സ്ഥിരപംക്തി

ആത്മവിചാരം - 3

സി. എം. രാജന്‍
സത്ത് രണ്ടില്ല. ഒന്നേയുള്ളൂ.അതാണ്‌ സത്യം. ആ സത്യമാണ് ആത്മാവ്. ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവിൽ എന്ന് എഴുത്തച്ഛൻ പാടിയിട്ടും ഒരച്ഛനും അത് ബോദ്ധ്യപ്പെടുത്തി തരാനായിട്ടില്ല.അനുഭവിച്ചാലേ അതറിയൂ.കൊണ്ടാലേ പഠിക്കൂ.

കണ്ട അണ്ടനും അടകോടനും വെവ്വേറെ ആത്മാവുണ്ടെന്ന് നണ്ണുന്നത് മുട്ടൻ മണ്ടത്തരമാണ്.അങ്ങിനെ ഒരു ധാരണ ഉണ്ടാക്കിയെടുത്തത് പണ്ഡിതന്മാരാണ്.
"ഏകം സദ്‌ വിപ്രാ ബഹുഥാ വദന്തി!"
സത്യം ഒന്നേയുള്ളൂ. വിദ്വാന്മാർ അതിനെ പല രീതിയിൽ പറഞ്ഞ് മറ്റുള്ള മനുഷ്യർക്ക്‌ കൂടി പ്രാന്താക്കി.

ജീവാത്മാവ് എന്നൊരാത്മാവും പരമാത്മാവെന്ന് വേറൊരാത്മാവും ഉണ്ടെന്നു പറഞ്ഞു പറ്റിച്ചത് ഈ പണ്ഡിത വിഡ്ഢികളാണ്. ആടിനെ പട്ടിയാക്കാൻ പടുത്വമുള്ളവരാണ് പണ്ഡിതന്മാർ. അതുകൊണ്ടാവണം ആത്മാവേയില്ല, അനാത്മാവാണ് അമ്മയാണെ സത്യം എന്ന് ശ്രീ ബുദ്ധൻ പറഞ്ഞത്.

ആകാശത്തിലെ ചന്ദ്രനെപ്പോലെ സത്യമാണ് കുളത്തിലും കിണറ്റിലും ആറ്റിലും ചെളിയിലും കാണുന്ന ചന്ദ്രൻമാർ എന്ന് തോന്നിയാൽ അത് തോന്ന്യാസം. എല്ലാ തെണ്ടികളിലും ഓരോ ആത്മാവുണ്ടെന്നു പറയുന്നത് അതുപോലൊരു തോന്ന്യാസമാണ്.കുളത്തിൽ ചന്ദ്രനുണ്ടെങ്കിലും ചന്ദ്രനിലല്ലോ. ചന്ദ്രന്മാരില്ല, ചന്ദ്രനേകമേ ഉള്ളൂ എന്ന് പറഞ്ഞാൽ ഒരു പക്ഷേ കുളം സമ്മതിച്ചെന്നു വരില്ല. എന്നാൽ അതാണല്ലോ സത്യം. അത് മാത്രമാണല്ലോ സത്യം. കുളം വറ്റിയാൽ ചന്ദ്രനെ കാണണമെങ്കിൽ മാനത്തേക്ക് തന്നെ നോക്കണം. ചത്തുകഴിഞ്ഞാൽ ജീവാത്മാവിനെ നോക്കിയിട്ട് കാര്യമില്ല. കാരണം ആത്മാവൊന്നേയുള്ളൂ . പരമാത്മൻ മാത്രം. അതുകൊണ്ടാണ് കവിയുടെ കാല്പ്പാടുകളിൽ കവി പി . പറയുന്നത്: ഘടാകാശമെന്നൊന്നില്ല, ഒരേ ഒരാകാശമേയുള്ളൂ . ഘടം തനിക്കു സ്വന്തമായി ഒരാകാശമുണ്ടെന്നു ധരിച്ചു വശാകുന്നത് പോലെയാണ് ഓരോ അവനും അവളും തനിക്കു സ്വന്തമായൊരാത്മാവുണ്ടെന്നു മോഹിക്കുന്നത്.

ഘടാകാശം, ചിദാകാശം, നീലാകാശം അങ്ങിനെ വെവ്വേറെ ആകാശങ്ങളില്ല. ഒന്നേയുള്ളൂ ആകാശം.കുടത്തിനു തന്റെ ആകാശം കുടാകാശം എന്ന് തോന്നുന്നതിനെയാണ് മായ എന്ന് പറയുന്നത്. കുളത്തിനു കുളച്ചന്ദ്രൻ എന്റെ സ്വന്തം ചക്കര ചന്ദ്രൻ എന്ന് തോന്നുന്നതാണ് മായ.

അവനനെ തിരഞ്ഞു പോയവരൊക്കെ അവസാനം അവനവനാണ് കടമ്പ എന്ന് തിരിച്ചറിഞ്ഞവരാണ്. തനിക്കു സ്വന്തമായി ഒരാത്മനുണ്ടെന്ന വിചാരം തന്നെ ഏറ്റവും വലിയ കടമ്പ; കടംകഥ. ഒക്കെ ഒരു കഥയില്ലായ്മ ആണെന്നറിഞ്ഞു പിന്നീട് പൊട്ടിച്ചിരിച്ചവരാണ് ആത്മാവിനെ തേടിപ്പിടിചവരെല്ലാം. അവരെല്ലാവരും സെൻ ബുദ്ധൻമാരെപ്പോലെ വാഴ്വും മായ, ഞാനും മായ എന്ന് അട്ടഹസിച്ചവരാണ്.

*

ബ്ലോഗിലേക്ക്......