരുന്ന സ്ഥലം ശൂന്യമായി.
"അപ്പോൾ ഞാൻ വന്ന തേരെവിടെ? തേര് ഞാൻ അഴിച്ചു മാറ്റിയിട്ടില്ല. അഴിച്ചു മാറ്റിയതൊന്നും തേരല്ലെന്നു താങ്കളും സമ്മതിച്ചതാണ്. അപ്പോൾ തേരെവിടെ? ഇതേ തേരിന്റെ സ്ഥിതി തന്നെ നാഗസേനനായ എന്റേതും. ഓരോ ഭാഗങ്ങളായ് അഴിച്ചുമാറ്റിയാൽ നാഗസേനനില്ലാതാകും. നാഗസേനൻ ഒരു വ്യക്തിയല്ല. ഒരു സംഘാതമാണ്. "

സ്വതം, ആത്മൻ, ഞാൻ എന്നൊക്കെ പറയപ്പെടുന്നത് ഒരു പാട് ഘടകങ്ങളുടെ ഒരു സംഘാതമാണ്‌..... . ഘടകങ്ങൾ അഴിച്ചു മാറ്റൂ. പിന്നെ ഞാനില്ല. ബോധത്തിൽ നിന്ന് വിചാരവികാരങ്ങൾ തൂത്തെറിയൂ. പിന്നെ 'ഞാൻ' എന്നു പോയിട്ട് ഒന്നും പറയാൻ പറ്റാതെ ആനവായ പൊളിച്ചിരിക്കും. അപ്പോൾ ആരെങ്കിലും ഒരു അമ്പഴങ്ങ വായിൽ വെച്ചാൽ ഭാഗ്യം! ചിന്തകളുടെ പൊടിയടിച്ചു ശുദ്ധമാക്കിയാൽ പിന്നെ സ്വതമില്ല. താനുണ്ട്, എന്നാൽ താനില്ലാ എന്ന അവസ്ഥ.

അതിരുകളില്ലാത്ത ഒരു അഭാവത്തിന്റെ സാന്നിദ്ധ്യം. ശൂന്യത. കൃഷ്ണൻ അതിനെ ആത്മൻ എന്നും, ക്രിസ്തു ദൈവരാജ്യമെന്നും, തിലോപ മഹാമുദ്രയെന്നും, ഋഷികൾ ബ്രഹ്മമെന്നും, എക്കാർറ്റ് റ്റൊളെ സാന്നിദ്ധ്യ (presence}മെന്നും, ബുദ്ധൻ നിർവ്വാണമെന്നും, കൃഷ്ണമൂർത്തി the ground of Being എന്നുമൊക്കെ വിളിക്കുന്നു. ഏകം സദ്‌ വിപ്രാ ബഹുധാ വദന്തി...


*
ബ്ലോഗിലേക്ക്......