പുസ്തക പരിചയം

പപനാശിനിയുടെ തിരത്ത് പ്രാർത്ഥനയോടെ

മണർകാട് മാത്യു
അവതാരിക.

ഒരു സൗഹൃദസംഭാഷത്തിനിടയിൽ, ഞാൻ തകഴിച്ചേട്ടനോറ്റു ചോദിച്ചു. “ചേട്ടന്റെ കഥകളിൽ ചേട്ടനുണ്ടോ?” ജ്ഞാനപീഠം പുരസ്കാരം നേടിയ പ്രഖ്യാതനായ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ള പറഞ്ഞു.

“ഉണ്ട്. എന്നാൽ ഇല്ല.”

എന്താണിതിനർത്ഥം? ഞാൻ വിശദീകരണം തേടി.രണ്ടിടങ്ങഴി മുതൽ ചെമ്മീനും ഏണിപ്പടികളും മുതൽ എന്റെ ഓർമയിൽ പച്ചയായി നില്ക്കുന്ന ബലൂൺ വരെ എത്ര നോവലുകൾ! കുട്ടനാടൻ ജീവതത്തിന്റെ എത്ര ചെറുകഥകൾ!

ചേട്ടൻ പറഞ്ഞു. “എന്റെ അനുഭവങ്ങൾ, ഞാൻ നാട്ടിൽ കേട്ട കഥകൾ, വക്കീൽ ജീവതത്തിനിടയിൽ പൊടിയും പൂപ്പും പിടിച്ച സർക്കാർ രേഖകളിൽ ഞാൻ കണ്ട ജീവിതങ്ങൾ, ഇവയെല്ലാം എന്റെ കഥകളിലുണ്ട്.”

ഒരു കഥാകാരന്റെ അഥവാ കഥാകാരിയുടെ രചനാപ്രക്രിയയിൽ ചേട്ടൻ പറഞ്ഞ സത്യമുണ്ട്. സ്വജീവതത്തിലെ അനുഭവങ്ങൾ, ജന്മനാട്ടിലെ കുടുംബങ്ങളുടേയും വ്യക്തികളുടേയും ജീവിതം, വീട്ടിലും പുറത്തും പറഞ്ഞുകേട്ട കഥകൾ, നാടിന്റെ പൈതൃകമായ ‘മിത്തു’കൾ ഇവയെല്ലാം കഥാരചനയിൽ ഭാവനയെ ത്വരിപ്പിക്കുമ്പോൾ, അത് മനം നിറഞ്ഞ് കടലാസിൽ (ഇന്ന് കപ്യൂട്ടർ സ്ക്രീനിൽ) കഥയുടെ പുതുമഴവീഴ്ചയായിത്തീരുന്നു.

സ്വന്തം നാടുവിട്ട്, അന്യനാട്ടിലോ, അന്യസംസ്ഥാനത്തോ, അമേരിക്കയിലോ, ഓസ്ട്രേലിയായിലോ എതെങ്കിലും യൂറോപ്പ്യൻ നാട്ടിലോ ജീവിക്കുന്ന മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ കിളിക്കൂട്ടിൽ ഇവയൊക്കെ വന്നു നിറയുന്നു. അത് നാടിന്റെ മണവും രുചിയും ഉത്സവങ്ങളും നന്ദികളും നന്ദികേടുകളും മതവും മതാചാരങ്ങളും മറ്റെന്തുമാകാം.

മലയാളിയെ അമേരിക്കൻ ജീവിതവുമായി, ബന്ധിപ്പിക്കുന്ന ജനനി മാസികയിൽ മാലിനി എഴുതിയ കഥകളുടെ സമാഹാരത്തിനു മുന്നിലാണ്‌, കഥാരചനയുടെ ഈ രാസപ്രക്രിയയുടെ ആത്മാവ് എന്റെ മനസിൽ വന്നു നിറയുന്നത്.

അതിശക്തമായ വ്യത്യസ്ത വിഷയങ്ങളെ തേടിപ്പിടിക്കുന്ന കാഥാകാരിയാണ്‌ മാലിനി.

മാലിനിയുടെ കഥകളെ രൂപപ്പെടുത്തുന്നത് ഇത്തരം ചില ചേരുവകളെല്ലാം ചേർന്നാണെന്ന് ഞാൻ കണ്ടെത്തുന്നു. സമാഹാരത്തിൽ നിന്നു തെരഞ്ഞെടുത്ത, രചനാ ശൈലിയിലും പ്രമേയത്തിലും വ്യത്യസ്തമായ ചില കഥകളിലൂടെ ഈ സമാഹാരം മുഴുവൻ ഞൻ വായിക്കുമ്പോൾ ഈ കഥകളിൽ പലതിലേയും കെന്ദ്രബിന്ദു കേരളത്തിലെ സ്ത്രീജീവിതമാണ്‌. ഒരു കഥായാകട്ടെ, ഒരു ബാലന്റെ പ്രതീക്ഷാസാഫല്യവും.

ഗൃഹനാഥൻ വിടവാങ്ങി അനാഥമാകുന്ന കുടുംബത്തിൽ, സ്ത്രീസഹജമായ അബലമനോഭാവത്തെ സ്വാശ്രയത്തിന്റെ കരുത്താക്കിമാറ്റുന്ന എത്ര സ്ത്രീകൾ! അതൊലൊരു സ്ത്രീയാണ്‌ എരുമകളെ വളർത്തി, ഏകപുത്രിയെ പഠിപ്പിച്ച്, ജീവിതോന്നതിയിലേക്ക് നയിക്കുന്ന വീട്ടുകാരി. ഈ ജീവിതത്തിന്റെ കഷ്ടപ്പാടുകളത്രയും എരുമചാണകത്തിന്റേയും തൊഴുത്തിന്റേയും അപ്രിയ ഗന്ധത്തിലൂടെ വായനക്കാരന്‌ അനുഭവവേദ്യമാക്കാൻ മാലിനിയുടെ തന്ത്രപരമായ രചനാശൈലിക്ക് കഴിയുന്നുണ്ട് “പഴയഗന്ധങ്ങൾ” എന്ന കഥയിൽ. കഷ്ടപ്പാടിന്റെ വേദനയിൽ തളരാതെ ഉള്ളിൽ സ്നേഹത്തിന്റെ തിരിനാളം സൂക്ഷിച്ച് മകളിൽ പ്രതീക്ഷാഗോപുരം ഉയർത്തുന്ന ആ വീട്ടമ്മയുടെ ചിത്രം, കറുത്ത ആകാശത്തിൽ ഒരു വെള്ളപ്പിണരായി വായനക്കാരന്റെ മനസ്സിൽ തെളിയുന്നു.

ഒരു പെണ്ണിന്‌ ആഹാരവും സെക്സും മാത്രം മതിയോ? അവളുടെ മനസ്സിൽ പുരുഷന്റെ സ്നേഹത്തിനുവേണ്ടിയുള്ള മുരൾച്ചയുടെ തേങ്ങലുണ്ടാകും. ആ തേങ്ങലും, സ്നേഹിക്കുന്ന പുരുഷന്റെ കൈക്കുള്ളിൽ അവൾക്കുണ്ടാകുന്ന പ്രണയാനുഭവുമാണ്‌ “നന്മനിറഞ്ഞ രാത്രി”. ബഹുഭാര്യത്വത്തിന്റെ ഇരുളറയിൽ, വെറും ലൈംഗീകോപകരണമായി മാറുന്ന സ്ത്രീക്ക്, സ്നേഹത്തിന്റെ വിടുതലിൽ സ്വാതന്ത്ര്യവും ജീവിതാനുഭൂതിയും ലഭ്യമാകുന്നു. ഇതല്ലേ ഏത് പെണ്ണൂം അവൾ എവിടെ ജീവിച്ചാലും, സമൂഹത്തിന്റെ ഏതുയർന്ന പടിയിലായാലും ആവശ്യം എന്ന ചോദ്യത്തിനു മുന്നിൽ വായനക്കാരനെ കൊണ്ടെത്തിക്കുന്നു കഥാകാരി. ഈ മഹത്വത്തിനുമുന്നിൽ കല്ലും തറ്റിയുമായി നില്ക്കുന്നം മനുഷ്യന്റെ ക്രുരതയ്ക്കെതിരെ വായനക്കാരന്റെ മന:സ്സാക്ഷിയെ ഉണർത്തുകയും ചെയ്യുന്നു.

മക്കൾ വിദേശത്തായിരിക്കുമ്പോൾ അനാഥരായിത്തീരുന്ന വൃദ്ധജനങ്ങളുടെ തേങ്ങലും, ആ അനാഥത്വത്തിൽ ശുദ്ധസ്നേഹത്തിന്റെ കൈത്താങ്ങുമായി എത്തുന്ന അന്യരും ഒക്കെ ‘പറയനുള്ളതൊക്കെയും പരിഭവമില്ലാതെ“ എന്ന കഥയിൽ, സ്വന്തം മകൾക്ക് ഒരമ്മയെഴുതുന്ന കഥിലൂടെ അത് നമുക്ക് വായിക്കാം, നാട്ടിലുള്ള മാതപിതാക്കൾക്ക് കൈത്താങ്ങായിതീരുന്ന നിസ്വാർത്ഥർ, വിരളമാണെങ്കിലും ഒരു യാഥാർത്ഥ്യമാണെന്ന് മറുനാട്ടിലെ മക്കൾ തിരിച്ചറിയണമെന്നു വിദേശത്ത് സ്വർണഖനി തേടിപ്പോകുന്ന മക്കളെ മാലിനി ഓർമ്മപ്പെടുത്തുന്നു. നിസ്വാർത്ഥത തെറ്റിദ്ധരിക്കപ്പെടുന്ന യാന്ത്രികയുഗത്തിന്റെ മനസ്സിന്റെ വരൾച്ചയും ഈ കഥയിൽ നമുക്കു കണ്ടെത്താം.

ക്രിസ്മസ് രാത്രിയിൽ ഉണ്ണിമിശിഹായെ കാണാൻ കാത്തിരിക്കുന കുട്ടി. കരോൾ പാർട്ടി അവന്റെ വീട് അവഗണിച്ചു പോകുമ്പോൾ അവന്റെ നോവുന്ന മനസ്സിൽ തേങ്ങലും, വീണ്ടും ഉണ്ണിയേശുവിന്റെ രൂപം ഒരു വന്ദ്യപുരോഗിതന്റെ കൈകളിൽ അവനു മുന്നിലെത്തുമ്പോൾ നിഷ്കളങ്കനായ കുട്ടിക്ക് അനുഭവപ്പെടുന്ന സ്വപ്ന സാഫല്യമാണ്‌ ’വൈകിവന്ന ഉണ്ണിയേശു.‘ തിരുസഭ കമ്മ്യൂണീസ്റ്റുകാർക്കെതിരെയും പുരോഗമനവാദികൾക്കെതിരേയും ഉയർത്തിയ വിലക്കാർന്ന പടവാളിന്റെ തിളക്കവും ഈ കഥയിലുണ്ട്. എല്ലാ മനുഷ്യരേയും ഒന്നുപോലെ വിവേചനമന്യേ കരുതുന്ന ദൈവികസാന്നിദ്ധ്യ സന്ദേശവും, മനുഷ്യനും ദൈവത്തിനുമിടയിൽ സഭയുടെ അംഗങ്ങൾ എന്ന അങ്കിയണിഞ്ഞു നില്ക്കുന്നവർ തങ്ങളുടെ ഒപ്പം നില്ക്കുന്ന വിശ്വാസികൾക്കുണ്ടാക്കുന്ന മോഹഭംഗവും ഈ കഥയിലൂടെ മാലിനി അവതരിപ്പിക്കുന്നു.

‘തെരേസയുടെ ആദ്യ കുമ്പസാര’ത്തിൽ ക്ലാസ്മേറ്റായ തോസ്സുകുട്ടിയുടെ ഉപ്പ്മാവ് കട്ടേടുത്ത സമ്പന്നയായ തെരേസ, ഒരു ദരിദ്രബലനെ കൊള്ളയറ്റിക്കുമ്പോൾ അതുവലിയ പാപം തന്നെയാണ്‌. ഈ സമൂഹത്തിലെ സമ്പന്നർ പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്ന കഥ ഇതിലപ്പുറം പറയേണ്ടതില്ല. അവർ എത്ര കുമ്പസാരിച്ചിട്ടും കാര്യവുമില്ല. പക്ഷെ കുട്ടിയായ തെരസേയുടെ കുമ്പസാരം - അത് നിർമ്മലമനസ്സിന്റെ വെളിപ്പെടുത്തലുകളാണ്‌. അതാണീകഥയുടെ നന്മയും.

ഈ പുസ്തകത്തിലെ ടൈറ്റിൽ കഥയായ ‘പാപനാശിനിയുടെ തീരത്ത് പ്രാർത്ഥനയോടെ’, ഇന്നത്തെ സമുഹം നേരിടുന്ന സാമൂഹ്യപ്രശ്നങ്ങളുടെ, തീവ്രവാദത്തിന്റെ പ്രശ്നം, അതിന്റെ വേരുകൾ തേടിപ്പോകുന്ന വഴികൾ, അതിൽ ഒരമ്മയും അച്ഛനും അനുഭവിക്കുന്ന ധർമ്മ സങ്കടങ്ങൾ, ആ മകനെക്കുറിച്ച് ഓർത്ത് നീറുന്ന വേദനയുടെ ആഴം ഒക്കെ ശക്തമായി അവതരിപ്പിക്കാൻ മാലിനിക്ക് കഴിഞ്ഞു.

വളരെ ലാളിത്യത്തോടെ പറയുന്ന ഈ കഥ, ആത്മാവിൽ തീയാളിപ്പിടിക്കുംവിധം ഓരോ നിമിഷവും കത്തിജ്വലിക്കുകയാണ്‌ വായനക്കാരന്റെ മനസിൽ.

കഥാരചനയിൽ ശിക്ഷണവും, ശില്പവൈദഗ്‌ദ്ധ്യം കൈവരിക്കാനുള്ള വായനയും ചിന്തയും നവീനമായ ക്രാഫ്റ്റ് ടെക്നിക്കുകളും ഓരോ എഴുത്തുകാർക്കും ആവശ്യമാണെന്ന വിചാരം, ആ യജ്ഞത്തിൽ മാലിനിക്കുള്ള വിജയം ഈ കഥാകാരിക്ക് ഞാൻ ആശംസിക്കുകയും ചെയ്യുന്നു.

*
ചിത്രങ്ങൾ
ബ്ലോഗിലേക്ക്......