ലേഖനം

വനിതാ മതിലിന്റെ രാഷ്ട്രീയം

അമ്പഴയ്ക്കാട്ട് ശങ്കരൻ
കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകൾക്കും എഴുപതുകൾക്കും ശേഷം, ഈ പുതുവർഷം പുലരാൻ പോകുന്നത്, മലയിൽ നിന്നും ഒരു അരുവിയെന്നപോലെ സ്ത്രീകളുടെ ഒരു മുന്നേറ്റത്തിന്റെ ഒരു നാന്ദി കുറിച്ചുകൊണ്ടാണ്‌. ലക്ഷങ്ങൾ അണിനിരക്കുന്ന ഒരു സുദിനമാണെങ്കിലും അത് വർഷങ്ങൾ നീണ്ട് നില്ക്കാവുന്ന ഒരു പോരാട്ടത്തിന്റെ തുടക്കമെ ആകുന്നുള്ളു. പക്വതയോടെയും ക്ഷമയോടെയും അതിനെ മുന്നോട്ട് കൊണ്ടുപോയില്ലെങ്കിൽ കുടുംബം മുതൽ പൊതു ഇടം വരെ സർവമേഖലകളിലും വ്യാപിച്ചിരിക്കുന്ന സ്ത്രീവിരുദ്ധതയേയും, അന്ധവിശ്വാസങ്ങളേയും, ജാതി-മത സ്പർദ്ധകളേയും, ജനാധിപത്യ-മതേതര നിലപാടുകൾക്കെതിരായ പ്രവർത്തനങ്ങളേയും തുറന്ന് കാട്ടുവാനും എതിർത്ത് തോല്പിക്കുവാനും കഴിയുകയില്ല. നവോത്ഥാന മൂല്യങ്ങളെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ വർഷങ്ങളായി സമൂഹ മനസ്സിൽ തളം കെട്ടി നിന്ന മാലിന്യങ്ങളെ ചാലു കീറി ഒഴുക്കി കളയാനുള്ള സമയമായിരിക്കുന്നു. കേരളത്തിലെ വർത്തമാന സാഹചര്യം അവിശ്വാസികൾക്ക് കോടതിയും, വിശ്വാസികൾക്ക് അയ്യപ്പനും തന്ന ഒരു മകരജ്യോതിയാണ്‌.

വനിതാ മതിലിന്റെ രാഷ്ട്രീയം എന്ന തലക്കെട്ട് കണ്ട്, അപ്പോൾ അതിന്‌ രാഷ്ടീയം അഥവാ കക്ഷിരാഷ്ട്രീയം ഉണ്ട് എന്ന് തെറ്റിദ്ധരിക്കരുത്. എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളും ആത്യന്തികമായി രാഷ്ട്രീയ മുന്നേറ്റങ്ങളായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ്‌ ഈ ലേഖകൻ. ജാതി-മത നവീകരണത്തിന്റെ ഒരംശം അതിന്‌ ഉണ്ടായിരുന്നു എന്നത് ഞാൻ തള്ളിക്കളയുന്നില്ല. ബ്രിട്ടീഷ ഭരണകാലം തുടങ്ങിയത് മുതൽ ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്ക് ആയതുവരെ ഉണ്ടായ എല്ലാ മുന്നേറ്റങ്ങളുടേയും അനന്തര ഫലം ജനാധിപത്യം, മതേതരത്വം, വ്യക്തി സ്വാതന്ത്ര്യം, നിയമവാഴ്ച്ച എന്നീ ആധുനിക രാഷ്ട്രീയ മുല്യങ്ങളുടെ അരക്കെട്ടുറപ്പിക്കലായിരുന്നു.

എന്തിനാണ്‌ വനിതാ മതിൽ?

വനിതാ മതിലിന്‌ യുക്തിഭദ്രമായ ഒരു വിശദീകരണം നൽകാൻ ഗവണ്മെന്റിനോ, പുരോഗമനവാദികൾക്കോ കഴിയുന്നില്ലെന്ന് കോൺഗ്രസും, സംഘപരിവാരങ്ങളും, റേറ്റിങ്ങിൽ കണ്ണും നട്ട് പ്രവർത്തിക്കുന്ന ചില മാദ്ധ്യമങ്ങളും പരിതപിക്കുന്നുണ്ട്. സംഘപരിവാരങ്ങളെ മാറ്റി നിർത്താം. ഈ നാടിന്‌ നന്മ വരണമെന്ന് ആഗ്രഹിക്കാത്ത ഒരു ആൾക്കുട്ടമാണത്. ഹിന്ദു മതത്തിന്റെ ഒരു ധാരയായ “വസുധൈവ കുടുംബകം” എന്ന സങ്കല്പത്തെ തെല്ലും അംഗീകരിക്കാത്ത ഒരു കൂട്ടം. മറ്റുള്ളവർക്ക് വേണ്ടി ഞാൻ മനസ്സിലാക്കിയിട്ടുള്ള വനിതമാതിലിന്റെ ലക്ഷ്യങ്ങൾ പറയം.

1. കേരളം സംഘ പരിവാരങ്ങളുടെ മേച്ചിൽ പുറമാക്കാതിരിക്കുക.

2. നിലവലിരിക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയിൽ മതം, ജാതി, ആചാരം എന്നിവ ഭരണ ഘടനക്കും നിയമങ്ങൾക്കും വിധേയമായിരിക്കണം.

3. കുടുംബം മുതൽ പൊതു ഇടംവരെ നിലനില്ക്കുന്ന സ്ത്രീവിരുദ്ധത ക്രമേണ ഇല്ലാതാക്കുക.

4. ജാതി-മത-വർണ്ണ-ലിംഗ ഉച്ചനീചത്വങ്ങൾ ഇല്ലാതെ ആയെങ്കിൽ തിരിച്ച് കൊണ്ട് വരാതിരിക്കുക, എവിടെയെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ നിർമ്മാർജ്ജനം ചെയ്യുക.

5. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുക.

6. എല്ലാ മേഖലകളിലും സ്ത്രീ-പുരുഷ സമത്വം ഉറപ്പ് വരുത്തുക

7. വിശ്വാസികളുടേയും അവിശ്വാസികളുടേയും വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുക.

8. പൊതുവായി പറഞ്ഞാൽ നവോത്ഥാന മുന്നേറ്റങ്ങളുടെ ജനാധിപത്യ-മതേതര മൂല്യങ്ങൾ സംരക്ഷിക്കുക

എന്തുകൊണ്ട് വനിതകൾ മാത്രം?

നവോത്ഥാന മുന്നേറ്റത്തിൽ വനിതകൾ മാത്രം മതിയോ എന്ന് ചോദിക്കുന്നവരുണ്ട്. അതുപോലെ പുരുഷന്മാരുടെ സഹായമില്ലാതെ സ്ത്രീ നേതൃത്വത്തിൽ ഇത് നടത്തിക്കൂടെ എന്ന് ചോദിക്കുന്നവരുമുണ്ട്. സ്ത്രീയും പുരുഷനും ഇതര ലിംഗങ്ങളും ചേർന്ന് ഒരു മതിൽ സൃഷ്ടിക്കുന്നതിൽ ഒരു വിരോധവും കാണേണ്ടതില്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യം എന്താണ്‌. സുപ്രീം കോർട്ട് സ്ത്രീ-പുരുഷ സമത്വവും, ലിംഗ നീതിയും വർഷങ്ങളോളം ചർച്ച ചെയ്ത് ഒരു വിധി പുറപ്പെടുവിക്കുന്നു. അതിൽ കക്ഷികളായ നായർ സർവീസ് സൊസൈറ്റിയും, ചില അയ്യപ്പ വിശ്വാസി സംഘടനകളും, വനിതാ പ്രവേശനത്തെ പൊതുവെ എതിർക്കുന്നവരും, സവർണ നിലപാടുകളുടെ ആനുകൂല്യം അനുഭവിക്കുന്ന തന്ത്രിയും, പഴയ രാജകുടുംബവും വനിതകളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്ന് ശാഢ്യം പിടിക്കുന്നു. എന്നാൽ ഒരു വനിതാ മതിൽ തന്നെയാകട്ടെ എന്ന് സഘാടകർ തീരുമാനിക്കുന്നു. തീരുമാനിക്കുന്ന സമയത്ത് വനിതകളുടെ പ്രാതിനിധ്യം ഇല്ലായിരുന്ന് എന്നുള്ള വിമർശനത്തിൽ കഴമ്പുണ്ട്. നൂറ്റാണ്ടുകളായി പുരുഷമേല്ക്കോയ്മയുടെ അവശിഷ്ടങ്ങൾ സമൂഹത്തിൽ ഉണ്ടെന്നും, അതിൽ നിന്ന് ഏറിയും കുറഞ്ഞും ഒരു സംഘടനയും വിമുക്തമല്ലെന്നും, അതുകൂടി വനിതാ മതിലിന്റെ ഒരു വിഷയമായി പരിശോധിക്കുകയും ചർച്ച ചെയ്യുകയും വേണമെന്ന് കരുതുന്ന ഒരാളാണ്‌ ഈ ലേഖകൻ.

തന്ത്രശാലികളായ മാദ്ധ്യമങ്ങൾ മറ്റൊരു ചോദ്യം ചോദിക്കുന്നുണ്ട്. അപ്പോൾ സംഘാടക സമിതിയുടെ നേതാവ് വനിതകൾ ശബരിമലയിൽ പോകരുതെന്ന് പറയുന്നതോ? അദ്ദേഹത്തിന്‌ തന്റെ സമുദായത്തിൽ പെട്ട വനിതകളോട് ശബരിമലയിൽ പോകരുതെന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. വനിതകൾ അനുസരിക്കുമോ എന്നുള്ളത് മറ്റൊരു കാര്യം. അതേ നാവുകൊണ്ട് തന്നെ വനിതകളെ ശബരിമലയിൽ തടയാൻ പോകില്ലെന്നും, സുപ്രീ കോടതി വിധിയെ ബഹുമാനിക്കുമെന്നും വെള്ളാപ്പിള്ളീ പറയുന്നുണ്ട്. സ്വന്തം അഭിപ്രായം ഉറപ്പിച്ച് പറഞ്ഞുകൊണ്ട് തന്നെ സുപ്രീം കോടതിയുടെ വിധിയെ ബഹുമാനിക്കുമെന്ന് പറയുന്നതിന്റെ പ്രാധാന്യം കുറച്ച് കാണുന്നത് അഭികാമ്യമല്ല. മാത്രമല്ല സർക്കാരിന്റെ നിലപാട് ഒരു സ്ത്രീയെയും ശബരിമലയിലേക്ക് കൊണ്ട് പോകുക എന്നതല്ലെന്നും വരുന്ന സ്ത്രികൾക്ക് സുരക്ഷ ഒരുക്കക മാത്രമാണ്‌ ലക്ഷ്യമെന്നും പറയുന്ന നിലക്ക് മതിലിന്‌ നേതൃത്വം നല്കുന്നവരും ഗവർന്മെന്റും തമ്മിൽ ഈ വിഷയത്തിൽ വലിയൊരു വൈരുദ്ധ്യം കാണേണ്ടതില്ല.

വനിതാ മതിലിന്റെ ഇടത് നേതൃത്വം

പൊതുവെ ഉയരുന്ന മറ്റൊരു ചോദ്യം, ഇടതുപക്ഷ മനസ്സുള്ള വനിതാ സഘടനകൾക്ക് ഇതിന്‌ നേതൃത്വം നല്കിക്കൂടെ എന്നുള്ളതാണ്‌. അതിനുള്ള ഉത്തരം പുരോഗമന നിലപാടുള്ളവർക്ക് മാത്രമായി ഒരു മതിൽ ആവശ്യമില്ല എന്നുള്ളതാണ്‌. കാരണം സ്വാതന്ത്രാനന്തരം നവോത്ഥാന ആശയങ്ങളെ മുറുകെ പിടിച്ചതും മുന്നോട്ട് നയിച്ചതും ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങളാണ്‌. സംശയിച്ച് നിൽക്കുന്നവരെ കൂടി പുരോഗമന നിലപാടിലേക്ക് അടുപ്പിച്ച് ഉറപ്പിച്ച് നിർത്തുകയായിരിക്കണം ലക്ഷ്യം. നവോത്ഥാന മുന്നേറ്റങ്ങളിൽ പങ്കാളികളായ സംഘടനകൾ പില്ക്കാലത്ത് അപചയങ്ങൾ സംഭവിച്ചു എന്നുള്ളത വാസ്തവമാണ്‌. ഇപ്പോഴും അവരുടെ നിലപാടുകളിൽ പുരോഗമന വിരുദ്ധ നിലപാടുകൾ കണ്ടേക്കാം. അതൊന്നും അവരെയെല്ലാം യോജിപ്പിച്ച് ഈ അവസരത്തിൽ ഒരു സമരമുഖം തുറക്കുന്നതിന്‌ വിലങ്ങുതടി ആകേണ്ടതില്ല.

ടിവി ചർച്ചകളിൽ കേൾക്കുന്ന മറ്റൊരു ചോദ്യമാണ്‌, ഇടതുപക്ഷ കുടുംബങ്ങളിലെ സ്ത്രീകളെ ശബരിമലയിലേക്ക് പറഞ്ഞയച്ചുകൂടെ എന്നത്. പുരുഷ ധാർഷ്ഠ്യത്തിൽ നിന്ന് ഉയരുന്ന ചോദ്യമാണത്. പറഞ്ഞയച്ചാലെ സ്ത്രീക്ക് പോകാൻ കഴിയൂ എന്ന നില ഒരു ഇടതു പക്ഷ കുടുംബങ്ങളിൽ ഉണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കിൽ അതിന്‌ ആയുസുമില്ല. അറിഞ്ഞും അറിയാതെയും വരുന്ന ഭാഷകളിലെ സ്ത്രീ വിരുദ്ധതയും പുരുഷ മേൽക്കോയ്മയും ഒരു വിഷയമായി തന്നെ ചർച്ച ചെയ്യപ്പെടേണ്ടതാണ്‌.

ക്രിസ്ത്യൻ-മുസ്ലിം മത നവോത്ഥാന പാരമ്പര്യം

ക്രിസ്ത്യൻ-മുസ്ലിം മത വിഭാഗങ്ങളുടെ നവോത്ഥാന പാരമ്പര്യം സർക്കാർ വേണ്ടത്ര പരിഗണിക്കുകയോ അവരെ ഈ മുന്നേറ്റത്തിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ ഭാഗവാക്കാക്കുകയോ ചെയ്തില്ല എന്ന വിമർശനം ഉയരുന്നുണ്ട്. ഇതിലൊന്നും ഇടതുപക്ഷത്തിനോ സർക്കാരിനോ പിടിവാശി ഇല്ലെന്ന് മാത്രമല്ല, മുഴുവൻ ജനങ്ങളുടെയും പ്രാതിനിധ്യം ഈ വനിതാ മുന്നേറ്റത്തിന്‌ ഉണ്ടാകുമെന്നാണ്‌ വനിതാ മതിലിന്റെ ആശയത്തെ പിന്താങ്ങുന്ന എല്ലവരും കരുതുന്നത്. സംഘാടന രംഗത്തുണ്ടായ പരിമിതികളും കുറുവുകളും പരിഹരിച്ച് എല്ലാവരേയും ഈ സ്ത്രീ മുന്നേറ്റത്തിൽ സർക്കാർ പങ്കാളികളാക്കും എന്നുള്ളത് ഉറപ്പാണ്‌.

നന്നാക്കാനുള്ള എല്ലാ വിമർശനങ്ങളെയും നമുക്ക് സ്വാംശീകരിക്കാൻ കഴിയണം. നശിപ്പിക്കാനുള്ള ഒടിവിദ്യകളെ അവജ്ഞയോടെ തള്ളിക്കളയണം. ശബരിമലയിൽ നിന്നു ഒരു ചെറിയ അരുവിയായി ആരംഭിച്ച്, വനവും പാറക്കൂട്ടങ്ങളും താണ്ടി, വെള്ളച്ചാട്ടവും കടന്ന്, നദിയായി തീർന്ന് സമതലം ഫലഭൂയിഷ്ടമാക്കി, കായലായി, അലറി ആർക്കുന്ന ഒരു തിരമാലയായി, ഈ വനിതാമതിൽ പരിണമിക്കുമെന്ന് കേരളത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഉറപ്പുണ്ട്.

*
ചിത്രങ്ങൾ
ബ്ലോഗിലേക്ക്......