ചലച്ചിത്രം

തിരക്കഥയുടെ പണിപ്പുര - 1

ചന്തു നായർ
എന്നോട് പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്...എങ്ങനെ ഒരു തിരക്കഥ എഴുതാം? ഞാൻ ഒരു ബ്ലോഗർ ആയതിനു ശേഷം അമ്പത് പേരെങ്കിലും മെയിൽ വഴി ഈ ചോദ്യം ചോദിച്ചിരിക്കും എന്നാണ് എന്റെ ഊഹം... എന്റെ അറിവിലും,ഞാൻ അവലംബിച്ചിട്ടുള്ള രചനാ സങ്കേതങ്ങളിലും നിന്ന് കൊണ്ട് ഞാനിവിടെ അത് നിങ്ങൾക്കായി പങ്ക് വക്കുന്നൂ. ഒരു തിരക്കഥാകൃത്ത് നല്ലൊരു കഥാകാരനായിരിക്കണം. അഭിനയത്തെക്കുറിച്ചും, സംവിധാനത്തെക്കുറിച്ചും,ക്യാമറയെക്കുറിച്ചും സാമാന്യമായ അറിവുണ്ടായിരിക്കണം. നോവലുകളും,നീണ്ടകഥകളും എഴുതുന്നവരുടെ മനസ്സിൽ നല്ലൊരു എഡിറ്റർ ഉണ്ടായിരിക്കണം.മനസ്സ്കൊണ്ടെങ്കിലും ഒരു ആർട്ട് ഡയറക്റ്റർ ആയിരിക്കണം.(ഇവിടെ സംവിധായകൻ, ക്യാമറാമാൻ,എഡിറ്റർ,ആർട്ട് ഡയറക്റ്റർ, എന്നിവ ചെയ്ത് പരിചയം വേണമെന്നില്ലാ....അതുകൊണ്ടാണ് ‘മനസ്സ് കൊണ്ട്’’ എന്ന് ഞാൻ എഴുതിയത്)


ആദ്യമായി നമ്മുടെ ഉള്ളിൽ ഒരു കഥ സ്ഥാനം പിടിക്കുന്നു. ആ കഥ സിനിമയാക്കിയാൽ പ്രേക്ഷകർ ഇഷ്ടപ്പെടുമോ എന്നറിയാൻ..നമ്മുടെ മനസ്സിലെ’അഭ്രപാളി’യിലൂടെ അതൊന്ന് ഓടിച്ച് നോക്കണം...കണ്ട് മടുത്ത ഇതിവൃത്തങ്ങൾ ഒഴിവാക്കുക...പ്രേക്ഷകരെ തിരക്കഥയിലേക്ക് അടുപ്പിക്കുവാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതിന്റെ അവതരണ രീതിയിലെ പുതുമയായിരിക്കണം(ട്രീറ്റ്മെന്റ്) നല്ലൊരു തുടക്കം കിട്ടിയാൽ പ്രേക്ഷകർ ഇന്റർവെൽ വരെ സിനിമ ശ്രദ്ധിച്ചിരിക്കും.ഇടവേളക്ക് മുൻപ് കഥഗതിയിൽ മാറ്റമോ,സസ്പെൻസോ കൊണ്ട് വരണം എങ്കിൽ മാത്രമേ ചായ കുടിക്കാനോ,സിഗററ്റ് വലിക്കാനോ പുറത്തിറങ്ങുന്നപ്രേക്ഷകരെ വളരെ വേഗത്തിൽ വീണ്ടും തിയ്യേറ്ററിനുള്ളിൽ കൊണ്ട് വരാൻ പറ്റുകയുള്ളൂ.പിന്നെ നമ്മൾ ശ്രദ്ധിക്കേണ്ടത് ക്ളൈമാക്സാണ്.. തിയ്യേറ്റർ വിട്ട് പുറത്തിറങ്ങുന്നവരുടെ മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന ഒരു ക്ലൈമാക്സാണെങ്കിൽ ചിത്രത്തിന് മൊത്തത്തിൽ തന്നെ നല്ല പേരുണ്ടാക്കാനാകും.സിനിമാ കണ്ടിറങ്ങുന്ന ഒരാളുടെ നാവിൽ നിന്നും “കിടിലൻ ക്ലൈമാക്സാണെടേ..” എന്ന് പറഞ്ഞ് കേൾക്കുമ്പോൾ സ്വാഭാവികമായും അതെന്തെന്നറിയാനുള്ള ആകാംഷ പുതിയോരു കാഴ്ചക്കാരനെ ലഭിക്കുന്നൂ.. അവിടെ നിന്നും അടുത്ത ആളിലേക്കും... എറ്റവും വലിയ പബ്ലീസിറ്റി വാ മൊഴിയായി കിട്ടുന്നതാണ്. അത് വഴി ജനം തിയ്യേറ്ററിൽ എത്തിക്കോളും.. അവിടെയാണ് തിരക്കഥാകൃത്തും,സവിധായകനും വിജയിക്കുന്നത് അതുവഴി പണം മുടക്കിയ നിർമ്മാതാവിന്റെ പണ മടിശ്ശീലയും നിറയും.

തിരക്കഥ എഴുതുന്ന രീതി


നമ്മൾ എഴുതുന്ന പേപ്പറിന്റെ ഇടത് വശത്തെ മാർജിൻ മടക്കികഴിഞ്ഞലുള്ള ഭാക്കി ഭാഗം രണ്ടായി മടക്കുക . അത് പോലെ പേപ്പറിന്റെ മുകൾഭാഗത്തും ഇത്തിരി വലിയ ഒരു മാർജിൻ കൊടുക്കുക.. ആ മാർജിനു താഴെയായിട്ടാണ് ഇടത് വശത്ത് നമ്മൾ എഴുതുന്ന സീനിന്റെ നമ്പർ ഇടുക( ഉദാ:- സീൻ നമ്പർ - 1) മുകൾഭാഗത്ത് പേജിന്റെ വലത് വശത്തായി മാർജിന് താഴെ നമ്മൾ എഴുതുന്ന സീനിന്റെ സ്ഥലം,സമയം,ഒരു കെട്ടിടത്തിന്റെ പുറത്തുള്ള ദൃശ്യമാണെങ്കിൽ ‘എക്സ്റ്റീരിയർ’ എന്നും.അകത്തുള്ള ദൃശ്യമാണെങ്കിൽ‘ ഇന്റീരിയർ’ എന്നും എഴുതണം. സംവിധായകന് ഏത് സീനാണ് ,എവിടെ വച്ചാണു ഷൂട്ട് ചെയ്യേണ്ടത് എന്ന് വ്യക്തമാക്കാനാണിത്. കാരണം ഒരു സിനിമയിൽ ‘ഇലഞ്ഞിക്കൽ തറവാട്’ എന്ന് പേരുള്ള ഒരു വീട് നമ്മൾ,കഥാനായകന്റെയോ, നായികയുടേയോ വീടായി എഴുതീന്ന് വയ്ക്കുക..ഈ വീട്ടിൽ നടക്കുന്ന സംഭവങ്ങളൊക്കെ പലസീനുകളിലാണല്ലോ നമ്മൾ എഴുതുന്നത്.... പക്ഷേ ഷൂട്ട് ചെയ്യുമ്പോൾ ഒരു ലൊക്കേഷനിൽ ഉള്ളതെല്ലാം ഒരുമിച്ചാണ് ഷൂട്ട് ചെയ്യുക...അതുകൊണ്ട് സീൻ നമ്പർ, സ്ഥലം,സമയം ഒക്കെ വ്യക്തമായിരിക്കണം..പിന്നെ നമ്മൾ മുകൾ വശത്ത് കൊടുത്ത മാർജിന് മുകളിൽ, തൊട്ട് മുമ്പുള്ള സീനിൽ എന്ത് നടക്കുന്നൂവെന്ന് (അത് ഷൂട്ടിങ്ങിന് മുൻപ് സംവിധാന സഹായികൾ എഴുതിക്കോളും) എഴുതാൻ വേണ്ടിയാണ് ആ സ്ഥലം വിടുന്നത്)

ഉദാഹരണം. സീൻ നമ്പർ-
1
രമേശിൻറ വീട്
പ്രഭാതം
EXT/DAY

ഇനി എഴുതിത്തുടങ്ങാം അല്ലേ?
ഇപ്പോൾ ഇടത് വശത്തെ മാർജിൻ കഴിഞ്ഞിട്ട് രണ്ട് ഭാഗങ്ങൾ കിട്ടുന്നല്ലോ. അതിൽ ഇടത് ഭാഗത്തിൽ (കോളത്തിൽ) കഥാപാത്രങ്ങൾ എന്താണ് ചെയ്യുന്നത്?..അല്ലെങ്കിൽ സംവിധായകന് എന്താണ് ചെയ്യിക്കേണ്ടത് എന്നതായിരിക്കണം എഴുതേണ്ടത്. വലത്തേ കോളത്തിൽ സംഭാഷണവും എഴുതുക.

ഉദാഹരണം.

സീൻ നമ്പർ - 25 OUT DOOR
ടാർ ഇട്ട റോഡ്

വൈകുന്നേരം

അതിവേഗതയിൽ ഓടിവരുന്ന ഒരു മോട്ടോർ
ബൈക്ക്(ഹീറോഹോണ്ടാ or??)ബൈക്ക്
ഓടിക്കുന്ന രമേശിന് 30 വയസ്സ് പ്രായം
വരും.. പാന്റ്സും,ഷർട്ടുമാണ് വേഷം......
പിന്നാലെ പാഞ്ഞുവരുന്ന പോലീസ് ജീപ്പ്
ബൈക്കിനെ ഓവർടേക്ക് ചെയ്ത് മുന്നിൽ
ചവിട്ടി നിർത്തി. അതിൽ നിന്നും ചാടിയിറ
ങ്ങി, രമേശിനടുത്തെത്തിനിന്ന എസ്.ഐ:-
ഫാ... റാസ്കൽ.... നീ എന്ത് വിചാരിച്ചെടാ.....എന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് പോകാമെന്നോ?..
വിനയത്തോടെ രമേശ് :- സോറി സർ..താങ്കൾ കൈ കാട്ടിയത് ഞാൻ കണ്ടില്ലാ
പത്രമാഫീസിൽ അത്യാവശ്യമായി ഒരു ന്യൂസ് എത്തിക്കാനുണ്ടായിരുന്നൂ........


സിനിമയിലെ 25 മത്തെ ഒരു സാധാരണ സീൻ തുടങ്ങുന്നത് ഇങ്ങനെയാകാം..പിന്നെ ബാക്കി സംഭാഷണങ്ങൾ കഥാ ഗതിയനുസരിച്ചെഴുതാം.

ഈ സീൻ ഒരു സിനിമയുടെ തുടക്കമായി അവതരിപ്പിക്കണമെങ്കിൽ നാം വരുത്തേണ്ട വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം( കഥ വേറെയാണ്)സീൻ നബർ - 1
OUTDOOR പകൽ
ടാറിടാത്ത റോഡ്

അതിവേഗതയിൽ പാഞ്ഞ് വരുന്ന കുറേ
മോട്ടോർ ബൈക്കുകൾ,അത് ഓടിക്കുന്നവർ
ചെറുപ്പക്കാരാണ്.ജീൻസും ഷർട്ടും,റെയിൻ
കോട്ടുമാണ് വേഷം...
പിന്നാലേ പാഞ്ഞ് വരുന്ന ഒരു പോലീസ്
ജീപ്പിന്റെ ദൃശ്യം..... സംഘത്തലവൻ
എന്ന് തോന്നിക്കുന്ന രമേശ് തന്റെ
ബൈക്കിന്റെറിയർ ഗ്ലാസിലൂടെ
പിന്നാലെ വരുന്നജീപ്പിനെ കാണുന്നൂ....
തൊട്ടടുത്ത് ,തന്നോടൊപ്പംബൈക്ക്
ഓടിക്കുന്ന് സതീഷിനോടായും,
മറ്റുള്ളവരോടു മായി
രമേശ് :- ഏയ്...ഗൈയ്സ്...... ഹറിഅപ്പ്...അയ്യാൾ പിന്നാലെയുണ്ട് പിടികൊടുക്കരുത്. അടുത്ത ജംഗ്ഷനിൽക്ഷനിലെത്തുമ്പോൾ
നമ്മ്ൾ നാല് വഴികളിലായി പിരിയുന്നൂ....അഞ്ചരക്ക്
ഹിൽ പാലസ്സിന് താഴെ........ ഓ.ക്കെ....
ബൈക്കുകളുടെ വേഗതകൂടി.
ചിലർ, ആക്സിലേറ്റർ അമിത
വേഗതയി തിരിച്ചു.ചില
ബൈക്കുകളുടെ മുൻ വീൽ
അന്തരീക്ഷത്തിലുയർത്തി
വേഗതയോടെ പാഞ്ഞ്
പോയി.

cut to
OUT DOOR

സീൻ നമ്പർ 1 A നാലുംകൂടിയ കവല
പകൽ


നാൽക്കവലയിലേക്ക് ബൈക്കുകൾ ഓടി
ച്ചെത്തുന്ന രമേശും കൂട്ടരും...
പെട്ടെന്ന് അവർക്ക് മുൻപിൽ സഡൻ
ബ്രേക്കിട്ട് നിൽക്കുന്ന, നാം നേരത്തേ
കണ്ടപോലീസ് ജിപ്പ്.
ജീപ്പിന്റെ ,വലത് വശത്ത് നിന്നും തറയി
ലേക്ക് ,ശക്തമായി പതിക്കുന്ന ചുവന്ന
നിറമുള്ള ,ഷൂസിട്ട കാലിന്റെ ദൃശ്യം
( ഒരു പ്രധാനകഥാപാത്രത്തെയോ,
ചിലസീനുകളെയോ അവതരിപ്പിക്കുമ്പോൾ..
ഇപ്പോൾ ഇത്തരം ഗിമ്മിക്സുകൾആവശ്യമാണ്)
ആ ചവിട്ടടിയിൽ നിന്നും പൊടിപടലങ്ങൾ
ഉയർന്ന് പൊങ്ങി.രണ്ടാമത്തെകാലും
നിലത്തുറപ്പിച്ചു.
ഇപ്പോൾ നമ്മുടെ നോട്ടം ആ രണ്ട് കാലുകളി
ലൂടെമുകളിലോട്ടാകുന്നൂ...ഉടയാത്ത കാക്കി
വേഷമാണ് അയ്യാൾ ധരിച്ചിരിക്കുന്നത്
ഇപ്പോൾ നമ്മുടെ നോട്ടം ചെന്നെത്തി
നിൽക്കുത് അയ്യാളുടെ മുഖത്താണ്.ചെറുതായി
പിരിച്ച് വച്ച മീശ തീഷ്ണമായ കണ്ണുകൾ.തോളിലെ
നക്ഷത്രങ്ങളുടെ എണ്ണത്തിൽ നിന്നും അയ്യാൾ
എസ്.പി.യാണെന്ന് നമുക്ക് മനസ്സിലാക്കാം.
ഉറച്ചകാലടിയോടെ അയ്യാൾ മുന്നോട്ട് നടന്നു


ഒരു കാൽനിലത്തൂന്നി,ബൈക്കിലിരിക്കുന്ന
രമേശുംകൂട്ടരും അയ്യാളെ അത്ഭുതത്തോടെ
നോക്കുന്നു.

രമേശിനോടായി കൂട്ടത്തിൽ ഒരാൾ:- എസ്.പി. വിനോദ് പ്രാഭാകർ!!!
അവർക്കടുത്തേക്ക് നടന്നെത്ത് വിനോദ്:- ഓഹോ... അപ്പോൾ എന്നെ
നിനക്കൊക്കെ അറിയാം....അല്ലേടാ......


പെട്ടെന്ന് രമേശിന്റെ കവിളിൽ
വിനോദ്ശക്തിയായി ആഞ്ഞടിച്ചു..

********************


ഇവിടെ നമുക്ക് സീൻ കട്ട് ചെയ്യാം,അല്ലെങ്കിൽ എസ്.പി.വിനോദിന്റെ സംഭാഷണം നീട്ടാം,രമേശിനു മറുപടി പറയാം...സംഭാഷണങ്ങളിൽ നിന്നും രമേശിന്റേയും കൂട്ടരുടേയും സ്വഭാവവും(ക്യാരക്റ്റർ) വിനോദിന്റെ നായക ഭാവവും വെളിപ്പെടുത്താം...അതുമല്ലെങ്കിൽ വിനോദ്,രമേശ്,കൂട്ടുകാർ എന്നിവരുമായുള്ള ഒരു സംഘട്ടന രംഗം രൂപപ്പെടുത്താം (ഇവിടെ മുൻപ് ഞാൻ പറഞ്ഞത് പോലെ ... വിനോദ് എന്ന കഥാപാത്രത്തിന്റെ കാൽ‌പ്പാദം മുതൽ മുകളിലോട്ട്കാണിക്കുന്നത് ആ കഥാപാത്രത്തിന്റെ introduction പൊലിപ്പിച്ച് കാണിക്കാൻ വേണ്ടിയാണ്.ഇവിടെ ക്യാമറ ആങ്കിളിനെപ്പറ്റിയോ,ക്ലോസപ്പ്,മിഡ് റൈയ്ഞ്ച്,ലോങ് ഷോട്ട് എന്നിവയെക്കുറിച്ചൊന്നും നമ്മൾ എഴുതണമെന്നില്ലാ. അതിനുള്ള സ്വാതന്ത്ര്യം സംവിധായകന് വിട്ട് കൊടുക്കുക. ജീപ്പിലും,കാറിലും ഒക്കെഘടിപ്പിച്ച് വളരെ ക്ലോസായ ഷോട്ടുകളെടുക്കാനുള്ള ക്യാമറകൾ ഇപ്പോൾ സിനിമയിൽ ഉപയോഗിക്കാറുണ്ട്.പക്ഷേ അത് അത്തരത്തിലാണ് പകർത്താൻ ഉദ്ദേശിക്കുന്നത് എന്ന് നമ്മൾ തിരക്കഥയിലൂടെ പറയുകയാണിവിടെ ചെയ്യുന്നത്. സംവിധായകനും ,ക്യാമറാമാനും കൂടി അവരുടേയും യുക്തിക്കനുസരിച്ച് അവ ഷൂട്ട് ചെയ്യുന്നൂ.

ആറ്റിക്കുറുക്കിയ ഡയലോഗുകൾ എഴുതുവാൻ നമ്മൾ ശ്രദ്ധിക്കണം. ഒരു സീനിന്റെ ദൈർഘ്യം കഴിവതും നമ്മൾ എഴുതുന്ന മാൻസ്ക്രിപ്റ്റിന്റെ രണ്ട് പേജിലെങ്കിലും ഒതുക്കാൻ ശ്രമിക്കുക. എങ്കിലേ സീനുകൾക്ക് ചടുലതയുണ്ടാകൂ. അല്ലെങ്കിൽ കഥ പറച്ചിലിന് ഇഴച്ചിൽ അനുഭവപ്പെടും.കഴിവതും സീനുകളിൽ നാടകം കടന്ന് വരാതിരിക്കുവാൻ ശ്രദ്ധിക്കണം.

*
ചിത്രങ്ങൾ
ബ്ലോഗിലേക്ക്......