പുസ്തകലോകം

ഞാനും ബുദ്ധനും - പുസ്‌തക പരിചയം

അനിലാൽ ശ്രീനിവാസൻ
തിരുവനന്തപുരത്തു സ്റ്റാച്യുവിലുള്ള DC ബുക്സിൽ ചെന്നപ്പോൾ, അവിടെ sales ലുള്ള പയ്യൻ ഒരു പുസ്തകമെടുത്തു തന്നിട്ടു പറഞ്ഞു 'ഇത് വായിക്കണം - ഞാനും ബുദ്ധനും'. ഞാൻ കൈയിൽ വാങ്ങി നോക്കി എഴുതിയ ആളെ മുൻപ് കേട്ടിട്ടേയില്ല. രാജേന്ദ്രൻ എടത്തുംകര. ഞാൻ വാങ്ങുമ്പോൾ ഈ പുസ്തകം നാലാം പതിപ്പ് ആയിരുന്നു. വായിച്ചു. കഴിഞ്ഞപ്പോൾ തോന്നി, ഈ വർഷം വായിച്ച മലയാള പുസ്തകങ്ങളിൽ ഏറ്റവും ഇഷ്ടമായത് ഇത് തന്നെ. രാജേന്ദ്രൻ എടത്തുംകരക്കു ആശംസകൾ.

സിദ്ധാർഥൻ കപിലവസ്തു വിട്ടശേഷം കൊട്ടാരത്തിനും സിദ്ധാർഥന്റെ ജീവിതത്തോടടുത്തു നിന്നവർക്കും എന്തിനു നാടിനു തന്നെയും സംഭവിച്ചത് ഏകതാനമായ ധ്യാനത്തിന്റെ ഫലമെന്ന പോലെയാണ് ഈ കൃതി കണ്ടെത്തുന്നത്. ബുദ്ധന്റെ ചെയ്തികൾ ഈറ്ററയിലേ ഉപേക്ഷിക്കപ്പെട്ട ഗോപ (ഭാര്യ), അച്ഛൻ ശുദ്ധോദന മഹാരാജാവ്, പഴയ അംഗ രക്ഷകൻ കാളുദായിയുടെ ഭാര്യ കമല, വളർത്തമ്മ മാതംഗി, ഗോപയുടെ സഹോദരൻ ദേവദത്തൻ എന്നിവരുടെ മാനസിക വ്യാപാരങ്ങളുടെ ഭാവ തീവ്രമായ ആവിഷ്കാരത്തിലൂടെ വിലയിരുത്തപ്പെടുന്നു.


ബുദ്ധനെ തിരിച്ചു കൊട്ടാരത്തിലേക്കു കൂട്ടികൊണ്ടു വരൻ പോകുന്നവരൊക്കെ (മകൻ രാഹുലൻ പോലും) ബുദ്ധ ഭിക്ഷുക്കളായി വിഹാരങ്ങളിൽ തങ്ങുമ്പോൾ കപിലവസ്തുവിന്റെ ക്ഷയം തുടങ്ങുന്നു.

സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ട പ്രകൃതി ഇതിലെ പ്രധാന സാന്നിധ്യമാണ്. 'വിളറിയ ചന്ദ്രക്കലയുടെ താഴെ, മങ്ങിയ വെളിച്ചത്തിന്റെ ആവരണത്തിൽ കപിലവസ്തു സ്തംഭിച്ചു നിന്നു. എന്നേക്കുമായി ഇറങ്ങിപ്പോയവരുടെ ഓർമയിൽ വീടുകൾ നിശബ്ദമായി. ഫണമുയർത്തുന്ന നിശബ്ദതയുടെ ഇടയിൽ കിഴക്കൻ കാറ്റിൽ അലമുറയുടെ നാദം. അത് നേർത്തു നിർത്തില്ലാതെയാവുന്നു...'

അവസാനം സ്‌തേനരുടെ മൃഗീയാക്രമണത്തിൽ തകരുന്ന കപിലവസ്തുവും അവിടുത്തെ ജീവിതങ്ങളും. ആക്രമണത്തിൽ അപമാനിതകളായ അവശേഷിച്ച സ്ത്രീകളും ബുദ്ധവിഹാരങ്ങളിലേക്കു യാത്രയാകുന്നതോടെ കപിലവസ്തുവിന്റെ അനാഥത്വം പൂർണമാവുന്നു.

ഭാര്യ ഗോപയുടെ ആത്മഗതമായുള്ള ഭാരതവാക്യത്തിൽ നിന്ന് -
"സർവാർദ്ധസിദ്ധനായ മഹാ ഗൗതമാ, നിന്റെ മകൻ രാഹുലൻ ഇന്ന് മരിച്ചു...
...............................................................................................................................
ബോധിസത്വനായ മായാദേവിപുത്രാ, അടക്കിയിട്ടും അടക്കാനാവാതെ ഓർമ്മകൾ ഞരമ്പിൽ നിന്നും കുത്തിയൊഴുകുന്നു. എങ്കിലും ഞാൻ പതറുകയോ
കരയുകയോ ചെയ്യുന്നില്ല. ലോകബാന്ധവനായ മഹാബുദ്ധാ
നിന്റെ ഗോപയായിരുന്നു ഞാൻ..
നിന്റെ മകനായിരുന്നു അവൻ.
നിന്റെ...."

*

ചിത്രങ്ങൾ
ബ്ലോഗിലേക്ക്......