കവിത

രാഹുൽ ഗാന്ധി

കുഴൂര്‍ വില്‍‌സണ്‍
എനിക്കയാളെ പരമ പുച്ഛമായിരുന്നു
അടിമുടി ഒരമുൽ ബേബി
ന്യൂസ് റൂമിലും വാക്ക് തർക്കങ്ങളിലും
ഞാനയാളെ കണക്കിനു കളിയാക്കി

ഒരു ദിവസം ആ അമുൽ ബേബിയെ
കുറ്റം പറഞ്ഞ് കുറ്റം പറഞ്ഞ് ആക്കിച്ചിരിച്ച്
ഞാനങ്ങനെ കത്തിക്കയറുകയായിരുന്നു

പൊടുന്നനെ ഒരശരീരി
എന്നെ വലിച്ച് നിലത്തിട്ടു
അതിങ്ങനെ മുഴങ്ങി

കളിയാക്കിയില്ലേ,
അമൂൽ ബേബിയെന്ന്
ഇളം തൊണ്ണ കാട്ടി
അമ്മൂമ്മേയെന്ന് കൊഞ്ചിയ ആ കുഞ്ഞില്ലേ,
അതിന്റെയാത്മാവിന്റെ ഉടൽ തുളച്ച
വെടിയുണ്ടകളുടെ ഒച്ചയെങ്കിലും കേട്ടിട്ടുണ്ടോ
അച്ഛായെന്ന് വിളിച്ച് ഓടിച്ചെല്ലുമ്പോൾ
മാലപ്പടക്കം പോലെ പൊട്ടിയ ദേഹത്തിൽ നിന്ന്
കുഞ്ഞുടുപ്പിൽ ചോര പറ്റിയിട്ടുണ്ടോ

പൊട്ടി കത്തി ചിതറിയ എന്നിൽ
വെള്ളം ഇറ്റിക്കുകയാണു
അശരീരി

പരമമായ എന്റെ പുച്ഛത്തിനു
ചെറുതായി നീറ്റലുണ്ട് ഇപ്പോൾ

*

ബ്ലോഗിലേക്ക്......