നോവൽ

വഴിയമ്പലം - 13

അമ്പഴയ്ക്കാട്ട് ശങ്കരൻ
തീർത്ഥയാത്ര തുടങ്ങിയതേയുള്ളു. ഇനിയെത്ര ക്ഷേത്രങ്ങളിൽ പോകാനിരക്കുന്നു. ഇനിയെത്ര ദേവന്മാരെ ദർശ്ശിക്കാനിരിക്കുന്നു. അവിടെയെല്ലാം മണ്ഡപത്തിൽ നമസ്‌കരിച്ച്‌ മണികൊട്ടി തൊഴുത്‌ വരം വാങ്ങണമെന്ന്‌ ആഗ്രഹമുണ്ടായിരിക്കാം. വരം ലഭിച്ചില്ലെന്ന്‌ വെച്ച്‌ ദേവനെ നിന്ദിക്കുന്നത്‌ പാപമാണ്‌.

ഇനിയെത്ര ദൂരം താണ്ടാനിരിക്കുന്നു. ഇനിയെത്ര വഴിയമ്പലങ്ങളിൽ വിശ്രമിക്കാനിരിക്കുന്നു. അവിടെയെല്ലാം ഉരുത്തിരിയുന്ന സ്നേഹബന്ധങ്ങൾക്ക്‌ നൈമിഷിക നിലനില്പേയുള്ളു. പ്രബഞ്ചമാകെ പ്രതിദ്ധ്വനിച്ച്‌ മറയുന്ന മഞ്ഞുതുള്ളികളാണെല്ലാം. കുറച്ച്‌ നൊമ്പരങ്ങൾ സ്വീകരിച്ചുകൊണ്ട്‌ അവയെല്ലാം മറക്കേണ്ടിവരും.

അതെ എല്ലാം മറക്കണം. മറന്നെ പറ്റു. ഇവിടെ തളർന്നുവീണാൽ അടുത്ത വഴിയമ്പലം ഒരു മിഥ്യയാകും. പ്രതീക്ഷിച്ചുനില്‌ക്കുന്നവരെ നിരാശപ്പെടുത്തലാവും ഫലം.

- കൊച്ചബ്രാ, ഈ വെയിലത്തിങ്ങനെ നിക്കണ്ട. ആ തണലത്തേക്ക്‌ നീങ്ങിയിരുന്നോ.

വേലികെട്ടുകാരൻ കൂനുള്ള വയാറോണി ഉച്ചവെയിലിൽ വിയർത്തുകൊണ്ട്‌ പറയുന്നു.

- സാരംല്യ. അത്രക്ക്‌ ചൂടൊന്നും ഇല്ലല്ലോ.

- ഞാനൊരു കാര്യം പറയട്ടെ.

- എന്താ പറയൂ

- ഈ കള്ളിമുണ്ട്‌ മാറ്റി ഒരു കോടി ഡബിളുടുക്കണം. ഒരു കോടി പാവ്‌ തോളിലും. പിന്നെ ആ നൂലൂം. എന്താ അതിന്‌ പറയാ.

- പുണുല്‌

- പുണ്യനൂലെന്നാ അതിനർത്തം.

- എന്നിട്ട്‌

- അപ്പോ കൊച്ചബ്രാ മരിച്ചുപോയ വല്യബ്രാനെപ്പോലിരിക്കും.

മുത്തച്ഛനെ കണ്ടിട്ടില്ലെങ്കിലും മുത്തശ്ശിയുടെ വർണ്ണനകൾ ഏറെ കേട്ടിട്ടുണ്ട്‌. പഴയ ഓർമ്മകളുമായി അറ്റം കാണാത്ത പച്ചില പരപ്പ്‌ നോക്കി വയറോണി നെടുവീർപ്പിടുന്നു.

- അന്നാ പറമ്പും പാടവുമൊക്കെ ഇല്ലത്തെ വകയാ. എന്റെ അപ്പൂപ്പന്മാരടെ കാലത്ത്‌ അന്നത്തെ വല്യബ്രാൻമാർ ഇങ്ങോട്‌ പോന്നപ്പോ നാല്‌ പുലയകുടുംബങ്ങളേം കുട്ടി. ഇവിടെ വന്ന്‌ നാല്‌ കുടി വെച്ചാളാൻ പറഞ്ഞു.

- എന്നിട്ട്‌

- അന്ന്‌ അട്യേനൊരു കുട്ടിയാർന്നു.

കൈകൊണ്ട്‌ ഉയരം കാട്ടി വയറോണി പറഞ്ഞു. വയറോണിക്ക്‌ വയസ്സ്‌ എമ്പതോളം ആയെന്ന്‌ തോന്നുന്നു. ഇപ്പോഴും ഉറച്ച ദേഹവും തളരാത്ത മനസ്സും.

- അന്ന്‌ ഈ ഭാഗത്തൊന്നും ആൾ പാർപ്പില്ല. ഇരുട്ടണേന്‌ മുന്നെ കുറുക്കമ്മാരുടെ ഓരി തൊടങ്ങും. മനപ്പറമ്പാകെ പ്രേതങ്ങളാന്നാ നാട്ടാരുടെ വിശ്വാസം. ഇപ്പൊ മുക്കിന്‌ മുക്കിന്‌ കടകളായി, നെറയെ വീടുകളായി.

പല്ലില്ലാത്ത വായതുറന്ന്‌ വെളുക്കെ തൊണ്ണ്‌ കാണിച്ച്‌ വയറോണി ചിരിക്കുന്നു.

- അന്നൊരു ദീസം ഞാൻ അപ്പന്റെ കുടെ നിന്ന്‌ വേലികെട്ട്വാർന്നു.

പറയുന്നതനുസരിച്ച്‌ മാറുന്ന മുഖഭാവം.

- നീളംള്ള ഒരു മുളംകമ്പ്‌. അതിനെ ഇങ്ങനെ കുത്തിനിവർത്ത്യാ ഈ വേലിയേക്കാളും ഉയരം കൂടും. മുന്നാല്‌ കമരേണ്ടായിരുന്നു. കമര നോക്കാതെ വെട്ടി തുടങ്ങി. മുളേണ്ടോ മുറിയണു. ചതയന്നെ ചതയന്നെ. ഞാനന്ന്‌ കൊച്ചാണ്‌. നല്ല എകരള്ള വല്യബ്രാനെ നിയ്‌ക്ക്‌ പേട്യാ. ആളെ അടുത്ത്‌ കണ്ടപ്പതന്നെ വിറച്ചുപോയി. നിന്റെ അപ്പനെവിടെ, കുമ്പ കുലുക്കി ചിരിക്കണ വല്യബ്രാന്റെ ചോദ്യം. അപ്പൻ അകലെ നിന്ന്‌ വേലികെട്ട്വാർന്നു. പിന്നെ ആ മുളയിങ്ങട്‌ താന്നായി. അടിയനങ്ങട്‌ കൊടുത്തു. വേലികെട്ടാനറിയില്ലേന്നൊരു ചോദ്യം. ഒരു വെട്ട്‌ രണ്ട്‌ കഷ്ണം. എന്നട്ട്‌ കമരേലാ മുളവെട്ടാന്ന്‌ പറഞ്ഞൊരു ചിരിയും. ആ രുപം ഇപ്പളും ചങ്കിലുണ്ട്‌.

കിതപ്പ്‌ വർദ്ധിച്ച്‌ വയറോണി ഇരുന്നു.

- പിന്നെ മലേല്‌ പോയി. തേയിലതോട്ടത്തില്‌ പണിയെടുത്തു. പക്ഷേങ്കില്‌ ഈ പറമ്പില്‌ പണിയെടുക്കണ സൊകം അവിടെങ്ങും കിട്ടുല്ല.

- പോരുമ്പോ അവര്‌ വല്ലതും തന്നോ

- കുറച്ച്‌ കാശ്‌ തന്നു. അതോണ്ടാ അട്യേന്റെ കുടി ഓടിട്ടത്‌. കൊച്ചബ്രാൻ പോവ്വാണോ

എഴുന്നേറ്റപ്പോൾ വയറോണി ചോദിച്ചു.

- അതെ ടൗണിലൊന്ന്‌ പോണം.

പിന്നെയൂം വയറോണി എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും. കേൾക്കാൻ ആളുവേണമെന്ന്‌ നിർബന്ധമില്ല.

എഴുന്നേറ്റ്‌ നടന്നപ്പോൾ ബവയറോണിയുടെ ശബ്ദം പിറുപിറുപ്പായി. വെയിലിന്റെ ചൂട്‌ പടിഞ്ഞാറൻ കാറ്റ്‌ തണുപ്പിച്ചു. ചായ്‌ച്ചിട്ടിയിലെ തണുത്ത സിമന്റുനിലത്ത്‌ കിടന്നുറങ്ങിയുണർന്നപ്പോഴേക്കും പകൽ സന്ധ്യയായി ഒടുങ്ങിയിരുന്നു.

സന്ധ്യക്കൊന്ന്‌ കരയാൻ പോലും ഇടം കൊടുക്കാതെ രാവിന്റെ നിഴൽ കടം വാങ്ങിയ നഗരം കൃത്രിമപ്രകശത്തിലമർന്നിരിക്കുന്നു. പക്ഷെ ഈ ഒഴിഞ്ഞകോണിലെ ഇടവഴിയിൽ മാത്രം ഇരുട്ട്‌ മാഞ്ഞിരുന്നില്ല.

“വിഷ്ണുവിനെന്ത്‌ പറ്റി. ഒരു മൂഡില്ലതെ”

തുടർച്ചയായി രാഘവനോടെന്തോ സംസാരിച്ചുകൊണ്ടിരുന്ന ശ്യാം സംസാരം നിർത്തി ചോദിച്ചു.

“ഇതറിഞ്ഞെങ്കിൽ ഞാൻ വരില്ലായിരുന്നു.”

“നിന്നോട്‌ ഞനെത്ര പ്രാവശ്യം പറഞ്ഞു ഇന്നൊരു മുട്ടുന്യായവും പറയരുതെന്ന്‌. ഒടുവിൽ കണക്കുക്കൂട്ടി നോക്കുമ്പോ ഇങ്ങനെ ചിലതേ ജീവതത്തിൽ ഓർക്കാനുണ്ടാകൂ”

ശ്യാം വേദന്തിയെപ്പോലെ സംസാരിച്ചുതുടങ്ങി. തർക്കിച്ചിട്ട്‌ കാര്യമില്ല. വെറുതെ വഴിയിൽ പോകുന്നവരുടെ ശ്രദ്ധ തിരിക്കാമെന്നുമാത്രം.

ഈ നിമിഷങ്ങൾ സന്തോഷിക്കേണ്ടതാണെന്ന്‌ ശ്യാം പറയുന്നു. ഇത്‌ സന്താപത്തിന്റെ നിമിഷങ്ങളാണ്‌. പരവതാനി വിരിച്ച പ്രധാന ഹാളിലേക്ക്‌ കടക്കുമ്പോൾ ഓർത്തു.

പ്രധാന ഹാളിൽ റെസ്‌റ്ററന്റ്‌ മാത്രമെ ഉള്ളു. ചുറ്റും കൊച്ചു കൊച്ചു മുറികളാണ്‌. സൗകര്യപ്രദമായി ഇരുന്ന്‌ മദ്യപിക്കാം.

ഇന്നെല്ലാം ശ്യാമിന്റെ ഇഷ്ടാനിഷ്ടങ്ങളാണ്‌. ഏത്‌ മുറിയാണ്‌ വേണ്ടതെന്ന്‌ തീരുമാനിച്ചത്‌ ശ്യാമായിരുന്നു. വാതിലിൽ മൂന്ന്‌ എന്ന്‌ അക്കത്തിൽ എഴുതിയിരിക്കുന്നു. മുറിയിൽ മേശയും നാലഞ്ച്‌ കസേരകളും.

മങ്ങിയ വെളിച്ചവും കറങ്ങുന്ന ഫാനും. താമസം മാറിയ വീട്ടുകാർ എടുക്കാൻ മറന്നുപോയ ശ്രിരാമന്റെ മാറാല മൂടിയ ചിത്രം ചുമരിൽ കണ്ടപ്പോൾ ദുഃഖം തോന്നി. അദ്ദേഹം അവിടെയിരിക്കേണ്ട ആളല്ലല്ലോ. അത്‌ ബലരാമന്റേതായിരുന്നെങ്കിൽ.....

“നമുക്ക്‌ പതിമൂന്നാം നമ്പർ മുറി മതിയായിരുന്നു.”

കുടിച്ചുതുടങ്ങുന്നതിനുമുമ്പെ രാഘവൻ വെറുംവാക്കുകൾ പറഞ്ഞുതുടങ്ങിയിരിക്കുന്നു.

“അതിനിവിടെ നാലഞ്ച്‌ മുറികളേയുള്ളൂ. ഇവിടെ നല്ല പ്രൈവസിയുണ്ട്‌. പണ്ടിതൊരു വീടായിരുന്നു. പ്രധാനഹാളും രണ്ടുമൂന്ന്‌ മുറികളും പിന്നീട്‌ പണിഞ്ഞ്‌ സൗകര്യം കൂട്ടിയതാണ്‌.”

ഉടനെത്തന്നെ ശ്യാമിന്റെ മറുപടിയും വന്നു. അവൻ പറഞ്ഞത്‌ ശരിയാണ്‌. ഈ മുറിയിൽ നല്ല സൗകര്യവും സ്വകാര്യതയൂം ഉണ്ട്‌. ആർഭാടവും പരസ്യവുമില്ലാത്ത നഗരത്തിലെ ഏകമദ്യശാലയാണിതെന്ന്‌ തോന്നുന്നൂ.

കാത്തുനില്‌ക്കുന്ന വെയ്‌റ്ററോട്‌ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയൂം അപ്പോസ്തലൻ ആജ്ഞകൾ കൊടുത്തുകൊണ്ടിരുന്നു. നിറയുന്ന ഗ്ലാസ്‌സിനും ഒഴിയുന്ന കുപ്പിക്കുമിടയിൽ രാഷ്ര്ടീയമൊഴികെ സൂര്യന്‌ കിഴെയുള്ള സകല വിഷയങ്ങളും വർത്തമാനങ്ങളും നിറഞ്ഞുനിന്നു. ലഹരി പിടിച്ചപോലെ ഘടികാരത്തിന്റെ സൂചികൾ അതിവേഗം ഓടിക്കൊണ്ടിരുന്നു. രാഷ്ര്ടിയം പറയരുതെന്ന ശ്യാമിന്റെ നിബന്ധന അതുവരെ തെറ്റിക്കാതിരുന്ന രാഘവൻ എഴുന്നേറ്റ്‌ നിന്ന്‌ സംസാരിക്കാൻ തുടങ്ങിയപ്പോൾ അത്‌ തെറ്റിക്കുമെന്ന്‌ തോന്നി.

“നോക്ക്‌ ശ്യാം, ഏന്നോട്‌ ക്ഷമിക്ക്‌, ഇത്‌ രാഷ്ര്ടീയമാണോ എന്നറിയില്ല, പക്ഷെ എനിക്ക്‌ പറയതെ വയ്യ. വിഷ്ണുവിനോട്‌ ഇത്‌ പറഞ്ഞില്ലേങ്കിൽ നമ്മൾ സുഹൃത്തുക്കളാണെന്ന്‌ പറയുന്നതിൽ അർത്ഥമില്ല.”

“വേഗം പറഞ്ഞ്‌ തുലക്ക്‌. അർദ്ധരാത്രിയാകാറായി”

ലഹരിപിടിച്ച്‌ രാഘവൻ എന്തോ പുലമ്പാൻ പോകുന്നു എന്നാണാദ്യം കരുതിയത്‌.

“എന്താ രാഘവന്‌ എന്നോട്‌ പറയനുള്ളത്‌, കേക്കട്ടെ”

“ഒരാഴ്‌ച നമ്മളെയെല്ലാം മുൾമുനയിൽ നിർത്തിയ കോളജ്‌ ഗേറ്റിലെ അടിയുടെ സൂത്രധാരന്മാർ ആരാന്നറിയോ”

“ആരാ”

“ഈ തെമ്മാടിയും പിന്നെ നമ്മുടെ ചെറിയാനും”

ശ്യാമിന്റെ അടക്കിപ്പിടിച്ച ചിരി പൊട്ടിചിരിയായി. രാഘവനോടൊപ്പം അതിൽ പങ്കുചേർന്നപ്പോൾ ഒരിക്കലും തിരിച്ചവരാത്ത നിമിഷങ്ങളാണിതെല്ലാമെന്ന്‌ ബാറിയുന്നുണ്ടായിരുന്നു.

ഒടുവിൽ എല്ലാം കഴിഞ്ഞ്‌ ഉറക്കാത്ത പാദങ്ങളുമായി പുറത്തിറങ്ങുമ്പോൾ തെരുവ്‌ വിളക്കുകൾ മാത്രം കത്തിനിന്നിരുന്നു. നഗരം ഉറങ്ങിയിരുന്നു. അടുത്ത പ്രഭാതം മുതൽ എല്ലാം ഒരിക്കൽകൂടി ആവർത്തിക്കുന്നതിനുവേണ്ടി നഗരം ഉറങ്ങിയിട്ടുണ്ടായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * *

ഇല്ലത്തിന്റെ കിഴക്കുപുറത്തുള്ള ഇടവഴിയിലെ ഇല്ലി പൂത്തു. കാറ്റിലുതിർന്ന്‌ വീണ്‌ ചുവട്ടിലാകമാനം പരന്ന ഇല്ലിനെല്ല്‌ കല്ലോടുകൂടിത്തന്നെ വാരിയെടുത്ത്‌ മുറത്തിലിട്ട്‌ ചേറ്റി വൃത്തിയാക്കി. അടച്ചുവേവിച്ചിട്ടും നൂറച്ച ഇല്ലിയരികൊണ്ടുള്ള ശർക്കര ചേർത്ത പലഹാരം അത്താഴത്തിന്‌ ശേഷമുള്ള മധുരമായി.

“വിഷ്ണ്വേട്ടാ”

“ഉം”

“ഉറങ്ങുന്നില്ലെ”

“ഉറങ്ങണോ”

നെഞ്ചിലമർന്ന മാറിടത്തിന്റെ കുളിർമയിൽ ദേവിയുടെ നഗ്നമായ മുതുകിൽ തലോടി കഴുത്തിൽ ചുംബിച്ചുകൊണ്ട്‌ കാതിൽ ചോദിച്ചു.

അപ്പോൾ അവൾ ഓർമിപ്പിച്ചു.

“നാളെ പോകണ്ടെ”

“എവിടേക്ക്‌”

“അപ്പോഴേക്കും മറന്നോ. ഏതോ ഒരു കൂട്ടുകാരൻ....”

“ഓ.. രാഘവൻ. എങ്ങിനെയായാലും പോകണം. കൊല്ലത്തിലൊരിക്കലെ കാണാൻ പറ്റൂ. നാളെയാണെങ്കിൽ ചിലപ്പോ ശ്യാമുമുണ്ടാകും.”

കൊഴിഞ്ഞുപോയ ഒരു വ്യാഴവട്ടത്തിന്‌ മുമ്പുള്ള സ്മരണയിൽ പിറുപിറുത്തു.

“ചിലപ്പോ ഒരാളുകൂടിയുണ്ടാകും”

“അതാരാ”

അവളെന്താണ്‌ പറയാൻ പോകുന്നതെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ ചോദിച്ചു.

“പഴയ കാമുകി അംബിക.”

പൊട്ടിചിരിച്ചുകൊണ്ടവൾ പൂരിപ്പിച്ചു.

“അയ്യൊ വിടൂന്നേയ്‌...”

“വിടില്ല”

“പ്ലീസ്‌.. ഈ വിളക്കൊന്നണച്ചോട്ടെ”
ആലസ്യത്തിൽ പൊതിഞ്ഞ അവളുടെ പരിഭവത്തിന്‌ നല്ല ഭംഗിയുണ്ടായിരുന്നു.

(അവസാനിച്ചു.)
ബ്ലോഗിലേക്ക്......