സ്ഥിരപംക്തി

ആത്മവിചാരം - 2

സി. എം. രാജന്‍
ആത്മാവിനെക്കുറിച്ചെന്നതുപോലെ ജീവിതത്തെക്കുറിച്ചും തല പുകച്ചും കരിച്ചും വിചിന്തനം ചെയ്ത വിദ്വാന്മാരും കുറവല്ല.

("ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനെ" എന്ന് കരയുന്നവൻ ജീവിതമെന്തെന്നറിയാതെയാണ് കരയുന്നത്.) ജീവിതത്തെ പലരും പലതരത്തിൽ നിർവ്വചിച്ചിട്ടുണ്ട്. അവയിൽ വെച്ചേറ്റവും സംക്ഷ്പിതവും കണിശവുമായതു കണ്ടിട്ടുള്ളത് ഗീതയിലാണ്:'മാത്രാസ്പർശാസ്തു'... (ഈ ഒരു നിർവ്വചനം ശ്രദ്ധയിൽ വന്നത് തൃശ്ശൂരിലെ ഭൂമാനന്ദജിയുടെ പ്രഭാഷണം ശ്രവിച്ചതിനാലാണ്. ഭൂമാനന്ദജിക്കു പ്രണാമം!) മാത്രകളും സ്പർശങ്ങളുമാണ് ജീവിതം. ഈ ഒരു നിർവ്വചനം വരുന്ന ശ്ലോകത്തിന്റെ പൂർണ്ണരൂപമിതാ:

മാത്രാസ്പർശാസ്തു കൌന്തേയ

ശീതോഷ്ണസുഖദു:ഖദാ:

ആഗമാപായിനോf നിത്യാ:-

താൻ തിതിക്ഷസ്വ ഭാരത

മാത്രകളെ ഇന്ദ്രിയഗ്രാമങ്ങൾ സ്പർശിക്കുമ്പോൾ ചൂടും സുഖവും തണുപ്പും ദു:ഖവുമെല്ലാം വരുന്നതും വിടവാങ്ങുന്നതുമാണെടാ ജീവിതം! ഇന്ദ്രിയങ്ങളാൽ അളക്കാൻ കഴിയുന്നതൊക്കെ മാത്രകൾ; കണ്ണിനും കാതിനും നാക്കിനും മൂക്കിനും ത്വക്കിനും വിഷയമാകുന്നതൊക്കെ. അതായത് ഈ ദുനിയാവ് പറ്റെ! ആകയാൽ അന്ധന്റെ ദുനിയാവ്മൂകന്റെതിൽ നിന്നും ബധിരന്റെതിൽ നിന്നും തുലോം വിഭിന്നമായിരിക്കും. കോരന്റെ ലോകമല്ല കോമന്റെതെന്നു ചുരുക്കം.

മാത്രകൾ ഇന്ദ്രിയങ്ങളിൽ ആഘാതമുണ്ടാക്കുമ്പോൾ സ്പർശം ജനിക്കുന്നു. (ആധുനിക മന:ശാസ്ത്രത്തിന്റെ ഭാഷയിൽ മാത്രകളെ stimulus എന്നും സ്പർശത്തെ response എന്നും വിളിച്ചോളാൻ നിത്യചൈതന്യ യതി വര്യൻ ഭഗവദ്ഗീതാ സ്വാദ്ധ്യായത്തിൽ പറയുന്നു.) സ്പർശമുണ്ടാകുന്നതുകൊണ്ട് കുഴപ്പമില്ല. കുഴപ്പം സ്പർശത്തെ ഇഷ്ടപ്പെടുകയോ അനിഷ്ടമായ് അനുഭവിക്കുകയോ ചെയ്യുന്നതിലാണ്. പ്രിയമായ സ്പർശം ആവർത്തിക്കപ്പെടണമെന്ന അത്യാർത്തിയും അപ്രിയസ്പർശത്തെ അവഗണിക്കാനുള്ള പ്രയത്നവും കൂടുതൽ ഗുലമാലുണ്ടാക്കും. സ്പർശം ചൂടും സുഖവും തണുപ്പും അനിഷ്ടവും തന്നു വന്നുപോയിക്കൊണ്ടിരിക്കുന്നത് ചുമ്മാ നോക്കിയിരുന്നാൽ കുഴപ്പമില്ല. പക്ഷെ, കാര്യങ്ങൾ അങ്ങിനെയല്ലല്ലോ വന്നു ഭവിക്കാറ്!

ഞാൻ മീനാക്ഷിയെ കാണുന്നു. മീനാക്ഷി ഒരു മാത്രയാണ്. എന്റെ കണ്ണുകളിൽ അവൾ ആഘാതമുണ്ടാക്കുന്നു. എന്റെ കാതുകളിൽ അവളുടെ വാക്കുകൾ ആഘാതമുണ്ടാക്കുന്നു. എന്റെ ഇന്ദ്രിയങ്ങളിലെല്ലാം മീനാക്ഷിയെന്ന മാത്ര ആഘാതമേൽപ്പിക്കുന്നു. All my five senses get bombarded by the molecular conglomeration called മീനാക്ഷി. അവൾക്ക് മാങ്ങയുടെ മണമാണ്. ചക്കയുടെ രസമാണ്. ചാക്കിന്റെ നിറമാണ്. മീനാക്ഷിയെന്ന തന്മാത്രാസംഘാതത്തിന്റെ ആഘാതത്താൽ ഉളവാകുന്ന സ്പർശം എനിക്ക് സുഖദമായ് അനുഭവപ്പെടുന്നു.

ആ സുഖസ്പർശത്തിനായി ഞാൻ പുന: പുന: കൊതിക്കുന്നു. മീനാക്ഷിയെ ഞാൻ പ്രേമിക്കുന്നു. ഞാനവളെ "ചക്കേ , ചക്കരേ" എന്നൊക്കെ വിളിക്കുന്നു. ഷോപ്പിങ്ങിനും സിനിമക്കും കൊണ്ടുപോകുന്നു.

മീനാക്ഷിയെന്ന തന്മാത്രാഗ്രാമം എന്റെ ഇന്ദ്രിയഗ്രാമത്തിൽ അസുഖസ്പർശ മാണുണ്ടാക്കുന്നതെങ്കിൽ ഞാനവളെ ''കാളീ ,ഭദ്രകാളീ, മായേ, മഹാമായേ" എന്നൊക്കെ വിളിക്കുന്നു;വെറുക്കുന്നു .

എന്നാൽ, എന്റെ ഇന്ദ്രിയങ്ങളിൽ മീനാക്ഷി ആഘാതമുണ്ടാക്കി സ്പർശാനുഭവമുണ്ടാക്കിയാലും, ഞാൻ ആ സ്പർശത്തെ സുഖമെന്നൊ അസുഖമെന്നൊ തരംതിരിക്കാതെ വെറുതെ നോക്കിനിന്നാൽ പ്രേമമോ വിദ്വേഷമോ അങ്കുരിക്കില്ല.

ആഘാതം

മാത്ര___________________ ഇന്ദ്രിയം ________________ സ്പർശം:ഇവിടെ വരെ മാത്രമാണ് സംഗതിയെങ്കിൽ കാര്യങ്ങൾ ഭദ്രം!

മാറ്റർ എന്ന ഇംഗ്ലീഷ് വേഷം ഉയിരെടുക്കുന്നത് മാത്ര എന്ന സംസ്കൃത മൂലത്തിൽ നിന്നാണ്. മീറ്ററിന്റെ തന്തയും മാത്ര തന്നെ. what is measurable is matter.അളക്കപ്പെടാൻ കഴിയുന്നതെന്തും മാത്രയാകുന്നു.

അളക്കപ്പെടാൻ കഴിയുന്നതെന്തും മാത്രയെന്നു പറയുമ്പോൾ അതിൽ ദ്രവ്യം മാത്രമല്ല ഊർജ്ജവും പെടും. മാത്രാപ്രവാഹമല്ലോ ഊർജ്ജം! വായുവും വെള്ളവും വെളിച്ചവുമെല്ലാം മാത്രകൾ തന്നെ. സുഖമരുളുന്ന ചിന്തകളും അസുഖമരുളുന്ന ചിന്തകളും ഉള്ളതിനാൽ ചിന്തകളും മാത്രകൾ തന്നെ. സ്വപ്നങ്ങളും. ഈ വഹ മാത്രകളുമായി നിരന്തര സമ്പർക്കത്തിൽ ഇന്ദ്രിയങ്ങൾ ഏർപ്പെടുന്നതിനെയാണ് സാംസാരികജീവിതമെന്ന് പറയുന്നത്.

ഈ മാത്രകളിൽനിന്നൊക്കെ ഇന്ദ്രിയങ്ങളെ, ആമ തന്റെ അവയവങ്ങളെയൊക്കെ തോടിനുള്ളിലേക്ക് വലിക്കുന്നതുപോലെ, പിൻവലിച്ചാൽ പിന്നെ ലോകാനുഭവമില്ല . ലോകമേയില്ലെന്നു പറയാം. കണ്ണും കാതും നാക്കും മൂക്കും ത്വക്കും ഇല്ലാത്തവന് പിന്നെന്ത് ലോകം, കാലം? വാഴ്‌വേ മായം!

അപ്പോൾ ആരാണിവരിൽ കേമൻ:ലോകമോ, ഇന്ദ്രിയഗ്രാമമോ?ഇന്ദ്രിയങ്ങൾ തന്നെ. എന്നാൽ ഇന്ദ്രിയങ്ങളിലുണ്ടാകുന്ന സ്പർശം സുഖമെന്നും അസുഖമെന്നും ചൂടെന്നും തണുപ്പെന്നും പറഞ്ഞു തരുന്നവനാർ? അത് മനസ്സല്ലോ. അപ്പോൾ മനസ്സ് ഇന്ദ്രിയങ്ങളെക്കാൾ കേമൻ. എന്നാൽ ഈ സുഖം നല്ലത്, ആ സുഖം ചീത്ത എന്നൊക്കെ വിവേചിക്കുന്നതാർ? അതാണ്‌ ബുദ്ധി. അപ്പോൾ ബുദ്ധി മനസ്സിനും മീതെയായി. ഈ ബുദ്ധിക്കുമപ്പുറത്തല്ലോ ഞാൻ ആത്മൻ! അപ്പോൾ ആത്മാവാണ് കെങ്കേമൻ! അമ്പട കേമാ!

ലോകം സ്ഥൂലം. ഇന്ദ്രിയങ്ങൾ സൂക്ഷ്മം. മനം സൂക്ഷ്മതരം. ബുദ്ധി സൂക്ഷ്മതമം. പിന്നെ ശൂന്യം. ആത്മൻ.


ഇന്ദ്രിയാണി പരാണ്യാഹു:-

ഇന്ദ്രിയേഭ്യ പരം മന:

മനസസ്തു പരാ ബുദ്ധി:-

യേ ബുദ്ധ്യേ പരതസ്തുസ.

ഇതേ തത്ത്വം കഠോപനിഷത്തിലും കാണാം. കാലനെ വിഷമവട്ടം ചുറ്റിച്ച നചികേതസ്സ് നായകനായ കഠോപനിഷത്ത്. കഠിനം തന്നെ കഠം. ആ കഠത്തിൽ ജീവിതത്തിന്റെ കടംകഥയുടെ കെട്ടഴിയുന്നതിങ്ങനെ:

ശരീരം ഒരു തേര്. തേര് വലിക്കുന്ന കുതിരകൾ ഇന്ദ്രിയങ്ങൾ. കടിഞ്ഞാണ്‍ മനം. മനസ്സിനെ പാട്ടിൽ നിർത്തുന്ന തേരാളി ബുദ്ധി.

ബുദ്ധിക്ക് മനസ്സിനെക്കൊണ്ട് ഏതു പാട്ടും പാടിക്കാൻ പറ്റുമെന്ന് വ്യംഗ്യം.

ആത്മാനം രഥിനം വിദ്ധി
ശരീരം രഥ മേവ ച
ബുദ്ധിം തു സാരഥിം വിദ്ധി
മന: പ്രഗ്രഹ മേവ ച.

*

ബ്ലോഗിലേക്ക്......