കവിത

ആത്മരതന്‍

സി. എം. രാജന്‍
മനുഷ്യരാശിയെ, മനുഷ്യരെയല്ല, സ്നേഹിക്കാന്‍ ഒരു വോള്‍ട്ടയറുണ്ടായി;
ശാന്തിയെപ്പ്രേമിക്കാന്‍ ഒരു ഗാന്ധിയും.
വ്രണിതര്‍ക്ക് സ്വാന്തനമായി ഒരു ഫ്ലോറന്‍സ്;
പെരുവഴിപ്പൈതങ്ങള്‍ക്ക് ഒരു തെരേസയും.

നിന്ദിതര്‍ക്കും പീഡിതര്‍ക്കും
രോഗികള്‍ക്കുമഗതികള്‍ക്കും
ആരെങ്കിലുമൊക്കെയുണ്ടായി;
ഒരു ഡാമിയന്‍ ,
അസ്സീസിയിലെ ഫ്രാന്‍സിസ്‌,
ആല്‍ബര്‍റ്റ് ഷ്വെറ്റ്സര്‍ ,
ഹിറ്റ് ലര്‍ ,

ചുമട്ടുകാര്‍ ക്കൊരത്താണി.
എഴുതുന്നവനും വരക്കുന്നവനും ഒരു ചുമര്.

ഇവനോ
ഇവനെയാരുമങ്ങിനെ നിന്ദിച്ചില്ല.
ആരുമങ്ങിനെ പീഡിപ്പിച്ചില്ല.
രോഗിയല്ല;
ഭോഗിയും യോഗിയുമല്ല.
ഇവനെനോക്കാനതിനാലങ്ങിനെ ആരുമില്ലെന്നു വന്നു.
(വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ;
തങ്ങിയാല്‍ തങ്ങളാവില്ലേ!)
അതിനാല്‍ ഇവന്‍ ഇവനിവനെത്തന്നെ
പരാതിയും പരിഭവവുമില്ലാതെ
പ്രേമിച്ചുകൊണ്ടേയിരിക്കുന്നു.

*
ബ്ലോഗിലേക്ക്......