നോവൽ

വഴിയമ്പലം - 10

അമ്പഴയ്ക്കാട്ട് ശങ്കരൻ
തെളിഞ്ഞ പ്രഭാതം.

അലങ്കരിച്ച പന്തലിൽ പിറുപിറുപ്പിന്റെ ആരവം. പുതുവസ്ര്തങ്ങളണിഞ്ഞ കുട്ടികളുടെ കലപില. കൈകെട്ടി നില്‌ക്കുന്ന കൗമാരം കടക്കാത്തവരുടെ ചുണ്ടിൽ കള്ളപുഞ്ചിരി. കൺമഷിയെഴുതിയ കടക്കണ്ണൂകളിൽ നാണത്തിന്റെ കൂമ്പൽ.

കത്താത്ത ചകിരിയിൽ ഉമിനിറഞ്ഞ മലർ കരിഞ്ഞ്‌ ഉയരുന്ന വെളുത്ത പുക. അഗ്നികുണ്ഡത്തിൽനിന്നും കരിഞ്ഞ നെയ്യിന്റെയും സ്ഥാനം തെറ്റി വീണ ജലത്തിന്റെയും ഇഴുകിയ ഗന്ധം.

ബ്രഹ്മമിരിക്കുന്ന നമ്പൂതിരി തുടർച്ചയായി ചുമച്ചു. ആകൃതിയില്ലാത്ത പാളകൊണ്ട്‌ ഓയ്‌ക്കൻ ഇടക്കിടെ വീശി. ആളിക്കത്തുന്ന അഗ്നിയുടെ സ്വർണ്ണപ്രഭയിൽ ഓയ്‌ക്കന്റെ കഷണ്ടി തിളങ്ങി.

തറ്റുടത്ത്‌ പവിത്രമിട്ട ചെറിയേട്ടൻ ഓയ്‌ക്കൻ സ്‌ഫുടതയൊടെ ചൊല്ലികൊടുക്കുന്ന മന്ത്രങ്ങൾ ശബ്ദം കുറച്ച്‌ ആവർത്തിക്കുന്നു. മൈലാഞ്ചിയിട്ട കൈകളിൽ മുറകെ പിടിച്ച വാൽകണ്ണാടി. പുതിയ ഓപ്പോൾ മുഖം കുനിച്ചിരിപ്പാണ്‌.

കൈപിടിച്ച അഗ്നിക്ക്‌ ചുറ്റും പ്രദിക്ഷണം. കുരവയെ തുടർന്ന്‌ ഉച്ചത്തിലാർപ്പുവിളി. സംഗീതസാന്ദ്രമായ വേളിയോത്തിന്റെ ഈണം. അറുപത്‌ കഴിഞ്ഞവർക്ക്‌ ആഹ്ലാദം. വീഡിയോ ഉണ്ടെന്നറിഞ്ഞപ്പോൾ ചൊല്ലുകാർക്ക്‌ ഉത്സാഹമേറി.

“ഏടത്തി വിളിക്കണു. ഒന്നങ്ങട്‌ ചെല്ലാൻ പറഞ്ഞു.”

കൂട്ടത്തിലില്ലതിരുന്ന പെൺക്കുട്ടി. നെറ്റിയിൽ കളഭം, നുണക്കുഴി, പിന്നെ മുഖക്കുരു. ആരെന്ന്‌ ചോദിക്കുന്നതിനുമുമ്പെ അവൾ ഓടിക്കളഞ്ഞു.

ഓപ്പോളായിരിക്കും വിളിച്ചതെന്ന്‌ കരുതി നാലുകെട്ടിലെത്തി. പക്ഷെ വിളിച്ചത്‌ കുഞ്ഞോപ്പാളായിരുന്നു.

“പനിനീരും ചെറുനാരങ്ങയും എവിട്യാ വിഷ്ണു.”

കുടിവെപ്പിനുള്ള ഒരുക്കമാണ്‌. നടുമുറ്റത്തിന്റെ നടുവിൽ നിറപറയിൽ പൂക്കുല. പിന്നെ നിലവിളക്ക്‌, അഷ്ടമംഗല്യം. ചുറ്റും അരിമാവുകൊണ്ട്‌ അണിഞ്ഞിരിക്കുന്നു.

നടുമുറ്റത്തെ തെക്കുകിഴക്കെ മൂലയിൽ ഒരു മേശ. അഴുക്കുപടിടിചിരുന്ന മേശ വൃത്തിയാക്കി പൂക്കളുള്ള വിരികൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. ദീർഘവൃത്താകൃതിയിലുള്ള ബ​‍ൂരു സ്‌റ്റീൽ പ്ലേയ്‌റ്റിൽ വെറ്റില, കളിയടക്ക, വാസനചുണ്ണാമ്പ്‌. പിന്നെ സുഗന്ധമുള്ള പാക്ക്‌ വേറെയും.

പേരറിയാത്ത പെൺകിടവിന്റെ ചുണ്ട്‌ നല്ലവണ്ണം ചെമന്നിരുന്നു.

നാലുകെട്ടിന്റെ ചുറ്റൂം അണിഞ്ഞൊരുങ്ങിയ സ്ര്തീകൾ കയ്യടക്കിയിരിക്കുന്നു. രസികത്തമുള്ള പുരുഷന്മാർ തെക്കിണിയും. അപ്പം തട്ടിപ്പറിക്കാൻ മാത്രം ഓവിനിച്ചുണ്ണികൾ ഇല്ലാതായിരിക്കുന്നു.

കലവറക്കാരനായി വടക്കെമച്ചിലെ വാതിൽപ്പടിയിലിരുന്നു. നിലവറയിൽ നിന്നും നരച്ചീരുകളുടെ ചിറകടി. ഉത്തരത്തിലിരുന്ന ഗൗളി ഒന്നുകൂടി ചിലച്ചു.

ചെരിച്ച്‌ ചാരി വെച്ചിരിക്കുന്ന കയറുകട്ടിലിന്‌ കൂട്ടില്ലാത്തതിന്റെ നൊമ്പരം. പിണ്ഡം കൊത്താൻ വരുന്ന പിതൃക്കളെ കാണുന്ന കൊച്ചുബലന്റെ കൗതുകത്തോടെ ചുമരിലേക്ക്‌ നോക്കി. ചുമരിൽ കളിയടക്ക കറയുടെ തെളിമ. തെളിഞ്ഞുനില്‌ക്കുന്ന കൈപ്പത്തികളൊന്നിന്റെ ഭംഗിയുള്ള വിരലുകൾ മുത്തശ്ശിയുടേതാകുമോ. അതോ അമ്മയുടേതോ.

നറുമണമുള്ള ഒരുപിടി പലപൂക്കളുമായാണ്‌ ഇന്നലെ രജനി വന്നത്‌. കുറെ വാടിയ മുല്ലപൂക്കൾ വിതറി അവൾ തിരിച്ചുപോയി. എവിടെ ആർക്കാണ്‌ തെറ്റുപറ്റിയത്‌. അമിതപ്രതീക്ഷകൾക്കുള്ള പ്രതിഫലങ്ങളാണിതെല്ലാം. ഒന്നുമില്ലെന്ന്‌ മനസ്സിലാക്കാൻ വൈകിപ്പോയി.

ഒന്നുമില്ലെങ്കിലും എന്തെങ്കിലും ഉണ്ടെന്ന്‌ ആശിക്കുകയാണ്‌ നല്ലത്‌. ശൂന്യത ഉണ്മയാണെങ്കിലും ആ അറിവ്‌ ഭയാനകമാണ്‌.

ഒരു വശം തളർന്ന്‌ വർഷങ്ങളോളം മരണം കാത്തുകിടന്ന മുത്തശ്ശിയുടെ തന്റേടമ ശൈഥില്യമാകാതിരുന്നത്‌ ആ അറിവില്ലായ്മ കൊണ്ടായിരിക്കും. അതോ എല്ലാം അറിഞ്ഞിരുന്നതുകൊണ്ടോ.

മുജ്ജന്മത്തിലെ പ്രവർത്തിയുടെ ഫലങ്ങൾ ഈ ജന്മം അനുഭവിക്കുന്നു. വിധിയുമായി പൊരുത്തപ്പെടാൻ മുത്തശ്ശിയുടെ മനം എന്നും തയ്യാറായിരുന്നു. എന്നിട്ടും ചിലപ്പോഴൊക്കെ ആ തന്റേടം കണ്ണീരിലൂടെ ഉരുകിയൊലിക്കുന്നത്‌ കാണേണ്ടിവന്നിട്ടുണ്ട്‌.

അപ്പോൾ വിധി എന്താണ്‌.

മുൻക്കൂട്ടി നിശ്ചയിച്ച്‌ കാലാകാലങ്ങളിൽ ബസംഭവിക്കുന്നതോ. അതോ മുന്നറിയിപ്പില്ലാതെ വന്നുചേരുന്നതോ.

“വിഷ്ണുവെന്താ ഒറ്റക്കിരിയ്‌ക്കണത്‌”

നാലിറയത്ത്‌ നിന്ന്‌ തലചെരിച്ചുനോക്കി ചിരിച്ചുകൊണ്ട്‌ ഓയ്‌ക്കൻ ചോദിക്കുന്നു. വൈകിക്കഴിച്ച പ്രാതലിനുശേഷമുള്ള ഏമ്പക്കത്തിൽ ചടങ്ങുകൾ ഭംഗിയായതിലുള്ള സംതൃപ്തി.

“ഒന്നുമില്ല. ചെറിയ ഒരു തലവേദന”

“പണി ശ്ശീടുത്തു ല്ലെ”

“ഉം”

അലസമായൊന്ന്‌ മൂളി. അല്പം ഏകാന്തതയ്‌ക്ക വേണ്ടി വന്നിരുന്നതാണ്‌. ഇവിടെ തന്നെ ഇരുന്നുകളയുമോ എന്ന്‌ ഭയപ്പെട്ടു. ചെല്ലമെടുത്ത്‌ വരുന്ന അച്ഛനെക്കൂടി കണ്ടപ്പോൾ ആ ഭയമേറി.

“ഓയ്‌ക്കൻ വരു. പുറത്തളത്തിലിരുന്നൊന്ന്‌ മുറുക്കാം.”

അച്ഛന്റെ മുഖം നിറയെ ക്ലാവ്‌ പിടിച്ച ഒട്ടുചെല്ലം കറകളഞ്ഞ്‌ വെളുപ്പിച്ച പുഞ്ചിരി. ഒയ്‌ക്കനെക്കൂട്ടി തിരിഞ്ഞ്‌ നടന്ന അച്ഛനെ നോക്കി നെടുവീർപ്പിട്ടു.

തിരക്കിനിടയിൽ അംബികയുടെ മുഖം തിരഞ്ഞുകൊണ്ടിരുന്നു. അംബിക വന്നിട്ടില്ല. വരുമെന്ന പ്രതീക്ഷയെല്ലാം വൃഥാവിലായി.

ആദ്യമെതിർത്ത്‌ പിന്നീട്‌ വഴങ്ങിയതിലുള്ള പശ്ചത്താപം അവളുടെ ഉള്ള്‌ നീറ്റുന്നുണ്ടായിരിക്കും. അഭിമുഖീകരിക്കാനുള്ള ഭയം വിടാതെ കൂടിയിട്ടുണ്ടാകും. ഒന്ന്‌ കാണണമെന്ന്‌ എപ്പോഴത്തേക്കാളും ശക്തിയായി മനസ്സ്‌ വെമ്പൽ കൊള്ളൂന്നു. ഇടനാഴിയിൽ നിന്നും നാലൂകെട്ടിലേക്ക്‌ നോക്കി. തനിക്ക്‌ വേണ്ട മുഖം മാത്രം കണ്ടില്ല.

ഒരു പക്ഷെ ഒന്നും സംഭവിക്കില്ലായിരിക്കാം. വെറുതെയുള്ള ഉത്‌കണ്‌ഠ കൂടപിറപ്പാണ്‌. ഉയർത്തി പിടച്ച കമ്പിറാന്തലിന്റെ മങ്ങിയ മഞ്ഞ പ്രഭയിൽ ചുളിഞ്ഞ നെറ്റിയിലും വാർദ്ധക്യം തൂങ്ങിയ കവിളിലും സ്‌ഫുരിക്കുന്ന ഭാവമെന്തായിരുന്നു. എല്ലാം മനസ്സാലായിയെന്നോ. ഇതെല്ലാം നേരത്തെതന്നെ അറിയുമെന്നോ.

ഒരായിരം അർത്ഥങ്ങളുള്ള അമർത്തിയ മൂളലിന്റെ പ്രതിദ്ധ്വനി ഇപ്പോഴൂം കാതിൽ വന്നലയ്‌ക്കുന്നു.

ഒന്ന്‌ ചിരിച്ച്‌ വിശദീകരണത്തിനൊരുങ്ങണോ എന്ന്‌ സംശയിച്ച്‌ നിന്നതായിരുന്നു. മനസ്സിന്റെ തുലാസ്സിൽ തെറ്റ്‌ തൂക്കിയ തട്ട്‌ ബശരിയേക്കാളും താഴ്ന്‌ നിന്നതുകൊണ്ടോ എന്തോ ഒന്നും ഉരിയാടാതെ നടക്കാനെ അപ്പോൾ കഴിഞ്ഞുള്ളൂ.

കലവറയിലെ ഉമ്മറപ്പടിയിൽ വന്നിരുന്നത്‌ മറ്റൊരു ഉദ്ദേശത്തോടും കൂടിയായിരുന്നു. എന്തെങ്കിലൂം ആവശ്യത്തിന്‌ ഓപ്പോൾ വരും. അപ്പോൾ പേരറിയാത്ത പെൺകിടവിന്റെ പേരറിയണം. ഒരു ദുഃസ്വപ്നമായി അനുഭവപ്പെടുന്ന യാഥാർത്ഥ്യം മറക്കാൻ മറ്റൊന്നിലേക്ക്‌ ശ്രദ്ധ തിരിക്കണം. അല്ലെങ്കിൽ ഭ്രാന്ത്‌ പിടിച്ചുപോകും.

“വിഷ്ണു വഴിമാറു”

തിരക്കിന്റെ സ്വരം വാക്കുകളിൽ നിറച്ച്‌കൊണ്ട്‌ ഓപ്പോൾ. മനസ്സൊന്ന്‌ കുളിർത്തു. പിരിമുറക്കം ഒന്നയഞ്ഞു. ധൃതി കൂട്ടുന്ന ഒപ്പോളെ നോക്കി ചിരിച്ചു.

“ഓപ്പോൾക്ക്‌ എന്താ വേണ്ടത്‌”

“ഇപ്പോ ആളെ കളിപ്പിക്കരുത്‌. അവിടെ കുട്ടികൾക്ക്‌ ഇല വെച്ചു.”

“എനിക്കൊരു കാര്യം അറിയാനുണ്ട്‌”

“എന്താത്‌”

“ആ കുട്ടിയേതാ”

“എത്‌ കുട്ടി”

“കുഞ്ഞോപ്പോളെ വിടാതെ കൂടിയിരിക്കണ ആ പെൺകുട്ടി.”

അറിയില്ലെന്ന്‌ നടിക്കുകയാണ്‌. എന്നിട്ടും വിശദീകരിച്ചു.

“പറഞ്ഞുവന്നാൽ ആ കുട്ടി നമ്മുടെ ഒരകന്ന ബന്ധുവാണ്‌. കുടീടെ കൂടെ വന്നതാ”

“ആ കുട്ടിയെ എന്തെങ്കിലും ഒരാവശ്യത്തിനിങ്ങട്‌ ഒന്ന്‌ വിടാമോ”

ചോദ്യം കേട്ട്‌ ഓപ്പോളൊന്ന്‌ അമ്പരന്നു. പിന്നെ എല്ലാം മനസ്സിലായിട്ടെന്നപോലെ ഒന്നു ചിരിക്കുകയും ചെയ്തു.

“വിഷ്ണുനെന്താ കിറുക്കുണ്ടോ”

“പറ്റില്ലെങ്കിൽ വേണ്ട കലവറയിലേക്ക്‌ കടക്കണ്ടാന്ന്‌ മാത്രം”

ഇരുകൈകളും കട്ടിളയിലമർത്തിപ്പിടിച്ച്‌ പൊട്ടിച്ചിരിച്ചു. കളിയാക്കലിന്റെ ധ്വനിയറിഞ്ഞ്‌ ഓപ്പോളുടെ പരിഭവം ചിരിയായി.

“ശരി അയയ്‌ക്കാം”

“പറ്റിക്ക്യോ”

“ഇല്ല്യാന്നേ”

“എന്താ വേണ്ടതോപ്പോൾക്ക്‌”

“ആ ചെപ്പിങ്ങെടുത്തോളു”

“മറക്കല്ലെ”

“ഇപ്പഴത്തെ കുട്ട്യോളുടെ ഒരു കാര്യേ”

ചെപ്പെടുത്തുകൊടുത്തുകൊണ്ട്‌ പറഞ്ഞപ്പോൾ പുതിയ തലമുറയെ ആകെ പഴിച്ചുകൊണ്ട്‌ അവർ വേഗം പോയി.

തണുത്തുറഞ്ഞ ഹൃദയം ഒരുകിയൊലിച്ചു. ബനിമിഷങ്ങളുടെ വ്യത്യാസത്തിൽ ചിന്തകളുടെ വ്യതിയാനമോർത്ത്‌ അത്ഭുതപ്പെട്ടു. മനസ്സിന്റെ പ്രത്യേകതയാണത്‌. ഒരേ സമയം ഒന്നിനെക്കുറിച്ച്‌ ആകുലപ്പെടാനും മറ്റൊന്നിനെക്കൂറിച്ച്‌ ആഹ്ലാദിക്കാനും അതിന്‌ കഴിയുന്നു.

ചിന്തകളെ തിരിച്ചുവിടാൻ ശ്രമിച്ചുകൊണ്ട്‌ ചുറ്റും നോക്കി. വേണ്ടപോലെ വെന്റിലേഷൻ ഇല്ലാത്ത മച്ചിൽ സഹിക്കാവുന്നതിലും അധികം ചൂടുണ്ട്‌. ശരീരം വിയർക്കുന്നതറിഞ്ഞു.

ഇടവിട്ട വീശിയിരുന്ന പടിഞ്ഞാറൻ കാറ്റ്‌ മച്ചിലൂം നേരിയ അലകളുണ്ടാക്കി. വിയർപ്പ്‌ വലിഞ്ഞ കുളിർമ്മയിൽ കണ്ണടച്ചിരുന്നു.

പ്രഭാതത്തിലെന്തോ പ്രത്യേകത തോന്നിയ തിരക്കിന്റെ ഇരമ്പം മറന്നു കഴിഞ്ഞിരുന്നു. ഭക്ഷണസാധനങ്ങളിൽ നിന്നും ഉയർന്നിരുന്ന വിവിധതരം ഗന്ധങ്ങൾ അപ്പോഴേക്കും ഒരു പ്രത്യേകതയല്ലാതായി തീർന്നിരുന്നു.

തട്ടിൽ തൂങ്ങിനിന്നിരുന്ന നരച്ചീറ്‌ എകാന്തതയിൽ മടുത്ത്‌ നിലവറയിലേക്ക്‌ പറന്നുപോയി. അവിടെനിന്നൂം തുടർച്ചയായി കേട്ട ചിറകടിയുടെ ശ്ലഥതാളം നിന്നപ്പോൾ ശൂന്യത തോന്നി.

ആ ശൂന്യതയിൽ മടുത്ത്‌ കണ്ണ്‌ തുറന്ന്‌ നോക്കിയപ്പോൽ മുന്നിൽ പേരറിയേണ്ടുന്ന പേരറിയാത്ത പെൺക്കുട്ടി.

നടക്കുമ്പോൾ തട്ടിത്തടഞ്ഞുവീഴാതിരിക്കാൻ ഉയർത്തിയ ഞൊറിയുള്ള പാവാടയുടെ കിഴെ പാദസരത്തിന്റെ അലുക്കുകൾ കിലുങ്ങുന്നു. കൈകളിൽ മൈലാഞ്ചിയുണ്ടെന്നറിയുന്നതിന്‌ മുമ്പ്‌ പാദങ്ങളിലവയുണ്ടെന്നറിഞ്ഞു.

“നേരത്തെ എന്താ പെട്ടെന്ന്‌ ഓടിക്കളഞ്ഞത്‌”

ഓർമ്മയുണ്ടെന്ന്‌ ഓർമിപ്പിച്ചു.

“ഒന്നൂല്യ”

മുഖമുയർത്താതെ നില്‌ക്കുന്ന പെൺക്കുട്ടി. ഇവൾ ആരെപ്പോലെയാണ്‌. അല്ല. ഇവൾ ആരെപ്പൊലെയുമല്ല.

“ഏടത്തി പറഞ്ഞു ശർക്കര ഉപ്പേരി തരാൻ.”

“എന്താ പേര്‌”

“ദേവി”

“എത്രേലാ പഠിക്കണെ”

“ഹയർ സെക്കന്ററിലാ”

“എന്നിട്ടാ ഇത്ര നാണം”

ചിരിച്ചുകൊണ്ട്‌ പറഞ്ഞുകഴിഞ്ഞപ്പോൾ തോന്നി, വേണ്ടായിരുന്നു, അത്രക്ക്‌ അടുപ്പമില്ലല്ലോ.

“തമാശ പറഞ്ഞതാണ്‌”

മധുരം തിരഞ്ഞുകൊടുക്കാൻ എഴുന്നേറ്റു. ശർക്കര ഉപ്പേരിയുടെ ബപാത്രമെടുത്ത്‌ ദേവിയുടെ നേരെ നീട്ടി.

“എന്റെ പേരറിയ്യോ”

“അറിയാം”

“ന്നാ കേക്കട്ടെ”

“വിഷ്ണന്ന്‌”

“ആരാ പറഞ്ഞത്‌”

“ഗിരിജേടത്തി”

“കാർന്നോമ്മാരെ പേര്‌ വിളിക്കുന്നത്‌ പാപാട്ടൊ. ഗിരിജേടത്തി ഒന്നും പറഞ്ഞുതന്നില്ലെ”

ദേവി പാത്രം വാങ്ങി ഒടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു. അപ്പോൾ അവളുടെ മുടിക്കെട്ടിലെ മുല്ലപ്പൂക്കൾ ചിരിക്കുന്നുണ്ടായിരുന്നു

*
ബ്ലോഗിലേക്ക്......