നോവൽ

വഴിയമ്പലം - 12

അമ്പഴയ്ക്കാട്ട് ശങ്കരൻ
അനിശ്ചിതത്വം അസഹനീയമാണ്‌. പ്രതീക്ഷിക്കാതെ വീണുകിട്ടിയ ഈ അവുധിക്കാലം എന്നാണ്‌ അവസാനിക്കുക. അറിയില്ലെന്ന അറിവ്‌ മാത്രമുണ്ട്‌. ആരാണത്‌ പറഞ്ഞത്‌. ഏതെങ്കിലൂം ഒരു മഹാനായിരിക്കും. അദ്ദേഹത്തിന്റെ പേരെന്തായിരുന്നു. ഓർക്കുന്നില്ല. നാവിൻതുമ്പിലുണ്ട്‌. മദ്ധ്യാഹ്നത്തിൽ കത്തിച്ച കമ്പിറാന്തലുമായി തെരുവിലൂടെ നടന്ന്‌ പോകാറുള്ളത്‌ അദ്ദേഹമാണെന്ന്‌ കേട്ടിട്ടുണ്ട്‌.

അത്‌ മറക്കാം. അതിനെക്കുറിച്ച്‌ ഓർക്കാതിരിക്കാം. പരന്നുകിടക്കുന്ന പുൽത്തകിടിയെ നോവിച്ചുകൊണ്ട്‌ മലർന്ന്‌ കിടന്നു.

വായനശാല തുറന്നിരിക്കുന്നു. ക്ഷേത്രവും വായനശാലയും ഗ്രാമത്തിന്റെ ഹൃദയമാണ്‌. വർഷങ്ങളായി കാടുപിടിച്ച്‌ കിടന്നിരുന്ന ഈ സ്ഥലത്തിന്‌ ഇത്രയേറെ വികസനസാദ്ധ്യതയുണ്ടെന്ന്‌ അധികമാരും കരുതിയിരിക്കില്ല.

വീതി കുറഞ്ഞ റോഡ്‌ വീതി കൂട്ടി ടാറിട്ടപ്പോൾ തുടങ്ങിയതാണി വികസനം. നിരത്തിനിരുവശത്തും കടകളുയർന്നപ്പോൾ ഗ്രാമം തെളിഞ്ഞൂ. നിരത്തിൽ നിന്നും അകന്നുകിടക്കുന്ന ക്ഷേത്രത്തിലേക്ക്‌ ഒരു വീഥി കൂടി വെട്ടിയപ്പോൾ ആ വികസനം പൂർത്തിയായി.

മറയുന്ന പകലിനും ഇരുളുന്ന സന്ധ്യക്കുമിടയിലെ സമയം തെരുവിന്‌ പ്രധാനമാണ്‌. തെരുവുണരുന്നത്‌ അപ്പോഴാണ്‌.

കിടന്നുകൊണ്ട്‌ തന്നെ ചുറ്റും നോക്കി. പോക്കുവെയില്‌ കാഞ്ഞ്‌ കുശലം പറഞ്ഞുചിരിക്കുന്ന വൃദ്ധരോട്‌ അസൂയ തോന്നി.

ആരും എത്തിയില്ലല്ലോ. അവരെന്തെ നേരം വൈകാൻ കാരണം. ഇവിടെ വന്നിരുന്നത്‌ നേരത്തെയായോ. നീണ്ട പകൽ സമ്മാനിച്ച വിരസതയിൽ മടുത്ത്‌ ഒടി വന്നതാണ്‌. ഇനി അവർ വന്ന്‌ കുറച്ചുനേരം കാത്തിരിക്കട്ടെ. കാത്തിരിപ്പിന്റെ മടുപ്പ്‌ അവരും മനസ്സിലാക്കട്ടെ.

എഴുന്നേറ്റ്‌ നടന്നു.

“വിഷ്ണു..... ഒരു നിമിഷം”

തിരിഞ്ഞു നോക്കി. വായനശാലഅയിൽ നിന്ന്‌ കൃഷ്ണൻക്കുട്ടി മാഷ്‌ ഇറങ്ങി വരുന്നു. താനദ്ദേഹത്തെ അവഗണിച്ച്‌ നടക്കരുതായിരുന്നു. പ്രായമേറെയില്ലെങ്കിലും ആളൊരു അദ്ധ്യാപകനാണല്ലോ.

“ഒരു ബസംശയം ചോദിക്കാനാ”

അറിവില്ലായ്മയുടെ അറിവുമായി മാഷ്‌ നിന്ന്‌ വിയർത്തു. സംശയം സ്‌ഫുരിക്കേണ്ട മുഖത്ത്‌ അത്ഭുതം വിടർന്നു. മാഷ്‌ അങ്ങിനെയാണ്‌. ഏത്‌ മുഖഭാവത്തിനാണ്‌ പ്രസക്തി എന്നറിയില്ല.

“ചോദിച്ചോളു”

“ഈ മഹാപ്രസ്ഥാനമെന്ന്‌ പറഞ്ഞാലെന്താ. കുട്ടികൾക്ക്‌ ഒരു നോട്ട്‌ കൊടുക്കാനാ”

ഒരദ്ധ്യാപകൻ ഇത്‌ ചോദിക്കരുതായിരുന്നു. പത്രം വായിക്കനെന്ന പേരിലാണ്‌ അദ്ദേഹം വായനശാലയിൽ വരുന്നത്‌. അവിടെ പുസ്തകങ്ങളും ഉണ്ടെന്ന്‌ അറിയില്ലായിരിക്കും. ദുരിതങ്ങളാൽ ദുഷിച്ചുപോയ ഒരു കുടുംബത്തിലെ ചുണ കെട്ടു പോയ ഒരു ജന്മമാണിത്‌. അതോർത്ത്‌ ക്ഷമിക്കാമെന്ന്‌ മാത്രം.

- പാഞ്ചാലി വീണുന്ന്‌ അറിഞ്ഞപ്പോ യുധിഷ്‌ഠരന്‌ സഹിയ്‌ക്ക വയ്യാണ്ടെ ദുഃഖണ്ടായി. എന്താ ചെയ്യാ എല്ലാ അറിയുന്ന അദ്ദേഹം മനുഷ്യൻ മാത്രമല്ലല്ലോ.

തളർന്ന മുത്തശ്ശിയുടെ കിതയ്‌ക്കുന്ന ശബ്ദം. ദുഃഖകഥകൾ പറയുമ്പോൾ മുത്തശ്ശി തളരുമായിരുന്നു. സഹനുഭൂതി മിഴികളിലും മനസ്സിലും നിറഞ്ഞിരിക്കും.

“വിഷ്ണൂനറിയില്ലെ”

വാക്കുകളിൽ ക്ഷമകെടുന്നതറിഞ്ഞു.

“അറിയാം. എങ്ങിനെ പറയണമെന്ന്‌ വിചാരിക്ക്യായിരുന്നു. നോട്ടുരൂപത്തിൽ വേണോ, അതോ കഥ പറഞ്ഞാൽ മത്യോ.”

“നോട്ട്‌ രൂപത്തിൽ തന്നെ ആയിക്കോട്ടെ”

പുസ്തകവും പേനയും നീട്ടിക്കൊണ്ട്‌ മാഷ്‌ പറഞ്ഞു.

“കൃഷ്ണന്റെ ദേഹത്യാഗത്തെപ്പറ്റിയും യദുവംശത്തിന്റെ വിനാശത്തെപ്പറ്റിയും കേട്ടതൊടെ യുധിഷ്‌ഠരന്‌ ജീവിച്ചിരിക്കണമെന്ന ആഗ്രഹം തീരെയില്ലാതെയായി. ആകയാൽ ഇനി ഹിമാലയ യാത്ര ചെയ്ത്‌ ദേഹം പരിത്യജിക്കുകയാണ്‌ തന്റെ കർത്തവ്യമെന്ന്‌ അദ്ദേഹത്തിന്‌ തോന്നി.”

മുത്തശ്ശിയുടെ കഥകളും വർഷങ്ങൾക്കുമുമ്പ്‌ മനഃപ്പാഠമാക്കിയ മലയാളം പണ്ഡിറ്റിന്റെ നോട്ടും മനസ്സിലുണർന്നു. അറിവിലും മനോഭാവത്തിലും ഇത്രയധികം വ്യത്യാസം അദ്ധ്യാപകരിലുണ്ടെന്നറിഞ്ഞിരുന്നില്ല.

“ഇങ്ങിനെ പ്രാണത്യാഗം ചെയ്യനുള്ള ഉദ്ദേശത്തോടുകൂടി ബപത്നിയോടും സഹദോരങ്ങളോടുംകൂടിയുള്ള യാത്രയ്‌ക്കാണ്‌ മഹാപ്രസ്ഥാനമെന്ന്‌ പറയുന്നത്‌”

നിർത്തിനിർത്തി പറഞ്ഞ്‌ എഴുതി അവസാനിപ്പിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കി. തൃപ്തിയായിരിക്കുന്നു.

“ഇതിനുശേഷമുള്ള കഥ മാഷ്‌ക്കറിയ്യോ”

“ഇല്ല്യ.”

“എന്നാൽ കേട്ടോളു. സഹോദരങ്ങളെതിർത്തിട്ടും യുധിഷ്‌ഠരൻ തന്നോടൊപ്പം ഒരു പുഴുത്ത നായയെയും കുട്ടിയിരുന്നു. പിന്നീട്‌ ദുഃഖമയമാണ്‌ കഥ. പാഞ്ചാലി തുടങ്ങി ഒരോരുത്തരായി തളർന്ന്‌ വീണ്‌ മരിക്കും. മനുഷ്യന്റെ ദൗർബല്ല്യം ഒരോരുത്തരേയും തിരിഞ്ഞനോക്കാൻ പ്രേരിപ്പിക്കും. തിരിഞ്ഞുനോക്കില്ലെന്ന്‌ മാത്രം. ദുഃഖം ഉള്ളിലൊതുക്കി ഒരോരുത്തരും സ്വസഹോദരങ്ങളുടെ ശവമുപേക്ഷിച്ച്‌ നടക്കുകയൂം ചെയ്യും. ഒടുവിൽ ധർമ്മപുത്രരും ആ പുഴുത്തനായയും ബാക്കിയായപ്പോൾ സ്വർഗ്ഗത്തിൽനിന്ന്‌ ഇന്ദ്രനിറങ്ങിവന്ന്‌ അവരെ ഉടലോടെ സ്വർഗ്ഗത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യും”

മാഷടെ മുഖത്ത്‌ ആവശ്യമില്ലാത്തത്‌ പറഞ്ഞതിന്റെ അസംതൃപ്തി. അല്പം കോപം തോന്നി.

“മാഷ്‌ പൊക്കോളൂ.”

ചിന്ത നെയ്ത വലയിൽ കുടുങ്ങിയ മനസ്സുമായി ഇല്ലത്തെ മുറ്റത്തെത്തിയതറിഞ്ഞില്ല. പുമുഖത്തും പുറത്തളത്തിലും ആരുമില്ല. അടുക്കളയിൽ ആളനക്കമില്ല.

“ഓപ്പോളേ”

“ഓപ്പോള്‌ അമ്പലത്തിൽ പോയിരിക്ക്യാ”

പുതിയ ഓപ്പോളുടെ പതിഞ്ഞ ശബ്ദം.

“അമ്പലത്തിൽ പോകാൻ കണ്ട നേരം.”

ആരൊടെന്നില്ലാതെ ദേഷ്യം വന്നിരുന്നു. അറിയാതെ ഒച്ച പൊന്തി. അതിന്‌ മറുപടിയും വന്നു.

“കുറെ നേരം കത്തിരുന്നിട്ട്‌ കാണഞ്ഞിട്ടാ പോയത്‌”

കുറച്ച്‌ കാപ്പി വേണമയിരുന്നു. ആരോട്‌ പറയും. മനസ്സിനുള്ളിൽ രാധോപ്പോൾ ഇപ്പോഴും അതിഥിയാണ്‌. കുടുംബാംഗമായി അംഗീകരിച്ചിട്ടില്ല. കാപ്പി കണ്ടുപിടിക്കാൻ അടുക്കളയിൽ അടച്ചുവെച്ചിരുന്ന പാത്രങ്ങൾ ഓരോന്നായി പരതി. അശ്രദ്ധയിൽ കാപ്പി വെച്ചിരുന്ന പാത്രം തട്ടിമറഞ്ഞ്‌ നിലമാകെ പരന്നു.

“ഞാൻ ബവൃത്തിയാക്കാം”

നിലം തുടക്കുന്ന തുണിയെടുത്ത്‌ വൃത്തിയാക്കാൻ തുടങ്ങിയപ്പോൾ കൈ നീട്ടിക്കൊണ്ട്‌ അവർ പറഞ്ഞു. സംശയിച്ച്‌ നിന്നപ്പോൾ അവരത്‌ വാങ്ങി.

“പുറത്തളത്തില്‌ പോയിരുന്നോളു. കാപ്പിയല്ലെ വേണ്ടു. എന്നോട്‌ പറഞ്ഞൂടെ. ഞാനെന്താ അന്യയാണോ”

ആ ചോദ്യത്തിന്‌ മുമ്പിൽ അടുപ്പമില്ലായ്മ ആവിയായി. ഇനിയൊന്നും ചെയ്യേണ്ടതില്ലെന്നറിഞ്ഞ്‌ പുമുഖത്തെ തിണ്ണയിൽ സന്ധ്യയിരുളുന്നത്‌ നോക്കിയിരുന്നു.

“മൂക്കത്താ ശുണ്‌ഠിയെന്ന്‌ ഏടത്തി പറഞ്ഞിരുന്നു. പക്ഷെ ഇത്രയുണ്ടെന്നറിഞ്ഞിരുന്നില്ല.”

ചൂടുള്ള കാപ്പിയുമായി രാധോപ്പോൾ ചിരിച്ചുകൊണ്ട്‌ നില്‌ക്കുന്നു.

“സോറി”

“സോറി പറയുന്നതെന്തിനാ. എന്നേയും വിഷ്ണുവിന്റെ ഓപ്പോളെപ്പോലെ വിചാരിച്ചാ മതി”

“എന്നാലും അങ്ങിനെയല്ലല്ലോ. റിയലി സോറി”

“പിന്നേം അദന്നെ. ചെറിയേട്ടൻ വല്ലതും പറഞ്ഞോ”

വിഷയം മാറ്റാനെന്നോണം രാധോപ്പോൾ ചോദിച്ചു.

“ഇല്ല്യ. ഒന്നും പറഞ്ഞില്ല.“

”ടൗണിലൊരു സ്ഥലം വാടക്ക്‌ കിട്ടീട്ടുണ്ട്‌. ഒരാഴ്‌ച കഴിഞ്ഞാൽ അങ്ങോട്ട്‌ മാറുംത്രെ.“

എല്ലാക്കാലത്തും എല്ലാവരും അടുത്തുണ്ടായിരിക്കണമെന്ന്‌ ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല. പക്ഷെ ഇത്രയും വേഗം ഇങ്ങിനെ തീരുമാനിച്ചതെന്തിനാണ്‌. ഇവർക്ക്‌ പരസ്പരം മനസ്സിലാക്കാനുള്ള സമയംപോലും കിട്ടിയില്ലല്ലോ. മാറി തമസിക്കുന്നതിലുള്ള വിഷമം ഇവരുടെ മനസ്സിലും ഉണ്ടെന്ന്‌ തോന്നുന്നു. അല്ലെങ്കിൽ എന്തിനിത്‌ ഇപ്പോൾ പറയുന്നു.

”എന്നുതൊട്ടാ കോളെജിൽ പോണത്‌“

”ആള്‌ ഒന്നും പറഞ്ഞില്ല. എന്താ തീരുമാനിച്ചിരിക്കണതാവോ.“

മുഖം മൂടിയില്ലാതെ അടുപ്പത്തോടെ അവർ പറഞ്ഞുതുടങ്ങിയപ്പോൾ തോന്നി, എന്തെല്ലാം മണ്ടൻ ചിന്തകളയിരുന്നു, എന്തെല്ലാം തെറ്റിദ്ധാരണകളയിരുന്നു മനസ്സിൽ. ഇത്രയും ദിവസം അടുത്ത്‌ പെരുമാറതിരുന്നത്‌ ബുദ്ധിഹീനത ഒന്നുകൊണ്ട്‌ മാത്രമാണ്‌.

”പുറത്താരോ നിക്കണു.“

അവർ പെട്ടെന്ന്‌ പരിഭ്രമത്തോടെ പറഞ്ഞപ്പോൾ മുറ്റത്തേക്ക്‌ നോക്കി. ബസംശയത്തോടെ മുറ്റത്ത്‌ നില്‌ക്കുകയാണ്‌ രാഘവൻ.

”ഇങ്ങോട്ട്‌ വന്നോളൂ“

ചിരിച്ചുകൊണ്ട്‌ ക്ഷണിച്ചു.

”കുറച്ച്‌ സംസാരിക്കാനുണ്ട്‌“

”എന്താ ഈ സന്ധ്യക്ക്‌. വിശേഷിച്ച്‌ വല്ലതും....“

”നമുക്കാ തൈവളപ്പിൽ പോയിരിക്കാം.“

ഒന്നും പറയാതെ തൈവളപ്പിലേക്ക്‌ നടന്നു.

”ഇവിടെയിരിക്കാം“

പുൽത്തകിടി ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു. നാട്ടുവെളിച്ചത്തിന്റെ നിഴലിൽ രാഘവന്റെ ക്ഷീണിച്ച മുഖം കാണുന്നുണ്ട്‌. അയാളുടെ മുഖം നിർവ്വികാരത നിറഞ്ഞിരിക്കുന്നു.

“ഇന്ന്‌ ജില്ലാ കമ്മിറ്റി ഉണ്ടായിരുന്നു.”

നീണ്ടുനിന്ന മൗനം അയാൾ ഭജ്ഞിച്ചു.

“എന്നിട്ട്‌”

“ശ്യാമിനെ സംഘടനയിൽനിന്നും പുറത്താക്കാൻ തീരുമാനിച്ചു.”

ഒന്നും പറയാൻ തോന്നിയില്ല. ഇത്‌ ഏറെഅക്കുറെ പ്രതീക്ഷിച്ചതാണ്‌.

“മീറ്റിങ്ങ്‌ ഇപ്പോ കഴിഞ്ഞതേയുള്ളൂ. നേരെ ഇങ്ങോട്ട്‌ പോന്നു. വീട്ടിലുംകൂടി പോയില്ല.”

“ഇത്‌ ശ്യാമിനെ അറിയിച്ചോ”

“പ്രതീക്ഷിക്കാതെ അവനെ ടൗണിൽ കണ്ടു.”

“അവനെന്തു പറഞ്ഞു”

“അവൻ ലോഡ്‌ജ്‌ വിട്ടു. ഇന്നുമുതൽ വീട്ടിലാണ്‌”

“അതേതായാലും നന്നായി. എന്തെങ്കിലും ഒന്ന്‌ തീരുമാനിക്കണമല്ലോ”

“എല്ലാം തീരുമാനിച്ചുകഴിഞ്ഞു വിഷ്ണു.”

രാഘവന്റെ ശബ്ദത്തിന്‌ ദുഃഖത്തിന്റെ സ്വരവും ഈണവും ഉള്ളതുപോലെ തോന്നി. അർത്ഥം മനസ്സിലാകാതെ അയാളുടെ മുഖത്തേക്ക്‌ നോക്കി.

“എന്ത്‌ തീരുമാനം”

“ശ്യാം ബാംഗ്ലൂർക്ക്‌ പോവ്വാൻ തീരുമാനിച്ചു. കോളേജും രാഷ്ര്ടീയവുമൊക്കെ വിടാനും”

“എന്ന്‌”

“ഡെയ്‌റ്റ്‌ തീരുമാനിച്ചിട്ടില്ല. ഉടനെ പോകും. ടിസിയും മറ്റും കിട്ടാൻ അവൻ പ്രിൻസിപ്പലിനെ കണ്ടുകഴിഞ്ഞു. അവന്റെ അമ്മാമൻ അവിടെയുണ്ട്‌”

പുതിയ വാർത്ത സന്തോഷിക്കേണ്ടതോ ദുഃഖിക്കേണ്ടതോ എന്നറിയാതെ കുഴങ്ങി. മുഖഭാവം ശ്രദ്ധിക്കാതെ രാഘവൻ തുടർന്നു.

“അവനവിടെ എതെങ്കിലും കപ്യൂട്ടർ കോഴ്സിന്‌ ചേരാനാ പ്ലാൻ. വർഷാവസാനം ബിഎ പരീക്ഷ എഴുതേം ചെയ്യൂം”

രാഘവനാകെ തളർന്നതുപോലെ തോന്നി. ഇതിൽ കൂടുതൽ എന്തോ ഉണ്ടെന്ന്‌ മനസ്സ്‌ പറയുന്നു.

“ഇത്‌ പറയാൻ ശ്യാമല്ലെ വരേണ്ടത്‌. രാഘവൻ വന്നത്‌... വേറെ വിശേഷിച്ച്‌ വല്ലതും.....”

“ഉണ്ട്‌”

“എന്താണത്‌”

“അന്നൊരുദിവസം ബസ്‌റ്റാന്റിൽ വെച്ച്‌ പറഞ്ഞത്‌ ഓർക്കുന്നുണ്ടോ. ഞാൻ ഒരു പക്ഷെ....”

“ഉവ്വ്‌ ഓർക്കുന്നു”

“ആ കാര്യവും തീരുമാനമായി. ഞാൻ എയർഫോഴ്സിൽ ചേരാൻ തീരുമാനിച്ചു. അന്നേക്ക്‌ തന്നെ ഫിസിക്കൽ ടെസ്‌റ്റും മെഡിക്കൽ ടെസ്‌റ്റും കഴിഞ്ഞിരുന്നു. പൊലീസ്‌ വെരിഫിക്കേഷൻ മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ. അതും കഴിഞ്ഞു. ഇപ്പൊ പൊളിറ്റിക്കൽ ബാക്ക്‌ ഗ്രൗണ്ട്‌ ചെക്ക്‌ ചെയ്യലൊന്നും ഇല്ല്യാന്ന്‌ തോന്നുണു. എല്ലാം തീരുമാനമായേ പറയുകയുള്ളുവെന്ന്‌ കരുതിയാ അന്ന്‌ പറയാതിരുന്നത്‌”

എല്ലാം തീരുമാനിച്ചുറച്ച രാഘവന്റെ മുഖം കണ്ട്‌ ഒന്നും പറയാൻ കഴിയാതെ തളർന്നിരുന്നു. ഇരുവരും ഇരുളിൽ മുഖം കുനിച്ചിരുന്നു.

കാറ്റിൽ തെങ്ങോലകളുടെ മർമരം. ഓലകളിൽ തുങ്ങിനിന്നിരുന്ന കൂടുകളിലെ കൊച്ചുകിളികൾ തള്ളയെ കാണാഞ്ഞ്‌ ഉറക്കെ കരഞ്ഞു. ഇരുളിലെ നിശബ്ദതയിൽ കരച്ചിലിന്റെ ശബ്ദം തൊടിയാകെ പ്രതിദ്ധ്വനിച്ചു.

തുടർച്ചയായി കേട്ട കരച്ചിൽ നിലച്ചപ്പോൾ വിചരിച്ചു, അവ തളർന്നുകാണും.

“ഞാൻ പോട്ടെ വിഷ്ണു. നേരം വൈകി.”

അയാൾ എഴുന്നേറ്റ്‌ മുണ്ടിൽ പറ്റിയിരുന്ന മണൽ തരികൾ തട്ടി വൃത്തിയാക്കിക്കൊണ്ട്‌ തുടർന്നു.

“രണ്ട്‌ ദിവസം കഴിഞ്ഞാൽ എല്ലാവരെയൂംക്കൂട്ടി മീറ്റിങ്ങൂണ്ട്‌. അത്‌ കഴിഞ്ഞാൽ കോളേജ്‌ തുറക്കും. വിഷ്ണുവിന്‌ പിന്നെ നേരം പോകാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഞങ്ങൾക്കിനി അവിടം വെറും സ്മരണകളായി മാറുകയാണ്‌.”

“എല്ലാം നേരെയാകും. ഞാനിടക്ക്‌ ചേട്ടന്റെ കാര്യങ്ങൾ അന്വേഷിക്കാം. ചേട്ടനെ എന്നാണ്‌ ഡിസ്‌ചാർജ്‌ ചെയ്യുക.”

“ഇനി ഒരാഴ്‌ച പിടിക്കും”

“ശരി നേരം വൈകിക്കണ്ട. വിട്ടിൽ ആരുമില്ലല്ലോ”

പിന്നീടൊന്നും ബപറയാതെ രാഘവൻ പോയപ്പോൾ ഓർത്തു, ഉത്തരവാദിത്തങ്ങൽ അടിച്ചെല്പിക്കപ്പെട്ട ഇയാൾ തളരുകയില്ല, തളരാൻ പാടില്ല. യുവാക്കളുടെ ഭാവിക്ക്‌ വേണ്ടി പൊരുതിയ ഇയാൾ രാജ്യത്തിന്റെ രക്ഷക്ക്‌ വേണ്ടി പൊരുതാൻ പോകുകയാണ്‌. തളർന്ന മനസ്സുകൊണ്ട്‌ എല്ലാ വിജയങ്ങളും ആശംസിച്ചു.

“വിഷ്ണൂ...”

ഓപ്പോൾ വിളിക്കുന്നു. അമ്പലത്തിൽനിന്നും എപ്പോഴാണാവോ മടങ്ങിയെത്തിയത്‌. പൂമുഖത്തെത്തിയപ്പോൾ അന്തിത്തിരികത്തിച്ച കോൽവിളക്കുമായി ഓപ്പോൾ സംശയിച്ച്‌ നില്‌ക്കുന്നു.

“പാമ്പുംകാവ്‌ വരെ ഒന്ന്‌ വർവോ. അവിടെ വിളക്ക്‌ കൊളുത്തിയിട്ടില്ല.”

“വരാം”

തീനാളം കാറ്റിലണയാതിരിക്കാൻ കൈപാതി മടക്കി മറച്ച്‌ പിടിച്ചുകൊണ്ട്‌ പതുക്കെ നടക്കുന്ന ഓപ്പോളെ പിൻതുടർന്നു. പകുതി വഴിയെത്തുന്നതിന്‌ മുമ്പെ തിരി അണഞ്ഞു.

“ഓപ്പോള്‌ ഇവിടെ നില്‌ക്കു. ഞാൻ തീപ്പെട്ടി കൊണ്ടുവരാം.”

തീപ്പെട്ടിയുമായി മടങ്ങിയെത്തി തിരി കൊളുത്തിയപ്പോൾ ഓപ്പോളുടെ വിയർത്ത മുഖം കണ്ടു. ഇരുട്ടിൽ ഭയന്നിരിക്കും.

“ഒന്ന്‌ തൊഴുതോളൂ വിഷ്ണു. അതോണ്ട്‌ ഒരു കുറച്ചിലൂല്ല്യ.”

കാവിൽ തിരി കൊളുത്തി തൊഴുതശേഷം ഒപ്പോൾ പറഞ്ഞു. അറിയാതെ കൈകൂപ്പിപ്പോയി. ഓപ്പോളുടെ മുഖത്ത്‌ സന്തോഷത്തിന്റെ വേലിയേറ്റം.

“ഇന്നലെ അമ്പലത്തില്‌ വെച്ച്‌ അംബികയെ കണ്ടു. ആ കുട്ടി അച്ഛന്റെ വീട്ടിലേക്ക്‌ താമസം മാറ്റാത്രെ. ഇവിടെ നിന്നിട്ട്‌ പഠിപ്പ്‌ ശരിയാവിണില്ല്യാത്രെ.”

കാറ്റിലാടുന്ന തീനാളത്തിനൊത്ത്‌ നീളുകയും കുറുകുകയും ചെയ്യുന്ന നിഴലിനെ നോക്കി നടക്കുമ്പോൾ ഒപ്പോൾ പറയുന്നത്‌ കേട്ടു.

അത്‌ മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ.

തിരിഞ്ഞനോക്കാതെ വേഗത്തിൽ നടന്നമ്പോൾ ഓപ്പോൾ വിലപിക്കുന്നു.

“ഒന്ന്‌ പതുക്കെ വിഷ്ണു.”

*
ബ്ലോഗിലേക്ക്......