നോവൽ

വഴിയമ്പലം - 7

അമ്പഴയ്ക്കാട്ട് ശങ്കരൻ
ഒരു രജനി കൂടി ചത്തൊടുങ്ങിയപ്പോൾ കറുത്ത മാനം തന്റെ വേപഥു മഴയായി പൊഴിച്ചു. പ്രഭാതമായി. നനഞ്ഞ തൊടിയും കുതിർന്ന മണ്ണൂം കണ്ണീരു പെയ്ത മാനത്തെ നോക്കി പുഞ്ചിരിച്ചു. അപ്പോഴേക്കും ഉണർന്ന ഗ്രാമത്തിനപ്പുറത്തെ ഉയർന്ന കുന്നിന്റെ നെറുകയിൽ ഒളിച്ചിരുന്ന വെളിച്ചത്തിന്റെ ദേവൻ കൈകളുയർത്തി തന്റെ പൊന്നുമക്കളെ അനുഗ്രഹിക്കാൻ തുടങ്ങിയിരുന്നു.

ഇളം കുളിരിന്റെ സുഖത്തിൽ വിരിപ്പെടുത്ത്‌ കഴുത്തവരെ പുതച്ച്‌, ഓലതുമ്പുകളിൽനിന്നും വീഴുന്ന ജലകണങ്ങളുടെ താളത്തിൽ ലയിച്ച്‌ കണ്ണടച്ചുകിടന്നു.

“രാഘവനുണർന്നോ”

ചേട്ടത്തിയുടെ വാത്സല്യം നിറഞ്ഞ സ്വരം.

“ഉം..”

അലസമായൊന്ന്‌ മൂളി.

“ചായ കൊണ്ടുവരട്ടെ”

മറുപടി കാക്കാതെ അവർ അടുക്കളയിലേക്ക്‌ നടന്നു. തലയിണയിൽ വിരിച്ചിരുന്ന തോർത്തെടുത്ത്‌ തോളിലിട്ട്‌ ഇറയത്തിന്റെ തിണ്ണയിൽ തൂണിൽ ചാരിയിരുന്നു.

അടുത്ത മൂറിയിൽ വായിക്കുകയാണെന്ന ഭാവേന നിവർത്തിയ പുസ്തകം മടിയിൽ വെച്ച്‌ ജനലിലൂടെ പുറത്തേക്ക്‌ നോക്കിയിരിക്കുന്ന ചേട്ടന്റെ കുട്ടികൾ. ചിറകുകൾ മുളച്ച്‌ പറന്നകലാൻ തയ്യാറെടുക്കുന്ന പറവകൾ. പറന്നുതളർന്നവരെക്കുറിച്ച്‌ അവർക്കെന്തറിയാം. പറന്നുല്ലസിക്കുന്നതിനിടക്ക്‌ ചിറക്‌ കരിഞ്ഞവരുടെ ദുഃഖം അവർക്കാര്‌ പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കും.

മനസ്സറിയാതെ അവരെ കുറച്ചുനേരം നോക്കിയരുന്നപ്പോൾ അവർ തലകുനിച്ച്‌ വായിക്കാൻ തുടങ്ങി. ഒരു നിമിഷമെങ്കിലും ഒരു ബാലനയി പരിണമിക്കാൻ മനസ്സ്‌ തുടിച്ചു.

“ചായ”

ചില്ലുഗ്ലാസ്സ്‌ വാങ്ങി ചായ കുടിക്കാൻ തുടങ്ങുന്നതിന്‌ മുമ്പ്‌ ചേട്ടത്തിയുടെ മുഖത്തേക്ക്‌ നോക്കി. ദൈന്യത തളം കെട്ടി നില്‌ക്കുന്ന മിഴികൾ. ജീവിതമേല്പിച്ച ആഘാതത്തിൽ രക്തം വറ്റി വരണ്ട വിളറിയ മുഖം.

“ഇന്നലെ എപ്പഴാ വന്നത്‌.”

“നേരം വൈകി. ചേട്ടന്‌ ആഹാരം കൊടുത്ത്‌ ബസ്സ്‌ സ്‌റ്റാന്റിലെത്തിയപ്പോഴേക്കും അവസാനബസ്സും പോയി. പിന്നെ നടക്കാതെ ബപറ്റില്ലല്ലോ.”

“വന്നിട്ടെന്തേ വിളിക്കാഞ്ഞെ”

“ശല്യപ്പെടുത്തണ്ടെന്ന കരുതി”

“ചേട്ടന്‌....”

“വിശേഷിച്ചൊന്നൂംല്യ. മുഖത്ത്‌ നീര്‌ വറ്റിയിട്ടുണ്ട്‌. കാലിന്റെ വേദനക്ക്‌ കുറവില്ല. ഒന്നുരണ്ടാഴ്‌ച്ച പിടിക്കുംന്നാ ഡോക്ടറ്‌ പറഞ്ഞത്‌”

“ഇന്ന്‌ ഞാനൊന്ന്‌ പോയാലോ”

“പോയ്‌ക്കോ. പ്രകാശനോട്‌ ഉച്ചക്ക്‌ സ്‌കൂളിന്ന്‌ പോരാൻ പറഞ്ഞാ മതി. അവന്‌ സന്തോഷാവും.”

മനം നൊന്ത മുഖവുമായി ചേട്ടത്തി ഗ്ലാസ്‌ വാങ്ങി തിരിഞ്ഞു നടന്നു. അവരുടെ മനസ്സ്‌ നിറയെ വിടാതെ പിൻതുടരുന്ന ദുരന്തങ്ങളുടെ, ഭാവിയുടെ വിഹ്വലതകളുടെ നെരിപ്പോട്‌ എരിയുകയായിരിക്കും.

- അവർക്കെന്നെ പാർട്ടിയിൽനിന്നും പുറത്താക്കാൻ കഴിയുമായിരിക്കും. പക്ഷെ എന്റെ മനസ്സിൽനിന്നും പാർട്ടിയെ പൂറത്താക്കാൻ കഴിയില്ലല്ലോ.

ചേട്ടന്റെ കണ്ണൂകൾ നിറയുന്നത്‌ ആദ്യമായി ഇന്നലെ കണ്ടു. ആകെക്കുടി ഒരസ്വസ്ഥതയാണ്‌ തോന്നിയത്‌. സമാധാനിപ്പിക്കാൻ വക്കുകളില്ലാതെ മിണ്ടാതിരിക്കാനെ കഴിഞ്ഞുള്ളൂ.

- എന്താ നിന്റെ ചേട്ടന്റെ യഥാർത്ഥപ്രശ്നം.

ശ്യാം വീടിനെക്കുറിച്ചും മറ്റും ചോദിക്കാറില്ല. വിഷ്ണുവാണ്‌ പലപ്പോഴും വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിക്കാറുള്ളതും സഹാനുഭൂതി പ്രകടിപ്പിക്കാറുള്ളതും. ചേട്ടനെ കാണാൻ ആശുപത്രിയിൽ വന്ന ദിവസം ശ്യാം ചോദിച്ചപ്പോൾ അത്ഭുതമാണ്‌ തോന്നിയത്‌. മഹാഭൂരിപക്ഷം ജനങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു ദുഃഖമനുഭവിക്കുന്നവരാണെന്നാണ്‌ അവന്റെ മതം. അത്‌ മാറ്റാൻ പരിശ്രമിക്കുന്നവർക്ക്‌ സ്വന്തം പ്രശ്നങ്ങൾ രണ്ടാമതാണെന്ന യുക്തി പക്വമതികളുടേതാണ്‌.

- പാർട്ടിയുടെ ലോക്കൽ സെക്രട്ടറി എന്ന നിലയിൽ പണമിടപാടുകൾ ചേട്ടനാണ്‌ കൈകാര്യം ചെയ്യാറുള്ളത്‌. ആ പണം, ശരിയല്ലെങ്കിലും, പേഴ്സണൽ ആവശ്യങ്ങൾക്കെ ഉപയോഗിക്കാറുണ്ട്‌. ആർക്കും അതിൽ പരാതി ഉണ്ടാകാറില്ല. വേണ്ട സമയത്ത്‌ അത്‌ തിരിച്ച്‌ വെയ്‌ക്കുമെന്ന്‌ എല്ലാവർക്കും അറിയാം.

ശ്യാം ചോദിച്ചപ്പോൾ കാര്യങ്ങൾ തുറന്ന്‌ ബപറയണമെന്ന്‌ തോന്നി.

- രണ്ട്‌ മാസം മുമ്പ്‌ കുട്ടികളുടെ ചികിത്സയും മറ്റുമായി കുറച്ച്‌ പണം ആവശ്യം വന്നു. ഫണ്ടിൽനിന്ന്‌ എടുക്കകയും ചെയ്തു. അത്‌ വേണ്ട സമയത്ത്‌ തിരിച്ച്‌ വെക്കാൻ കഴിഞ്ഞില്ല. കമ്മിറ്റിയിൽ താൽക്കാലിക സസ്പെൻഷൻ വന്നു. അതിനിടെയാണ്‌ സഹോദരസംഘടനുമായി സംഘട്ടനം. അതിന്‌ ചേട്ടൻ നേതൃത്തം കൊടുത്തു എന്നൊരു വശം. കുടുംബവഴക്ക്‌ രാഷ്ര്ടീയവഴക്കാക്കി എന്ന ആരോപണം. രണ്ട്‌ പാർട്ടിയും ഒരു മുന്നണിയാണല്ലോ.

- എന്നിട്ട്‌

- എന്നിട്ടെന്താ, സസ്പെൻഷനിലിരിക്കെ പാർട്ടിയുടെ അംഗീകാരമില്ലാതെ തീരുമാനങ്ങളെടുത്ത്‌ പാർട്ടിപ്രവർത്തകരെ വഴി തെറ്റിച്ചതിന്‌ കമ്മിറ്റിയിൽ നിന്ന്‌ ഒഴിവാക്കുകയും സസ്പെൻഷൻ കാലാവുധി ഒരു വർഷമാക്കുകയും ചെയ്തു.

- പാർട്ടിയുടെ നടപടിയെക്കുറിച്ച്‌ നിന്റെ അഭിപ്രായംന്താ.

- സംഘട്ടനത്തിൽ ഞാൻ ചേട്ടന്റെ ഭാഗത്ത്‌ തന്നെയാണ്‌. ചേട്ടൻ അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്ന ആളല്ല. പക്ഷെ പൈസയുടെ കാര്യത്തിൽ ചേട്ടൻ കുറെക്കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു.

- പൈസയുടെ പ്രശ്നം! ലക്ഷത്തിന്റെ ഫണ്ടുകൾ പിരിച്ച്‌ സുഖമായി കഴിയുന്ന ചില നേതാക്കന്മാരെക്കുറിച്ച്‌ നിനക്ക്‌ ഒരു പരാതിയുമില്ല. പാവം ചേട്ടൻ ദാരിദ്രംകൊണ്ട്‌......

- മറ്റുള്ളവർ എന്ത ചെയ്ടു എന്നുള്ളതല്ല, ചേട്ടൻ തെറ്റു ചെയ്തോ എന്നതാണ്‌ പ്രശ്നം. അത്ര ദാരിദ്രം ഉണ്ടെങ്കിൽ കമ്മിറ്റിയുടെ അംഗീകാരത്തോടെ എന്തെങ്കിലും കുറച്ച്‌ അലവൻസ്‌ എഴുതിയെടുക്കുകയാണ്‌ വേണ്ടത്‌. ചില സ്ഥലങ്ങളിലെ സെക്രട്ടറിമാർ അത്‌ ചെയ്യുന്നുണ്ട്‌. അപ്പോ ചേട്ടന്‌ ദുഃരഭിമാനം.

ശ്യാമിന്റെ വാക്കുകൽ തുടരുന്നത്‌ അനുവദിക്കാൻ കഴിഞ്ഞില്ല.

അവന്റെ മുഖത്ത്‌ നോക്കി ഉറപ്പിച്ച്‌ പറഞ്ഞെങ്കിലും ആ വാക്കുകൾ തികച്ചും ആത്മാർത്ഥവും സ്വയം ബോദ്ധ്യപ്പെടുത്തുന്നതും ആയിരുന്നുവോ. കമ്മിറ്റിയുടെ തീരുമാനങ്ങളിൽ പലപ്പോഴും നീരസം തോന്നിയിട്ടുണ്ട്‌. നല്ലൊരു കേഡറെ ബനിലനിർത്താൻ കമ്മിറ്റി വിവേകവും സംയമനവും കാട്ടേണ്ടതായിരുന്നു.

- നീ മനസ്സിലൊന്ന്‌ വെച്ച്‌ പുറമെ വേറൊന്നു പറയുന്നു.

മനസ്സ്‌ വായിച്ചെട്ടന്നപോലെ ശ്യാം അപ്പോൾ തന്നെ അത്‌ പറയുകയും ചെയ്തു.

- നീ വെറും സംഘടന പ്രവർത്തകൻ മാത്രമാണ്‌. പാർട്ടി മെംബർഷിപ്പ്‌ പോലുമില്ല. നിനക്ക്‌ പാർട്ടിയെക്കുറിച്ച്‌ എന്ത്‌ തോന്ന്യാസവും പറയാം. എനിക്ക്‌ ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന്‌ നീ മനസ്സിലാക്കണം.

- നിന്റെ നാവിൽനിന്ന്‌ അത്‌ കേട്ടാ മതി.

വിജയിച്ചിവെന്നപോലെ ചിരിച്ചുകൊണ്ട്‌ അവൻ വാക്കുകൾക്ക്‌ അടിവരിയിട്ടു. പരാജയപ്പെടുന്നത്‌ ആഹ്ലാദകരമാകാമെന്ന്‌ അറിഞ്ഞ നിമിഷമായിരുന്നു അത്‌.

“ചെറ്യേച്ഛാ”

മുന്നിൽ പുസ്തകം നീട്ടി നില്‌ക്കുഅയാണ്‌ പ്രകാശൻ.

“എന്താ നിനക്ക്‌ വേണ്ടത്‌”

“ഈ വാക്കിന്റെ അർത്ഥംന്താ”

ചൂണ്ടു വിരലുകൊണ്ട്‌ പുസ്തകത്തിൽ തൊട്ട്‌ കാണിച്ചുകൊണ്ടവൻ ചോദിച്ചു.

“ഇത്‌ എങ്ങനാ ഉച്ചരിക്കാന്ന്‌ നിനക്കറിയ്യോ”

“സർക്കംസ്‌റ്റാൻസ്‌”

കുറച്ചുനേരം പുസ്തകത്തിൽ നോക്കിയിരുന്നു. എന്താണിവന്‌ പറഞ്ഞുകൊടുക്കുക. സാഹചര്യം, ചുറ്റുപാട്‌ അതല്ലെങ്കിൽ പരിതസ്ഥിതി. ഇവന്‌ ഈ വാക്കിന്റെ അർത്ഥം പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുമോ.

“ചെറ്യേച്ഛനറിയില്ലെ”

അവന്റെ ക്ഷമ കെട്ടുവെന്ന്‌ തോന്നുന്നു.

“പല അർത്ഥങ്ങളുമൂണ്ട്‌, ചുറ്റുപാട്‌ എന്ന്‌ പറഞ്ഞാൽ നിനക്ക്‌ മനസ്സിലാകുമോ”

“ചുറ്റുപാടെന്ന്‌ ഞാനെഴുതിക്കോട്ടെ”

ശരിയെന്ന്‌ തലകുലുക്കി. പൂർണ്ണസംതൃപ്തിയില്ലെന്ന്‌ അവന്റെ പോക്കു കണ്ടാലറിയാം.

“എന്താ ഇന്ന്‌ കോളേജിൽ പോകുന്നില്ലെ”

ഉമ്മറത്തെന്തോ ആവശ്യത്തിന്‌ വന്ന ചേട്ടത്തിയമ്മയുടെ ചോദ്യം പ്രഭാതം വളരുന്നതറിയിച്ചു. ഞെക്കിപ്പിഴിഞ്ഞാലും കിട്ടാനിടയില്ലാത്ത പേസ്‌റ്റെടുത്ത്‌ കിണറിനരികിലേക്ക്‌ നടന്നു. ചെരിപ്പിടാത്തതിനുള്ള ശിക്ഷയെന്നോണം ചരൽക്കല്ലുകൾ കാലിനടിയിൽ നോവിച്ചുകൊണ്ടിരുന്നു.

പല്ലുതേച്ച്‌ മുഖം ബകഴുകുന്നതിനിടയിൽ ഇടവഴിയിൽനിന്നും ആരോ വിളിക്കുന്നപോലെ തോന്നി. വേലിക്കരികിൽ സ്‌കൂളിൽ പോകുന്ന കുട്ടികളോട്‌ കുശലം പറഞ്ഞുനില്‌ക്കുകയാണ്‌ രാമേട്ടൻ.

“ഇന്നലെ മീറ്റിങ്ങിൽ എന്ത്‌ തീരുമാനമെടുത്തു.”

കലപില കൂട്ടി കടന്നുപോകുന്ന കുട്ടികളോട്‌ കൈവീശിക്കൊണ്ട്‌ രാമേട്ടൻ ചോദിച്ചു.

“തീരുമാനമൊന്നും എടുക്കാൻ സാധിച്ചില്ല. ചില്ലറ ബഹളോം ഉണ്ടായി”

“അതിനുതക്കോണം എന്താപ്പൊണ്ടായത്‌”

“ശ്യാമിനെ പുറത്താക്കണമെന്ന്‌ ഒരു കൂട്ടര്‌, തിരക്കുപിടിച്ച്‌ ഒരു തീരുമാനം എടുക്കണ്ടാന്ന്‌ മറ്റുള്ളവരും.”

“അങ്ങിനെ ധൃതി പിടിച്ച്‌ നടപടിയൊന്നും വേണ്ടാന്നാ എനിക്കും തോന്നണത്‌.”

“ഞാൻ അഭിപ്രായൊന്നും പറഞ്ഞില്ല. ഇന്നലെ വല്ലാതൊരു അവസ്ഥയിലായിരുന്നു.”

സമാധനിപ്പിക്കുന്നവരുടെ മുന്നിൽ ഹൃദയം തുറക്കുന്നതിൽ ഒരു സുഖമുണ്ട്‌. രാമേട്ടൻ നല്ലൊരു സഖാവും സുഹൃത്തുമാണ്‌.

“അതൊന്നും സാരംല്യാന്നേയ്‌, ഇതൊക്കെ സാധാരണ കാര്യങ്ങളാണ്‌. പ്രശ്നങ്ങളില്ലെങ്കിൽ ജീവിതത്തിന്‌ എന്തർത്ഥാ ഉള്ളത്‌”

ആലത്തറയിൽ ചുമടിറക്കി തണലിലിരുന്ന്‌ പുകവലിക്കുന്നവന്റെ സുഖം. കിണറിനരികിലെ ചെറുമിപ്പെണ്ണിന്റെ മൺകുടത്തിൽനിന്നും ദാഹം തീർത്ത സന്യാസിവര്യന്റെ ആഹ്ലാദം.

വളർന്ന്‌ നില്‌ക്കുന്ന ഇഞ്ചിപ്പുല്ലിന്റെ തലവലിച്ച്‌ കടിച്ചുകൊണ്ട്‌ രാമേട്ടന്റെ മുഖത്തേക്ക്‌ നോക്കി.

“ശരി ഞാൻ പോട്ടെ. ഇന്നും സമരം തന്നെയാണ്‌. എന്നാലും കാന്റീൻ തുറക്കതെ പറ്റില്ലല്ലോ”

ചിരിച്ചുകൊണ്ട്‌ യാത്ര പറയുമ്പോൾ ആവർത്തനവിരസതയെ മനഃപൂർവം ആഹ്ലാദകരമാക്കുകയയിരുന്നു രാമേട്ടൻ. പോകട്ടെ എന്ന്‌ പറഞ്ഞാലും എന്തെങ്കിലും പറഞ്ഞുനില്‌ക്കാറുള്ള രാമേട്ടൻ പിന്നീടൊന്നും പറയാതെ ഇല്ലിയരി എറിഞ്ഞുകളിക്കുന്ന കുട്ടികളെ ശാസിച്ചുകൊണ്ട്‌ നടന്നുപോയി.

“നടന്നോ. പിന്നാലെ ഞാനൂണ്ട്‌”

രാമേട്ടൻ ഇല്ലിമുളങ്കൂട്ടം അവസാനിക്കുന്ന വളവ്‌ തിരയുന്നതിന്‌ മുമ്പ്‌ വിളിച്ചുപറഞ്ഞു.

വെയില്‌ വിരിച്ച ബമുറ്റം. മുറ്റത്തിനതിർത്തിപാകുന്ന മുല്ലയുടെയും റോസിന്റെയും ഇലകളിൽ ഒളിഞ്ഞിരിക്കുന്ന ബാഷ്പബിന്ദുക്കൾ. ആലസ്യത്തിൽനുന്നുണർന്ന്‌ തേൻ തേടി മൂളിനടക്കുന്ന വണ്ടുകൾ.

മഴ പെയ്തു ചാഞ്ഞുനില്‌ക്കുന്ന മാങ്കൊമ്പ്‌ വെറുതെ ഒന്ന്‌ കുലുക്കി. ഉതിർന്നുവീണ ജലകണങ്ങൾ ദേഹമാകെ കുളിരണിയിച്ചു.

“രാഘവന്‌ കുളിയുണ്ടോ”

അബദ്ധം ചേട്ടത്തി കണ്ടതിന്റെ ജാള്യതയിൽ ഇല്ലെന്ന്‌ തലയാട്ടി. ആഹാരം കഴിക്കുമ്പോൾ ചേട്ടത്തി ചിരി അടക്കുന്നതറിഞ്ഞു. ചേട്ടത്തി കരയുന്നത്‌ കാണാനാണ്‌ വിഷമം. ചിരിക്കുന്നത്‌ കളിയാക്കിയിട്ടാണെങ്കിലും സാരമില്ല.

“കോളേജിൽ സമരം തുടങ്ങിരിക്കാ. ഞാൻ ചിലപ്പോ നേർത്തെ വരും.”

“നിങ്ങടെ പാർട്ടിടോ, അതൊ...”

പതിവുപോലെ ചേടത്തിയുടെ അർദ്ധോക്തി.

“ഇപ്പോ നമ്മടെയല്ല, പ്രതിപക്ഷത്തിന്റെയാ”

അവരുടെ നേർത്ത ചിരിയിൽ പങ്കുചേർന്നു.

“ആസ്പത്രിയിൽ പോകുന്നുണ്ടല്ലോ. വീടിന്റെ താക്കോല്‌ അയൽക്കത്താരുടെയെങ്കിലും കയ്യില്‌ കൊടുത്താമതി”

കൈകഴുകി മുഖം തുടച്ചുകൊണ്ട്‌ പറഞ്ഞു.

പേനയെടുത്ത്‌ പോക്കറ്റിൽ തിരുകി പുസ്തകമെടുത്ത്‌ യാത്ര പറയാതെ നടക്കില്ലിറങ്ങി. ഇടവഴയിലിറങ്ങി മുള്ളുപടി ചേർത്തടക്കുമ്പോൾ ഉമ്മറത്തേക്ക്‌ നോക്കി. തൂണിൽ ചാരി നോക്കിനില്‌കുകയാണ്‌ ചേട്ടത്തിയമ്മ. യാത്ര പറയാതെ കഴിയില്ലെന്ന്‌ വന്നപ്പോൾ കൈയുയർത്തി വീശി. തിരിച്ചുവീശുന്നുണ്ടോ എന്ന്‌ നോക്കാതെ വേഗം നടന്നു.

ഒരു ദിവസം മറ്റൊന്നിന്‌ വഴിമാറിക്കൊടുക്കുമ്പോൾ കുരുക്കുമുറുക്കുന്ന പ്രശ്നങ്ങൾ ആശങ്കാകുലനാക്കുന്നു. അതത്‌ സമയത്തെ പ്രശ്നങ്ങൾക്ക്‌ നല്‌കിയ ഗൗരവം പിൻതിരിഞ്ഞുനോക്കുമ്പോൾ പലപ്പോഴും വെറും തമാശയായി പരിണമിക്കുന്നു. ഇതെല്ലാമറിഞ്ഞിട്ടും ഭാവിയെക്കുറിച്ചുള്ള ഉത്‌കണ്‌ഠ മാത്രം ബാക്കിനില്‌ക്കുന്നു.

- പ്രശ്നങ്ങളില്ലെങ്കിൽ ജീവതത്തിനെന്തർത്ഥമാണുള്ളത്‌.

രാമേട്ടൻ നല്ലൊരു സുഹൃത്ത്‌ മാത്രമല്ല, കനത്ത നിഴലില്ലാതെ തണൽ തരുന്ന വാകമരത്തിന്റെ ബഹൃദയപരിശുദ്ധിയുടെ ഉടമകൂടിയാണ്‌.

ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. അവസാനയാത്രികനായി ചവിട്ടുപടിയിൽ തുങ്ങിനില്‌ക്കുമ്പാൾ ബസ്സിനുള്ളിലിരുന്ന ആരോ പുസ്തകം വാങ്ങി മടിയിൽ വെച്ചു. തിരക്കൂം വെയിലിന്റെ ചൂടും ശരീരത്തെ വിയർത്തുകുളിപ്പിച്ചു.

ടൗണിലിറങ്ങി അടുത്ത ബസ്സ്‌റ്റോപ്പിനരികിലെ തുറക്കാത്ത കടയുടെ ഷട്ടറിൽ ചാരി നില്‌ക്കുമ്പോൾ ആശ്വാസം തോന്നി.

“ഏയ്‌ രാഘവൻ... ഏയ്‌ രാഘവൻ”

ഓടി തളർന്നുവെന്ന്‌ തോന്നുന്നു, കിതച്ചുകൊണ്ട്‌ വിഷ്ണു മുന്നിൽ വന്ന്‌ നില്‌ക്കുന്നു.

“എന്തുപറ്റി വിഷ്ണു”

“താൻ കോളേജിലേക്കല്ലെ. ഇപ്പോ അങ്ങോട്ട്‌ പോകണ്ട”

കിതപ്പടങ്ങുന്നതിനുമുമ്പെ വിഷ്ണു പറഞ്ഞുതുടങ്ങി.

“എന്താ...എന്തുപറ്റി”

“കോളേജിൽ സമരക്കാരും ആരും അറിയാത്ത കുറെ ഗുണ്ടകളും തമ്മിൽ അടിയുണ്ടായി. കോളേജ്‌ അനിശ്ചിതകാലത്തേക്കടച്ചു”

ഒരു നിമിഷം തളർന്നിരുന്നുപോയി.

*
ബ്ലോഗിലേക്ക്......