കവിത

അമ്മയെക്കുറിച്ചു ഞാനൊന്നുമേയറിഞ്ഞില്ല

സി. എം. രാജന്‍
അമ്മയെക്കുറിച്ചു ഞാനൊന്നുമേയറിഞ്ഞില്ല;
അമ്മയാണീ മഹാവിശ്വമെന്നതുമറിഞ്ഞില്ല.
പണ്ടു വിഘ്നേശ്വരന്‍ പ്രപഞ്ചത്തെ വലം വെക്കാന്‍
അമ്മയെ വലംവെച്ച കഥ ഞാനറിഞ്ഞില്ല. ‍

സ്വപ്നസങ്കടങ്ങളാല്‍ത്തീര്‍ ത്തൊരാ ഹൃദന്തത്തിന്‍
ഉള്‍ത്തുടുപ്പറിയുവാന്‍ കാതെനിക്കുണ്ടായില്ല.
ഉലകമൊക്കെയുമെന്റെ വായില്‍ ഞാന്‍ വഹിച്ചാലും
ഉരലിലെന്നെക്കെട്ടാനവള്‍ക്കാകുമെന്നറിഞ്ഞില്ല.

വെണ്ണകട്ടപ്പോ,ളാറ്റില്‍ക്കുളിക്കും പെണ്ണുങ്ങള്‍തന്‍
വര്‍ണ്ണച്ചേല കട്ടപ്പോ,ഴെന്നെത്തല്ലിയപ്പോഴെല്ലാം
ഉള്ളിലുളവായ സങ്കടമൊന്നും കാട്ടാതെന്നും
നൊന്തു വെന്തതു നിന്റെ ചിത്തമെന്നറിഞ്ഞില്ല ഞാന്‍ .
തൈര്‍ കടയും പോലെ ഞാനാ മനസ്സിനെ മഥിച്ചാലും
തൂവെണ്ണയായ്പ്പൊന്തുമാ മനമെന്നറിഞ്ഞില്ല.

പട്ടണക്കാന്താരത്തില്‍ ഹിംസ്രജന്തുക്കള്‍ മദ്ധ്യേ
കഷ്ടവത്സരങ്ങളില്‍ ഞാന്‍ നഷ്ടമായ്‌ ത്തീരുന്നേരം
ഇഷ്ടമായ്‌ നീയെന്റെ കാതിലോതിയ മന്ത്രം
രക്ഷയായ്‌ വന്നുവെന്ന സത്യമിന്നറിയുന്നു ഞാന്‍ !

ഒന്നുമേയറിയുന്നില്ലെന്നറിയുമ്പോഴിപ്പോഴെന്റെ
കണ്ണുകള്‍ പുകയുന്നൂ തിങ്ങിയ വ്യസനത്താല്‍ .
പുകയട്ടെന്റെ കണ്ണുകള്‍; പുകയുമ്പോള്‍ പകല്‍ പോലെ
തെളിയുന്നല്ലോ നിന്റെ വിശ്വരൂപമമ്മേ മുമ്പില്‍ !

*
ബ്ലോഗിലേക്ക്......