നോവൽ

വഴിയമ്പലം - 1

അമ്പഴയ്ക്കാട്ട് ശങ്കരൻ
ചിതറി വീണ ചിന്തകൾ പൊറുക്കിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ശ്രദ്ധ അറിയാതെ അരിച്ചു നീങ്ങുന്ന ഉറുമ്പുകളിൽ പതിഞ്ഞു. അവ മൂന്നെണ്ണമുണ്ട്‌. വരിവരിയായി, ഒന്നിനുപുറകെ ഒന്നായി അച്ചടക്കത്തോടെ മുന്നോട്ട്‌ നീങ്ങുന്നു. രണ്ടെണ്ണം അപ്പുറത്തുണ്ടല്ലോ. അവ തമ്മിൽ പരസ്പരധാരണയില്ല. വിശ്വാസവും. ഉണ്ടെങ്കിൽ അവ ഒരേ വരിയിലായിരുന്നേനേ.

ചിന്തകൾ കാടുകയറുകയണ്‌. സാരമില്ല. ഈ ഭ്രാന്തൻ ചിന്തകളെ കയറൂരി വിടുന്നതാണ്‌ നല്ലത്‌. എന്നാൽ കുറച്ചെങ്കിലും സമാധാനം കിട്ടും. അല്ലെങ്കിൽ ഭ്രാന്ത്‌ പിടിക്കും.

മുന്നിൽ നടക്കുന്നവൻ ഒന്ന്‌ തലതിരിഞ്ഞ്‌ നോക്കുന്നുണ്ടോ. ഉണ്ടല്ലോ. അപ്പോൾ വഴി മാറി നടക്കുന്നവ പെണ്ണുറുമ്പകളായിരിക്കും. കടാക്ഷമേറ്റ്‌ ഒരുവൾ തലതാഴ്തുന്നണ്ടെന്ന്‌ തോന്നുന്നു. അതിനിടെ ഒരുവൻ ഇടത്തോട്ട്‌ തിരിഞ്ഞ്‌ ഡെസ്‌കിന്റെ അടിയിലേക്ക്‌ പോകുന്നു. മറ്റൊരുവൻ വലത്തോട്ട്‌ തിരിഞ്ഞ്‌ ഡെസ്‌കിന്റെ പലകകളുടെ വിടവിലേക്കും.

ഒരാണും രണ്ട്‌ പെണ്ണും!

ഇത്രയും നേരം മൂന്നാണും രണ്ടു പെണ്ണും ആയിരുന്നു. പൊരുത്തക്കേടുകൾ ആണ്‌ എവിടേയും. ശരിയാവുകയില്ല, ഒരിക്കലും ശരിയാവുകയില്ല. ഒരാണും ഒരു പെണ്ണും മതി.

ഡും!

കനമുള്ള ഒരു പുസ്തകം ഒന്നിന്റെ പുറത്ത്‌. ചതഞ്ഞരഞ്ഞിരിക്കും.

“ആറിയു ഒകെ രഘവൻ?”

ഞെട്ടിപ്പോയി. ക്ലാസ്സിലാണെന്ന ബോധം വീണ്ടെടുക്കാൻ നിമിഷങ്ങളെടുത്തു.

“ഹെ! ഒ...ഒ..ഒന്നുമില്ല ടീച്ചർ. ചെറിയ ഒരു തലവേദന”

“യു മേ ഗൊ”

“താങ്ക്‌യു ടീച്ചർ”

സംശയിക്കാതെ ഇറങ്ങി നടന്നു. അതുകൊണ്ട്‌ രംഗം വഷളാവാതെ കഴിഞ്ഞു. മരവിച്ച ക്ലാസ്സിൽ നിന്നും ടീച്ചറുടെ തണുത്ത ശബ്ദം ഒഴുകിവരുന്നുണ്ടായിരുന്നു. ഇത്രയും കനത്ത ശബ്ദത്തിൽ പുസ്തകം ഇടേണ്ടിയിരുന്നില്ലെന്ന്‌ ഇപ്പോൾ തോന്നുന്നു. വലത്തോട്ട്‌ തിരിഞ്ഞ്‌ തഴത്തേക്കിറങ്ങാൻ സംശയിച്ച്‌ നില്‌ക്കുമ്പോൾ പ്രൊഫസർ കയറി ബവരുന്നു. ഇനി സംശയിക്കാനില്ല.

“ഗുഡ്‌ മോണിങ്ങ്‌ സർ”

“ഗുഡ്‌ മോണിങ്ങ്‌”

സംശയിച്ച്‌ നിന്ന്‌ എന്തോ ചോദിക്കാൻ അദ്ദേഹം ചുണ്ടനക്കുന്നുണ്ടായിരുന്നു. അസമയത്തെ സുപ്രഭാതം അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കാനാണെന്ന്‌ പ്രൊഫസർക്ക്‌ അറിയാതെ പോയല്ലോ. തിരിഞ്ഞുനോക്കാതെ ധൃതിയിൽ കോണിയിറങ്ങി.

കാലത്ത്‌ വന്നപ്പഴെ നേരം വൈകിയിരുന്നു. ഒന്നാമത്തെ അവറിന്‌ ക്ലാസ്സിൽ കയറിയില്ല. രണ്ടാമത്തെ അവറിന്‌ തൊട്ടുമുമ്പ്‌ പിക്കറ്റിങ്ങ്‌ തുടങ്ങിയിരുന്നു. തന്നെ കണ്ടപ്പോൾ അവരുടെ ആവേശം കൂടി. മുദ്രാവാക്യത്തിൽ ശ്യാമിന്റെ പേരാണ്‌ കൂടുതൽ കേട്ടിരുന്നത്‌. ഉച്ചക്കുള്ള മീറ്റിങ്ങിൽ അവരുടെ നീക്കങ്ങളെക്കുറിച്ച്‌ കൂടുതൽ ചർച്ചയുണ്ടാകും. അവരുടെ ആദ്യനീക്കം വിജയമാണ്‌.
മൂന്നാമത്തെ അവറിൽ മെയിൻ കട്ട്‌ ചെയ്യേണ്ടെന്ന്‌ വിചാരിച്ചപ്പോൾ ടീച്ചർക്ക്‌ തന്നെ ആവശ്യമില്ല.
എതിരെ വരുന്നവരെ ശ്രദ്ധിക്കാതെ നടന്നു. പുറത്ത്‌ നല്ല വെയിലുണ്ടായിരുന്നു. കാറ്റും. പൈപ്പിൽ നിന്ന്‌ വെള്ളമെടുത്ത്‌ മുഖം കഴുകി. പിൻവാതിലിലൂടെ കാന്റീനിലേക്ക്‌ കയറി. വിടർന്ന മിഴിയുമായി രമണി ഇറങ്ങിവരുന്നു.

“ഒരു നിമിഷം”

“ഉം, എന്താ”

“ഈ അവറ്‌ ഒഴിവാണോ”

“അല്ല. ഞാൻ കയറിയില്ല. ഇത്‌ ചോദിക്കാനാ”

“അല്ല”

“പിന്നെ”

“പിന്നെ.... ഒന്നൂല്ല്യ..... പിന്നെ പറയാം. രാഘവൻ പൊക്കോളു”. അവൾ തിരിഞ്ഞു നടന്നു.

നീ ചോദിക്കാതെ തന്നെ നിന്റെ മനസ്‌സിലുള്ളത്‌ എനിക്കറിയം. കേട്ടതെല്ലം സത്യമാണോ എന്ന്‌ നിനക്ക്‌ ഉറപ്പിക്കേണ്ടിയിരിക്കുന്നു.

“ഇപ്പൊ പിൻവാതിലിലൂടെയല്ലെ കയറിവരാൻ പറ്റു.”

മൂർഛയുള്ള പരിഹസം. ചിരിച്ചുനില്ക്കുന്ന രാമേട്ടൻ. മനസ്‌ വേദനിച്ചു.

“എന്തു ചെയ്യാം ഒരാൾക്കും ഉത്തരവാദിത്തബോധം ഇല്ലാതെയായാൽ”

“ഞാൻ തമാശ പറഞ്ഞതാണ്‌. നോക്ക്‌ രഘവാ ഇന്നത്തെ പിക്കറ്റിങ്ങ്‌ കണ്ടോ കുട്ട്യോളെത്രയാ. തിങ്കളാഴ്‌ച്ചമുതൽ അനിശ്ചിതകാലത്തേക്കാണെന്നാ കേക്കണെ”

“ആര്‌ ബപറഞ്ഞു”

“ആരു പറഞ്ഞാലെന്താ, താനെങ്കിലും സത്യം പറയ്യോ, എന്താ ശരിക്കും ഉണ്ടായത്‌?”

“എനിക്കറിയില്ല. ശ്യാമിനെ ഞാൻ കണ്ടില്ല. രാത്രി തന്നെ അവർ ഹോസ്‌റ്റല്‌ വിട്ടു. പിന്നെ അവനെ ആരും കണ്ടിട്ടില്ല.“

”ആ പിള്ളേരൊ?“

”അവരെ ആരോ വന്ന്‌ കൂട്ടികൊണ്ടു പോയി.“

”ശ്യാമിന്റെ കൂട്ടുകാരൊ?“

”എല്ലാവരും അവരവരുടെ വീട്ടിലുണ്ട്‌. എന്നാൽ ശ്യാം മാത്രം വീട്ടിലില്ല. ഫോൺ എടുത്തത്‌ അവന്റെ അച്ഛനാണ്‌“

”മറ്റ്‌ സഖാക്കൾ എന്തു പറയുന്നു?“

”ഇന്ന്‌ രണ്ടു മണിക്ക്‌ എക്സിക്യുട്ടീവ്‌ ഉണ്ട്‌. ജില്ലാകമ്മറ്റീന്ന്‌ ആരെങ്കിലും പങ്കെടുക്കും.“

അടുക്കളയിൽ നിന്ന്‌ മോഹനന്റെ അട്ടഹാസം.

”ഏതായാലും ചായ കുടിക്ക്‌. ഞാനിപ്പൊ വരാം“

രാമേട്ടൻ ചെന്നാൽ അടങ്ങുമായിരിക്കും.

തേഡ്‌ അവർ തീരാൻ ഇനിയും സമയമുണ്ട്‌. ഇന്ന്‌ മീറ്റിങ്ങിൽ നടക്കാൻ പോകുന്ന ലഹളയെക്കുറിച്ച്‌ ഓർക്കാതെയിരിക്കുകയവും ഭേദം. സെക്രട്ടറിയെ ഒന്നു കാണണം. അത്യാവശ്യസമയത്തായിരിക്കും അവന്റെ മറ്റൊരു പ്രോഗ്രാം. കുറച്ചൊക്കെ സ്വയം അറിഞ്ഞ്‌ പെരുമാറാൻ പഠിക്കണം. സ്‌കൂളിൽ ചെയർമാനായിരുന്നു, ഏരിയായിൽ പ്രവർത്തിച്ചിട്ടുണ്ട്‌. പഴം പുരാണങ്ങളുടെ വേലിയേറ്റം.
”സഖാവെന്താ ഇവിടെ ഇരിക്കണെ?“

ശിവാനന്ദനെക്കുറിച്ചുള്ള ചിന്തകൾക്ക്‌ വിരാമമിടാൻ ശ്രമിക്കുകയായിരുന്നു. ഒരു നിമിഷം എന്ത്‌ പറയണമെന്നറിയതെ കുഴങ്ങി.

”ശിവാനന്ദൻ ഹോസ്‌റ്റലിൽ പോയോ. വിവരങ്ങൽ അന്വേഷിച്ചോ“.
ജാള്യത മറക്കാൻ പെട്ടെന്ന്‌ ചോദിച്ചു.

​‍”ഇല്ല പോയില്ല. മൂന്നവറും ക്ലാസ്‌ ഉണ്ടായിരുന്നു.“

”ഇനിയെന്താ റിപ്പോർട്ട്‌ ചെയ്യാ. കാലത്ത്‌ കണ്ടപ്പോ ഞാൻ പറഞ്ഞതല്ലെ. നമ്മുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചർച്ച. ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. അതിന്‌ റിപ്പോർട്ട്‌ തന്നെ ഇല്ലങ്കിലോ“

ദേഷ്യം പതഞ്ഞുപൊന്തുന്നുണ്ടായിരുന്നു.

”നോക്ക്‌ രഘവാ, ഇപ്പൊതന്നെ പോകാം. ബചിലതൊക്കെ നടന്നുവെന്നുള്ളത്‌ തീർച്ചയാണ്‌“
”അതെനിക്കുമറിയം. നടന്നതെന്തെന്ന്‌ ശരിയായി അറിയണം.“

”ഒരു കാര്യം പറയാൻ മറന്നു. നാളെ മുതൽ വാർഡൻ ലീവിലാണെന്ന്‌ കേട്ടു. ഇന്നുച്ചക്ക്‌ നാട്ടിലേക്ക്‌ തിരിക്കുമെന്നും.“

”കാര്യം കുഴഞ്ഞല്ലോ. ഹോസ്‌റ്റലിൽ ഉണ്ടായിരുന്ന കുട്ടികളെ ആരെയെങ്കിലും കണ്ടോ?“

”ചിലരെ കണ്ടു, ശ്യാമിന്‌ ഒരു ബോധവും ഇല്ലായിരുന്നത്രെ. അവൻ ഒരു കൊല്ലമായി നിർത്തീന്നാ ഞാൻ വിചാരിച്ചിരുന്നത്‌. വീണ്ടും തുടങ്ങിയെന്ന്‌ തോന്നുന്നു.“

”നീയൊരു കാര്യം ചെയ്യ്‌, മറ്റുള്ളവരെ കൂട്ടി പാർട്ടി ഓഫീസ്‌സിൽ വാ. ഒരാളെയും ഒഴിവാക്കരുത്‌. ഞാനിപ്പൊത്തന്നെ ഹോസ്‌റ്റലില്പ്പോയി മീറ്റിങ്ങ്‌ സമയത്ത്‌ എത്താം.“

”ജില്ലയിൽ നിന്ന്‌ ആരെങ്കിലും....?“

”ഞാൻ ബാലുവിനോട്‌ പറഞ്ഞിട്ടുണ്ട്‌. ഒരു പക്ഷെ വരുമായിരിക്കും.“
എഴുന്നേറ്റ്‌, നടന്നുകൊണ്ട്‌ പറഞ്ഞു.

”രാമേട്ടാ ഞാൻ പോണു“

രാമേട്ടൻ തല കുലുക്കിയെന്ന്‌ തോന്നുന്നു. ചുറ്റും ശ്രദ്ധിക്കാതെ ഇറങ്ങി നടന്നു.
”താൻ ക്ലാസിൽ കയറിയില്ലെ?“ എതിരെ വരുന്ന വിഷ്ണു ചോദിച്ചു.

അശ്രദ്ധ അവഗണനയയി വിഷ്ണുവിനെപ്പോലെയുള്ള ഒരു നല്ല സുഹൃത്തിന്‌ തോന്നുകയില്ല.

“കുറച്ചുനേരം കേറീരുന്നു. ടീച്ചറ്‌ പൊക്കോളാൻ പറഞ്ഞു.”

“എന്ത്‌ പറ്റി?”

“ക്ലാസില്‌ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പിന്നെ ഒരു നുണയും പറഞ്ഞു. തലവേദന.”

“സമരം കണ്ടില്ലെ. എന്താ ചെയ്യാൻ പോണെ?”

വിഷ്ണു ഫയൽ നെഞ്ചിലമർത്തി കൈകെട്ടി നിന്നു.

“രണ്ട്‌ മണിക്ക്‌ മീറ്റിങ്ങ്‌ ഉണ്ട്‌. വിഷ്ണുവിനറിയ്യോ ശ്യാം എവിടെയുണ്ടെന്ന്‌?”

ശ്യാമിനെ കാണാതെ കഴിയില്ലെന്നതുകൊണ്ട്‌ ചോദിച്ചു.

“അറിയാം. ടൗണിൽത്തന്നെയുണ്ട്‌. ഇന്ന്‌ കാലത്ത്‌ ഇല്ലത്ത്‌ വന്നിരുന്നു.”

ശ്യാമിന്റെയും തന്റെയും സാന്നിദ്ധ്യത്തിൽ വിഷ്ണു ഇല്ലമെന്നേ പറയൂ.

“അവിടെ കുറച്ച്‌ അസൗകര്യം ഉണ്ട്‌. രാഘവന്‌ അറിയാല്ലോ. അതുകൊണ്ട്‌ അവൻ ബലോഡ്‌ജിലാ. ആരോടും പറയേണ്ടെന്ന്‌ എന്നോട്‌ പ്രത്യേകം പറഞ്ഞിട്ടുണ്ട്‌.”

“എന്നെ അത്ര വിശ്വാസം ഇല്ലാതായോ?”

“അതല്ല. തനിപ്പൊ സുഹൃത്തിനെക്കാൾ കൂടുതൽ സംഘടനയുടെ ആളല്ലെ”

വിഷ്ണു മനഃപ്പൂർവം പറയുന്നതാണ്‌. മുഖം വിളറിയപ്പോൾ അയാളുടെ മുഖം മങ്ങി.

“സോറി. ഞാൻ തമാശ പറഞ്ഞതാണ്‌. ഒരുറപ്പ്‌ തന്നാൽ അവനെവിടെയുണ്ടെന്ന്‌ പറയാം.”

ഒന്ന്‌ നിർത്തി, വിഷ്ണു തുടർന്നു.

“ശ്യാം പറയുന്നതുവരെ അവൻ എവിടെയുണ്ടെന്ന്‌ അറിയില്ലെന്ന്‌ നടിക്കണം, ഏറ്റോ?”

വിഷ്ണുവിനെ ഇപ്പോൾ കാണണ്ടായിരുന്നു. സത്യം അറിഞ്ഞിട്ട്‌ നുണ പറയുന്നതെങ്ങിനെ. സത്യം പറഞ്ഞാലും അവരിൽ പലരും വിശ്വസിക്കണമെന്നില്ല. ശ്യാമിന്റെ കാര്യമാകുമ്പോൾ എല്ലാം അറിയുമെന്നാണ്‌ അവരുടെ ധാരണ. പക്ഷെ ഇവിടെ ഏല്ക്കാതെ തരമില്ല. വിഷ്ണുവിനോടായതുകൊണ്ട്‌ ഏറ്റത്‌ ലംഘിക്കാനും കഴിയില്ല.

“ഏറ്റു വിഷ്ണു.”

വിഷ്ണു ലോഡ്‌ജിന്റെ പേരു പറഞ്ഞു.

“മീറ്റിംങ്ങ്‌ കഴിഞ്ഞ്‌ വൈകീട്ട്‌ ഞാൻ ലോഡ്‌ജിലുണ്ടാവും. വിഷ്ണു വരാമോ”

“വരാം”

“ചെറിയേട്ടന്റെ വിവാഹഒരുക്കങ്ങൾ എവിടെവരെയായി?”

“അതങ്ങിനെ നടക്കുന്നു. ഈ അവസ്ഥയല്ലെങ്കിൽ ശ്യാമിന്‌ മുറിയെടുക്കേണ്ടി വരില്ലായിരുന്നു.”
കാന്റീന്‌ നേരെ നടന്നുനീങ്ങിക്കൊണ്ട്‌ വിഷ്ണു പറഞ്ഞു. പിന്നെ തിരിഞ്ഞു നിന്നുകൊണ്ട്‌ ചോദിച്ചു.
“താൻ ഊണ്‌ കഴിച്ചോ?”

“ഇല്ല”

“വരുന്നോ?”

“ഇല്ല. ഞാനിപ്പൊത്തന്നെ ഹോസ്‌റ്റലിലേക്ക്‌ പോവ്വാ. ടൗണീന്ന്‌ കഴിച്ചോളാം”

മനസ്സിന്റെ പിരിമുറുക്കം ഒട്ടൊന്നയഞ്ഞിരുന്നു.

*
ബ്ലോഗിലേക്ക്......