അനുഭവം

*ആർ ട്ടി ഒ ഓഫീസിലെ ഒരു അനുഭവം അഥവാ ദുഃരനുഭവം

അമ്പഴയ്ക്കാട്ട് ശങ്കരൻ
ഇത്തവണ നാട്ടിൽ പോകുമ്പോൾ ആധാറും, പാൻ കാർഡും എടുക്കുകയും കഴിയുമെങ്കിൽ ഡ്രൈവേർസ് ലൈസെൻസ് പുതുക്കുകയോ, അതല്ലെങ്കിൽ പുതിയതൊന്ന് എടുക്കുകയോ ചെയ്യണമെന്ന് കരുതിയിരുന്നു. ബാങ്കുകാർ പാൻ കാർഡ് ചോദിച്ചു തുടങ്ങിയിട്ട് നാളേറെയായി. സുപ്രീം കോടതി വിധിയോടെ ആധാർ ചോദിക്കുന്നതിൽ അല്പം ശമനം വന്നിട്ടുണ്ടെന്ന് തോന്നുന്നു. കൂടാതെ മുടങ്ങി കിടക്കുന്ന ഭൂനികുതി അടക്കുകയും ഭാവിയിൽ ഓൺലൈനായി അടക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും വേണം. സ്വപ്നങ്ങളിൽ അർദ്ധരാജ്യം കാണേണ്ടതില്ലല്ലോ.

ഇതിനെല്ലാം “അക്ഷയ”യെ ശരണം പ്രാപിക്കണമെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അതു പ്രകാരം നാട്ടിലെ വീടിനടുത്തുള്ള അക്ഷയയെ ശരണം പ്രാപിച്ചു. പക്ഷെ അവിടെ ബയോമെട്രിക് (അഥവാ വിരലടയാളം എടുക്കുന്നതിനും കണ്ണിന്റെ റെട്ടിന സ്കാനും മറ്റും ഏടുക്കുന്നതിനും ഉള്ള സൗകര്യം) സംവിധാനം ഉണ്ടായിരുന്നില്ല. അതെല്ലാം ഉള്ള മറ്റൊരു അക്ഷയയിലേക്ക് എന്നെ പറഞ്ഞുവിട്ടു. കുറ്റം പറായരുതല്ലൊ, അക്ഷയ അനുഭവം അത്ര മോശമല്ല. അവിടെ ഇരിക്കുന്ന പെൺകുട്ടികൾക്ക് ട്രെയിനിങ്ങിന്റെ കുറവുണ്ട്. പക്ഷെ എല്ലാം അറിയുന്ന ഒരാൾ അവിടെ ഉണ്ടായിരിക്കും. അവരുടെ availability അഥവാ സാന്നിദ്ധ്യം പ്രശ്നമാണ്‌. എല്ലാത്തിനും അവർ തന്നെ ഓടണമല്ല്ലോ.

ചില ചില്ലറ ഹിക്കപ്പുകൾ ഉണ്ടായതൊഴിച്ചാൽ വലിയ ബുദ്ധിമുട്ടുകൾ കൂടാതെ അപേക്ഷ പൂരിപ്പിക്കാൻ കഴിഞ്ഞു. പാസ്പ്പോർട്ടിലെ അതെ പോലെ തന്നെ പേർ എഴുതുന്നതാണ്‌ നല്ലതെന്ന് സുധി (അക്ഷയയിലെ ആദ്യവസാനം എന്നെ സഹായിച്ച ആൾ) ഉപദേശിച്ചു. പാസ്പ്പോർട്ടിലെ പേര്‌ വളരെ നീണ്ടതാണ്‌. ഓൺലൈൻ അപ്ലിക്കേഷനിൽ പേര്‌ ചേർക്കാൻ അനുവദിച്ച നീളം പോരാതെ വന്നു. അത് ശരിയാക്കിയെടുക്കുന്നതിന്‌ രണ്ട് ദിവസം പിടിച്ചതൊഴിച്ചാൽ എല്ലാം ഭംഗിയായി കലാശിച്ചു. വരാൻ രണ്ടാഴ്ചയിലേറെ എടുക്കുമെന്നുള്ളതുകൊണ്ട് അവ വരുമ്പോൾ വാങ്ങിക്കാൻ പോസ്റ്റോഫീസിൽ പോയി ഓഥറൈസേഷൻ എഴുതി കൊടുത്തു.

ആധാറും പാൻ കാർഡും കിട്ടുമെന്ന് എതാണ്ട് ഉറപ്പായിരിക്കുന്നു. മനസ്സ് ഡ്രൈവേഴ്സ് ലൈൻസെസ് എന്ന ഹാട്രിക്കിനുവേണ്ടി തുടിച്ചു. പണ്ട് ലൈസെൻസ് ഉണ്ടായിരുന്നു. ഒന്ന് രണ്ട് തവണ പുതുക്കിയതുമാണ്‌. പക്ഷെ പിന്നീട് പുതുക്കുന്നതിന്റെ ആവശ്യകത എവിടെയോ നഷ്ടപ്പെട്ടുപോയി. ഇതിനിടെ എക്സ്പൈർ ആയ ലൈസെൻസിന്റെ അന്വേഷണം അളിയൻ തുടങ്ങി. 18-ലെ വെള്ളപ്പൊക്കത്തിന്‌ തൊട്ടുമുമ്പ് എല്ലാ പ്രധാന ഡൊക്യുമെന്റുകളും അളിയൻ സുരക്ഷതിത സ്ഥലത്ത് എത്തിച്ചിരുന്നു.

- കിട്ടാതിരിക്കില്ല. ഇവിടെ എവിടെയോ ഉണ്ട്.

അളിയൻ സമാധാനിപ്പിച്ചു.

മെസ്സിയേയും നെയ്മറേയും റൊണാൾഡോയും മനസ്സിൽ ധ്യാനിച്ച് പുതിയ ലൈസെൻസ് എടുക്കുന്നതിനുള്ള പ്രോസ്സസ്സിനെക്കുറിച്ച് അന്വേഷണം തുടങ്ങി. അതിനിടയിൽ അമ്മാമനെ കാണാൻ പോയി. പ്രവാസികളായ അമ്മാമന്റെ മകന്റെ കുടുംബം നാട്ടിൽ വന്ന സമയമാണ്‌. അവരാണ്‌ പറഞ്ഞത് ഫോറിൻ DL കാറ്റഗറിയിൽ ലേണേഴ്സ് ടെസ്റ്റ് എടുത്ത് വിദേശ ലൈസെൻസ് സമർപ്പിച്ചാൽ മതി. മനസ്സിലെ ആവേശം വാനോളമെത്തി.

വിവരങ്ങൾ അന്വേഷിക്കുന്നതിനുവേണ്ട് RTO ഓഫിസിലെത്തി. ഓഫീസർ കാലത്ത് നേരത്തെ എത്തി ഡ്രൈവിങ്ങ് ടെസ്റ്റിനുവേണ്ടി ഫീൽഡിലേക്ക് പോയിരിക്കുകയാണ്‌. അവിടെയുള്ള ദിവ്യ എന്ന പെൺകുട്ടി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് ചില വിവരങ്ങൾ പറഞ്ഞു തന്നു. ആ കുട്ടിക്കും പൂർണ്ണവിവരം ഉണ്ടായിരുന്നുവെന്ന് വിചാരിക്കുക വയ്യ. ഉച്ചക്ക് ശേഷം ആർ ടി ഒ ഓഫീസിൽ ഉണ്ടാകും എന്നറിയിച്ചു. രണ്ടു മണിയോടെ ഓഫീസറെത്തി. അപ്ലിക്കേഷൻ പൂരിപ്പിച്ച്, ഫീസടച്ച്, ടെസ്റ്റ് എഴുതി പാസ്സായാൽ Foreign DL വിഭാഗത്തിൽ ലൈസെൻസ് കിട്ടുമല്ലോ എന്ന് ചോദിച്ചു.

- അപേക്ഷ പൂരിപ്പിച്ച് തരു. ഇരുന്നിട്ട് വേണ്ടെ കാല്‌ നീട്ടാൻ

മുഖത്ത് നോക്കാതെ കമ്പ്യൂട്ടറിൽ കണ്ണൂം നട്ട് ഒഫീസർ പറഞ്ഞു. തമാശയാണോ എന്നറിയാതെ കുഴങ്ങി.

അന്നു രാത്രി വീട്ടിലെത്തി https://sarathi.parivahan.gov.in/ കേറി അപേക്ഷ പൂരിപ്പിച്ച് തുടങ്ങി. അപേക്ഷ ഫോറത്തിലെ എല്ലാ നിർബന്ധ വിവരങ്ങളൂം പൂരിപ്പിച്ചു. ആവശ്യമുള്ള എല്ലാ ഡോക്യുമെന്റുകളൂം അപ്‌ലോഡ് ചെയ്തു.

ഫീസടച്ചശേഷമെ ടെസ്റ്റിനുള്ള സ്ലോട്ട് ബുക്ക് ചെയ്യാൻ കഴിയുകയുള്ളു. നാട്ടിൽ ഇനി രാണ്ടഴ്ച്ചയെ ഉള്ളു. അതിനുമുമ്പ് ടെസ്റ്റ് എടുക്കണം. ഡ്രൈവർ മുരുകേഷ് ചില ബുക്കുകൾ തന്നിട്ടുണ്ട്. അവയെല്ലാം ഹൃദിസ്ഥമാക്കണം. പരിവാഹൻ സൈറ്റിൽ നൂറോളം സാമ്പിൾ ചോദ്യങ്ങളൂം ഉത്തരങ്ങളും ഉണ്ട്. കൂടാതെ പ്രാക്റ്റീസ് ടെസ്റ്റുകളും. എല്ലാം കൊണ്ടും ആത്മവിശ്വാസവും ആഹ്ലാദവും കൂടിക്കൂടിവന്നു. നാട്ടിൽനിന്നും പോകുന്നതിനുമുമ്പ് സ്ലോട്ട് അവയലബിൾ ആണോ എന്ന് സൈറ്റിൽ നോക്കി. ഉണ്ടെന്നുള്ളത് ആശ്വാസം നല്കി. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫീസടക്കാൻ ശ്രമിച്ചപ്പോൾ ശകുനം മുന്നിൽ വന്ന് നില്ക്കുന്നു.

-Gateway error..

പലതവണ ശ്രമിച്ച് നോക്കി. ഫലം ഒന്ന് തന്നെ. ഒടുവിൽ അക്ഷയയെ അഭയം പ്രാപിച്ചു. അവിടെ ഇത് ചെയ്ത് പരിചയമുള്ള ഒരാൾ കാഷ് വാങ്ങി ഫീസടക്കാൻ സഹായിച്ചു. അടച്ച ഫീസിന്റെ റസീറ്റും ലേണേഴ്സ് ടെസ്റ്റിനുള്ള അപ്പോയ്ന്റ്മെന്റിന്റെ പ്രിന്റൗട്ടും തന്നു.

Thanks for using Online Learner Licence Test Slot Booking Facility. With respect to your booking appointment for Learner Licence test, your learner licence test has been scheduled on at 10.30-11.30. You are requested to visit the RTO office 30 minutes before the schedule time with originals of documents etc. etc.

ആവൂ സമാധാനമായി . ഇനി അവിടെ സമയത്തിന്‌ ചെന്ന് ഒറിജനൽ ഡോക്യുമെന്റുകൾ കാണീച്ച് ഓൺലൈൻ ടെസ്റ്റ് എടുക്കാമല്ലൊ. ടെസ്റ്റിന്റെ അന്ന് അതിരാവിലെ കുളിച്ച് തൊഴുത് ഭസ്മകുറിയിട്ട് നൂറ്റൊന്ന് നമസ്കരിച്ച് (just kidding) 9.50-ൻ തന്നെ ആർ ടി ഒ ഓഫീസിലെത്തി. ഓഫീസ് ഡോറിന്‌ മുമ്പിൽ ഞാനടക്കം ഒന്ന് രണ്ട് പേരെ ഉള്ളു. കൃത്യം പത്ത് മണിക്ക് ഒരാളുടെ പിന്നാലെ 50-ലേറെ പേരടങ്ങുന്ന ഒരു പട നലുകെട്ട് ആകൃതിയിലുള്ള ഓഫീസ് കെട്ടിടത്തിന്റെ മറ്റെ വശത്ത നിന്നും നടന്ന് വരുന്നു. അയാൾ അവരോട് ക്യു നില്ക്കാൻ ആവശ്യപ്പെടുന്നു. ഓരോരുത്തരോടായി ചില പേപ്പറുകൾ വങ്ങുന്നു. എന്താണ്‌ നടക്കുന്നതെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ദിവ്യയാണെങ്കിൽ ഇങ്ങിനെയൊരു സർക്കസ് ഉണ്ടെന്ന് കാര്യങ്ങൾ വിശദീകരിച്ച തന്ന സമയത്ത് പറഞ്ഞതുമില്ല. എല്ലാം കഴിഞ്ഞ് ഞാൻ അയാളുടെ അടുത്ത് ചെന്ന് എനിക്ക് 10.30 ഒരു ലേണേഴ്സ് ടെസ്റ്റിനുള്ള അപ്പൊയ്ന്റ്മെന്റ് ഉണ്ടെന്ന് പറഞ്ഞു

- അതവിടെ കൊടുക്ക്. തന്ന ഓർഡറിൽ നിങ്ങളെ വിളിക്കും.

അപ്പോഴാണ്‌ അപ്പോയിന്റ്മെന്റിലുള്ള സമയത്തിന്‌ ഒരു കൈക്കിലയുടെ വില പോലും ഇല്ലെന്ന് മനസ്സിലായത്. അയാൾ വന്ന സമയത്ത് തന്നെ ഞാൻ ചാടി മുന്നിൽക്കയറി പേപ്പർ കൊടുത്തിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന് അറിയില്ല. അത് അയാൾ വങ്ങുമായിരുന്നുവോ എന്നും തിട്ടമില്ല. ചുരുക്കത്തിൽ ക്യൂവിൽ ഞാൻ അവസാനത്തെ ആളായി മാറി.

ഇത്രയും കഴിഞ്ഞപ്പോൾ ഞാൻ എന്റെ പിഴ എന്റെ പിഴ എന്ന് എന്നെ തന്നെ കുറ്റപ്പെടുത്തി. സാരമില്ല, കാത്ത് നില്ക്കാം. നമ്മൾ ജീവിതത്തിൽ വേണ്ടതിനും വേണ്ടാത്തതിനും എത്ര നേരം കാത്ത് നിന്നിരിക്കുന്നു. ഇനിയുള്ള അനുഭവമാണ്‌ ഏറ്റവും ക്രൂരമായി അനുഭവപ്പെട്ടത്. ഏകദേശം ഒരു മണിയായപ്പോൾ അവസാനത്തെ ആളായി എന്നെ വിളിച്ചു. എന്റെ ഫയൽ അയാൾ കമ്പ്യുട്ടറിൽ ഓപ്പൻ ചെയ്തു. എന്റെ ഒറിജനൽസ് അയാൾ ആവശ്യപെട്ടു. അതെല്ലാം ഞാൻ കൃത്യമായി കാണിച്ച് കൊടുത്തു. പിന്നെ അയാൾ അപേക്ഷയുടെ സുക്ഷ്മ പരിശോധന തുടങ്ങി. എന്നിട്ട് പറഞ്ഞു

- ഇതിൽ പെർമനന്റ് അഡ്രസ്സ് പൂരിപ്പിച്ചിട്ടല്ലല്ലോ.

- ഞാൻ എല്ലാ മാൻഡേറ്ററി ഫീൽഡും പൂരിപ്പിച്ചിരുന്നു.

- അത് പറഞ്ഞിട്ട് കാര്യമില്ല. പെർമനന്റ് അഡ്രസ്സ് എനിക്ക് കാണാൻ കഴിയാതെ നിങ്ങളെ ടെസ്റ്റ് എഴുതാൻ അനുവദിക്കുന്ന പ്രശ്നമില്ല.

- എന്റെ എല്ലാ ഒറിജനൽ ഡോക്യുമെന്റും ഉണ്ടല്ലോ. താങ്കൾക്കൊന്ന് പൂരിപ്പിച്ച് കൂടെ.

- എനിക്ക് അതിനൊന്നും സമയമില്ല. നിങ്ങൾ അക്ഷയയിൽ ഇതെല്ലാം ചെയ്ത് ശരിയായ രീതിയിൽ അപേക്ഷ വീണ്ടും സമർപ്പിക്ക്

- അടുത്ത ആഴ്ച്ച എനിക്ക് തിരിച്ച് പോകേണ്ടതാണ്‌. ഒന്ന് സഹായിച്ചുകൂടെ?

ഒരു നിമിഷം അയാളുടെ കണ്ണിൽ അലിവിന്റെ ഒരു സ്ഫുരണം ഉദിച്ചത് പോലെ തോന്നി.

- ദിവ്യേ

അയാൾ വിളിച്ചു.

ദിവ്യ വന്ന് സ്ക്രീനിൽ കുറച്ച് നേരം നോക്കി.

- സാറെങ്ങനാ ഈ ഡോക്യുമെന്റ് എല്ലാ അപ്‌ലോഡ് ചെയ്തത്.

ദിവ്യ ചോദിക്കുന്നു.

ഇവരെല്ലാം അജ്ഞത നടിച്ച് എന്നെ കബളിപ്പിക്കുകയാണോ, അതോ, ഇവർക്കാർക്കും ഒരു ട്രെയ്നിങ്ങും ആരും നല്കിയിട്ടില്ലേ?

എന്തു ചെയ്യണമെന്ന് അറിയാതെ കുറച്ച് നേരം അവിടെ നിന്നു.

Permanent Address is not furnished

അയാൾ അപേക്ഷയിൽ നോട്ടെഴുതി അപേക്ഷ ഫോം എനിക്ക് തിരിച്ചു തന്നു.

ഇനി ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല. എന്റെ ഹാട്രിക് സ്വപ്നം പൊലിഞ്ഞുപോയിരിക്കുന്നു. ഞാൻ ഓഫീസിൽ നിന്നു താഴെയിറങ്ങി മുരുകേഷിനോട് കാറെടുക്കാൻ പറഞ്ഞു.

*****

വാൽക്കഷ്ണം: ഒരു സിസ്റ്റത്തിന്റെ കുഴപ്പം എല്ലാവരേയും അസ്വസ്ഥരാക്കും. മനുഷ്യപ്പറ്റില്ലാത്തവർ അത് പലതരത്തിൽ മുതലെടുക്കും. കാലം മാറുമ്പോൾ എല്ലാം ശരിയാകുമെന്ന് കരുതാം. പോരുന്നതിന്‌ തൊട്ടു തലേ ദിവസം അളിയൻ പഴയ ലൈസെൻസ് കണ്ടെടുത്തു. ഇവിടെ വന്ന ശേഷം ഞാനതിന്റെ കോപ്പി അക്ഷയ സുധിക്ക് വാട്ട്സപ്പ് ചെയ്തു. അതിനി പുതുക്കാൻ കഴിയില്ലെന്ന് സുധി എന്നെ അറിയിച്ചിട്ടുണ്ട്. അടുത്ത തവണ നാട്ടിൽ പോകുമ്പോൾ പുതിയ ലൈസെൻസ് എടുക്കാൻ ഒന്നു കൂടി ശ്രമിക്കണം. ഭൂനികുതി ഓൺലൈൻ ആയി അടക്കാൻ കഴിയുന്നതിനുള്ള കാര്യങ്ങൾ ചെയ്തത് ഹാട്രിക്ക് ആയി കണക്കാക്കി ഞാനിപ്പോൾ സമാധാനം കൊള്ളുന്നു.

****

*Regional Transport Office (RTO)
ബ്ലോഗിലേക്ക്......