നോവൽ

വഴിയമ്പലം - 4

അമ്പഴയ്ക്കാട്ട് ശങ്കരൻ
ബസ്‌സിറങ്ങുമ്പോൾ ഇരുട്ട്‌ പരന്നിരുന്നു. കാറ്റുമൂലം നെറ്റിയിലൂർന്നുവീണ മുടി കൈകൊണ്ട്‌ മാടിയൊതുക്കി. മങ്ങിക്കത്തുന്ന വഴിവിളക്കുകൾക്ക്‌ കീഴെ നീളുന്ന നിഴലിനെ നോക്കി നടന്നു. കാറ്റിന്റെ താളത്തിനൊത്ത്‌ പറന്ന്‌ നടക്കുന്ന സോപ്പുകുമിളപോലെയായിരുന്നു മനസ്‌. ചിന്തയുടെ നേർത്ത സൂചികൊണ്ട്‌ അതിനെ നോവിച്ച്‌ പിളർക്കാൻ അഗ്രഹിച്ചില്ല. അതുവരെ ശ്രദ്ധിക്കാത്ത ക്ഷേത്രത്തിൽനിന്നും ഉയർന്നിരുന്ന ഭക്തിഗാനം നിലച്ചപ്പോൾ അതിന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. പിന്നീട്‌ തകിലിന്റെ താളത്തിൽ നാഗസ്വരത്തിൽ നിന്നുയർന്ന ഗാനം ഒരു ലഹരിയായി മനസ്‌സിലേക്ക്‌ പടർന്നുകയറി. താളം പിടിക്കുന്ന കൈകളുമായി ക്ഷേത്രഗോപുരത്തിന്റെ വീതികൂടിയ നിരയിൽ ചാരിനിന്നു. ഒരു കൈയിൽ എണ്ണപ്പാത്രവും മറുകൈയിൽ പ്രസാദവുമായി ഇടംവലം ശ്രദ്ധിക്കാതെ നടന്നുപോകുന്ന അംബികയുടെ നീണ്ട്ഇടതൂർന്ന മുടിയിൽ നിന്നും തുളസിയിലയുടെ ഗന്ധമുയർന്നു.

“ദേവി.... അംബികേ.... കടാക്ഷിക്കണെ...”

ഞെട്ടിത്തിരിഞ്ഞ്‌ അത്ഭൂതത്തോടെ നോക്കുന്ന അംബികയുടെ കണ്ണിൽ ചുറ്റുവിളക്കിന്റെ തിളക്കം.

“വിഷ്ണു ഇവിടെ നിപ്പുണ്ടായിരുന്നോ. കളിയാക്കൊന്നൂം വേണ്ടാ. ദേവ്യേ നിന്ദിക്കുന്നത്‌ പാപാ”

ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയുണ്ടായിരുന്നു ആ വാക്കുകളിൽ.

“എന്തേ ഇന്ന്‌ കോളേജീന്ന്‌ വരാൻ വൈകിത്‌”

“ഒന്നൂല്ല്യ, ടൗണിലൊന്ന്‌ കറങ്ങി.“

ഇളം കറ്റ്‌ അമ്മാനമാടുന്ന കുറുനിര. നെറ്റിയിൽ സിന്ദൂരം. വിടർന്ന കണ്ണുകൾ. എണ്ണമയമുള്ള തുടുത്ത കവിളുകൾ. പുഞ്ചിരി മൊട്ടിട്ട ചെമന്ന ചുണ്ടുകൾ. നിറഞ്ഞ മാറിടം. ലോക്കറ്റുള്ള മാല മാറിൽ പതിഞ്ഞുകിടക്കുന്നു. മതിയെന്ന്‌ മനസ്‌ വിലക്കിയപ്പോൾ മുഖമുയർത്തി.

”ഇങ്ങനെ നോക്കരുതട്ടൊ വിഷ്ണു.“

”ഇപ്പോ അംബികയെ കാണാൻ നല്ല ഭംഗിംണ്ട്‌.“

”നേരം വൈകി. ഞാൻ പോവ്വാ“

അംബികയുടെ സാമിപ്യത്തിൽ ഗൗരവക്കാരനെന്ന മുഖമ്മൂടി താനെ ബബാഴിഞ്ഞുപോകുന്നു. നീ സുന്ദരി തന്നെയാണെന്ന്‌ ഒരിക്കൽകൂടി പറയണമെന്നും, പരിഭവത്തോടെ നടന്നുനീങ്ങുന്ന അവളുടെ മുഖം ഒരിക്കൽക്കൂടി കാണണമെന്നും തോന്നി.

ഒരു ഉണർത്തുപാട്ട്‌ സമ്മാനിച്ച ഉണർവ്‌ സിരകളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. മൂളിപ്പാട്ടുമായി ഇല്ലത്തെ മുറ്റത്തെത്തിയപ്പോൾ ഓപ്പോള്‌ അന്തിത്തിരി കത്തിച്ച്‌ മടങ്ങാൻ തുടങ്ങുകയാണ്‌.

”എവിടെയായിരുന്നു ഇത്രേം നേരം. ഇവിടൊരാള്‌ അന്വേഷിച്ചു തുടങ്ങീട്ട്‌ കുറെ നേരായി.“

”ആര്‌ വല്യേട്ടനോ. ഒപ്പോളുണ്ടായിരുന്നില്ലെ അന്വേഷിക്കാൻ“

”അകത്തെ കാര്യത്തിനാണെങ്കിൽ ഞാൻ മതിയാർന്നു. ഇതിപ്പോ എന്തോ വാങ്ങാനാ.“

”ശരി. സമാധാനംണ്ടാക്കാം“

ഫയൽ മേശപ്പുറത്ത്‌ വെച്ച്‌ പുറത്തളത്തിൽ അച്ഛന്റെ ചാരുകസേരയിൽ ചാരിക്കിടന്നു. ഒരേ ഈണത്തിൽ സഹസ്രനാമം ഉരുവിടുന്ന അച്ഛന്റെ ശബ്ദം വടക്കിണിയിൽനിന്നും കേൾക്കുന്നുണ്ട്‌. അച്ഛനെന്നും മുത്തച്ഛനായിരുന്നു. വലിയേട്ടനുതന്നെ അച്ഛനാകാനുള്ള പ്രായമുണ്ട്‌. കുട്ടികൾക്ക്‌ പേടിസ്വപ്നമാകാറുള്ള അച്ഛനെന്ന ഗൗരവക്കാരന്റെ വേഷമണിഞ്ഞിരുന്നത്‌ വലിയേട്ടനായിരുന്നു. സ്നേഹനിധിയായ അമ്മ ഓപ്പോളും. അവസാനത്തെ അരുമസന്താനത്തിന്‌ അച്ഛൻ കഥകൾ പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു. ഒരു പക്ഷെ പിതാവിന്റെ നെഞ്ചിൽ ഏറ്റവും കൂടുതൽ കഥകൾ കേട്ടുറങ്ങിയ പുത്രൻ.

“ശ്രീമാതാ ശ്രീമഹാരാജ്ഞി.....”

രണ്ടാമത്തെ ഉരു തുടങ്ങിയിരിക്കുന്നു. അതോ മൂന്നാമത്തേയോ. ലളിതാ സഹസ്രനാമം ഉള്ളതുപോലെ അംബികാസഹസ്രനാമവും ഉണ്ടോ ആവോ. മനസ്‌സിൽ ഒരു പുഞ്ചിരി വിടരുന്നതറിഞ്ഞു. ചോദിച്ചാൽ അച്ഛനിങ്ങനെ പറയുമായിരിക്കും.

- ലളിതയും അംബികയും ഒരേ ശക്തിയുടെ വ്യത്യസ്ത രൂപങ്ങളല്ലെ. രണ്ടും ഒന്നാണെന്ന്‌ പറയുന്നതായിരിക്കും കൂടതൽ ശരി.

ഒഴുക്കില്ലാത്ത ജീവിതമാണച്ഛന്റേത്‌. ഇല്ലവും മുറ്റവും മുറ്റത്തിനപ്പുറത്തെ പറമ്പും അമ്പലവുമാണ്‌ അച്ഛന്റെ ലോകം. നെല്ലുകൊത്താൻ വരുന്ന കക്കയെപ്പോലും ബാട്ടാതെ ബലോഗ്യം പറയും. പ്രകൃതിയുടെ അനുഗ്രഹം കൊണ്ട്‌ എന്നും ശുദ്ധജലം നിറഞ്ഞുനില്ക്കുന്ന ഒരു നീലതടാകം പോലെയാണ്‌ അച്ഛന്റെ മനസ്‌. കൊഴിയുന്ന >ദിനങ്ങളും കുറെ ശുഭപ്രതീക്ഷകളുമായിട്ടായിരിക്കും അച്ഛൻ ജീവിതം തുടങ്ങിയത്‌. അതിനെ ചലനരഹിതമാക്കിയത്‌ അമ്മയുടെ വേർപാടായിരിക്കും.

പ്രകൃതിയുടെ ഓരോ ചെയ്തിക്കും ഓരോ അർത്ഥമുണ്ടെന്ന്‌ തോന്നുന്നു. അല്ലെങ്കിൽ അമ്മ മരിച്ചതെന്തിനാണ്‌. സമപ്രായമാകുമായിരുന്ന ഓപ്പോളുടെ കുട്ടി പിറവിയിലെ മരിച്ചതെന്തിനാണ്‌.

“കാപ്പി”

ഓപ്പോള്‌ അടുത്ത്‌ വന്ന്‌ നിന്നതറിഞ്ഞില്ല.

“എന്താ മനോരജ്യം കാണ്വാണോ”

“ഏയ്‌, അല്ല.”

“എന്തോ ഉണ്ട്‌, മുഖം കണ്ടാലറിയം”

“ഞാനമ്മയെക്കുറിച്ച്‌ ഓർത്തു. ഞാനൊന്ന്‌ ചോദിക്കട്ടെ. സത്യം പറയ്യോ”

കാപ്പിയിലെ പാട മാറ്റി ഊതി കുടിക്കുന്നതിനിടയിൽ ചോദിച്ചു.

“ചോദ്യമറിയാതെ ഞാനെങ്ങനെ പറയാനാ. ആദ്യം ചോദ്യം കേക്കട്ടെ”

“ഓപ്പോൾക്ക്‌ പിറന്ന ഉണ്ണിയെക്കുറിച്ച്‌ ഓർക്കാറുണ്ടോ”

പ്രതീക്ഷിച്ച ഭാവമൊന്നുമല്ലായിരുന്നു ഓപ്പോളുടെ മുഖത്ത്‌. നിറങ്ങൾക്ക്‌ വരക്കാനാകാത്ത വാക്കുകൾക്ക്‌ പ്രകടിപ്പിക്കാനാകാത്ത ഭാവം.

“ഞാനതിനെക്കുറിച്ചോന്നും ഓർക്കാറില്ല. ഇപ്പോ എന്തെ ഇങ്ങനെ ചോദിക്കാൻ”

“ഇപ്പണ്ടെങ്കിൽ, ഏകദേശം ന്റെ പ്രായല്ലെ, എന്ത്‌ രസായിരിക്കുമ്ന്ന്‌ ആലോചിക്കാർന്നു.”

ഓപ്പോളുടെ മുഖത്ത്‌ നിർവചിക്കാനാകാത്ത നിർവികാരത. കുറച്ചുനേരം മിണ്ടാതെ നിന്ന ഓപ്പോളുടെ കണ്ണൂനനയുന്നതറിഞ്ഞൂ. കാപ്പി ഗ്ലാസ്‌ >തിരിച്ചുവാങ്ങി പിന്നീടൊന്നൂം പറയാതെ അവർ അടുക്കളയിലേക്ക്‌ തിരിച്ചുപോയി. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യേണ്ടായിരുന്നു.

മറവി അനുഗ്രഹവും ഓർമ്മ സുന്ദരവുമാണ്‌. അതിന്റെ വിപരീതമുഹൃത്തങ്ങൾ മനസ്‌സിന്‌ താങ്ങാനാകാത്ത ഭാരമാണ്‌. കുഴമ്പിന്റെയും വിവിധ തരം എണ്ണകളുടെയും രൂക്ഷ ഗന്ധത്തിലിരുന്ന്‌ ആവി പറക്കുന്ന കഞ്ഞി പ്ലാവില ബകൊണ്ട്‌ ബകോരിക്കൊടുക്കുമ്പോൾ കിനിഞ്ഞിറങ്ങുന്ന അമ്മയുടെ കണ്ണുനീരിന്‌ ഒരർത്ഥമുണ്ട്‌. അത്‌ നാളികേരചമ്മന്തിയിലെ എരിവോ ചുട്ടപപ്പടം തൊണ്ടയിൽ തടഞ്ഞിട്ടോ ആണെന്നോ മനസ്‌സിലക്കുന്ന ഓപ്പോൾ എത്ര ഭഗ്യവതിയാണ്‌. ഓപ്പോളുടെ കൈയിൽനിന്നും നിന്ന്‌ പാത്രം വാങ്ങി കോരിക്കൊടുക്കാൻ തുടങ്ങുമ്പോൾ ആ കണ്ണിര്‌ വലിയുമെന്ന്‌ വെറുതെ ആശിക്കുന്നു. അവിടെ ആശകൾ നിരാശയാകുന്നു. തോന്നലുകൾക്ക്‌ തെറ്റുപറ്റുന്നു. എന്നാലിപ്പോൾ ആ കണ്ണൂനീരിന്റെ അർത്ഥം പൂർണ്ണമായും മനസ്‌സിലാകുന്നു. ഒരു കർക്കിടകസന്ധ്യയിൽ തെക്കുപുറത്തെ കൂറ്റൻ മാവ്‌ നിലം പതിച്ചപ്പോൾ ചേക്കാറാൻ തുടങ്ങിയിരുന്ന വാലൻകിളികൾ ഉറക്കെ കരഞ്ഞത്‌ മാത്രം ഓർമ്മയുണ്ട്‌. സങ്കടങ്ങൾ അടക്കി പുത്തൻ കുളത്തിൽ എത്ര പ്രാവശ്യം മുങ്ങിനിവർന്നു എന്ന്‌ മാത്രം ഓർമ്മയില്ല.

“നീ എവിടെയായിരുന്നു ഇത്രയും നേരം”

കുളിച്ച്‌ ഈറൻ തോർത്ത്‌ തോളിലിട്ട ചെറിയേട്ടന്റെ >പരുക്കൻ സ്വരം ദേഷ്യത്തേക്കാളേറെ ശാസന നിറഞ്ഞതാണ്‌.

“എന്തെങ്കിലും അത്യാവശ്യസമയത്ത്‌ ഇവിടെയില്ലാതെയിരുന്നാൽ മതിയല്ലോ. ആ പണികൂടി ലാഭം.”

ചോദ്യത്തിന്‌ മറുപടി പ്രതീക്ഷിച്ചിട്ടേയില്ലെന്നമട്ടിൽ ചെറിയേട്ടൻ തുടർന്നു.

“ലിസ്റ്റിലെ ഒന്ന്‌ രണ്ട്‌ സാധനങ്ങൾ കാണാൻല്യ. കടേല്‌ വെച്ച്‌ മറന്നോന്ന്‌ സംശയം. ഇനീപ്പോ കട പൂട്ടിട്ടുണ്ടാവും. നാളത്തെ നിന്റെ ആദ്യത്തെ പണി അതാ.”

എന്തു നടന്നുവെന്ന്‌ ഇപ്പോൾ മനസ്‌സിലാകുന്നു. ഇല്ലാത്ത പൊതിയെക്കുറിച്ച്‌ ഓപ്പോളുടെ അന്വേഷണം വല്ല്യേട്ടന്റെ നേരെ. വല്ല്യേട്ടൻ ചെറിയേട്ടനെ വിളിക്കുന്നു. ചെറിയേട്ടന്‌ വിളിക്കാൻ പാകത്തിൽ കാലേക്കൂട്ടി ഹാജരില്ല. ഇനിയുണ്ടെങ്കിൽത്തന്നെ ഒരു വഴക്കായിരിക്കും ഫലം. കടയിൽ പോകാൻ മോട്ടോർ സൈക്കിളിന്റെ കീ ചോദിക്കുന്നു. സൈക്കിളിൽ പോയാൽ മതിയെന്ന്‌ ചെറിയേട്ടൻ. എന്നാൽ പോക്കുണ്ടാവില്ലെന്ന്‌ പറഞ്ഞ്‌ കസേരയിൽ ചടഞ്ഞിരിക്കുമ്പോൾ ഒപ്പോളുടെ കരച്ചിൽ. ബബാവിടംകൊണ്ടവസാനിച്ചെന്ന്‌ കരുതിയിരിക്കുമ്പോൾ വലിയേട്ടന്റെ അപേക്ഷയും അനുനയവും. ഒടുവിൽ താക്കോൽ ചെറിയേട്ടന്റെ കൈയിലാണെന്ന ഒറ്റ കാരണത്താൽ തോല്‌വി സമ്മതിച്ച്‌ സൈക്കിളിൽ കടയിലേക്ക്‌ പുറപ്പെടുന്നതോടെ രംഗത്തിന്‌ തിരശീല വീഴുന്നു.

“അത്‌ പോട്ടെ. ഒരത്യാവശ്യ കാര്യംണ്ട്‌”

തോർത്തുമുണ്ടിന്റെ തല ചുരുട്ടി ചെവി >വൃത്തിയാക്കുന്നതിനിടയിൽ ചെറിയേട്ടൻ പറഞ്ഞു.

“നിന്റെ കോളേജിലെ ഉണ്ണിക്കൃഷ്ണൻ മാഷെ നീയറിയോ”

“എത്‌ ഡിപ്പാർട്ടുമെന്റിലാ”

“കെമിസൃടി”

“അറിയും”

“ആളെന്റെ ക്ലാസ്മേറ്റാ. ഒരു ഇൻവിറ്റേഷൻ കാർഡ്‌ തരം. പ്രത്യേകം പറഞ്ഞ്‌ കൊടുക്കണം.”

മേശപ്പുറത്തേക്ക്‌ ചൂണ്ടിക്കൊണ്ട്‌ ചെറിയേട്ടൻ പറഞ്ഞു.

“ദാ ഇവിടെ വെച്ചേക്കാം. നാളെ മറന്നൂന്ന്‌ പറയാൻ ഇടവരരുത്‌.”

മറക്കരുതെന്ന്‌ പറയുന്നത്‌ ബാലിശമാണെന്ന്‌ വാദിച്ചാൽ ഗുരുത്വദോഷമായി വ്യാഖ്യാനിച്ചേക്കാം. മിണ്ടാതിരിക്കുകയാവും ഭേദം.

കരയുന്ന കരിയിലയുടെ ശബ്ദം വലിയേട്ടന്റെ ആഗമനം അറിയിക്കുന്നു. കസേര ഒഴിഞ്ഞുകൊടുത്ത്‌ ബഹുമനിച്ചാൽ സന്തോഷമാകും. ഒന്ന്‌ കുളിക്കുകയും വേണം. എഴുന്നേറ്റ്‌ നടക്കുമ്പോൾ സ്നേഹം ദൗർബല്യമാകുന്നത്‌ വലിയേട്ടന്റെ മുന്നിൽ മാത്രമാണെന്നോർത്തു. കനത്ത ശബ്ദത്തത്തിൽ ആജ്ഞാപിച്ചാൽ എതിർക്കാം. അപേക്ഷയുടെയും അനുനയത്തിന്റേയും മുമ്പിൽ എതിർപ്പ്‌ നിരർത്ഥകമാണ്‌.

“ഇന്ന്‌ എണ്ണ തേക്കണ്ട വിഷ്ണു. ഇടയിലെ പിറന്നാളാണ്‌.”

അടുക്കളയിലെത്തി എണ്ണക്കുപ്പി പരതുമ്പോൾ അച്ഛന്‌ ചോറ്‌ വിളമ്പിക്കൊടുത്തുകൊണ്ടിരുന്ന ഓപ്പോൾ ഓർമ്മിപ്പിച്ചു.

“പിറന്നാളിന്റെ കാര്യം പറഞ്ഞപ്പളാ ഒരു കാര്യം ഓർത്തത്‌, ഇന്ന്‌ നാരായണേട്ടനെ കോളേജിൽ വെച്ച്‌ കണ്ടിരുന്നു.

”എന്നിട്ട്‌“

അച്ഛൻ തലയുയർത്തി >നോക്കി.

“മറ്റന്നാൾ എല്ലാവരോടും ചെല്ലാൻ പറഞ്ഞിട്ടുണ്ട്‌.”

“ആരെങ്കിലും ചെന്നില്ലെങ്കിൽ ഗിരിജ കരഞ്ഞുതുടങ്ങും.”

കുഞ്ഞോപ്പോളുടെ സ്വഭാവമറിയാവുന്ന ബ​‍ാപ്പോൾ ബപറഞ്ഞു.

“ആണ്ടെത്തുന്ന പിറന്നാള്‌ കേമായിട്ടാണാവോ”

പുറത്തേക്ക്‌ നടക്കുമ്പോൾ അച്ഛന്റെ ആത്മഗതം കേട്ടു.

“ഇത്ര കൂരിരുട്ടീട്ട്‌ വേണോ കുളി. ഈ ടോർച്ച്‌ കൊണ്ടുപോയ്ക്കോ. ഇഴജന്തുക്കള്‌ എറങ്ങണ സമയാ”

പുല്ല്‌ ചെത്തിയ പടിഞ്ഞാറെ മുറ്റത്ത്‌ തെക്കുവടക്ക്‌ ഉലാത്തുന്ന വലിയേട്ടൻ ടോർച്ച്‌ നീട്ടിക്കൊണ്ട്‌ പറഞ്ഞു. വലിയേട്ടൻ എത്തിയത്‌ ഓപ്പോൾ അറിഞ്ഞിട്ടില്ലെന്ന്‌ തോന്നുന്നു.

വെറുതെ നടക്കുമ്പോൾ മനസ്‌സിനിഷ്ടപ്പെടുന്നത്‌ ഓർക്കുന്നതാണ്‌ നല്ലത്‌. വർഷങ്ങളോളം ശ്രദ്ധിക്കാതരുന്ന ഒരു പെൺക്കുട്ടിയെ ഒരു ദിവസം ശ്രദ്ധിച്ചുതുടങ്ങിയപ്പോൾ നഷ്ടപ്പെട്ട ദിനങ്ങളെക്കുറിച്ചായി ചിന്ത. അംബികയെ എന്ന്‌ ഇഷ്ടപ്പെടാൻ തുടങ്ങിയെന്ന്‌ ഓർമ്മയില്ല. വിഗ്രഹത്തിന്‌ തനതായ ശക്തിയൊന്നുമില്ലെന്ന്‌ വിശ്വസിക്കുമ്പോഴും അതിന്‌ ചുറ്റുമുള്ള പരിവേഷം എന്നും ഇഷ്ടമായിരുന്നു. സായം സന്ധ്യകളിൽ മതിൽക്കകത്ത്‌ കളിക്കുന്ന കുട്ടികളുടേയും കൊഴിഞ്ഞുവീണ ആലിലകളുടേയും ഇടയിലൂടെ നടപ്പാതയിലെ കരിങ്കല്ലുകൾ ഓരോന്നായി എണ്ണി പ്രദക്ഷിണം വെക്കുമ്പോഴും അതൊരൊറ്റസഖ്യയായി അവസാനിപ്പിക്കണമെന്ന്‌ നിർബന്ധമില്ലായിരുന്നു. എവിടെ >തുടങ്ങണമെന്നറിയാതെ ദിവസങ്ങൾ കടന്നുപോകുമ്പോൾ സുഖമുള്ള ഒരു നൊമ്പരം അനുഭവിച്ചിരുന്നു. ഒടുവിൽ എങ്ങിനെയാണ്‌ തുടങ്ങിയതെന്നും ഓർമ്മയില്ല.

കല്പടവിലിരുന്ന്‌ മുകളിലേക്ക്‌ നോക്കി. ഒരൊറ്റ നക്ഷത്രങ്ങളുമില്ല. കാലിന്റെ മടമ്പ്‌ കൊണ്ട്‌ ജലനിരപ്പ്‌ പരതുമ്പോൾ ഇരുട്ടിന്റെ സന്ദ്രത അനുഭവിക്കുകയായിരുന്നു.

കുളിച്ച്‌ തോർത്തിയിട്ടും കുളിര്‌ വിട്ടുമാറിയില്ല.

വാതിൽക്കൽ മുട്ടുകേട്ട്‌ അച്ഛനെഴുന്നേറ്റുവെന്ന്‌ തോന്നുന്നു. ഒരേ ഈണത്തിൽ പാടുന്ന ഓടാമ്പലിന്റെ ശബ്ദം നിലച്ചപ്പോൾ വാതിൽ തള്ളി തുറന്നു.

“കുളം കുത്തിയാ ഓരോരുത്തരുടെ കുളീന്ന്‌ തോന്നുണു.”

ചെറിയേട്ടന്റെ ശബ്ദം കാതിൽ വന്നലക്കുന്നു. ഈറൻ മാറാതെ അടുക്കളയിലേക്ക്‌ ചെന്ന്‌ ഊണ്‌ കഴിക്കാനിരുന്നു

*
ബ്ലോഗിലേക്ക്......