കവിത

വെറുമൊരു സ്വപ്നം

സി. എം. രാജന്‍
അവന്‍ മര്‍ത്ത്യ പുത്രന്‍.

ഹരിത സ്വര്‍ഗ്ഗത്തിന്‍ പ്രകാശത്തില്‍ നിന്നും
ദുരിതം നാറുമീ മരുഭൂവിലേക്കു
പുതുമഴയുടെ കുളിര്‍മ്മയും
വേനല്‍ പ്രഭയുമായ്‌ വരും.

അപ്പോഴിവിടമൊക്കെയും വിജന,മേകാന്തം.
ഇരുട്ടിന്റെ മഹാരണ്യം.
ഏഴാം മുദ്രപൊളിച്ചപ്പോള്‍ പൊട്ടിപുറപ്പെട്ട മൌനം
കനത്തുനില്‍ക്കുന്ന കരാളകാനനം.
മനുഷ്യരെ മണ്ണും വിഹായസ്സും കൂടി
ശപിച്ചതിന്നോര്‍മ്മയുണര്‍ത്തും ശൂന്യത.

ഒരുനൊടിയിടനടുങ്ങിനിന്നവന്‍
ഉടനെയിങ്ങിനെ കരുണയോടോര്‍ക്കും.
“ഇവിടമിങ്ങിനെയിരുട്ടെങ്കില്‍പ്പിന്നെ
യെനിക്കായെന്തിനീയിരുമിഴിപ്പൂക്കള്‍ ?
നിലവിളിച്ചൊന്നു സമാശ്വസിക്കാനായ്
രസനയില്ലാതെന്‍ വസുന്ധര പാവം
പിടയവെയെന്തിന്നെനിക്കീ നാക്കിനി ?
ഇരമ്പും മൌനത്തിന്നലയേല്‍ക്കാന്‍മാത്ര
മെനിക്കായെന്തിനീ നശിച്ച കാതുകള്‍ ?”

കരുണയോലുന്ന കരങ്ങളാല്‍ തന്റെ
മിഴിവിളക്കവന്‍ വസുന്ധരയ്ക്കേകും.
അമൃതലിപ്തമാം രസനയും നല്‍കും.
ഹരിതസാന്ദ്രമാം ഹൃദയവും നല്‍കും.
അതാണു മുക്തിയെന്നറിഞ്ഞവന്‍ പോകും
തിരിച്ചു വിണ്ണിലേക്കതീവതൃപ്തനായ്‌.

*
ബ്ലോഗിലേക്ക്......