സ്ഥിരപംക്തി

ആത്മവിചാരം - 1

സി. എം. രാജന്‍
ആത്മാവിനെക്കുറിച്ച് ആലോചിക്കാനേ പറ്റില്ല എന്നാണ് വിവേകചുഡാമണികള്‍ പറയുന്നത്. ആത്മാവ്‌ വിചാരവികാരങ്ങളുടെ നീരാളിക്കരങ്ങള്‍ക്കുമപ്പുറത്താണെന്നും, (അവ്യക്തം, അചിന്ത്യം, അവികാരം ) പണ്ടാറം ചാകാതെയും ജനിക്കാതെയുമങ്ങിനെ (ന ജായതേ മൃയതേ) പരബ്രഹ്മം പോത്തുപോലെയിരിക്കുന്നുവെന്നുമാണ് ആത്മാവിനെ സാക്ഷാല്‍ക്കരിച്ചു ഭസ്മമാക്കിപ്പൂശിയവരുടെയും മതം.വിവരംകെട്ടവരാണ് ആത്മാഹുതി, ആത്മഹത്യ എന്നൊക്കെ വേണ്ടാതീനം പറയുന്നതെന്ന് ഗുരുവായൂര്‍ കൃഷ്ണനും പറയുന്നു. അതിനെ കൊന്നുതിന്നാനൊന്നും പറ്റില്ലെന്നാണ് (നായം ഹന്തി ന ഹന്യതേ) മൂപ്പരുടെ മതം. അത്മഹത്യ പോലെ സാരഹീനമായ മറ്റൊരു വാക്കിനെക്കുറിച്ചു മറ്റൊരു കൃഷ്ണന്‍ (ചാത്തമംഗലത്തെ കിടുകിട്ടന്‍ എന്ന് വി കെ എന്‍. വിശേഷിപ്പിച്ച ദേഹം) സാഹിത്യവാരഫലമെഴുതുന്ന കാലത്ത് പറയാറുണ്ടായിരുന്നു : ആത്മാര്‍ത്ഥത. പ്രസ്തുത പദത്തിന്‍റെ പൊരുള്‍ സ്വാര്‍ഥത എന്നാണെങ്കിലും സാമാന്യജനം അതുപയോഗിക്കുന്നത് ആര്‍ജ്ജവം എന്ന അര്‍ത്ഥത്തിലാണ്; പ്രഭാഷണത്തെപ്രസംഗമെന്നു പറയുന്നത് പോല.


ആത്മഹത്യയെക്കുറിച്ചു സിദ്ധാര്‍ത്ഥ ബുദ്ധനോടാരാഞ്ഞാല്‍ അദ്ദേഹം ചിരിക്കും ബുദ്ധനാകും. അത്മാവേയില്ല, പിന്നല്ലേ അത്മഹത്യ? നീയും ഞാനും അവനും അവളും അഞ്ചു ഭൂതങ്ങളുടെ സംഘാതമായ ഈ പ്രപഞ്ചവുമെല്ലാം വട്ടപ്പൂജ്യമാണെന്നാണ് മൂപ്പരുടെ ബുദ്ധമതം.


ഓം പൂജ്യമദ: പൂജ്യമിദം
പൂജ്യാദ് പൂജ്യമുദച്യതേ
പൂജ്യസ്യപൂജ്യമാദായാ
പൂജ്യാമേവ മവശിഷ്യതേ


(അതും പൂജ്യം ഇതും പൂജ്യം
പൂജ്യമേ പൂജ്യം പൂജ്യം
പൂജ്യത്തില്‍ നിന്ന് പൂജ്യംകിഴിച്ചാലും
പൂജ്യത്തോട് പൂജ്യം കൂട്ടിയാലും പൂജ്യം)


കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും, വിചാരാതീതവും ശൂന്യവുമായ ആത്മാവിനെക്കുറിച്ചു വിചാരിക്കാന്‍ തന്നെയാണെന്‍റെ പുറപ്പാട്; കൂട്ടത്തില്‍ അവനവനെക്കുറിച്ചും. ആത്മകഥയെന്ന് പറയാന്‍ ആവില്ല; അത്മാവിനെന്തു കഥ? കഥയില്ലായ്മ?


ഇത്തരമോരോന്നു ചിന്തിച്ചിരിക്കവേ ...


ഭഗവദ്ഗീതയിലെ ഏതു ശ്ലോകമാണ് നിന്നെ ചിന്തിപ്പിച്ചിരുത്തിയതെന്നു
( ഇരുത്തിച്ചിന്തിപ്പിക്കുകയുമാകാം ) ഈയിടെ ഒരു വിദ്വാന്‍, ഒരു വിരുതന്‍, (അതോ ശങ്കുവോ ) എന്നോട് ചോദിക്കുകയുണ്ടായി. അവനിതറിഞ്ഞിട്ടെന്തു കിട്ടാന്‍ എന്നൊന്നും ഞാന്‍ തിരക്കിയില്ല. പല കാലത്തായി പലരും പലപ്പോഴും പലതും ചോദിക്കുന്നതുപോലെയേ ഇതും ഞാന്‍ കണക്കാക്കിയുള്ളൂ. പലനേരങ്ങളില്‍ പല മനിതര്‍കള്‍, പലേ പേച്ചുകള്‍ എന്നല്ലേ?


വട്ടു പിടിച്ചു നടന്നിരുന്ന ചെറുപ്പകാലത്ത് എനിക്കേറെയിഷ്ടം സഖാവ് കൃഷ്ണന്‍റെ താഴെ കൊടുത്തിരിക്കുന്ന വരികളായിരുന്നു:
(സ്വാമി ഉദിത് ചൈതന്യജി ഏഷ്യാനെറ്റില്‍ പറയും പോലെ ബൈ ഹാര്‍ട്ട് ആക്കി ഹാര്‍ട്ടറ്റാക്കാക്കേണ്ട തിരുവടികളുടെ ഈരടികള്‍)))))))))..).. )


"അനിത്യമസുഖം ലോകം
ഇമം പ്രാപ്യ ഭജസ്വമാം. "
(ഗീതയിലിത് ഒറ്റ വരിയാണെന്ന് വരി എണ്ണുന്നവര്‍ പറയും. രണ്ടു വരിയാക്കി യത് സ്വസൗകര്യത്തിന്.)


ഈരടിയിലെ രണ്ടാം വരിയില്‍ അന്ന് വലിയതാല്പര്യമില്ലായിരുന്നു. ലോകം ഒരു സൂക്കേടാണെന്നു സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അറിഞ്ഞിരുന്നു. ഉറങ്ങിയാല്‍ ലോകമില്ല , ഞാനുമില്ല എന്നതുകൊണ്ട്‌ ലോകം മാത്രമല്ല ഞാനും അനിത്യമാണെന്നു മനസ്സിലായിരുന്നു. ഞാനാണു ലോകം എന്ന് വിചാരിപ്പവനും ഒടുങ്ങും. ഞാനുള്ളപ്പോഴേ ലോകമുള്ളൂ (ആ ലോകം നിറയെ മുള്ളാണെന്നും) എന്നതില്‍ നിന്ന് ഞാനാണ് എന്‍റെ ലോകമെന്നു തിരിഞ്ഞു. (എന്‍റെ തലയാണ് തിരിഞ്ഞതെന്നു ലോകര്‍ പറഞ്ഞു. എന്നാല്‍ ഞാനില്ലാത്തപ്പോള്‍ ലോകം കാണി ച്ചുതാ എന്ന് ഞാനും പറഞ്ഞു. ) പിന്നീട്, വളരെപ്പിന്നെ, ജിദ്ദുജി "You are the world" എന്ന് പറഞ്ഞപ്പോള്‍ ലോകര്‍ അദ്ദേഹത്തിനു പരവട്ടാണെ ന്നു പറ ഞ്ഞു. തിരുവടികളുടെ ഈരടിയിലെ രണ്ടാമത്തെ അടികൊള്ളാന്‍ അക്കാലത്ത് ഞാന്‍ മിനക്കെട്ടില്ല. തള്ളാനാണ് അന്ന് തോന്നിയത്. ഭജിക്കലും ഭുജിക്കലുമെല്ലാം ഒരു മിനിമത്തിലായിരുന്നു അക്കാലം. ചെയ്ത്തിലല്ല ചിന്തയിലാണ് കാര്യമെന്ന് തോന്നിയിരുന്ന അതൊരു കാലം! ഒരു പാട് ബീഡി വലിക്കുമായിരുന്നു."ചെറുബീഡി ചുണ്ടത്തു പുകയുന്ന നിന്നുള്ളില്‍ എരിയുന്ന ചിന്തയെന്താവം?" എന്ന് അക്കാലത്ത് ഒരു സഖാവായിരുന്ന ബാലചന്ദ്രന്‍ ഒരു കൂലിപ്പണിക്കാരനോട് മാതൃഭൂമിയില്‍ വ്യാകുലപ്പെട്ടിരുന്ന കാലം. 'ചിന്ത ചിതാസമാനം' എന്ന് പിന്നീട് പൊള്ളിയനുഭവിച്ചു. നാസ്തികനായി കോലം കെട്ടുന്നതായിരുന്നു അക്കാലത്ത് ഫാഷന്‍.... "''ആത്മാവ്‌ ഉണ്ടോ ഇല്ലയോ" എന്നൊരു പുസ്തകം അക്കാലത്ത് വായിച്ചതായി ഓര്‍ക്കുന്നു. കണ്ണേട്ടന്‍റെ പീടികയിലെ ഉണ്ടക്കായ പോലെ എന്തോ ഒന്നാണീ ആത്മാവെന്ന മാതിരിയായിരുന്നു ആ ശോദ്യം.


വൃക്കയോ, കരളോ, കുടലിലെ ഏതോ കൃമികീടമോപോലെ എന്തോ ആണ് ആത്മാവെന്ന ധാരണ പലര്‍ക്കുമുണ്ട്. മരിച്ചവനെയൊ അവളയൊ തൂക്കിനോക്കി, എത്രമാത്രം തൂക്കം കുറഞ്ഞുപോയി എന്ന് ഗണിച്ച് അളവുനോക്കിയ പാര്‍ട്ടികളുമുണ്ട്‌; പ്രത്യെകിച്ച് കമ്മ്യൂണിസ്റ്റ്‌പാര്‍ട്ടികള്‍ . ജീവിച്ചിരിക്കുന്നവനൊക്കെ ഒരു ആത്മാവും കൊണ്ട് നടക്കുകയാണെന്നാണ് ഈ ഇട്ടികണ്ടപ്പന്മാരുടെ വിശ്വാസം.


ഇത്തരുണത്തില്‍ (താരുണ്യമൊക്കെ കഴിഞ്ഞെങ്കിലും) ഗുര്‍ജിയേഫ് പറഞ്ഞതായി ഓഷോ പറഞ്ഞതു കേട്ടതോര്‍ക്കുന്നു: ഒരു കൊലകൊമ്പനും ആത്മാവോടുകൂടി ജനിക്കുന്നില്ല. പല മാന്യമഹാജനങ്ങളും ജീവിതകാലം മുഴുവന്‍ അതില്ലാതെ കഴിയുന്നു. പിന്നെ "ഓരോന്നു ചിന്തിച്ചിരിക്കവേ ചത്തുപോകുന്നു പാവം, ശിവ!ശിവ!" അല്‍പ്പം ചില പുണ്യജന്മങ്ങള്‍
(സ്ത്രീജന്മങ്ങള്‍മാത്രമല്ല ) അതു രൂപപ്പെടുത്തിയെടുക്കാന്‍ പണിപ്പെടുന്നു. അതിനാല്‍ എല്ലാ ചെകുത്താന്മാരും ചത്തുകഴിഞ്ഞാല്‍ ആത്മാക്കളായെങ്കിലും, ലോകമവസാനിച്ചാലും, നിലനില്‍ക്കുമെന്ന് പായസമുണ്ണണ്ട. (ഭൂരിപക്ഷവും പ്രേതങ്ങളാകാനാണ് വഴി. പ്രേതമെന്നൊന്നുണ്ടോ ഉണ്ടെങ്കില്‍ അതെന്തു കുന്തമാണ് എന്നൊക്കെ പിന്നീടാകാം തര്‍ക്കവും കുതര്‍ക്കവും. )


ഗുര്‍ജിയേഫ് പറഞ്ഞതിനു സാര്‍ത്ര് സഖവാകുന്നതിനു മുമ്പ് മാനവസത്തയെക്കുറിച്ചു പറഞ്ഞതുമായി നല്ല താദാത്മ്യമുണ്ട്: Existence precedes essence. ആദ്യം അസ്തിത്വം; പിന്നീടാണ് സത്ത. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ആദ്യം ശരീരം;പിന്നെയാണ് ആത്മന്‍ . മനുഷ്യരുടെ കാര്യത്തില്‍ അവരുടെ സത്ത അവര്‍ക്ക് നിര്‍മ്മിക്കാം; ജന്തുക്കള്‍ക്കതു പറ്റില്ല,
പാവം!ഒരര്‍ത്ഥത്തില്‍ ചാവുംവരെ മനുഷ്യന്‍ അവന്റെ, അവളുടെ, സത്ത തീര്‍ത്തുകൊണ്ടേയിരിക്കുകയാണ്. മനുഷ്യാ നീ മണ്ണാകുന്നതു വരെ. സാര്‍ത്രിന്റെ സത്തയാണ് സാമാന്യരീതിയില്‍ ആത്മാവ്‌ എന്ന് വിളിക്കപ്പെടുന്നത്. Self എന്ന് ഇംഗ്ലീഷില്‍ കുറിക്കപ്പെടുന്നത്. മനോചിത്താഹങ്കാര സമുച്ചയം. അതിനു അവനവനെ, അവളവളെ , വളര്‍ത്താനും തളര്‍ത്താനുമാകും:
ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്
ആത്മൈവഹ്യാത്മനൊ ബന്ധുര്‍
ആത്മൈ രിപുവാത്മന:


അങ്ങിനെ വരുമ്പോള്‍ സത്ത, self, ആത്മന്‍ നിരന്തരമായ ഒരു പ്രക്രിയയാകുന്നു. (self is a process, a becoming; not a static being.) അതു ചഞ്ചലമാകുന്നു. അതു മാറിക്കൊണ്ടേയിരിക്കുന്നു. അതു വികാരവിചാരങ്ങളുടെ സംഘാതമാകുന്നു. അപ്പോള്‍ അചിന്ത്യം, അവികാരം, അചലം, അവ്യയം എന്നൊക്കെ കൃഷ്ണന്‍ വിശേഷിപ്പിച്ച ആത്മാവ് വേറൊന്നു തന്നെ. 'ഉദ്ധരേദ് ... ' എന്ന് തുടങ്ങുന്ന ശ്ലോകത്തില്‍ ഉള്ളതല്ല. ആദ്യത്തേത് രണ്ടാമത്തതിനും അപ്പുറത്താകുന്നു. മനസ്സിനെക്കുറിക്കാനും കൃഷ്ണന്‍ ആത്മാവെന്ന പദം ഉപയോഗിക്കാറുണ്ട്. (പദപ്രയോഗത്തില്‍ കണ്ണനു സൂക്ഷ്മതയില്ലായെന്നു പരാതി പറയുകയല്ല.)


ഈരണ്ടാത്മാക്കളില്‍ഒന്നാമാത്തതിനെയാണ് ജിദ്ദുജി Being എന്ന് വിശേഷിപ്പിച്ചത്. അവനവനെ (അവളവളെ യും) അറിയാനെന്തപ്പാ ഒരു വഴിയെന്നാരാനും സങ്കടപ്പെട്ടാല്‍ ജിദ്ദുജി പറയും: Be; don't become. ചരിക്കാതെ,അചരമാകൂ! ശ്രീ ബുദ്ധദേവും അതു തന്നെയാണ് പറഞ്ഞത്: അചലമാകൂ; അപ്പോഴറിയാം, ആത്മാവെന്നു ഭവാന്‍ പറയുന്നതൊരു പ്രക്രിയയാണ്. അതിനുമപ്പുറത്തുള്ള ശൂന്യതയാണ് ഭവാന്‍ . അതാണ്‌ ഭവാന്‍റെ ഉണ്മ. സത്തിയം. (അതു തന്നെ ഹിന്ദുക്കളുടെ ഭഗവാനും; ശൂന്യമായിത്തീര്‍ന്ന ഭാവാനാണെടോ ഭഗവാന്‍!!! ! ) Being is nothingness, the ground from which arises the becoming, the self. ഉണ്മ ശൂന്യതയാണ്, നിരന്തരപ്രക്രിയയാകുന്ന ആത്മന്‍, സ്വത്വം, ഉദിച്ചുവരുന്ന സ്ഥലി. ബുദ്ധനതിനെ അനാത്മന്‍(( (അനത്ത ) എന്ന് വിളിച്ചാദരിച്ചു.


ഇല്ലായ്മയില്‍നിന്നാണ് എല്ലാം ഉണ്ടാകുന്നത്. (ദാരിദ്ര്യം ഉള്ളവനേ പണക്കാരനാകാന്‍ കഴിയൂ.) അതാണ്‌ ഉണ്മ. സത്യം. സാര്‍ത്രിന്‍റെ ഒരു ആദ്യകാല പുസ്തകത്തിന്‍റെ പേരോര്‍മ്മ വരുന്നു: Being and Nothingness (സ്വത്വവും ശൂന്യതയും) യഥാര്‍ത്ഥ സ്വത്വം ശൂന്യതയാനണെന്നറിഞ്ഞിരുന്നുവെങ്കില്‍
സാര്‍ത്ര് പുസ്തകത്തിന്‍റെ പേര് Being is Nothinghness (സ്വത്വം ശൂന്യമാണ്) എന്ന് തിരുത്തിയേനെ. പക്ഷെ, ബുദ്ധനല്ലല്ലോ സാര്‍ത്ര്. സാര്‍ത്ര് ചിന്തകനല്ലോ;ചിതയിലെരിയുന്നവന്‍. ബുദ്ധനെപ്പോലെ ജ്ഞാനിയല്ലല്ലോ! ചിന്തകനും ജ്ഞാനിയും തമ്മിലുള്ള അന്തരമാണ് ബുദ്ധനും സാര്‍ത്രും തമ്മില്‍; ഈശ്വര്‍ചന്ദ്ര വിദ്യാസാഗറും ശ്രീ രാമകൃഷ്ണദേവനും തമ്മില്‍ . ഒരാള്‍ വിവരാര്‍ണ്ണവം;അപരനോ ജ്ഞാനസാഗരം!

ഇതുപോലൊരു വ്യത്യാസമാണ് വിശ്വാസികളും ജ്ഞാനികളും തമ്മിലുള്ളത്. നാസ്തികരും ആസ്തികരും വിശ്വാസികള്‍ .(ആസ്തികര്‍ക്ക്നാസ്തികരെക്കാള്‍ ആസ്തിയുണ്ടെന്ന് വിചാരിക്കുന്നത് വെറുതെ.) സത്ത്‌ എന്നൊന്നില്ലെന്ന് നാസ്തികര്‍ വിശ്വസിക്കുന്നു . അതവരുടെ മതം. സത്ത് എന്നൊന്നുണ്ടെന്നു ആസ്തികര്‍വിശസിക്കുന്നു. അതവരുടെ തലവേദന. പക്ഷെ, അടിസ്ഥാനപരമായി രണ്ടുകൂട്ടരും വിശ്വാസികളാണ് . ഒരുകൂട്ടര്‍ ഋണാത്മക വിശ്വാസികള്‍ . അപരര്‍ ധനാത്മകവിശ്വാസികള്‍ . പക്ഷെ, രണ്ടുകൂട്ടരും സത്തുണ്ടെന്നോ ഇല്ലെന്നോ അറിഞ്ഞവരല്ല. ജ്ഞാനികളല്ല

അറിവുള്ളിടത്തു വിശ്വാസത്തിന്‍റെ ആവശ്യമില്ല. പൊന്നുരുക്കുന്നിടത്ത് പൂച്ചകള്‍ക്കെന്തു കാര്യം?.അതിനാലാണ് മഹര്‍ഷി രമണ 'താങ്കള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവോ?'എന്ന് ചോദിച്ച ഒരു സ്വിസ്സ് ഭക്തനോട്‌ 'ഇല്ലല്ലോ'എന്ന് പ്രതിവചിച്ചത്. അമ്പരന്നു പോയ ആല്‍പ്പുകാരനോട് അദ്ദേഹം ഇത്രയും കൂടി പറഞ്ഞു: 'ദൈവത്തെ എനിക്കറിയാം; പിന്നെന്തിനു വിശ്വസിക്കണം?' ശ്രീരാമകൃഷ്ണദേവനും'ദൈവത്തില്‍ വിശ്വസിക്കുന്നുവോ' എന്ന് ചോദിച്ചതിനു ഇതേ മറുപടി നല്‍കിയതായി പറഞ്ഞുകേട്ടിട്ടുണ്ട്. ദൈവം എന്നത് ഏതോ ഒരു തരം ജന്തുവോ, അന്യഗ്രഹജീവിയോ, ഒരു വ്യക്തിയോ ആണെന്ന ധാരണയില്‍ നിന്നാവണം ഇത്തരം ചോദ്യങ്ങള്‍ ഉത്ഭവിക്കുന്നത്. നിരീശ്വരവാദത്തിന്‍റെ തറയും തലച്ചോറും ഇത്തരം ധാരണകള്‍ തന്നെ.

അറിവിന്‍റെ സൂര്യ വെളിച്ചമുള്ളിടത്ത്‌ സംശയങ്ങളുടെ ഇരുട്ടില്ല. വിശ്വാസമുള്ളിടത്തു, പക്ഷെ, സംശയത്തിന്‍റെ നിഴലാട്ടമുണ്ടാകും.
അതുകൊണ്ടാണ് ആസ്തികര്‍ക്ക് നാസ്തികരാകാനും നാസ്തികര്‍ക്ക് ആസ്തികരാകാനും ഓന്തിനെപ്പോലെ എളുപ്പം കഴിയുന്നത്‌... അതുകൊണ്ടു തന്നെയാണ് ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തിതരാകാന്‍ പലര്‍ക്കുമാകുന്നത്. മതങ്ങള്‍ വെറും വിശ്വാസങ്ങള്‍ മാത്രമല്ലോ!വിശ്വാസികളോ മതമണ്ടന്മാരും!

*

ബ്ലോഗിലേക്ക്......