ചലച്ചിത്രം

എവീറ്റ - ഒരു സിനിമയും കുറെ അർദ്ധസത്യങ്ങളും

അമ്പഴയ്ക്കാട്ട് ശങ്കരൻ
തകർക്കാൻ കഴിയാത്ത ജനമുന്നേറ്റത്തിന്റെ കഥ സിനിമായാക്കുമ്പൊൾ മുതലാളിത്ത സംസ്കാരം ചെയ്യുന്ന ഒരു പണിയുണ്ട്. വെടക്കാക്കി തനിക്കാക്കുക. നേതൃത്വം സ്ത്രീക്കാണെങ്കിലോ, എളുപ്പമായി. ഒരു രാജ്യത്തിന്റെ ചരിത്രമായി മാറിയ ഒരു സ്ത്രീയെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോൾ മുതലാളിത്തം എന്ത് ചെയ്യുമെന്ന് ഉത്തമോദാഹരണമാണ്‌ ഇയ്യിടെ അമേരിക്കയിൽ ഇറങ്ങിയ ഈ ഇംഗ്ലീഷ് സിനിമ. സാധാരണ അർജന്റീനക്കാർ എങ്ങിനെ ആത്മരോഷം കൊള്ളാതിരിക്കും? അവരുടെ വീടുകളിലെ ചുമരിൽ തൂങ്ങിനില്ക്കുന്ന ഈവ പെറോൺ എന്ന മാലാഖയുടെ കലണ്ടറുകളേക്കാൾ ഏറെ സ്ഥാനം ഈവക്ക് അവരുടെ ഹൃദയത്തിലുണ്ട്. അടുത്ത കാലത്ത് ഇറങ്ങിയ “എവീറ്റ” (Evita) എന്ന ചലചിത്രം ചർച്ചവിഷയവും ബോക്സോഫീസ് വിജയവും ആയിരിക്കുന്നു. ഇനിയങ്ങോട്ട് ഈവയെ മറന്ന് മഡോണയെ മോഡലാക്കുന്നവരുടെ എണ്ണം വർദ്ധിക്കും. ഇപ്പോൾ തന്നെ അമേരിക്കയിൽ വസ്ത്രധാരണത്തിലും സൗന്ദര്യവർദ്ധക വസ്തുക്കളുടെ പരസ്യങ്ങളിലും മഡോണ “മാനിയ” വ്യാപിച്ചിരിക്കുന്നു.

അർജന്റീനയുടെ പ്രഥമ വനിതയായിരുന്ന എവീറ്റ് പെറോണിന്റെ ജീവിതത്തിന്റെ വ്യാപാര മൂല്യം ആദ്യമായി മനസ്സിലാക്കിയതും ഉപയോഗിച്ചതും സംവിധായകൻ അലൻ പാർക്കർ ആയിരുന്നില്ല. ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപ് ആൻഡ്രു ലോയ്ഡ് വെബ്ബും, ടിം റൈസും ചേർന്ന് ഒരു സംഗീത നൃത്ത നാടകം (musical) അവതരിപ്പിച്ചത് വൻ വിജയമായിരുന്നു. മഹനീയായ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ഗൗരമാർന്ന വശങ്ങളെയെല്ലാം ഒഴിവാക്കി വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും ആർത്തിയുള്ള പൊങ്ങച്ചം നിറഞ്ഞ സ്ത്രീയായി എവീറ്റയെ അവതരിപ്പിക്കുന്നതിന്‌ പാർക്കക്ക് പ്രചോദനം നല്കിയത് ഈ നൃത്ത-സംഗീത-നാടകമായിരിക്കും. കപട ധാർമികബോധമുള്ള ഒരു സമൂഹത്തിൽ സ്ത്രീയെ അപമാനിക്കാൻ ഉള്ള എളുപ്പവിദ്യ അവൾ വേശ്യയായിരുന്നു എന്ന് പറയുകയാണ്‌. സിനിമയാകുമ്പോൾ കാണികളെ ആവേശം കൊള്ളിക്കുന്ന സംഗീതവും നൃത്തവും കൊണ്ട് നിറക്കുന്നത് നീതീകരിക്കാനാവും. പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന മഡോണ (Madonna - Evita), അന്റോണിയോ ബാന്റെറസ് (Antonio Banderas -che), ജോനത്തൻ പ്രൈസ് (Joanathan Pryce - Juan Peron) സംവിധായകന്റെ താത്പര്യങ്ങളോട് നീത് പുലർത്തിയതായി പറയാം. പാശ്ചാത്യസംഗീതത്തിന്റെ നാടൻ-ക്ലാസ്സിക് ശൈലികൾ ഭംഗിയായി സിനിമയിൽ സന്നിവേശിപ്പിച്ചുണ്ട്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് സ്റ്റേജിൽ അവതരിപ്പിച്ചേക്കാൾ ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന്, രണ്ട് മണിക്കൂർ പതിനാല്‌ മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമയുടെ നിർമ്മാതാക്കൾ അവകാശപ്പെടുന്നുമുണ്ട്. പഴയ നൃത്ത-സംഗീത നാടകവും, ഈ സിനിമയും, ഈവയുടെ മരണശേഷം മിത്തുകൾ പോലെ സമൂഹത്തിൽ പരന്ന അർദ്ധസത്യങ്ങളായ നിരവധി കഥകളും; ഈവയെ ഒരു ഫാഷൻ മോഡലായി പുതിയ തലമുറ ചിന്തിക്കുന്നതിന്റെ കാരണങ്ങൾ മറ്റൊന്നുമല്ല.

ചരിത്രത്തോട് സത്യസന്ധതയും സമൂഹത്തോട് പ്രതിജ്ഞാബദ്ധതയുമുള്ള ഒരു സംവിധായകന്റെ കരങ്ങളിൽ ലോകോത്തര ക്ലാസ്സിക് ആകുമായിരുന്ന ഈ സിനിമ, ചെകിടടപ്പൻ സംഗീതവും, ഒരു രാഷ്ട്രതന്ത്രജ്ഞയുടെ സ്വകാര ജീവിതത്തോട് കാണിച്ച അനാവശ്യമായ അഭിനിവേശവും കാരണം ഒരു സാധാരണ സിനിമയായി മാറുന്ന കാഴ്ച്ചയാണ്‌ നാം കാണുന്നത്. ഒരു സിനിമാതിയ്യേറ്ററിൽ ഇടക്ക് ഷോ നിർത്തി പ്രഥമ വനിത എവീറ്റ് പെറോണിന്റെ മരണ വാർത്ത അറിയിക്കുന്നതോടെ ആരംഭിക്കുന്ന സിനിമ അവസാനിക്കുന്നത് ആയിരക്കണക്കിന്‌ ആളുകൾ തങ്ങളുടെ പ്രിയ നേതാവിന്‌ അന്ത്യോപചാരമർപ്പിക്കാൻ കാത്ത് നില്ക്കുന്ന ദു:ഖസാന്ദ്രമായ കാഴ്ചയോടെയാണ്‌. ഒരു മ്യൂസിക്കലിനെ അവലംബിച്ച് എടുത്ത ചിത്രമായതുകൊണ്ട് ആദ്യന്തംകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നൃത്തത്തോടും ഗാനങ്ങളോടും കൂടിയാണ്‌. അർജന്റീനയൻ ജനതക്ക് പെറോൺ ഭരണത്തോടും ഈവയോടും ഉള്ള ആദരവ് ഒരു ചരിത്രസത്യമാണെന്നുള്ളതുകൊണ്ട് അത് ഒഴിവാക്കാതിരിക്കാനുള്ള സത്യസന്ധത സംവിധായകൻ കാണിച്ചത് ആശ്വാസകരമാണ്‌.

എവീറ്റ യഥാർത്ഥത്തിൽ ആരായിരുന്നുവെന്ന് അറിയണമെങ്കിൽ ഈ ചലചിത്രത്തെ അധികം ആശ്രയിക്കരുതെന്ന് ആദ്യമെ പറഞ്ഞുകൊള്ളട്ടെ. ഇത് മധുരം പൊതിഞ്ഞ ഒരു വ്യാപാര സിനിമ മാത്രമാണ്‌. എവീറ്റ പെറോണിന്റെ ജീവതത്തെ ആസ്പദമാക്കി “സാന്റ എവീറ്റ” (Santa Evita) എന്ന നോവലെഴുതിയ തോമസ് എലോയ് മാർട്ടിനസ് (Tomas Eloy Martinez) പറയുന്നത് കേൾക്കു: “ഈ സിനിമ വളരെ പേരെ നിരാശരാക്കും. സംഗീതവും നൃത്തവുമാണിതിന്റെ മുഖമുദ്ര. മനുഷ്യരെ സ്നേഹിക്കുകയും അവർക്കിടയിൽ പ്രവർത്തിക്കുകയും ചെയ്ത ശക്തയും സുന്ദരിയുമായ ഒരു സ്ത്രീയുടെ വികലമാക്കപ്പെട്ട ചിത്രം. സങ്കീർണ്ണത നിറഞ്ഞ അവരുടെ ജീവിതം ഏറെ ലളിതവത്ക്കരിക്കപ്പെട്ടിരിക്കുന്നു.” ജനങ്ങളെ സംഘടിപ്പിച്ച് അധികാരത്തിന്റെ ഉന്നതശ്രേണിയിൽ എത്തിയ എവീറ്റ പെറോണിന്റെ ജീവിതത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങൾ ഇപ്പോഴും നിലനില്ക്കുന്നു. അതിലൊന്ന് സാധാരണ ജനങ്ങളുടെ സഖാവ് എന്ന നിലയിലാണ്‌. സ്വപ്രയത്നംകൊണ്ട് തൊഴിലാളികളുടെ നേതാവായി വളരുകയും സ്ത്രീവിമോചനപ്രസ്ഥാനത്തിന്റെ ചാമ്പ്യനായിത്തീരുകയും ചെയ്തു. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ കാൻസർ രോഗത്തിന്‌ അടിമപ്പെട്ട് മരിച്ചുപോയ ദു:ഖപുത്രി. സാധാരണ അർജന്റീനക്കാരുടെ വീടുകളിലെ ചുമരുകളിൽ നില്ക്കുന്ന അവരുടെ പരിശുദ്ധരൂപം അതിന്‌ സാക്ഷ്യം വഹിക്കുന്നു. മറ്റൊന്ന് സമ്പന്നർ അവർക്ക് ചാർത്തിക്കൊടുത്ത മുദ്രയാണ്‌. ഫാസിസ്റ്റ് ഭരണാധികാരിയായ വ്വാൻ പെറോണീനെ വശീകരിച്ച വേശ്യ. അവർ രാജ്യത്തെ നശിപ്പിക്കുകയും ജർമ്മൻ നാസികൾക്ക് സഹായം നല്കുകയും ചെയ്ത രാജ്യദ്രോഹിയാണെന്ന് ആരോപിക്കുകയും ചെയ്യുന്നു. പാപിനിയോ മാലാഖയോ? യാഥാർത്ഥ്യം ഇത് രണ്ടിനും ഇടയിലാണെന്ന് കരുതുന്നവരും ഉണ്ട്. നോവലിസ്റ്റ് മാർട്ടിനെസ്സ് തുടരുന്നു. “അവർ മാലാഖയാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ അവരുടെ സ്മരണ തകർക്കപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യസ്ത്രീ എന്ന നിലക്ക് നിരവധി ദൗർബ്ബല്യങ്ങൾ അവരിൽ കണ്ടേക്കാം. പക്ഷെ താൻ വിശ്വസിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന്‌ അഗാധവും ആത്മാർത്ഥവുമായ പ്രതിജ്ഞാബദ്ധത അവർക്കുണ്ടായിരുന്നു.” ചിത്രത്തിൽ എവീറ്റയുടെ ഭാഗം അഭിനയിക്കുന്ന മഡോണക്ക് ഈ അഭിപ്രായത്തോട് യോജിപ്പുണ്ട്. യഥാർത്ഥ എവീറ്റയുടെ ജീവിതത്തെക്കുറിച്ച് ജിജ്ഞാസുവായ മഡോണ കുറെ ഗവേഷണം നടത്തിയതും, അവർ തന്നെ ആ റോളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ചെയ്തതുകൊണ്ട് യഥാർത്ഥചരിത്രത്തെ കുറയെങ്കിലും അനാവരണം ചെയ്യാൻ കഴിഞ്ഞതായി മഡോണ അവകാശപ്പെടുന്നു.

ഒരു അടുക്കളക്കാരിക്ക് “ജാരസന്തതി”കളായി ജനിച്ച ഈവയും സഹോദരങ്ങളും സാമൂഹികമായി ഊരുവിലക്കിന്‌ വിധിക്കപ്പെട്ടവരായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ അർജന്റീനയിലെ സാമൂഹികവ്യവസ്ഥിതി എത്രമാത്രം ക്രൂരമായി ദരിദ്രരരേയും അനാഥരേയും പീഡിപ്പിച്ചിരുന്നുവെന്ന് നമുക്ക് ഊഹിക്കാൻ കഴിയുമല്ലോ. അയൽപ്പക്കത്തെ കുട്ടികളുമായി കളിക്കാൻപോലും അവർക്ക് അനുവാദമുണ്ടായിരുന്നില്ല. അച്ഛന്റെ ശവസംസ്കാരചടങ്ങിൽ പോലും പങ്കെടുക്കാൻ കഴിയാത്ത ഒറ്റപ്പെടുത്തിയ ജീവിതം. അത്ഭുതം തോന്നുംവിധം അവർ കയറിയ അധികാരത്തിന്റെ പടവുകൾ ദു:രിതം നിറഞ്ഞ ഈ ബാല്യം സമ്മാനിച്ചതാകാം.

“ഞാൻ വളരെ ദു:ഖിതയായിരുന്നു. പ്രത്യേകിച്ചും ഈ ലോകത്ത് ദരിദ്രരും സമ്പന്നരും ഉണ്ടെന്ന് അറിഞ്ഞപ്പോൾ. ദരിദ്രരരെമാത്രം ദൈവം സൃഷ്ടിച്ചുള്ളു എങ്കിൽ സമാധാനിക്കാമായിരുന്നു. അവരോടൊപ്പം സമ്പന്നരും ഉള്ളത് ഞാൻ അനീതിയായി കരുതി.” ആത്മകഥയിൽ അവർ എഴുതി. (The Reason for my life - Evita Peron) ദാരിദ്രത്തിൽനിന്നും രക്ഷപ്പെടുന്നതിനുവേണ്ടി, തന്റെ ഗ്രാമത്തിലെത്തിയ പ്രസിദ്ധനായ ഒരു ഗായകനോടൊപ്പം പതിനാറാമത്തെ വയസ്സിൽ അവർ ബ്യൂണർസ് അയേർസിലേക്ക് ചേക്കേറി. ഈ ഗായകനുമായുള്ള അടുപ്പം ഈവയെ ഒരു വേശ്യയായി ചിത്രീകരിക്കുന്നതിന്‌ കളമൊരുക്കി. ശത്രുക്കൾ അതിശയോക്തി കലർന്ന കഥകൾ പ്രചരിപ്പിക്കാൻ തുടങ്ങി. തന്റെ കൊച്ചുപട്ടണത്തിൽനിന്നും രക്ഷപ്പെടുന്നതിന്‌ ആദ്യം ഗായകനെ വശീകരിച്ചു. പിന്നീട് ഉയർച്ചയുടെ ഓരോ പടവുകളും കയരുന്നതിന്‌ നിരവധിപേരുമായി കിടപ്പറ പങ്കിടുകയും പിന്നീട് അവരെയെല്ലാം തള്ളുകയും ചെയ്തതായി കഥകൾ പരന്നു. അക്കാലത്തെ സമൂഹത്തിൽ അഭിനേത്രിയായ ഒരു സ്ത്രീക്ക് ഉണ്ടാകാവുന്ന എല്ല പ്രതിബന്ധങ്ങളും ഈവക്കും ഉണ്ടായി. സ്ത്രീ എന്ന നിലയിൽ അവർ അനുഭവിച്ച പ്രതിസന്ധികൾ സ്തീവിമോചനത്തെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടുകൂടിയുള്ള വീക്ഷണം അവരിൽ വളർത്തി. ഈവ ഒരു വേശ്യയായ്രിന്നില്ലെന്ന് മാർട്ടിനെസ്സ് തറപ്പിച്ച് പറയുന്നു. നിലനില്പിനുവേണ്ടി ചില വിട്ടുവീഴ്ചകൾ ചെയ്തിരിക്കാം. 1944-ൽ എവീറ്റ, കേണൽ വ്വാൻ ഡൊമിംഗൊ പെറോണീനെ (Juan Domingo Peron) കണ്ടുമുട്ടി. അപ്പോഴേക്കും ഈവ അറിയപ്പെടുന്ന അഭിനേത്രിയും നർത്തകിയും ആയികഴിഞ്ഞിരുന്നു. 48 വയസ്സ് കഴിഞ്ഞ വിഭാര്യനും യോഗ്യനുമായ കേണലുമായി അനുരക്തയായി.

“കേണൽ” അവൾ വിളിച്ചു

“ഏന്തു വേണം എന്റെ കുട്ടി”

“നിലനില്ക്കുന്നതു തന്നെ അത്ഭുതം! നന്ദി”

അന്ന് തന്നെ അവർ ഒരുമിച്ചുറങ്ങി. അനുരാഗം വളർന്ന സമൂഹത്തിൽ “മാന്യ്”അനായ കേണലിന്‌ യോജിച്ചവളായിരുന്നില്ല അവർ. പക്ഷെ, ദാരിദ്ര്യത്തിന്റെ പടികൾ കയറി ഈ നിലയിൽ എത്തിയ കേണലിന്‌ ഈവയെ മനസ്സിലക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. അർജന്റീനയിലെ സമ്പന്നരുടെ കപടധാർമ്മികബോധത്തോടെ കേണലിന്‌ പുച്ഛമായിരുന്നു. പെറോൺ എവീറ്റയോട് വിവാഹഭ്യർത്ഥന നടത്തി. ഈവയുടെ സ്വപ്നങ്ങൾ സാർത്ഥകമാവുകയാണ്‌. ഇത്രയുംകാലം സമൂഹം അവർക്ക് ദാനം ചെയ്ത ജാരസന്തതിയുടേയും വേശ്യയുടേയും അപമാനം കേണൽ തകർക്കാൻ പോകുകയാണ്‌. അനശ്വരപ്രേമത്തിന്റെ ഉദാത്തോദാഹരണമായി ഈവയും പെറോണും മാറിക്കഴിഞ്ഞു. അർജന്റീനയിലെ സമ്പന്നർ ഇതിനെ കണ്ടത് മറ്റൊരു വിധത്തിലാണ്‌. ഏകാധിപതിയായ പെറോണിന്റെ സുന്ദരിയായ വെപ്പാട്ടി. പക്ഷെ ജനം നല്ലതിനെ തിരച്ചറിഞ്ഞു. 1946-ൽ നടന്ന സമാധാനപരമായ പൊതു തെരഞ്ഞെടുപ്പിൽ പെറോൺ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യനീതിയായിരുന്നു പ്രധാന മുദ്രാവാക്യം. വളരെ പെട്ടെന്ന് പ്രായോഗികമല്ലെങ്കിലും ആ മുദ്രാവാക്യം ജനങ്ങളെ ശരിക്കും ഇളക്കി. ഈവയുടെ മാസ്മരിക പ്രവർത്തനം കൂടിയായപ്പോൾ ബൂർഷ്വ സ്വപ്നങ്ങൾ എരിഞ്ഞടങ്ങി.

“ഞാൻ അർദ്ധനഗ്നരുടേയും ഉറങ്ങാൻ കൂരയില്ലാത്തവരുടേയും കൂടെയാണ്‌.”

ഈവയും പെറോണും പ്രഖ്യാപിച്ചു.

“പിശാചിന്റെ പഴയ കാലം കഴിഞ്ഞിരിക്കുന്നു.”

ഭരണത്തിന്റെ ചുക്കാൻ പെറോൺ പിടിച്ചപ്പോൾ ദരിദ്രരുടെ പ്രശ്നങ്ങൾ ഈവ പരിഹരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ഫാസിസ്റ്റ് സഖ്യശക്തികളും സാമ്പത്തികമായി ഒരുപോലെ തകർന്നപ്പോൾ അർജന്റീന ലോകത്തെ സമ്പന്നരാജ്യങ്ങളിൽ ഒന്നായി മാറിയതിന്റെ കാരണം അവിടുത്തെ ജനതക്കറിയാം. മൊത്തം വ്യവസായ സമ്പത്തിന്റെ അറുപത് ശതമാനവും വിനിയോഗം ചെയ്തിരുന്നത് ബ്രിട്ടന്റേയും അമേരിക്കയുടേയും ഭീമൻ കുത്തകളായിരുന്നു. പെറോൺ പ്രധാന വ്യവസായങ്ങളെല്ലാം ദേശസത്ക്കരിച്ചു. മുതലാളിത്തത്തിന്റെ പ്രതിവിപ്ലവശക്തികളെ പെറോൺ അടിച്ചൊതുക്കി. ബാങ്കുകൾ ദേശവത്ക്കരിച്ചു. സാമൂഹ്യനീതിയോട് പുച്ഛമുള്ളവരോട് ഒരു ദയയും പെറോണും ഈവയും കാണിച്ചില്ല.

“കുലീന”രുടെ കോപം ഈവയിൽ പതിയാൻ മറ്റൊരു കാരണവും ഉണ്ട്. രാജ്യത്തിലെ നിരവധി ചാരിറ്റബൾ സൊസൈറ്റികളും സന്നദ്ധസംഘടനകളും പാരമ്പര്യ്മായി പ്രഥമ വനിതയുടെ അവകാശമായിരുന്നു. അതിപ്പോൾ ഈവയുടെ കൈകളിലായിരിക്കുന്നു. അതിലൂടെ വന്ന മുഴുവൻ വിഭവങ്ങളും അവൾ സാധാരണക്കാർക്കുവേണ്ടി ചിലവഴിച്ചു. ഗതികെട്ട മുതലാളിത്തം “വെടക്കാക്കി തനിക്കാക്കു”ന്നതിന്റെ ഭാഗമയി, പണമെല്ലാം ഈവ തന്റെ വ്യക്തിപരമായ ആഡംബരത്തിന്‌ ഉപയോഗിക്കുന്നതായി ആരോപിച്ചു. പക്ഷെ അക്കാലത്തെ അർജന്റീനയിലെ സാധാരണ ജനങ്ങൾക്ക് കൈവന്ന ജീവിതനിലവാരം അവരുടെ ആരോപണങ്ങൾക്കെല്ലാം ചുട്ടമറുപടിയായി. നിക്കക്കള്ളിയില്ലാതെ അവസാന ആയുധമെന്നോണം, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തകർന്ന ജർമ്മനിയിലെ നാസ്സികൾക്ക് കള്ളപാസ്പോർട്ടുകൾ നല്കി പണം സമ്പാദിച്ചതായും രാജ്യദ്രോഹം ചെയ്തതായും അവർ ആരോപിച്ചു. ഇതിലൊന്നും ഒരു സത്യവും ഇല്ലെന്ന് അർജന്റീനയുടെ യാഥാർഥചരിത്രം അറിയുന്നവർക്കറിയാം. ഈവയെക്കുറിച്ച് നോവലെഴുതുന്നതിനുവേണ്ടി ഗവേഷണം നടത്തിയ മാർട്ടിനെസ്സ് ഈ ആരോപണം ഒരു പ്രത്യേകവിഷയമായി എടുത്ത് പഠനം നടത്തിയിരുന്നു. ഈ ആരോപണം ഈവയുടെ മരണശേഷവും ഉയർന്നുവന്ന നിരവധി കള്ളക്കഥകളിൽ ഒന്ന് മാത്രമാണെന്ന അനുമാനത്തിലാണ്‌ മാർട്ടിനെസ്സ് ചെന്നെത്തിയത്.

പെറോണിന്റെ ഭരണക്കാലത്ത് വ്യവസായിക-കാർഷിക പുരോഗതി കൈവരുത്തുന്നതോടൊപ്പം ചരിത്രത്തിലാദ്യമായി ഭീമമായതുക സോഷ്യലിസ്റ്റ് സാമുഹ്യസംഘടന പടുത്തുയർത്തുന്നതിന്‌ ചിലവഴിക്കപ്പെട്ടു. പുതിയ ആയിരം സ്കൂളുകൾ പണിതു, ആശുപത്രികൾ ഇരട്ടിയാക്കി, ദരിദ്രർക്ക് വീടുകൾ പണിതുകൊടുത്തു, വൃദ്ധസദനങ്ങൾ ഉണ്ടാക്കി. ഈവതന്നെ വ്യക്തിപരമായി ഇത്തരം മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. മുതലാളിത്തം കല്പിച്ചു നല്കിയ “സുന്ദരിയായ വേശ്യ”ക്ക് പകരം ഒരു രാഷ്ട്രപുന:നിർമ്മാണപ്രവർത്തകയായി ഈവയെ ജനത തിരിച്ചറിഞ്ഞു. സ്ത്രീവിമോചനത്തിന്റെ ചങ്ക് തൊട്ടറിഞ്ഞ അവർ സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി സമ്മർദ്ദം ചെലുത്തി. അങ്ങിനെ സ്ത്രീകളുടെ വോട്ടവകാശം നിയമമായി. അവർ മരിക്കുന്നതിന്‌ തൊട്ടുമുൻപ് 1952 ജൂലായ് മാസത്തിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പെറോൺ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അർജന്റീനയുടെ ജനകീയ പാർലിമെന്റായ കോൺഗ്രസ്സിൽ ഇരുപത്തൊമ്പത് സ്ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം സോഷ്യലിസ്റ്റ് സമൂഹനിർമ്മാണത്തിന്റെ ആണിക്കല്ലാണെന്ന് ഈവക്ക് അറിയാമായിരുന്നു.

എവീറ്റ പെറോണിന്റെ ചരിത്രം

ദു:രിതം നിറഞ്ഞ ബാല്യം

1919 മെയ് 7-ന്‌ അർജന്റീനയിലെ ലോസ് ടോൾഡോസിൽ (Los TolDos) ജനിച്ചു. ഈ കൊച്ചുപട്ടണത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും വിവാഹിതനുമായ വ്വാൻ ഡ്വാർട്ടിന്‌ (Juan Duarte) വ്വാന ഇബാർഗോണിൽ (Juana Ibarguren) ജനിച്ച “ജാര”സന്തതിയായിരുന്നു ഈവ. അഞ്ചുമക്കളിൽ ഇളയവൾ. ഈവയും കുടുംബവും ഒറ്റമുറിയുള്ള കുടിലിൽ ജീവിച്ചു. അവൾക്ക് 7 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. സാമൂഹികമായി ഒറ്റപ്പെട്ട കുടുംബത്തിലെ അംഗമായ അവൾക്ക് അച്ഛന്റെ ശവസംസ്കാരചടങ്ങിൽ പങ്കെടുക്കുന്നതിനുപോലും അനുവാദം ഉണ്ടായിയുരുന്നില്ല. ഒടുവിൽ അച്ഛന്റെ ശവശരീരം കാണുന്നതിനുമാത്രം അനുവാദം കിട്ടി.

മഹാനഗരത്തിലേക്ക് ചേക്കേറുന്നു

രണ്ട് വർഷത്തെ ഹൈസ്കൂൾ വിദ്യഭ്യാസത്തിനുശേഷം പതിനഞ്ചാമത്തെ വയസ്സിൽ എവീറ്റ അർജന്റീനയുടെ തലസ്ഥാനനഗരമായ ബ്യൂനർസ് അയേർസിലെക്ക് പോയി. അറുനൂറ്‌ പേസോ മാസശമ്പളത്തിൽ അവൾ ഒരു റേഡിയോ ആർട്ടിസ്റ്റായി ഔദ്യോഗികജീവിതം ആരംഭിച്ചു. കഴിവിന്റേയും ആത്മധൈര്യത്തിന്റേയും പ്രതീകമായിരുന്നു ഈവ. 1943 ആയപ്പോഴേക്കും അവരുടെ ശമ്പളം 5000 പേസോ ആയി ഉയർന്നു. റേഡിയോ നാടകപരമ്പരകളിലും പിന്നീട് സിനിമകളിലും അഭിനയിച്ചു. പ്രമുഖ കഥാപാത്രങ്ങളായ എലിസബത് 1, കാതറിൻ ദ് ഗ്രേറ്റ് എന്നിവ അവരെ യശസ്സിൽ നിന്നും യശസ്സിലേക്കുയർത്തി.

വഴിത്തിരിവ്

1944 ജനുവരു 22 ഈവയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അന്നാണ്‌ 1943-ൽ ഗവർണ്മെന്റിനെ താഴെയിറക്കുന്നതിന്‌ പ്രമുഖകാർമ്മികത്വം വഹിച്ച, ശക്തനായ് കേണൽ പെറോണിനെ കണ്ടുമുട്ടിയത്. അഭിനയം പൂർണ്ണമായും ഉപേക്ഷിച്ച ഈവ, രാജ്യം മുഴുവൻ ചുറ്റിസഞ്ചരിച്ച പെറോണിന്‌ ജനപിന്തുണ ഉറപ്പാക്കുന്നതിൽ മുഴുകി. രാജ്യത്തെ ദരിദ്രരുടേയും അർദ്ധനഗ്നരുടേയും സ്നേഹവും ഹൃദയവും ഈവയോടൊപ്പമായി. 1945 ഓക്ടോബർ ആദ്യവാരം പെറോൻ ജയിലടക്കപ്പെട്ടു. ഈവയും തൊഴിലാളി നേതാക്കളും ചേർന്ന് ജനകീയപ്രതിരോധം ശക്തമാക്കി. നിക്കക്കള്ളിയില്ലാതെ വന്ന ഗവർണ്മന്റ് ഒക്ടോബർ 17-ന്‌ പെറോണിനെ ജയിൽ വിമുക്തനാക്കി. 1945-ൽ ഒക്ടോബർ 21-ന്‌ രഹസ്യമായി നടന്ന ഒരു ചടങ്ങിൽ വെച്ച് ഇരുവരും വിവാഹിതരായി.

ഒരു പുതിയ ജീവിതം

സുന്ദരിയായിരുന്നു ഈവ. വിവാഹത്തിനുശേഷം അവർ തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധിച്ചു. കർമ്മകുശലതകൊണ്ടും സൗന്ദര്യംകൊണ്ടും അവർ അർജന്റീനിയൻ ജനതയെ കീഴടക്കി. 1946 ഫെബ്രുവരിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ വ്വാൻ പെറോൺ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

അഭിനവകർണ്ണകി

ബാല്യത്തിലെ ദു:സ്വപ്നങ്ങൾ അവളെ എപ്പോഴും വേട്ടയാടിക്കൊണ്ടിരുന്നു. ഒറ്റപ്പെടലിന്റേയും വെറുക്കപ്പെടലിന്റേയും നാളുകൾ. പകരം വീട്ടുന്നതിനുള്ള അവസരം അവരെ തേടി വന്നിരിക്കുന്നു. മുൻഗവർണ്മെന്റുകൾ സമ്പന്ന വിഭാഗത്തിന്‌ നല്കിക്കൊണ്ടിരുന്ന എല്ലാ സഹായങ്ങളും നിർത്തലാക്കി. അതെല്ലാം ഈവ പെറോൺ ഫൗണ്ടേഷനിലേക്ക് മാറ്റപ്പെട്ടു. ആ വിഭവങ്ങളും ആശുപത്രികൾ, സ്കൂൾ എന്നിവ പണിയുന്നതിനും മറ്റു സേവനമേഖലകളിലേക്കും തിരിച്ചുവിട്ടു.

മാലാഖയുടെ മരണം

1950-ൽ ഈവക്ക് യൂട്രസ് കാൻസർ ആണെന്ന് കണ്ടെത്തി. ഒരു ഓപ്പറേഷൻകൊണ്ട് രക്ഷപ്പെടുമായിരുന്ന രോഗം ജോലിത്തിരക്കുകൊണ്ടും അശ്രദ്ധകൊണ്ടും മൂർച്ഛിച്ചു. മരിച്ചുകൊണ്ടിരുന്ന ഈവയെതേടി വൈസ് പ്രസിഡണ്ട് പദവി വന്നു. അവർ അത് വേണ്ടെന്ന് വെച്ചു. എവീറ്റ പെറോൺ 1952 ജൂലായ് 26-തിയതി തന്റെ 33-മത്തെ വയസ്സിൽ അന്തരിച്ചു. എംബാം ചെയ്ത ഈവയുടെ ശവശരീരം ജനകീയപ്രദർശനത്തിന്‌ വെക്കപ്പെട്ടു. 1955-ൽ ഒരു വലതുപക്ഷവിപ്ലവത്തിലൂടെ പെറോൺ അധികാരത്തിൽനിന്നും പുറത്താക്കപ്പെട്ടു. മരണത്തിനും മായ്ക്കാൻ കഴിയാത്തതാണ്‌ ഈവയുടെ മാസ്മരികത എന്ന് അറിയാമായിരുന്ന ഗവർണ്മെന്റ് ഈവയുടെ ശരീരം മറ്റൊരു പേരിൽ ഇറ്റലിയിലെ മിലാനിലുള്ള ഒരു സെമിത്തേരിയിലേക്ക് മാറ്റി. രാജ്യത്ത് നിന്നും പുറത്താക്കപ്പെട്ട പെറോൺ തന്റെ മൂന്നാമത്തെ ഭാര്യയോടൊത്ത് സ്പെയിനിൽ മാഡ്രിഡിൽ ആയിരുന്നു. 1971-ൽ ശരീരം മാഡ്രിഡിലേക്ക് അയച്ചു. 1973-ൽ പെറോൺ അർജന്റിനയിലേക്ക് തിരിച്ചുവരികയും അടുത്തവർഷം മരിക്കുകയും ചെയ്തു. പെറോണിന്റെ ഭാര്യ ഈവയുടെ ശരീരം സ്പെയിനിൽനിന്ന് അർജിന്റീനയിലേക്ക് കൊണ്ട് വരികയും ഡ്വാർട്ട് കുടുംബത്തിന്റെ ശ്മശാനത്തിൽ വെക്കുകയും ചെയ്തു.

*****

References:

1. The Tennessean News Paper
2. Evita First Lady - A Biography of Eva Peron by John Bames
3. In My Own Words by Evita Peron
4. Santa Evita by Tomas Eloy Martinez
ചിത്രങ്ങൾ
ബ്ലോഗിലേക്ക്......