നോവൽ

വഴിയമ്പലം - 9

അമ്പഴയ്ക്കാട്ട് ശങ്കരൻ
ചതുരംഗപ്പലകയിലെ കള്ളികളുടെ എണ്ണത്തിനൊപ്പം പരന്നുകിടക്കുന്ന ചെറുതും വലുതുമായ ഗ്രാമങ്ങൾ. അതിലീ കൊച്ചുഗ്രാമത്തിലെ ചെറിയ കുന്നിന്റെ മുകളിൽ ശ്രേയസ്സുറങ്ങുന്ന ഗ്രാമക്ഷേത്രം. അതിന്റെ താഴികക്കുടത്തിനും മീതെ ഒരു സാധാരണ ഗൃഹമോ!

ഒടുവിൽ ശാപമോക്ഷത്തിനായി താണുകേണപേക്ഷിച്ചു. അന്തസ്സും ആഭിജത്യവുമുള്ളവരുടെ രോദനം വനരോദനമാകാറില്ല. അവർക്കുവേണ്ടി സ്വതവേ ചഞ്ചലചിത്തനായ ക്ഷേത്രപാലൻ പടിഞ്ഞാറ്റി മാളിക മാത്രമേ പാടില്ലായ്‌കയുള്ളുവെന്നൊന്ന്‌ തിരുത്തി.

കർക്കിടകത്തിലെ അമാവാസിയിൽ കോരിച്ചൊരിയുന്ന മഴയത്ത്‌ നാക്കില വഞ്ചിയാക്കി തുഴഞ്ഞുവന്ന്‌ ഉറഞ്ഞുതുള്ളിയ കുടുംബദേവത വടിക്കിണിയിൽ കുടിയിരുന്നുട്ടും ദാരിദ്രം വിട്ടുമാറിയില്ല. പിന്നീട്‌ ഒരു തലമുറക്കും ഇല്ലത്തിനുടുത്ത്‌ ഒരു മാളിക പണിത്‌ പ്രൗഢി പ്രദർശ്ശിപ്പിക്കാനായില്ല.

മാളികയില്ലാത്ത ഇല്ലത്തിന്റെ വൈദ്യുതിപ്രഭയിൽ കുളിച്ച ദൃശ്യം ഒരു സർക്കസ്‌ കൂടാരത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. ഇന്ന്‌ സ്മരണകളുണർത്തുന്ന ഇരുട്ടുമുറികളിൽ പൂർണ്ണചന്ദ്രനുദിച്ച ദിവസമാണ്‌.

“എന്തൊരിരിപ്പാണിത്‌ വിഷ്ണു. അവിടെ ഇനിയെത്ര പണിയാ കിടക്കണേന്നറിയ്യോ”

ചെറിയേട്ടന്റെ വേളിയുടെ ഭാരം തന്റെ തോളിലാണെന്നാണ്‌ രവിയേട്ടന്റെ ഭാവം. അനാവശ്യമായ ഉത്‌ക്കണ്‌ഠ അരോചകമാണ്‌.

“താൻ വേഗം കുളിച്ച്‌ വർവാ. ഞാനങ്ങോട്ട്‌ ചെല്ലട്ടെ. സമയം എത്രയായീന്നറിയ്യോ”

സന്ധ്യ കറുത്തതറിഞ്ഞില്ല. തരിമണലുകൾ വാരി ചിതറിയെറിഞ്ഞപ്പോൾ നേരിയ കാറ്റിൽ അടക്കം പറയുന്ന അലകളോട്‌ അവയെന്തോ കിന്നാരം ചൊല്ലി. കുളക്കരയിൽ ഇരുട്ടത്തിരുന്നിട്ടും തിളങ്ങുന്ന മണൽത്തരികൾ ആഴത്തിലേക്ക്‌ ഊർന്നിറങ്ങുന്നത്‌ കാണാമായിരുന്നു. തീറ്റയാണെന്ന്‌ തെറ്റിദ്ധരിച്ച്‌ പുളഞ്ഞ്‌ പരതുന്ന മത്സ്യങ്ങൾ.

തലകുടഞ്ഞ്‌ ഇരുകൈകൊണ്ടും മുടി വകഞ്ഞു മാറ്റി തുടരെത്തുടരെ കാർക്കിച്ചുത്തുപ്പിക്കൊണ്ട്‌ രവിയേട്ടൻ വേഗത്തിൽ നടന്നുപോയി.

അലച്ചിലിനിടവരുമെന്നോർത്താണ്‌ രാവിലെ കുളിക്കാതിരുന്നത്‌. ഇനിയിപ്പോൾ കുളിച്ചുചെന്നാലും വിശ്രമം കിട്ടുമെന്ന്‌ തോന്നുന്നില്ല.

മുട്ടോളം വെള്ളത്തിൽ ഇറങ്ങി നിന്ന്‌ കൈകുമ്പിളിൽ ജലമെടുത്ത്‌ മുഖം കഴുകി. കവിൾ നിറച്ച്‌ കുലുക്കുഴിഞ്ഞു. വിരലുകൊണ്ട്‌ പല്ലുതേച്ചു. എഴുന്നുനില്‌ക്കുന്ന രോമങ്ങളെ അവഗണിച്ച്‌ തണുത്ത വെള്ളത്തിൽ നിമിഷങ്ങളെണ്ണി മുങ്ങികിടന്നു. ഉരുമുന്ന മത്സ്യങ്ങളെ കാണാൻ കണ്ണ്‌ തുറന്ന്‌ ഉടനെ ഇറുക്കിയടച്ചു.

മനുഷ്യന്റെ കണ്ണുകൽ മത്സ്യങ്ങൾക്ക്‌ വളരെ പഥ്യമാണത്രെ!

മെഴുക്കുപുരട്ടിയായി ഈരിഴ തോർത്ത്‌ ചുറ്റി കൂളിക്കാൻ വരുമ്പോൾ ഓപ്പോൾ ഭയപ്പെടുത്തുമായിരുന്നു. കണ്ണടച്ച്‌ കുളിക്കാൻ ഓരോ തവണ മറക്കുമ്പോഴും ഓപ്പോൾ പൊട്ടിച്ചിരിക്കും.

ഓടിയണയുന്ന മത്സ്യങ്ങളെ കണ്ട്‌ ഭയന്നായിരിക്കും ഓരോ തവണയും മുങ്ങിയുയരുന്നത്‌. ഒന്ന്‌ കഴിഞ്ഞാൽ മതിയെന്ന്‌ ഉറക്കെ കരയും. വസ്ര്തങ്ങൾ നനയുമെങ്കിലും ഇറങ്ങിവന്ന്‌ തലപിടിച്ച്‌ മൂന്ന്‌ തവണ മുക്കാതെ ഓപ്പോൾ വിടുകയുമില്ല.

കുറച്ച്‌ തെച്ചിപ്പൂ വേണ്ടിവരുമെന്ന്‌ ഓപ്പോൾ പറഞ്ഞത്‌ ഓർമ്മ വന്നു. അക്കരെ പൊന്തക്കാടുകളിൽ പാമ്പുകൾ ഒളിച്ചിരിക്കുമെന്ന ഭയം മറന്ന്‌, നാരിഴ പോലുള്ള ചണ്ടികൾക്കിടയിലൂടെ, ആമ്പലിന്റെ വള്ളികൾ പൊട്ടിച്ച്‌ നീന്തി. നനവില്ലാത്ത ആമ്പലിലയുടെ പുറത്തിരുന്ന വാൽമാക്രികൾ ചാടുന്നത്‌ കാണാൻ രസം തോന്നി.

ഇരുട്ടിലൂം തെളിയുന്ന രക്തവർണ്ണം. പൂക്കൾ പറിക്കാൻ പ്രയാസം തോന്നിയില്ല. മടങ്ങിവന്ന്‌ മുട്ടോളം വെള്ളമുള്ള കല്പടവിലിരുന്ന്‌ കിതച്ചു.

“ആരാത്‌”

കരിയിലാരെന്ന്‌ ശബ്ദംകൊണ്ട്‌ തിരിച്ചറിഞ്ഞു. വലിയേട്ടൻ.

“ഞാനാ വിഷ്ണു.”

“എന്തായി കാട്ടണെ”

“കുറച്ച്‌ തെച്ചിപ്പൂ പറിക്ക്യായിരുന്നു.”

“അതിപ്പോ ഈ രാത്രീല്‌ തന്നെ വേണോ”

തോർത്തുമുണ്ട്‌ പരതുമ്പോൾ വലിയേട്ടൻ ടോർച്ച്‌ കത്തിച്ച്‌ കാണിച്ചുതന്നു.

പൂമുഖത്തേക്ക്‌ നടക്കുമ്പോൾ വടക്കുപുറത്തേക്ക്‌ നോക്കി. ദേഹമാസകലം ബപറ്റിപ്പിടിച്ച വറ്റ്‌ പോകാൺ കുട്ടനെ ഒന്ന്‌ തുള്ളിച്ചശേഷം കൈകഴുകിക്കുകയാണ്‌ കുഞ്ഞോപ്പോൾ.

പന്തലിലൂടെ കടന്നുപോകുമ്പോൾ നാരയണേട്ടനൊന്ന്‌ ചിരിച്ചു.

“എപ്പോ വന്നു.”

“ഇപ്പോ. ആരുല്യാലോ അവിടെ അതോണ്ടാ വൈകുന്നേരം മതീന്ന്‌ വെച്ചത്‌.”

പാത്രവും പന്തലും കോൺട്രാക്‌റ്റ്‌ എടുത്ത അനിയനെ സഹായിക്കാൻ മേശപുറത്ത്‌ വച്ച സ്‌റ്റൂളിന്മേൽ നിന്ന്‌ അഭ്യാസം കട്ടുകയാണ്‌ രവിയേട്ടൻ. കൊച്ചുനാരായാണനുമുണ്ട്‌. നിർദ്ദേശങ്ങൾ കൊടുക്കാൻ എന്ന ഭാവേന ചെറിയേട്ടനും. ഗൃഹസ്ഥനാകാനുള്ള തിരക്കിലാണദ്ദേഹം. ഇരിപ്പ്‌ കണ്ടാൽ ആദ്യരാത്രിയുടെ സ്വപ്നലോകത്തിലാണെന്ന്‌ തോന്നുന്നു.

നിലാവുദിക്കാൻ വൈകുമെന്നറിഞ്ഞ്‌ പന്തലിൽ തിളങ്ങുന്ന പ്രകാശത്തിന്റെ നിഴൽ പുറത്തളത്തിനപ്പുറത്ത്‌ അറക്കടുത്ത്‌ ഇടുങ്ങിയ മച്ചിൽ കാവൽനിന്നു.

“വിഷ്ണു....”

കുട്ടികളൊടൊപ്പമിരുന്ന്‌ ഊണ്‌ കഴിച്ച്‌ കൈകഴുകി ഉടുത്ത തോർത്തുമുണ്ടഴിച്ച്‌ മുഖം തുടച്ച്‌ അച്ഛൻ വിളിച്ചു.

“എന്താ അച്ഛാ”

“തട്ടിൻപുറത്ത്‌ ദർഭ ഇരിക്കണ്ട്‌. കുറച്ചിങ്ങട്‌ എടുത്ത്‌ കൊണ്ടർവാ. വേറൊന്നും എനിയ്‌ക്ക്‌ വയ്യാ. ന്നാപ്പിന്നെ ആ പണിങ്ങട്‌ കഴിയ്‌ക്കാന്ന്‌ വെയ്‌ക്കേ”

ഇടനാഴിയിലേക്ക്‌ കോണി കയറുമ്പോൾ വടക്കെ മച്ചിലേക്ക്‌ നോക്കി. വർഷങ്ങൾക്ക്‌ മുമ്പ്‌ കാറ്റിലൊടിഞ്ഞ്‌ വീണ തെക്കുപുറത്തെ വാഴയുടെ നനഞ്ഞ ഓർമ്മ. വടക്കെ മച്ച്‌ താല്‌ക്കാലിക കലവറ ആക്കിയിരിക്കുകയാണിപ്പോൾ. ആദ്യം മുത്തശ്ശി, പിന്നെ അമ്മ. ദുഃഖങ്ങളുടെ കലവറയായിരുന്നല്ലോ അത്‌.

ദർഭയെടുത്ത്‌ കോണിയിറങ്ങി.

“എന്താ വിഷ്ണുവേട്ടാ ഒരു ഉത്സാഹമില്ലാതെ.”

മകളെ അനുകരിച്ച്‌ ഉറക്കെ പറയുന്നത്‌ അച്ഛൻപെങ്ങളാണ്‌. ചെവി അല്പം പതുക്കെയുമാണ്‌.

“ഒന്നൂല്യ. പകൽ നല്ല പണിണ്ടായിരുന്നു.”

അവരുടെ പിന്നിൽ പതുങ്ങി നില്‌ക്കുന്ന മീര ഒന്ന്‌ ചിരിച്ചു. ഉടുപ്പിൽനിന്നും പാവാടയിലേക്ക്‌ വളർന്നിരുക്കുന്നു ഇവൾ.

“നീ ഇത്‌ അമ്മാമന്‌ കൊണ്ട്‌ കൊടുക്ക്‌. പുറത്ത്‌ ബപന്തലിലുണ്ട്‌.”

ദർഭ നീട്ടികൊണ്ട്‌ പറഞ്ഞു.

“ഈ കൊല്ലം കഴിഞ്ഞാ പഠിപ്പ്‌ നിർത്തോ അതോ ബിരുദാനന്തരത്തിന്‌ പ്ലാനുണ്ടോ.”

നേരമ്പോക്ക്‌ വർത്തമാനങ്ങൾ ധാരാളം പറയാനറിയുന്ന അച്ഛൻ പെങ്ങളിന്ന്‌ ഗൗരവത്തിലാണ്‌. നല്ലവണ്ണം വായിക്കുന്ന ഇവർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാണ്‌.

“ഒന്നും തീരുമാനിച്ചിട്ടില്ല.”

“തീരുമാനിക്കാതെ പറ്റില്ലല്ലോ. ഇപ്പോത്തന്നെ ശ്രമിച്ച്‌ തുടങ്ങിയാലെ അഡ്മിഷനുള്ള മാർക്ക്‌ കിട്ടൂ.”

സാധാരണ ഇത്തരം ഉപദേശങ്ങൾ ബോറടിപ്പിക്കുന്നവയാണ്‌. അച്ഛൻപെങ്ങളായതുകൊണ്ട്‌ വിഷമമൊന്നൂം തോന്നിയില്ല.

വടക്കിണിയിൽ കുട്ടനുറങ്ങുന്നു. ശല്യപ്പെടുത്തണ്ട. കുട്ടികളെങ്കിലും സുഖമായി ഉറങ്ങട്ടെ. വടക്കെകെട്ടിലേക്ക്‌ നടന്ന്‌ അരയോളം ഉയരത്തിലുള്ള ചാണയിൽ കയറിയിരുന്നു.

“അവിടെയിരുന്നോളു. അംബികയെവിടെ”

അംബികയുടെ അമ്മയും വലിയമ്മയും മറ്റുള്ളവരും എഴുന്നേറ്റ്‌ മാറൻ ശ്രമിച്ചപ്പോൾ വേണ്ടെന്ന്‌ ആംഗ്യം കാട്ടിക്കൊണ്ട്‌ പറഞ്ഞു.

“അവള്‌ വന്നില്ല. കുറെ വായിക്കാനുണ്ടത്രെ”

മേലടുക്കളയിൽ ഓട്ടുപാത്രങ്ങളുടെ ചിലമ്പൽ. ഓപ്പോൾ തിരക്കിലാണ്‌.

“വിഷ്ണുവേട്ടനെ വിളിക്കുന്നു”

“ആര്‌”

“ചെറിയേട്ടൻ”

പന്തലിലേക്ക്‌ നടന്നു.

“ഞാനപ്പഴേ പറഞ്ഞതാ. ഇത്രയും പേപ്പർ മതിയാകില്ലെന്ന്‌”

പണിനിർത്തിയ രവിയേട്ടൻ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

“കുറച്ച്‌ ചൈനാപേപ്പർ വേണം.”

നീരസം കാണിക്കാതിരിക്കുന്നതിന്‌ വേണ്ടിയോ എന്തോ മോട്ടോർസൈക്കിളിന്റെ കീ നീട്ടിക്കൊണ്ട്‌ ചെറിയേട്ടൻ പറഞ്ഞു.

“ഞാനും കൂടെ വരാം.”

രവിയേട്ടന്‌ വണ്ടി ഓടിച്ച്‌ പരിചയമില്ല. ഓടിക്കാനറിയുമെങ്കിൽ അങ്ങേര്‌ തന്നെ മുൻകൈ എടുത്തേനെ.

കയറ്റം കയറി ടാറിട്ട റോഡിലേക്ക്‌ തിരിയുന്നതിന്‌ മുമ്പ്‌ അംബികയുടെ വീട്ടിലേക്കൊന്ന്‌ നോക്കി. വിളക്കണച്ചിട്ടില്ല. ഉദിച്ചുയരുന്ന അമ്പിളിയുടെ നിഴലിൽ മുറ്റത്തെ തൊടിയിലൂടെ മുറിയിലുലാത്തുന്ന അംബികയെ വ്യക്തമായി കാണുന്നുണ്ട്‌. ബതിരിച്ചുവരുമ്പോഴും അംബിക വിളക്കണച്ചിരുന്നില്ല.

ചെറിയേട്ടന്റെ ഉത്സാഹമാണെന്ന്‌ തോന്നുന്നു ഊണുകഴിച്ച പന്തലിലെത്തുമ്പോഴേക്കും ശീട്ടുകളി തുടങ്ങിയിരുന്നു.

“എല്ലാവരുടെയൂം ഊണ്‌ കഴിഞ്ഞോ”

വലിയേട്ടന്റെ അന്വേഷണം.

“അകത്ത്‌ എല്ലാവരുടേയും കഴിഞ്ഞിട്ടില്ല.”

“താനൊരു കയ്യിരിക്ക്യാ”

കശക്കിയിട്ട ശിട്ട്‌ ഒതുക്കിവെച്ച്‌ നാരായണേട്ടൻ പറഞ്ഞു. നേരത്തെ ഉറങ്ങുന്ന ശീലമാണദ്ദേഹത്തിനെന്ന്‌ തോന്നുന്നു. രക്ഷപ്പെടാനുള്ള ശ്രമമാണ്‌. കാർന്നോരല്ലെ എന്ന്‌ വിചാരിച്ച്‌ കൈ വാങ്ങിയാൽ കുടുങ്ങിയതുതന്നെ. നയത്തിൽ മയപ്പെടുത്തി പുറത്തേക്കിറങ്ങി.

അപ്പോൾ എന്തു ചെയ്യണമറിയാതെ മനസ്സ്‌ കുഴങ്ങുകയായിരുന്നു.

പാലമരചുവട്ടിലെ രൂപങ്ങളില്ലാത്ത ശിലാവിഗ്രഹങ്ങളിൽ കുരുതിനടത്തിയ വേലൻ മറന്ന ചിലമ്പ്‌ തെളിഞ്ഞ നിലാവിൽ തിളങ്ങുന്നുണ്ടായിരുന്നു. സർപ്പക്കാവിൽ ആരൊ കത്തിച്ചുവെച്ച അന്തിത്തിരി നേരത്തെ തന്നെ അണഞ്ഞുപോയിട്ടുണ്ടായിരുന്നു. കുരിരുട്ടിൽ കൂമൻ മൂളുന്നുണ്ടായിരുന്നു. അപ്പോൾ പന്തലിൽ ഉറങ്ങാത്തവരുടെ ഒച്ചയിൽ മടുത്ത്‌ നിലാവിലൂടെ നടക്കുകയായിരുന്നു.

ആകാശത്തിന്‌ നിറമില്ലായിരുന്നു. അവിടെ അപൂർവമായി നക്ഷത്രങ്ങൾ തിളങ്ങിയിരുന്നു. അലയുന്ന മേഘങ്ങൾ ചന്ദ്രനെ ഇടക്കിടെ മറച്ചുകൊണ്ടിരുന്നു. അംബികയുടെ വീട്ടുമുറ്റത്തെ ചെമ്പരത്തിപ്പൂക്കൾ അപ്പോഴും വാടിയിരുന്നില്ല.

അംബിക ഉറങ്ങിയിരുന്നു. ഉണർന്ന അംബികയുടെ മുഖം വിളറിയിരുന്നു. അവളുടെ മുടിയിൽ വാടാത്ത മുല്ലപ്പൂക്കൾ ഉണ്ടായിരുന്നു. നെറ്റിയിലുണങ്ങിയ ചന്ദനകുറിക്കുമീതെ കുങ്കമപ്പൊട്ടുണ്ടായിരുന്നു.

നെറ്റിയിലമർത്തി ചുംബിക്കുമ്പോൾ അവൾ കണ്ണൂകളടച്ചിരുന്നു. വരണ്ട ചന്ദനക്കൂറി അടർന്നുവീഴുന്നുണ്ടായിരുന്നു. കവിളിന്‌ ശീതളിമ ഉണ്ടായിരുന്നു. നനുത്ത ചുണ്ടിൽ അമർത്തിയമർത്തി ചുംബിക്കുമ്പോൾ മിഴികളിൽ നനവേറിയിരുന്നു. ചുടുനീർ ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു.

അവളുടെ കണ്‌ഠത്തിൽ ഗദ്ഗദം തടഞ്ഞുനിന്നു. കഴുത്തിൽ ബസ്വർണ്ണമാലയുണ്ടായിരുന്നു. മാറിൽ പതിഞ്ഞുകിടക്കുന്ന ലോക്കറ്റിൽ മഹാവിഷ്ണുവിന്റെ രേഖാചിത്രമായിരുന്നു.

കൈനിറയെ കരുതിയ പാലപ്പൂക്കൾ കട്ടിലിൽ വിതറിയിരുന്നു. അവളുടെ മുതുകും മാറിടവും നഗ്നമായിരന്നു. മുലകൾക്ക്‌ കുളിർമ്മയും മാർദ്ദവവുമുണ്ടായിരുന്നു. നഖക്ഷതങ്ങളിൽ അവൾ പുളഞ്ഞിരുന്നു. പൊക്കിൾച്ചുഴിയിൽനിന്നും അരിച്ചിറങ്ങുന്ന സ്വർണ്ണരോമങ്ങളിൽ പുളകമണിയിക്കുമ്പോൾ അവളുടെ മുഖമാകെ ലിംഗപ്രസാദം.

മദ്ധ്യയാമമായപ്പോഴേക്കും അവൾ തളർന്നിരുന്നു. അവളുടെ തളർച്ചയിൽ അഭിമാനം തോന്നിയിരുന്നു. പക്ഷെ ആദ്യരത്രിയിൽ ഭാര്യ കന്യകയല്ലെന്ന അറിയുമ്പോൾ എന്ത്‌ തോന്നുമെന്ന അവളുടെ ചോദ്യത്തിന്‌ മുന്നിൽ തളർന്നുപോയി.

തിരിച്ചുനടക്കുമ്പോൾ കൈയ്യിൽ വളപ്പൊട്ടുകൾ ഉണ്ടായിരുന്നു. കട്ടിലിലെ പാലപ്പൂക്കൾ ചതഞ്ഞിരുന്നു. മുടിയിലെ മുല്ലപൂക്കൾ വാടിയിരുന്നു. കുങ്കപ്പൊട്ട്‌ മാഞ്ഞിരുന്നു. നിലാവ്‌ മങ്ങിയിരുന്നു. കാറ്റ്‌ നിന്നിരുന്നു.

മനസ്സ്‌ നിറയെ വെണ്മണിശ്ലോകങ്ങളായിരുന്നു.

ഇടവഴിയിലൂടെ കമ്പിറന്തലുമായി മടങ്ങിവന്നിരുന്നത്‌ അംബികയുടെ അമ്മയും വലിയമ്മയുമായിരുന്നു.

പന്തലിൽ ശീട്ടുകളി കഴിഞ്ഞിരുന്നു. അപ്പോൾ അക്ഷരശ്ലോകം നടക്കുകയായിരുന്നു.

- **വെണ്ണസ്മേരമുഖിം വറുത്തുവറളും വൃന്താക ദന്തച്ഛദാം...

ഈണത്തിൽ ശ്ലോകം ചൊല്ലിയിരുന്നത്‌ ആരായിരുന്നു. ആരായലും മറ്റുള്ളവരതിന്റെ അർത്ഥം ആസ്വദിച്ച്‌ തലയാട്ടുന്നുണ്ടായിരുന്നു.

മനസ്സ്‌ തിരയടങ്ങിയ സമുദ്രമായിരുന്നു.

പന്തലിനപ്പുറത്തെ പ്രകാശമില്ലാത്ത മുറ്റത്ത്‌ പുറത്തളത്തിലേക്ക്‌ എടുത്തുവെക്കാൻ മറന്നുപോയ അച്ഛന്റെ ചാരുകസേരയിൽ മാനത്തുനോക്കി മലർന്ന്‌ കിടന്നു.

*

**വെണ്ണസ്മേര മുഖിം വറുത്തു വറളും വൃന്താക ദന്തച്ഛദാം
ചെറ്റോമന്മധുരക്കറി സ്തനഭരാമമ്ളോപദം ശോദരിം
കെല്പാർന്നോരൊരു എരുമതയിർ കടിതടാം ചിങ്ങം പഴോരുദ്വയി
മേനാം ഭുക്തിവധൂം പരിണയി, സഖേ ലോക: കഥ ജീവതി.
(പുരുഷാർത്ഥകൂത്ത്)
ബ്ലോഗിലേക്ക്......