കവിത

സൂപ്പർ ഡാഡി

കുഴൂര്‍ വില്‍‌സണ്‍
ഡാഡി സൂപ്പർ ഡാഡി
എന്ന പാട്ട് കേട്ട് ,
മരിച്ച് പോയ അപ്പനെയോർത്ത്
ആകുലനും അതിലേറെ
ആർദ്രനുമായി ,
ഒരച്ഛൻ മകളെ ഭിത്തിയിലിടിച്ച്
കൊന്ന വാർത്ത
ഏതോ ബാപ്പമാരേയും മക്കളേയും
വായിച്ച് കേൾപ്പിക്കവേ
ഒരപ്പനും മകനും
അതിലേറെ കൂടുതലായി
യാതൊന്നുമേ തോന്നിയതില്ല


അന്നുച്ചയ്ക്ക് ഫേസ് ബുക്കിൽ
കപ്പയ്ക്ക്
പഞ്ച നക്ഷത്ര ഹോട്ടലുകളിൽ
വിലയേറുന്നതിന്റെ ഒരു സചിത്രവാർത്ത
അപ് ലോഡ് ചെയ്തത് ഓർമ്മയുണ്ട്
കറിവേപ്പിലയും
ചുവന്ന മുളകും
കിരീടം വച്ച
ഇളം മഞ്ഞ കപ്പ
ഉമിനീ‍രിന്റെ
ഒരു സുനാമിയുണ്ടാക്കിയത്
തൊണ്ടയിലുണ്ട്

ഇന്നുച്ചയ്ക്ക്
വാർത്തകളേറെ കഴിഞ്ഞാറെ
പച്ചയ്ക്ക് കപ്പ പുഴുങ്ങുകയാണു
ഒരു പച്ചക്കുപ്പി അടുത്തുണ്ട്

കപ്പ ഉപ്പിട്ട് പുഴുങ്ങിയതിന്റെ
മണം മൂക്കിലടിച്ചപ്പോൾ
അപ്പൻ വന്നു

മരിച്ചവരെ ഉയിർപ്പിക്കാൻ
ദൈവപുത്രനൊന്നുമാകേണ്ട
ഒരു കപ്പ പുഴുക്കിന്റെ
മണം മതിയെന്ന്
ഈശോയോട് പറഞ്ഞു

വാരം തോടിയ പറമ്പുകൾ
ചാരം ചാണകം
ക്യത്യമായി നുറുക്കിയ
കൊള്ളിത്തലപ്പുകൾ
കഞ്ഞിയെടുക്കാൻ
ഓടുന്ന അമ്മ

കളിക്കും കലപിലകൾക്കുമിടയിൽ
ട്രൌസർ കീറിയ കുപ്പായമില്ലാത്ത
ഒരു ചെക്കൻ
പിടി വിട്ട് നടക്കുകയാണു
കപ്പ കപ്പ കപ്പ
കൊള്ളി കൊള്ളി കൊള്ളി

ഊണിനു ഉറക്കത്തിനു വിശപ്പിനു
വിശ്വാസത്തിനു
കൊള്ളി കൊള്ളി
ഫൂ

കഞ്ഞിക്കും നട്ടുച്ചയ്ക്കും
വിശപ്പിനു വിശ്വാസം വയ്ക്കുന്ന സന്ധ്യക്കും
ഒടുവിലത്തെ അത്താഴത്തിനും
ഒണക്ക കപ്പ

വയറു കഴുകി ഉണ്ടായവനു
പുകഞ്ഞ കൊള്ളി
എന്ന് പേരിട്ടില്ലല്ലോ
ഭാഗ്യം

പച്ചമുളകും കൂട്ടി പച്ചയ്ക്ക്
പച്ചകുപ്പിയുടെ മാത്രം നിഴലിൽ
കപ്പ തൊടുമ്പോൾ
ഡാൻസ് ചെയ്യുകയാണു
ഡാഡി
സൂപ്പർ ഡാഡി.

*
ചിത്രങ്ങൾ
ബ്ലോഗിലേക്ക്......