കവിത

മാബലിച്ചിന്ത

സി. എം. രാജന്‍
മാ വാമനനിഷാദാ എന്നു പറയാതെ
ചവിട്ടിത്താഴ്ത്താന്‍ പണ്ടു തല നീട്ടിയത്
ചവിട്ടിയാല്‍ത്താഴുന്ന തലയാണെങ്കില്‍
ചുമ്മാ താണുപോട്ടെയെന്ന് അഹങ്കരിച്ചിട്ടാണ്.
തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് എന്തു മൂക്കാണ്?
വിശ്വവിഖ്യാതമായില്ലെങ്കിലും തെറിക്കാത്ത മൂക്ക്
വളയാത്ത നട്ടെല്ലു പോലെയല്ലേ?

*

അന്നു തല താഴ്ത്തിയതിനാല്‍
ഇന്നു ഓണമുണ്ണാമെന്നായി.
കാണം വിറ്റിട്ടായാലും ഉണ്ണണം ഓണം.
വില്‍ക്കാന്‍ കോണകം പോലുമില്ലാത്തവര്‍ക്ക്
വൃക്ക വിറ്റുമാകാം വിരുന്ന്.
വീണതു വിദ്യയാക്കിയിട്ടാണെങ്കിലും
നേടണം ഓരോണസ്സദ്യ.

*

താളവും മേളവുമായി, പാതാളപ്പടവുകള്‍ കയറി
സംവത്സരം തോറും ഒരു കുറി വരുമ്പോള്‍
നമ്പൂരിയല്ലെങ്കിലും ഒന്നു ശങ്കിക്കും:
കേരളക്കര പഴയപടി കരയായ് ത്തന്നെയുണ്ടോ?
സര്‍ ചാത്തുവിന്റെ പിന്മുറച്ചാത്തപ്പന്‍സ്‌
കൊച്ചി മാത്രമല്ല കൊല്ലവും കോഴിക്കോടും കണ്ണൂരുമെല്ലാം വിറ്റോ?
എല്ലാം കുളംതോണ്ടിക്കടലാക്കിയോ?
പരശുരാമനു വീണ്ടും മഴുവെറിയേണ്ടി വരുമോ?

*

ശങ്ക പിന്നേയുമുണ്ട്.
തല കാട്ടിയാല്‍ , പാതാളത്തിലേക്കല്ല,
എതുകോത്താഴത്തിലേക്കും താഴ്ത്തുന്ന
വാമനവാനരജന്മങ്ങളുടെ നാടല്ലേ?
കേരളമെന്നു തികച്ചും കേള്‍ക്കുന്നതിനുമുമ്പ്
ഞരമ്പുകളില്‍ സുര നുരയുന്ന സുരാസുരരുടെ സ്വന്തം ലോകമല്ലേ?
കുനിഞ്ഞുനിന്നാല്‍ ____ അരിഞ്ഞുകൊണ്ടുപോകുന്ന
അരിവാളുകാരുടെ സ്വദേശമല്ലേ?
നോണ്‍ റെസിഡണ്ട്‌ മലയാളിയാണ്,
പ്രവാസിയാണ്,
പിച്ചനാണ്,
പിച്ചതെണ്ടി സദ്യ തട്ടാന്‍ വന്നതാണ്
എന്നെല്ലാം പറഞ്ഞു വിരട്ടാനുമിടയുണ്ട്.
വാമനനായാലും, മാവേലിയായാലും
വിള തിന്നാത്ത വേലിയാലും
ചന്തയില്‍ വിലയില്ലെങ്കില്‍ പുല്ലുവില.
പുല്ലും ആയുധമാക്കാന്‍ മാത്രം വല്ലഭനുമല്ലല്ലോ?

*

എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും
സങ്കല്പ ലോകത്തിലോണമുണ്ണാം.
ഒരുനാളത്തേക്കല്ലേ!
പിന്നെ ഒരുകൊല്ലത്തേക്ക് വേണ്ടല്ലോ!
ഒന്നു പോയി വരാം.

*
ബ്ലോഗിലേക്ക്......