കവിത

താമസിച്ചെങ്കിലും

അമ്പിളി ജി മേനോൻ
എന്തിത്രവൈകിയെൻ മുല്ലേ, മലരണി
ഞ്ഞെന്റെകണ്ണിൻ കണിയായ് വിളങ്ങാൻ
ഒത്തിരിയാശയോടന്നൊരുനാൾ നിന്നെ
നട്ടതാണെന്നുടെ ഉദ്യാനത്തിൽ
എങ്കിലും നിത്യവിഷാദയായ് നീ വീട്ടു-
മുറ്റത്തെ തേന്മാവിലൊട്ടിനിന്നു, നിന്റെ
മൗനത്തിൽ ഞാനേറെ,നോവുതിന്നു .

മുറ്റത്ത് നിന്നുടെ തോഴനാം മാകന്ദം
തെറ്റാതെ പൂവിടുന്നാണ്ടുതോറും
ഉണ്ണിക്കിടാങ്ങളാം കണ്ണിമാങ്ങക്കൂട്ടം
കൊഞ്ചിചിരിച്ചിടാറുണ്ട് കാറ്റിൽ
എങ്കിലുമെന്നുടെ ഹർഷമെല്ലാം കിനാ-
വള്ളിയാൽ നിന്മെയ്യിൽ കെട്ടിയിട്ടു; ഞാൻ
കന്നിമുല്ലപ്പൂ കിനാവുകണ്ടു.

അപ്പുറത്തുണ്ടൊരു കൊച്ചുപന്തൽ, അച്ഛൻ-
വിത്തിട്ടുവച്ചുള്ള കായ്‌ച്ചെടികൾ
നട്ടതിൻ പിറ്റേന്ന് പൂവിട്ടുപോൽ! എന്നെ-
നിത്യവും കോക്കിരികാട്ടുന്നപോൽ!
നല്ലകൈതൊട്ടാലേ നല്ലതാവൂ; എന്ന്-
ചൊല്ലാതെചൊല്ലിയെൻ വീട്ടുകാരും, നിന്നു
ഒന്നുമറിയാത്തപോലെ നീയും!

മൂവന്തിയാകുമ്പോൾ വീട്ടുമുറ്റം, ചോന്ന-
പൂകൊണ്ടുമൂടിയപോലൊരുങ്ങും
ചേക്കേറും കോകിലകൂജനത്തിൽ മുല്ലേ,
മാകന്ദം നിന്നെ മറന്നുപോകും
യാത്രയോതീടുന്ന സന്ധ്യാർക്കനായ്, മാത്ര-
നേരമൊരുദീപം ഞാൻ തെളിക്കും; അന്നും
നിൻകടാക്ഷം ബാക്കിമോഹമാകും!

വൃശ്ചികത്തിൻകുളിർരാവിലൊന്നിൽ, വീടി-
ന്നുച്ചിയിൽ ചന്ദ്രക്കലയുദിയ്ക്കേ
മഞ്ഞിൽമുങ്ങി,വിറകൊണ്ടുനിന്നു,വിണ്ണിൽ
താരകങ്ങൾ കുഞ്ഞുപൂക്കളെപ്പോൽ.
നീലരാവിൻനിലാപ്പാലിൽമുങ്ങി, ക്ഷണം
പൂവിടുംനീയെന്ന് ഞാൻ കൊതിച്ചു, അന്നും
എന്റെ മോഹം നീ മറന്നുനിന്നു.

ചെമ്പകത്തിൻമദഗന്ധമോടെ,യിളം-
തെന്നലെൻജാലകച്ചില്ലിൽ മുട്ടി
രാവിൻമഷിവീണിരുണ്ടുറങ്ങും വീട്ടു-
കോലയിൽ ഞാനെൻകിനാക്കൾ കോറി
നിദ്രയെ വെന്നിടാനെൻ മിഴികൾ, നിന്റെ
കാവലായേറെ രാച്ചായ മോന്തി; നീയോ?
കള്ളയുറക്കത്തിൻജാടയേന്തി!

വന്നുപോയ് വേനലും, വർഷവും, നിന്നേതോ-
യിന്ദ്രജാലംകാണുംപോൽ തൊടിയും
പിന്നൊരു മഞ്ഞിൻവിഭാതമെത്തി, നിന്റെ
മെയ്യിൽ നീഹാരങ്ങൾ മാലചാർത്തി
വിസ്മയാനന്ദമോടന്നെൻമിഴി, കണ്ടു;
മൊട്ടിട്ടുനിൽക്കുന്ന നിന്നെ കണി; കന്നി-
മൊട്ടേന്തിനിൽക്കുന്ന നിന്റെ മേനി!

*
ബ്ലോഗിലേക്ക്......