കവിത

തീവണ്ടി ഒരു കൂറ്റൻ ലിംഗം - പാളമോ

കുഴൂര്‍ വില്‍‌സണ്‍
കുതികുതിക്കുന്ന ഭോഗികളുടെ ഉള്ളിൽ നിന്ന്പാട്ട്കേൾക്കുന്നു
സീതയാണു പാടുന്നത്
അവളുടെ ഭർത്താവ് മരിച്ചതാണെന്ന് പറയുന്നു

സീതക്ക് പാട്ടു പോലത്തെ രണ്ടാണ്‍കുട്ടികള്‍
അതിലൊരുവൻ
സീതയുടെ പാട്ടിനു താളം കൊട്ടുന്നു
മറ്റവൻ
സീറ്റിൽ മയങ്ങുന്ന മാന്യനെ തോണ്ടി
കാശു ചോദിക്കുന്നു
കുതികുതിക്കുന്നു ഭോഗികൾ
(ആഞ്ഞാഞ്ഞുകുതിക്കും ആൺലിംഗത്തെ ചുവപ്പുകാട്ടി നിറുത്താൻ ശ്രമിക്കുന്ന സ്റ്റേഷൻ മാസ്റ്ററെ കണ്ടില്ലെന്ന്നടിക്കുന്നു)

ഒരുപാടകലെ
പാളത്തേക്കാൾ കമിഴ്ന്ന്
ഒരുപെൺകുട്ടി മരിക്കാൻ കിടക്കുന്നു
കൊല്ല്, കൊല്ല് എന്നവൾ
തലതല്ലുന്നു
കൊല്ലാം കൊല്ലാമെന്ന തീവണ്ടിയുടെ പാട്ട്
പാളമവളുടെ കാതിൽ പടർത്തുന്നു അത്ര അകലെയായിട്ടും
അത് കേൾക്കാഞ്ഞിട്ടും
എന്തോ കേട്ടപോലെ
സീത പാട്ടു നിർത്തുന്നു
അവളുടെ കുട്ടികൾ
പുറത്തേക്കോടുന്നു

ചൂടുകപ്പലണ്ടി വിൽക്കാനെന്ന വ്യാജേന
2 തെണ്ടികൾ
ഉള്ളിൽ കയറുന്നു
മുഷിഞ്ഞ ഉടൽ കഴുകാനെന്നപോലെ,
പാളങ്ങളിൽ മതിവരാഞ്ഞെന്ന്
കണ്ട്നിൽക്കുന്നവർക്ക്
തോന്നും പോലെ
ആൺതീവണ്ടി കടലിലേക്ക്ചാടുന്നു.

(കടൽ ആരുടെ യോനിയെന്ന പാട്ട് കാറ്റു പാടുന്നു)

ആരുടെയോ
കഴിഞ്ഞ ജന്മത്തിൽ നിന്ന്
ഒരായിരം കാക്കകൾ
വേറെ ഒരാളുടെ അടുത്ത ജ്ന്മത്തിലേക്ക്
പറന്ന്പോകുന്നു
പാട്ടുകളൊക്കെ മറന്ന സീത
മക്കളെ തിരയുന്നു

ഇപ്പോൾ വരും ഇപ്പോൾ വരും എന്ന്പിറുപിറുത്ത്
മുഷിഞ്ഞ് മുഷിഞ്ഞ് മുഷിഞ്ഞ്
കാലം
നരച്ച ഒരു സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നു
ഒരെറുമ്പ്അതിനു ചുറ്റും കറങ്ങി നടക്കുന്നു.

*

ബ്ലോഗിലേക്ക്......