കവിത

ക്രിസ്തുവിചാരം

സി. എം. രാജന്‍
അപ്പനൗസേപ്പൊരു മരപ്പണിക്കാരൻ .
അമ്മച്ചി മേരി ഒരു കുഞ്ഞാടും .
മറ്റു കുഞ്ഞാടുകൾക്ക് പിന്നീട് ഞാൻ ഇടയനായത്
അമ്മച്ചി അജജന്മമായതിനാലാവാം .

*

ദേഹിയിൽ ദരിദ്രയെങ്കിലും
ദേഹത്തിൽ മറിയാമ്മ സമ്പന്നയായി .
കന്യയായിരിക്കെ ദേവഗർഭയായി .

*

അപ്പനല്ല അപ്പനെന്നു അപ്പനാദ്യം പറഞ്ഞപ്പോൾ
വീഞ്ഞു കുത്തിയതായിരിക്കുമെന്നു കരുതി.
അപ്പനപ്പൂപ്പന്മാർക്കും അപ്പനായവനാണപ്പനെന്നറിവായപ്പോൾ
അവനായി പിന്നെ ജീവന്‍റെ അപ്പവും വീഞ്ഞും.
അമ്മ ഒന്നാണെങ്കിലും അപ്പനാർക്കും രണ്ടാകാമെന്നുമറിവായി.
രണ്ടായവരെ ഒന്നായിക്കാണാനുമായി.

*

ഒന്നേയുള്ളുവെങ്കിലും ഉലക്കക്കിടിച്ചു വളർത്തണമെന്ന പഴഞ്ചൊല്ല്
അപ്പനു പതിരായിരുന്നു .
കൂരയും പണിപ്പുരയും നിറഞ്ഞു ഞാൻ
തെരുവിലേക്കും ദേവാലയത്തിലെക്കും വളർന്നു .
ഉളികൊണ്ടു ചെത്തിയും, മുട്ടികൊണ്ടു മേടിയും
അപ്പൻ മരങ്ങളെ മെരുക്കിയപ്പോൾ
കഥയും കടങ്കഥയും പറഞ്ഞു ഞാൻ
മർത്ത്യരെ മെരുക്കി.
അപ്പൻ മരങ്ങളെ ചിന്തേരിട്ടുമിനുക്കി ചെന്താമാരകളാക്കി .
ഇരിക്കാൻ കസേരകളും,
ഇരുന്നുണ്മാൻ പലകകളും മേശകളും പണിഞ്ഞപ്പോൾ ,
കിടന്നുറങ്ങാൻ കട്ടിലുകൾ കൂട്ടിയപ്പോൾ ,
മനുഷ്യപുത്രർക്കു തലചായ്ക്കാൻ കൂരകൾ കെട്ടിപ്പൊക്കിയപ്പോൾ
രോഗികൾക്കും തെണ്ടികൾക്കും വേശ്യകൾക്കുമിടയിൽ
എന്‍റെ മാംസവും രക്തവുമായിത്തീർന്ന
വചനത്തിന്‍റെ അപ്പവും
മൌനത്തിന്‍റെ വീഞ്ഞും ഞാൻ പങ്കുവെച്ചു .

*

വാളുകൊണ്ടു വാഴുന്നവൻ വാളാൽ വീഴുമെന്നതുപോലെ
വാക്കിന്‍റെ കാറ്റുവിതച്ച ഞാൻ
വൈരികളിൽ കൊടുങ്കാറ്റുയർത്തി .
വിവരദോഷികളുടെ വാക്കുകൾക്കു മുമ്പിൽ
മൌനത്തിന്‍റെ മരക്കുരിശ്ശായി .

*

മരിക്കുന്നതു മരക്കുരിശിലായാലും,
മരുഭൂമിയിലായാലുമെന്ത് !
മരുഭൂവിൽ വനരോദനം ചെയ്തവനെന്നോടു പറഞ്ഞല്ലോ :
വിത്തു മരിച്ചാലല്ലേ വിളയായ്‌ വളരൂ!
ദേഹമഴിഞ്ഞാലല്ലേ ദേഹിക്കുയരാനാകൂ!!
യേശു മരിച്ചാലല്ലേ ഈശോയ്ക്കുയിർക്കാനാകൂ!!!

*
ബ്ലോഗിലേക്ക്......