നോവൽ

വഴിയമ്പലം - 11

അമ്പഴയ്ക്കാട്ട് ശങ്കരൻ
ചൂടുള്ള സായാഹ്നം. നഗരത്തിന്‌ ഒഴിവ്‌ ദിനത്തിന്റെ ഉറക്കച്ചടവ്‌. ഇനി നഗരമൊന്നുണരണമെങ്കിൽ സന്ധ്യയാകണം. ഓർത്ത്‌ നടക്കാൻ ഒന്നുമില്ലാത്തതുകൊണ്ട്‌ നിരത്തിലലയുന്നവരെ നോക്കി നടന്നു.

നെയിം ബോർഡ്‌ വെച്ചിട്ടുള്ള ഗെയ്‌റ്റ്‌ തള്ളിത്തുറന്ന്‌ അകത്ത്‌ കടന്നപ്പോൾ കെട്ടിയിട്ട നായ തുടർച്ചയായി കുരച്ചു. കാളിംഗ്‌ ബെല്ലമർത്താതെ തന്നെ അകത്ത്‌ പദചലനം. യജമാനന്റെ സാന്നിദ്ധ്യമറിഞ്ഞ്‌ നായ കുര നിർത്തി.

പാതി തുറന്ന വാതിലിന്‌ പിന്നിൽ സംശയത്തിന്റെ മുഖവുമായി ഒരു പെൺകുട്ടി. എവിടെയോ വെച്ച്‌ കണ്ട്‌ മറന്ന മുഖം. പെട്ടന്നവളുടെ മുഖത്ത്‌ ചിരി വിടർന്നു.

“വരൂ”

“അച്ഛനില്ലെ”

“ഉറങ്ങുകയാണ്‌.”

“എന്നാൽ കുറച്ചുകഴിഞ്ഞുവരാം”

സമയം നല്ലതല്ലന്നോർത്ത്‌ പുറത്തുനിന്നുകൊണ്ട്‌ തന്നെ പറഞ്ഞു.

“അകത്ത്‌ വരൂ. ഞാൻ വിളിക്കാം”

നല്ല പരിചയമുള്ളപോലെ വാതിൽ മുഴുവനായി തുറന്ന്‌ അവൾ അകത്തേക്ക്‌ ക്ഷണിച്ചു.

“എന്നെ മനസ്സിലായോ”

അകത്തേക്ക്‌ കടക്കുമ്പോൾ ചോദിച്ചു.

“ശ്യാമിനെ ആരാ അറിയാത്തത്‌. ഞാൻ ആ കോളേജിൽത്തന്ന്യാ പഠിക്കണെ”

“സോറി. ഞാൻ കരുതി പ്രിൻസിപ്പലിന്റെ മകളാന്ന്‌”

“എന്റെ വലിയച്ഛനാ”

ക്ഷമാപണം കേട്ടൊന്ന്‌ ചിരിച്ച്‌ മറുപടി പറഞ്ഞുകൊണ്ട്‌ അവൾ അടുത്ത മുറിയിലേക്ക്‌ പോയി, പെട്ടെന്ന്‌ തിരിച്ചുവരികയും ചെയ്തു.

“എന്താ ഇരിക്കാത്തെ. വലിയച്ഛൻ നല്ല ഉറക്കാ.”

“സാരമില്ല ഞാൻ കാത്തിരിക്കാം. എന്തിനാ പഠിക്കണെ”

“ഡിഗ്രി ഫസ്‌റ്റിയറാ”

“സാറൊന്നും പറഞ്ഞില്ല. പിന്നെ അത്രക്ക്‌ പരിചയോം ഇല്ല. എലക്ഷൻ കാലത്ത്‌ കാണേം പരിചയപ്പെടേംണ്ടായിട്ടുണ്ടാവും. ഒരു മുഖപരിചയം തോന്നി. സാറിന്റെ മകളെവിട്യാ”

“മെഡിസിന്‌ പഠിക്ക്യാ. ഹോസ്‌റ്റലില്‌ നിക്ക്വാ”

തുടർന്നോന്നും ചോദിക്കാനില്ലാതെ പുറത്തേക്ക്‌ നോക്കിയിരുന്നു.

“പേരെന്താ. അത്‌ മാത്രം ചോദിക്കാൻ മറന്നു.”

അവൾ പോകാൻ തുടങ്ങിയപ്പോൾ പെട്ടെന്ന്‌ ചോദിച്ചു.

“രാധിക”

ബതിരിഞ്ഞനിന്ന്‌ പറഞ്ഞകൊണ്ട്‌ അവൾ അടുക്കളയിലേക്ക്‌ പോയി.

നിഴൽ വീണ മുറ്റത്ത്‌ കരിയിലകളുടെ ശബ്ദം. തണൂത്ത കാറ്റ്‌ വീശുന്നു. പോക്കുവെയിലിന്റെ നേരിയ ചൂടുപോലും ഇവിടെയില്ല. നഗരത്തിന്റെ തിരക്കിലും ചൂടിലും ഇങ്ങനെയൊരു വീട്‌ ഭാഗ്യമാണ്‌.

പലപ്പോഴും ഇവിടെ വന്നിട്ടുണ്ട്‌. അപ്പോഴൊന്നും ഇങ്ങിനെ ചിന്തിച്ചിരുന്നില്ല. പക്ഷെ ഇന്ന്‌ നല്ലൊരു ദിവസമാണെന്ന്‌ തോന്നുന്നു. ജീവിക്കണമെന്ന തോന്നലിന്‌ വിത്തിട്ട ദിവസം. അത്‌ വളർന്ന്‌ വലിയ മരമാകണം. പുഷ്പിക്കണം, കായ്‌കനികളുണ്ടാകണം.

എന്നിട്ട്‌.. എന്നിട്ടെന്താണ്‌. അത്‌ മാത്രം അറിയില്ല.

ദിവസങ്ങളായുള്ള ലോഡ്‌ജിലെ ഏകാന്തവാസം മടുത്തുകഴിഞ്ഞിരുന്നു. നാല്‌ ചുവരുകൾക്കുള്ളിലെ വീർപ്പുമുട്ടിക്കുന്ന അജ്ഞാതവാസം ഭയാനകമാം വിധം മനസ്സിനെയും ശരീരത്തേയും തളർത്തിയിരുന്നു. ഒരു പകലിനോ ഒന്നുരണ്ട്‌ രാത്രികൾക്കോ വേണ്ടി മുറിയെടുത്ത്‌ മടങ്ങിപ്പോയവരുടെ എണ്ണം എത്രയായിക്കാണുമെന്നറിയില്ല. കുറെയായിക്കാണണം. അങ്ങിനെയാണ്‌ വീട്ടിലേക്കൊന്ന്‌ പോകാൻ തീരുമാനിച്ചത്‌.

വീട്ടിലൊരു മാറ്റവും ഉണ്ടായിരുന്നില്ല. കയറിചെല്ലുമ്പോൾ പതിവുപോലെ ചെറിയമ്മ അവിടെ ഉണ്ടായിരുന്നില്ല. കരിപുരണ്ട മുഖവും കുഴിനഖം വന്ന്‌ വീർത്ത കൈവിരലുകളുമായി അടുക്കളയിൽ തുളസി.

- ചേട്ടനെപ്പോ വന്നു.

അത്ഭുതം കൂറുന്ന മിഴികളുമായി തുളസി നിന്നു. അവളുടെ കൺകോണുകളിൽ മിഴിനീർ. അവളുടെ വാക്കുകളിൽ ഗദ്ഗദം.

- ഇപ്പോ. അച്ഛനെവിടെ തുളസി.

- അച്ഛന്റെ മുറിയിലുണ്ട്‌. ചേട്ടനെന്ത്‌ ക്ഷീണാ. എന്തൊരു കോലാ ഇദ്‌. കൂളിം ഷേവ്‌ ചെയ്യലൂം ഒന്നൂല്യെ. ഇപ്പൊ കാപ്പി ഉണ്ടാക്കാം.

അവളുടെ ആഹ്ലാദം കണ്ടപ്പോൾ തോന്നി, അരുതായിരുന്നു, ഇവളെയെങ്കിലും ഓർക്കണമായിരുന്നു.

“കാപ്പി”

“നീയ്യ്‌ വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ തുളസി.”

“ഇതെന്താ ശ്യാം ഭ്രാന്ത്‌ പറയണത്‌. സ്വപ്നം കാണ്വാണോ”

രാധിക നിന്ന്‌ ചിരിക്കുന്നു. വർത്തമാനത്തിലേക്ക്‌ തിരിച്ചെത്താൻ നിമിഷങ്ങളെടുത്തു. കപ്പ്‌ വാങ്ങുമ്പോൾ കൈവിറച്ച്‌ കാപ്പി തുളുമ്പി. കപ്പ്‌ ടീപ്പോയിൽ വെച്ച്‌ കർചീഫെടുത്ത്‌ കൈ തുടച്ചു.

“വല്ല്യച്ഛനുണർന്നോ”

“ഞാൻ നോക്കാം. ആരായി തുളസി”

“എന്റെ അനിയത്തി”

“നമ്മുടെ കോളേജിലാ”

“അവൾ പഠിക്കണില്ല്യാ.”

അവൾക്ക്‌ പഠിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ രാധികയോടൊപ്പമായേനെ. ജീവിതത്തിൽ എങ്കിലെന്ന ചിന്തക്ക്‌ അർത്ഥമില്ല. എങ്കിലും ആഗ്രഹിച്ചുപോകുന്നു. ആഗ്രഹങ്ങളാണ്‌ ജീവിതത്തിന്‌ അർത്ഥം നല്‌കുന്നത്‌. എത്തിപ്പിടിക്കാൻ കഴിയാത്തത്‌ ആശിക്കുന്നത്‌ നിരാശക്ക്‌ വഴിനല്‌കുമായിരിക്കാം.

ആരാധന നിറഞ്ഞ മുഖവുമായി രാധിക അവളുടെ മുറിയിലേക്ക്‌ പോയി.

തളർന്ന മുഖവുമായി തുളസി വീണ്ടും മുന്നിൽ വന്ന്‌ നില്‌ക്കുന്നു. അവളുടെ ധാവണിതുമ്പിൽ കണ്ണുനീരിന്റെ ഈർപ്പം. അവളുടെ പൂക്കളുള്ള പാവാടയിൽ കൈ തുടച്ച കരിയുടെ പാടുകൾ.

- എന്തിനാ ഞാൻ വരുമ്പോഴൊക്കെ നീ ഇങ്ങനെ കരയണെ.

- ഒന്നുല്യാ

- ചെറിയമ്മയെവിടെ

- എന്നും വഴക്കാണ്‌. അങ്ങിനെയൊരു വഴക്കും കഴിഞ്ഞാ ചെറിയമ്മ ഇറങ്ങിപ്പോയത്‌. എല്ലാ വീട്ടിലും വഴക്ക്‌ കഴിഞ്ഞാ അച്ഛന്മാരാ ഇറങ്ങിപ്പോവ്വാ. ഇവിടെ...

- കരഞ്ഞിട്ട്‌ കാര്യൊന്നുംല്ല്യാ. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടാനിഷ്ടങ്ങളാ വലുത്‌. നീ എന്നും ഇങ്ങന്യാ, കരഞ്ഞ്‌ കരഞ്ഞ്‌

- എന്നും കരയാനുള്ള കണ്ണീരില്യ. ഇന്ന്‌ ചേട്ടനെ കണ്ടപ്പോ. ചേട്ടനെങ്കിലും രക്ഷപ്പെട്ടല്ലോ.

- ഞാൻ രക്ഷപ്പെട്വേ. ഇവിടെ ആരും രക്ഷപ്പെടുന്നില്ല. കൂടുതൽ ആഴത്തിലേക്ക്‌ മുങ്ങിപ്പോകുകയാണ്‌ ചെയ്യുന്നത്‌.

തുളസി പാവമാണ്‌. മനസ്‌ തുറന്ന്‌ സംസാരിക്കാൻ അവൾക്കാരെങ്കിലൂം വേണ്ടെ. ഇപ്പോഴും മനസ്‌ കുറ്റപ്പെടുത്തുന്നു. അവളെയെങ്കിലൂം ഓർക്കണമായിരുന്നു.

- ആരാ അവിടെ തുളസി.

സംസാരത്തിനിടെ ശബ്ദം പൊന്തിയപ്പോൾ അച്ഛനുണർന്നു.

- ചേട്ടൻ

- ന്നാലിങ്ങട്‌ വരാൻ ബപറ.

അച്ഛന്റെ മുറിയുടെ വാതില്‌ക്കൽ ചെന്നുനിന്നു. വെള്ളെഴുത്ത്‌ കണ്ണടയൂരി ഉടുത്ത മുണ്ടുകൊണ്ട്‌ മുഖവും കണ്ണടയും തുടച്ച്‌ കണ്ണ്‌ തെളിയിക്കുന്ന അച്ഛൻ. കണ്ണൂകളിടഞ്ഞപ്പോൾ അപരിചിതരപ്പോലെ ഇരുവരും മുഖം തിരിച്ചു. ഗൗരവത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ രണ്ടുപേരും നിന്നു. ഒടുവിൽ അച്ഛൻ തുടങ്ങി.

- ഒരാഴ്‌ചയായി നിന്നെ അന്വേഷിക്കുന്നു. എവിടെയാണെന്നറിയണ്ടെ. പ്രിൻസിപ്പല്‌ പലതവണ ഫോൺ ചെയ്തിരുന്നു.

- ഉം

- പ്രിൻസിപ്പലിനെ കണ്ടുവോ

മൂളലിന്റെ അർത്ഥം അറിഞ്ഞുവെന്നാണ്‌ തെറ്റിദ്ധരിച്ച്‌ അച്ഛൻ ചോദിച്ചു.

- ഇല്ല്യ

- തല്‌ക്കാലം കോളേജിൽ നിന്നും മാറുന്നതാണ്‌ നല്ലതെന്ന്‌ പറഞ്ഞു. സയൻസ്‌ സബ്‌ജക്‌റ്റ്‌ ഒന്നും അല്ലല്ലോ. പിന്നീടെഴുതി പാസാകാം.

- ഇത്‌ പറയാനാ

ഇടയിലെ അതൃപ്തിയുടെ സ്വരം അച്ഛനെ മുഷിപ്പിച്ചു.

- ഇത്‌ മാത്രമല്ല. ബാംഗ്ലൂർന്ന്‌ നിന്റെ അമ്മാമൻ വിളിച്ചിരുന്നു.

- എന്നിട്ട്‌

- ഞാൻ നിന്റെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോ നിന്നോട്‌ അങ്ങോട്ട്‌ ചെന്നോളാൻ പറഞ്ഞു.

ഇത്‌ പ്രതീക്ഷിച്ചതല്ല. ഉളവായ സന്തോഷം മറച്ചുപിടിക്കാൻ പാടുപെട്ടു. വണ്ടി മാറിക്കയറാൻ ഒരവസരം.

- നിനക്കൊരു മാറ്റം ആവശ്യമാണ്‌. കോളേജും രാഷ്ര്ടീയൊക്കെ തത്‌ക്കാലത്തേക്ക്‌ വിട്വാ നല്ലത്‌.

ഒന്ന്‌ മുഖത്തേക്ക്‌ നോക്കി അച്ഛൻ തുടർന്നു.

- അവിടെ ഏതെങ്കിലും ഒരു കപ്യൂട്ടർ കോഴ്സിന്‌ ചേരാമെന്നാ പറഞ്ഞത്‌. പ്രൈവറ്റായി ഡിഗ്രി കംപ്ലീറ്റ്‌ ചെയ്യേം ചെയ്യാം. കോഴ്സ്‌ കഴിഞ്ഞാൽ എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തിത്തരാൻ അയാൾക്ക്‌ കഴിയും. അത്‌ വേണ്ടെങ്കിൽ എമ്മേക്ക്‌ ചേരണമെങ്കിൽ ചേരാം.

അച്ഛന്റെ ശബ്ദം ആർദ്രമായിരുന്നു. ഇതുവരെ കണ്ടില്ലാത്ത അച്ഛന്റെ പുതിയ മുഖം കണ്ട്‌ മനം കുളിർത്തു.

- നീയ്യൊന്നും പറഞ്ഞില്ലല്ലോ

മുറിയിൽ നിന്നും പോകാൻ തുടങ്ങിയപ്പോൾ ഉത്തരമൊന്നൂം പറഞ്ഞില്ലെന്ന്‌ അച്ഛൻ ഓർമിപ്പിച്ചു.

- ഞാനെന്ത്‌ പറയാനാ. ചെറിയമ്മയെവിടെ. ബൈതുവരെ കണ്ടില്ലല്ലോ.

- എല്ലാം അറിഞ്ഞിട്ട്‌ നീയ്യിങ്ങനെ തുടങ്ങിയാൽ....

മനഃപൂർവ്വം ചോദിച്ചതാണ്‌. അത്‌ അച്ഛനെയിത്ര വേദനിപ്പിക്കുമെന്നറിഞ്ഞില്ല.

- ഞാൻ നിന്നോട്‌ തെറ്റു ചെയ്തിരിക്കാം. ചെറിയമ്മ നിന്ന്‌ വേദനിപ്പിച്ചിരിക്കാം. പക്ഷെ പാവം തുളസി നിന്നോടെന്ത്‌ തെറ്റ്‌ ചെയ്തു. അവളെക്കൂറിച്ചെങ്കിലും നീ ഓർക്കണമായിരുന്നു.

അച്ഛന്റെ മുഖത്ത്‌ വേദന പടരുന്നത്‌ ഇന്നാദ്യമായി കണ്ടു

ശരിയാണത്‌. തുളസിയോട്‌ തെറ്റുചെയ്തിരിക്കുന്നു. അവളുടെ കണ്ണീര്‌ കാണാൻ, സ്നേഹമറിഞ്ഞ്‌ പെരുമാറാൻ കഴിഞ്ഞില്ല. ഒരനിയത്തിയൂം ചേട്ടനുവേണ്ടി ഇത്രമേൽ കരഞ്ഞിരിക്കില്ല.

ഉച്ചക്ക്‌ ചൂടുള്ള ആഹാരം നിർബന്ധിച്ച്‌ ഊട്ടുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

- നീയ്യെന്ത്‌ തീരുമാനിച്ചു.

പോകാൻ തുടങ്ങവെ ഒരിക്കൽക്കൂടി അച്ഛൻ ചോദിച്ചു.

- ഒന്നും തീരുമാനിച്ചിട്ടില്ല. ഇപ്പോ ഞാൻ പ്രിൻസിപ്പലിനെ കാണാൻ പോവ്വാ. വൈകുന്നേരം വരും.

നടക്കില്ലിറങ്ങുമ്പോൾ ദുഃശ്‌ശകുനം പോലെ ചെറിയമ്മ മുന്നിൽ വന്ന്‌ നില്‌ക്കുന്നു.

- ശ്യാമെപ്പോ വന്നു.

- കുറച്ചുനേരായി.

- പോവ്വായോ. കാപ്പി കഴിച്ചില്ലെ.

ഒരതിഥിയോടെന്നവണ്ണം ചെറിയമ്മ ചോദിക്കുന്നു.

- ഞാനിപ്പൊ ഊണ്‌ കഴിച്ചതേയുള്ളൂ.

- സാരമില്ല, കുറച്ച്‌ കാപ്പി കുടിക്കാം. കുറച്ച്‌ കഴിഞ്ഞ്‌ പോകാം.

ഇന്നാരെയാണ്‌ കണികണ്ടത്‌. ഒഴിവുദിവസമായിട്ടും മുഖം വീർപ്പിക്കാതെ കൺടക്ടർ കൺസെഷൻ തരുന്നു. അച്ഛൻ സ്നേഹത്തോടെ സംസാരിക്കുന്നു. ചെറിയമ്മ വാത്സല്യം കാട്ടുന്നു.

- അച്ഛനെന്തെങ്കിലും പറഞ്ഞോ.

ആവി പറക്കുന്ന കാപ്പി ഗ്ലാസിൽ പകർന്ന്‌ നീട്ടി സ്നേഹപുർവം ചെറിയമ്മ ചോദിക്കുന്നു.

- മധുരമില്ലെ

- ഉവ്വ്‌

രണ്ട്‌ ചോദ്യത്തിനും ഉത്തരം ഒന്നിലൊതുക്കി.

- ഇല്ലെങ്കിൽ കൊണ്ടുവരാം.

- വേണ്ട

- എന്നിട്ടെന്ത്‌ തീരുമാനിച്ചു.

- ഒന്നും തീരുമാനിച്ചിട്ടില്ല.

- തീരുമാനിക്കാതെ പറ്റില്ലല്ലോ. വിദേശങ്ങളില്‌ ബകമ്പ്യൂട്ടറിന്റെ കാലം കഴിഞ്ഞെങ്കിലും ഇവിടെ കുറെകാലത്തേക്ക്‌ കൂടി നല്ല ചാൻസ്‌ ഉണ്ടാവും.

ആരോ പറഞ്ഞത്‌ കേട്ട്‌ പറയുകയാണ്‌ ചെറിയമ്മ. ഒന്നും പറയാതെ അവരുടെ മുഖത്തേക്ക്‌ നോക്കിയിരുന്നു. സ്വന്തം ആവശ്യങ്ങൾക്ക്‌ ബുദ്ധിമുട്ട്‌ തുടങ്ങിയിരിക്കും. അച്ഛനെന്ന കറവപ്പശുവിന്റെ കറവ്‌ വറ്റിയിരിക്കുന്നു. ഇവർ പുതിയ ഉറവിടങ്ങൾ തേടുകയാണ്‌.

“കാപ്പി കുടിച്ചില്ലെ. അത്‌ ചൂടാറിക്കാണും. പിന്നേം കിനാവ്‌ കാണ്വാണോ”

രാധിക വീണ്ടും വന്ന്‌ നിന്ന്‌ പരിഭവിക്കുന്നു.

“ശ്യാമിനെന്ത്‌ മാറ്റാ. ഇലക്ഷൻ കാലത്ത്‌ എന്ത്‌ രസായിരുന്നു. എനിക്കപ്പോഴത്തെ ശ്യാമിന്യാ ഇഷ്ടം.”

വളരെ പരിചരിതപ്പോലെ അവൾ പറയുന്നു. ഈ കുട്ടിക്കെന്തു പറ്റി. ഇടക്ക്‌ സഹതാപം, ചിലപ്പോൾ ആരാധന, ഇപ്പോഴത്തെ ഭാവം എന്താണെന്ന്‌ അറിയാൻ പോലും കഴിയുന്നില്ല.

“വല്ല്യച്ഛനുണർന്നു. ഇപ്പോ വരും”

അവൾ പറഞ്ഞുതീരും മുമ്പെ അദ്ദേഹം മുറിയിൽനിന്നും പുറത്തേക്ക്‌ വന്നു. മുഖത്താകെ ഒഴിവുദിനത്തിന്റെ മയക്കം. കട്ടിയുള്ള കണ്ണടചില്ലിലൂടെ ഗൗരവമേറിയ നോട്ടം. എഴുന്നേറ്റ്‌ ബഹുമാനിച്ചു.

“ഇരിക്ക്‌. വന്നിട്ട്‌ കുറച്ച്‌ നേരായി അല്ലെ. ഇവളെന്തെങ്കിലും തന്നോ. മഹാമടിച്ചിയാണ്‌“

ചിരിച്ച്‌ അദ്ദേഹത്തിന്‌ അഭിമുഖമായി ഇരുന്നു.

”അച്ഛന്‌ ഫോൺ ചെയ്തിരുന്നുവെന്ന്‌ പറഞ്ഞു“

”ഞാനീക്കേട്ടതെല്ലാം ശരിയാണോ ശ്യാം. എനിക്ക്‌ വിശ്വസിക്കാൻ കഴിയുന്നില്ല.“

”എല്ലാം ശരിയാണ്‌ സർ“

കുറ്റബോധം കൊണ്ടും ജാള്യതകൊണ്ടും തലകുനിഞ്ഞൂ.

”ഏതായാലും താൻ വന്നത്‌ നന്നായി. രണ്ട്‌ ദിവസം കഴിഞ്ഞാൾ രക്ഷകർത്താക്കളുടെയും വിദ്യാർത്ഥിനേതാക്കളുടയും മീറ്റിങ്ങുണ്ട്‌. എന്താ വേണ്ടതെന്ന്‌ സംശയിച്ചിരിക്ക്യായിരുന്നു. തന്നെ നിർബന്ധിച്ച്‌ ബാംഗ്ലൂർക്ക്‌ പറഞ്ഞയക്കാൻ അച്ഛൻ ഫോണിലൂടെ പറഞ്ഞു. വീട്ടിലേക്ക്‌ പോയില്ലെ“

”ഉവ്വ്‌. ഞാൻ പോകാൻ തീരുമാനിച്ചു“

”അതേതായാലും നന്നായി“

”പിന്നെ“

”എന്താണ്‌ പറഞ്ഞോളു.“

”എന്റെ ടീസിയും മറ്റും വീട്ടിലേക്ക്‌ അയച്ചുതരണം. എന്നെ പുറത്താക്കി എന്ന്‌ പറയുന്നതിലും വിരോധമില്ല. ക്രിമിനൽ കേസ്സൊന്നും വരാതെ സഹായിക്കണം. ഇനി കോളേജിൽ വരാൻ എനിക്ക്‌ മടിയുണ്ട്‌.“

”അതാ നല്ലത്‌. മറ്റു വിദ്യാർത്ഥി സംഘടനകൾ ആകെ ഇളകിയിരിക്കുകയാണ്‌. ഞാനിപ്പോ തന്റെ ഭാഗത്താന്നാ അവരുടെ വാദം.“

ചിരിച്ച്‌ വേദന മറയ്‌ക്കുകയാണന്നെറിഞ്ഞു. അദ്ദേഹത്തിന്‌ അളവറ്റ സ്നേഹമുണ്ട്‌. സ്നേഹിക്കുന്നവരെ വേദനിപ്പിയ്‌ക്കാനെ കഴിഞ്ഞിട്ടുള്ളു.

”കാപ്പി ചൂടാക്കണോ“

രാധിക വലിയച്ഛനുള്ള കാപ്പിയുമായി തിരിച്ചുവന്നിരിക്കുന്നു.

“തണുത്ത കാപ്പി വീണ്ടും ചൂടാക്കിയാൽ കയ്പാവും കുട്ടി”

വലിയച്ഛന്റെ ഒരുപദേശം എന്ന മട്ടിൽ രാധിക മുഖം തിരിച്ചു.

“കോളേജ്‌ വിടുന്നൂന്ന്‌ വെച്ച്‌ പഠിപ്പ്‌ നിർത്തൊന്നും വേണ്ട. ബിയേയും കമ്പ്യൂട്ടറും ഒരുമിച്ച്‌ പഠിക്കാനുള്ള കഴിവ്‌ തനിക്കുണ്ട്‌. പിന്നെ ഇടയ്‌ക്ക്‌ ഇങ്ങോട്ടൊക്കെ വരണം.”

പോകാനായി എഴുന്നേറ്റപ്പോൾ അദ്ദേഹം പറഞ്ഞു. ചിരിച്ച്‌ യാത്ര പറയുമ്പോൾ കണ്ണൂകൾ നിറഞ്ഞിരുന്നുവോ. അറിയാൻ കഴിഞ്ഞില്ല. പോക്കുവെയിലിന്റെ നിഴൽ തൊടിയാകെ നിറഞ്ഞ്‌ കഴിഞ്ഞിരുന്നു.

*
ബ്ലോഗിലേക്ക്......