കവിത

ഒരു ദിവസം ഞാന്‍ പോകും

സി. എം. രാജന്‍
ഒരു ദിവസം ഞാന്‍ പോകും
ഇന്നിസ് ഫ്രീയിലേക്കു വില്ല്യം ബട്ളെര്‍
യേയ്റ്റ്സെന്നപോലെ പോകും

പോകും ഓര്‍മ്മയുടെ കുണ്ടനിടവഴിയിലൂടെ
ചെരുപ്പില്ലാക്കാലുമായി
മണ്മതിലിലെ മഞ്ഞപ്പൂക്കളിലേക്കും
മണ്ണെണ്ണവിളക്കിന്‍റെ മഞ്ഞയിലേക്കും
മഴക്കുളിരും മരത്തണുപ്പുമുള്ള
മഷിപടരുന്ന കടലാസിലേക്കും പോകും

പോകും വിയര്‍പ്പു നാറുന്ന വെയിലിലേക്കും
വയല്‍ച്ചെളിത്തണുപ്പിന്‍റെ ഇക്കിളിയിലേക്കും
മഴക്കാലത്തവളക്കരച്ചിലിലേക്കും
നെല്ലിക്കാച്ചവർപ്പിലേക്കും
നെന്മണിപ്പൊന്നിലേക്കും പോകും

പോകും ഓര്‍മ്മയിലെ മനുഷ്യരിലേക്കും മധുരത്തിലേക്കും
ഇച്ചിരയിലേക്കും കുഞ്ഞിപ്പെണ്ണിലേക്കും
വക്കുപൊട്ടിയ ചട്ടിയിലെ മീഞ്ചാറിലേക്കും
ഓട്ടക്കലത്തില്‍ ചുട്ടെടുത്ത അണ്ടിപ്പരിപ്പിലേക്കുംപോകും

പോകും പുകയിലവാസനയിലേക്കുംവെറ്റിലത്തളിരിലേക്കും
ചുണ്ണാമ്പുനീറ്റലിലേക്കും
കൂമന്‍കരയുമിരുട്ടിലെച്ചൂട്ടുവെളിച്ചത്തിലെത്തെയ്യങ്ങളുടെ
ഭൂതലാവണ്യങ്ങളിലേക്കും പോകും

പോകും കാവിലേക്കും കുളത്തിലേക്കും
കാലിക്കടവിലെത്തുറസ്സിലേക്കും
നാഗവളപ്പിലെ കാലം കൊണ്ടുപോയ കളികളിലേക്കും
തെക്കോട്ടുംവടക്കോട്ടുമൊരുപോലെപുരോഗമിക്കും
തീവണ്ടിപ്പാതുടെ നൈശ്ചര്യശയനത്തിലേക്കും പോകും

പോയിപ്പോയിപ്പഴംമഞ്ഞപകര്‍ന്ന,
വിരലൊന്നുമുട്ടിയാല്‍ പൊട്ടിപ്പൊടിയുന്ന പത്രത്താളുകള്‍പോലെ ഓര്‍മ്മയായ്പ്പെയ്തിറങ്ങും ഞാന്‍ നീരവം.

*

ബ്ലോഗിലേക്ക്......