കവിത

ആന്ധ്യം

സി. എം. രാജന്‍
ഒരുനാള്‍ മുഖം കഴുകുമ്പോഴെന്റെ
ഇരുകണ്‍കളുമടര്‍ന്നുപോയ്‌

വിടര്‍ന്നപൂക്കളെപ്പോലെ
ഇമപൂട്ടാതെ നിശ്ചലം
ഒരുമാത്ര,യമ്പരപ്പോടെ,
മരുവീ കണ്ണുകള്‍ ഭൂമിയില്‍ .

ചിത്രശലഭങ്ങളെപ്പോലെ
നേത്രങ്ങള്‍ പിന്നെ യാത്രയായ്.
കൃത്രിമഗ്രഹങ്ങള്‍ക്കുമപ്പുറം
വിസ്തൃതാകാശശൂന്യത
ലക്ഷ്യമാക്കിയുയര്‍ന്നുപോ-
യക്ഷികള്‍ മന്ദവേഗമായ്‌

അവിടെയാരവമില്ലാത്തോ-
രപാരശൂന്യത്തില്‍ സ്വച്ഛമായ്
തിളങ്ങും ഇരുതാരകങ്ങളായി-
ത്തങ്ങീയെന്റെ കണ്ണുകള്‍ .

അര്‍ദ്ധരാത്രിക്കുമുറങ്ങാത്ത
നഗരത്തിന്‍ തിരക്കിനപ്പുറം
യന്ത്രവും യന്ത്രമനുജരും മേവും
യാന്ത്രിക ലോകത്തിനപ്പുറം
ഇന്റര്‍നെറ്റ്‌ ജാലകങ്ങള്‍ക്കും
മറ്റുമാദ്ധ്യമങ്ങള്‍ക്കുമപ്പുറം
വിദൂരവിമൂകവിഹായസ്സില്‍
കുസൃതിച്ചിരിയോടെന്റെ കണ്ണുകള്‍ .

താഴെയീസ്സറിയല്‍ച്ചിത്രമാം ഭൂവില്‍
കാഴ്ച പോയവനായെങ്കിലും
ഉള്‍ക്കാഴ്ചയിന്നുമേകുന്നൂ
ഉയരത്തില്‍ നിന്നു കണ്ണുകള്‍ .

*

ചിത്രങ്ങൾ
ബ്ലോഗിലേക്ക്......