കവിത

ഞായാറാഴ്ച്ച

കുഴൂര്‍ വില്‍‌സണ്‍
ഏതെങ്കിലും ജന്മത്തിലെ
ഏതെങ്കിലും ഒരു ഞായാറാഴ്ച്ച
നമുക്ക്
ഒരു പുരാതാന നസ്രാണി തറവാട്ടിലെ
അപ്പനും അപ്പയുമാകണം

ഞാൻ രാവിലെ പോയി
നല്ല എല്ലുള്ള
ഒരു കിലോ ഇറച്ചി വാങ്ങി വരും
രണ്ടു കിലോ കപ്പയും
ചിലപ്പോൾ ചെത്തുകാരന്റെ കയ്യിൽ നിന്ന്
ഒരു കുടം കള്ളും വാങ്ങും

ഞാൻ ഇറച്ചി നുറുക്കുമ്പോൾ
നീ അമ്മിയിൽ അരപ്പ് അരക്കും

ഇടക്കിടെ വന്ന്
ചട്ടയും മുണ്ടുമുടുത്ത നിന്റെ
ഞൊറികളിൽ
ഞാൻ മുഖം തുടക്കും

ഒന്ന് പോ നാണമില്ലാത്ത മനുഷ്യയെന്ന്
നീയിടക്കിടെ നാട്ടുപെണ്ണിന്റെ
മുദ്രാവാക്യം മുഴക്കും
അപ്പോഴെല്ലാം
ഞൊറികൾ കൊണ്ട്
അലങ്കരിച്ച
നിന്റെ ചന്തിയിൽ
ഞാൻ തിടുക്കത്തിൽ താളമിടും

പിള്ളേരു കാണുമേയെന്ന്
നീ കണ്ണുരുട്ടും

വെയിലിനൊപ്പം
ശരീരങ്ങളും മൂക്കും
നിന്റെ
മൂക്കിൽ
വിയർപ്പു തുള്ളികൾ
മുക്കുത്തിയുണ്ടാക്കും
എന്റെ കള്ളിമുണ്ടിന്റെ കോന്തലയാൽ
ഞാനതൊക്കെ
ഒപ്പിയെടുക്കും

പിന്നെയും വെയിൽ മൂക്കും
ഉള്ളിലെ
കള്ള് മൂക്കും
നമ്മുടെ ശരീരങ്ങളിൽ
വിശപ്പ് മൂക്കും

മൂക്കിനുള്ളിലേക്ക്
നീ വെച്ച
അരപ്പ് ചേർത്ത ഇറച്ചിക്കറിയുടെ
മണമടിക്കും

കൊതി സഹിക്കാനാവാതെ
ഞാനതിലെ കൊള്ളിക്കഷണങ്ങൾ
പെറുക്കി ത്തിനും
ചൂട് കൊണ്ടെന്റെ നാവു പോള്ളും

കൊതിയൻ എന്ന്
നീയപ്പോൾ
കാതിൽ പറയും

മക്കളേയും വിളിച്ച്
കഴിക്കാൻ വാടീയെന്നും പറഞ്ഞ്
ഞാൻ കൈ കഴുകി ഇരിക്കുമ്പോൾ
പള്ളിയിൽ പന്ത്രണ്ടരയുടെ മണിയടിക്കും

വീണു കിട്ടിയ
ഒരു ഞായറാഴ്ച്ച
പിശുക്കി പിശുക്കി
ചെലവഴിച്ച നമ്മൾ
അതിന്റെ കുറച്ച് വിത്തുകൾ
അടുത്ത ജന്മത്തിലേക്കും മാറ്റി വയ്ക്കും

*

ബ്ലോഗിലേക്ക്......